Image

വേണു നാരായണന്റെ ബ്രേക്കിങ് ന്യൂസ്

Published on 24 July, 2012
വേണു നാരായണന്റെ ബ്രേക്കിങ് ന്യൂസ്
ഹൈദരാബാദില്‍ 'ബ്രേക്കിങ് ന്യൂസ്' എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ നിന്ന് മടങ്ങുമ്പോഴാണ് വേണു നാരായണന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനമെടുത്തത്. മലയാള സിനിമാ രംഗത്തുള്ള സകലര്‍ക്കും അതൊരു ബ്രേക്കിങ് ന്യൂസാകുകയും ചെയ്തു. മുന്‍ഷി വേണുവെന്ന അഭിനേതാവ് സിനിമ ഇനി വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചത് അവസരങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. 

പഴയതിലും വിട്ട് ആരോഗ്യസ്ഥിതി മോശമായിട്ടുമല്ല. മുപ്പതു വര്‍ഷത്തോളം സിനിമയെ നെഞ്ചേറ്റി നടന്നിട്ടും വട്ടപ്പൂജ്യത്തില്‍ ഒതുങ്ങിയ നീക്കിയിരിപ്പിന്റെ വരവുചെലവു കണക്കുകള്‍ ജീവിതത്താളുകളിലൂടെ മറിച്ചുനോക്കിയപ്പോള്‍ അര്‍ത്ഥശൂന്യമായ നാളെകള്‍ ഇനി വേണ്ടെന്നുവെച്ചു. തുടര്‍ന്നുള്ള കാലം അടുത്തറിഞ്ഞ ക്രൂശിതന്റെ തണലില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായിരിക്കണം! അതിന് സ്വസ്ഥമായ ഒരിടം വേണം. ഒച്ചപ്പാടുകളില്‍ നിന്നൊഴിഞ്ഞ് ശാന്തമായ ഒരന്തരീക്ഷവും. അങ്ങനെ തിരശ്ശീലയുടെ മായാകാഴ്ചകളില്‍നിന്നു മാറി ഒല്ലൂരിനടുത്ത് മരിയാപുരം അഭയസദനിലെ പുതിയ അന്തേവാസിയായെത്തുകയായിരുന്നു. ഇവിടെയെത്തി പത്തു ദിവസത്തെ അനുഭവങ്ങളെക്കുറിച്ച് വേണു വാചാലനായി. 

സ്വന്തം ജീവിതാനുഭവങ്ങള്‍ ഓരോന്നായി പങ്കുവെയ്ക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാവശ്യം മുന്നോട്ടു വെച്ചു. സിനിമാജീവിതത്തിലെ ഒരനുഭവവും വിട്ടുപോകരുത്. എന്റെ കഥ സിനിമാക്കാര്‍ എല്ലാവരും അറിയണം. ആരോടും യാത്ര പറഞ്ഞല്ല ഇറങ്ങിത്തിരിച്ചത്. മൂന്നു പതിറ്റാണ്ടിനുള്ളിലെ പരിചയക്കാര്‍ ഒരുപാടുണ്ട്. തന്റെ ജീവിതവും അവര്‍ക്ക് വിലയിരുത്തലുകള്‍ക്ക് കാരണമാകട്ടെ.

പേരുകൊണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍ അങ്ങനെ പ്രശസ്തനല്ലെങ്കിലും ആകാരസൗഷ്ഠവംകൊണ്ട് വേണുവിലെ നടനെ അറിയാത്തവര്‍ ചുരുക്കവും. കൂടിവന്നാല്‍ രണ്ടോ മൂന്നോ സീനുകള്‍, അല്ലെങ്കില്‍ ഒരൊറ്റ ഷോട്ട്. ഇതില്‍ ചിലപ്പോള്‍ ഡയലോഗുപോലും കാണില്ല. എന്നിട്ടും വേണുവിന് ഒരുപാട് ആരാധകരുണ്ടെന്നതാണ് പ്രത്യേകത. ഏറെ അവസരങ്ങള്‍ ഉള്ളപ്പോള്‍ തന്നെയായിരുന്നു ഈ മടക്കം. ഏകദേശം അറുപതോളം സിനിമകളിലഭിനയിച്ചു. കമലിന്റെ പച്ചക്കുതിരയാണ് ആദ്യസിനിമ.

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കന്നിവേഷം. കഥ പറയുമ്പോള്‍, പളുങ്ക്, സ്‌നേഹവീട്, മാണിക്യക്കല്ല്, ഇവിടം സ്വര്‍ഗ്ഗമാണ്... ഇങ്ങനെ ഒരുപാട് നല്ല ചിത്രങ്ങള്‍. മിക്കതും ഹിറ്റുകളായിരുന്നുവെന്നതാണ് സവിശേഷത. കാവ്യ മാധവന്‍ പ്രധാന റോളിലെത്തുന്ന ബ്രേക്കിങ് ന്യൂസിനു പുറമെ ഭൂപടത്തിലില്ലാത്തൊരിടം, കലികാലം, ഡോള്‍സ് തുടങ്ങി അഞ്ചാറു ചിത്രങ്ങള്‍ റിലീസ് ചെയ്യാനുണ്ട്. പുതിയ ട്രെന്‍ഡുകളെ കീഴടക്കി വിജയം നേടിയ 'ഓര്‍ഡിനറി'യില്‍ നല്ല വേഷമായിരുന്നു. 

പ്രായം 62 ആണെങ്കിലും കാഴ്ചയില്‍ കിഴവനെപ്പോലെ വിളര്‍ച്ചയുള്ള കണ്ണുകള്‍, ഒട്ടിയ കവിള്‍ത്തടങ്ങള്‍, ഉന്തി നില്‍ക്കുന്ന താടി, പല്ലുകൊഴിഞ്ഞ വായ്. കാഴ്ചയില്‍ ഇത്രമാത്രമായിട്ടും ആ രൂപത്തിനുള്ളില്‍ സിനിമയ്ക്കുമപ്പുറത്തുള്ള ഒരുപാടു നിഗൂഢതകളുണ്ടായിരുന്നു.
തിരുവനന്തപുരം വഴുതക്കാടായിരുന്നു വീട്. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെയായി തരക്കേടില്ലാതെ കഴിയുന്ന കുടുംബം. യൗവനത്തിന്റെ തീക്ഷ്ണതയില്‍ സിനിമയോടായിരുന്നു ഏറെ കമ്പം. പ്രീഡിഗ്രി കഴിഞ്ഞു ബി.എ. യ്ക്കു ചേരണമെന്നായിരുന്നു തീരുമാനിച്ചതെങ്കിലും സംവിധായകനാകാനുള്ള അതിമോഹം കോടമ്പാക്കത്തെത്തിച്ചു. സിനിമയ്ക്ക് ഭ്രഷ്ട് കല്പിച്ച കുടുംബത്തിലെ അംഗം സിനിമാക്കാരനാകാന്‍ ഇറങ്ങിത്തിരിച്ചത് വീട്ടുകാര്‍ക്കും പിടിച്ചില്ല. അന്ന് പിരിഞ്ഞ കൂടപ്പിറപ്പുകളുമായി ഇന്നുവരെ പിന്നീട് കണ്ടുമുട്ടിയിട്ടില്ല. അവരൊക്കെ നല്ല നിലയില്‍ കഴിയുന്നു എന്നുമാത്രമറിയാം.

ഭരതന്റെ കീഴില്‍ പരിശീലനം നേടുകയായിരുന്നു ലക്ഷ്യം. പക്ഷെ 8ാമത്തെ അസിസ്റ്റന്റായി വേണു ജീവിതം കളയണ്ട എന്നായിരുന്നു ഭരതന്റെ ഉപദേശം. സിനിമാമോഹം വിട്ട് വീട്ടിലേക്ക് മടങ്ങാനുമാവില്ല. നിത്യവൃത്തി കഴിയാന്‍ ഒരു മാര്‍ഗ്ഗം കണ്ടു. ശ്രീലങ്ക റേഡിയോ നിലയത്തിലൂടെ പ്രക്ഷേപണം ചെയ്യുന്ന 'വനാമൃതം' എന്ന ഡെയ്‌ലി പ്രോഗ്രാമില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചു. ക്രിസ്ത്യന്‍ ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സിലെ ജെയം രാജുവിന്റെ അനുകമ്പ വഴി ജീവിതം അങ്ങനെ കഴിഞ്ഞുകൂടി. വടപളനിയില്‍ ലോഡ്ജില്‍ താമസം; ഭക്ഷണം ഹോട്ടലിലും. 

മദ്രാസിലെ സിനിമാ റിപ്പോര്‍ട്ടര്‍മാരെ സഹായിക്കുന്ന ജോലിയും ഉണ്ടായിരുന്നു. അതും മറ്റൊരു വരുമാനമാര്‍ഗ്ഗമായി. 13 വര്‍ഷം മദ്രാസില്‍ കഴിഞ്ഞു. സിനിമയെന്ന മോഹഭംഗങ്ങളുമായി തിരികെ നാട്ടിലേക്കു മടങ്ങി. അച്ഛനും അമ്മയും മരിച്ച വിവരം വഴുതക്കാട്ടെത്തിയപ്പോഴാണ് അറിഞ്ഞത്. സഹോദരങ്ങളുമായി സമ്പര്‍ക്കത്തിനും പോയില്ല. അയല്‍വാസിയായ ജഗതി ശ്രീകുമാറിന് വേണുവിന്റെ കാര്യങ്ങളറിഞ്ഞ് പ്രയാസം തോന്നി. നഷ്ടസ്വപ്നങ്ങള്‍ പേറുന്ന സിനിമാപ്രേമിയായ വേണുവിന് താമസത്തിനും ഭക്ഷണത്തിനും സഹായം ചെയ്തിരുന്നത് ജഗതിയായിരുന്നു. പിന്നീട് ജഗതിയുടെ കയ്യാളായി. ജഗതിയെ എഴുത്തിലും മറ്റും പകര്‍ത്താനും സഹായിയായി ഒരാള്‍പി.എ. പോലെ. ഇങ്ങനെ കഴിഞ്ഞുകൂടുന്നതിനിടയിലാണ് ഹാസ്യനടനായ ആലുംമൂടന്റെ മരണം. ജഗതിക്കൊപ്പം അനുശോചനം അറിയിക്കാനെത്തിയ വേണുവിന്റെ ഒരു സുഹൃത്ത് വിളിച്ചു അനില്‍ ബാനര്‍ജിയെ (മുന്‍ഷിയുടെ സംവിധായകന്‍) പരിചയപ്പെടുത്തി.

ജഗതിയെ വെച്ച് ഒരു ടെലി ഫിലിം ചെയ്യാന്‍ ബാനര്‍ജിക്ക് ഡേറ്റു വേണം. സുഹൃത്തിന്റെ ശുപാര്‍ശ ഇതായിരുന്നു. വേണു ജഗതിയെ കാര്യം ധരിപ്പിച്ചു. പിന്നീട് കഥ കേട്ട് ഡേറ്റ് നല്‍കി. 'ആയുഷ്മാന്‍ ഭവ' എന്ന ടെലിഫിലിമില്‍ ജഗതിക്ക് സംസ്ഥാന ബഹുമതിയും ലഭിച്ചു. ദൂരദര്‍ശനാണ് സംപ്രേഷണം ചെയ്തത്. കുറെ കഴിഞ്ഞപ്പോള്‍ ജഗതിക്കൊപ്പമുള്ള സഹവാസവും വിട്ട് എറണാകുളത്തെത്തി. കാക്കനാട്ടുള്ള സുഹൃത്ത് ഇടപ്പള്ളിക്കുന്നേല്‍ വര്‍ക്കിച്ചനെ പോയി കണ്ടു. കാര്യങ്ങളൊക്കെ തുറന്നുപറഞ്ഞു. വേണുവിനെ വര്‍ക്കിച്ചന്‍ നേരെ കൊണ്ടുപോയത് ഡിവൈന്‍ ധ്യാനമന്ദിരത്തിലേക്ക്. തുടര്‍ന്ന് താമസം അവിടെയാക്കി. ആരോഗ്യസ്ഥിതി മോശമായതിനാല്‍ പ്രത്യേകം മുറിയും മരുന്നുകളുമൊക്കെ ലഭിച്ചിരുന്നു. അങ്ങനെയിരിക്കെ അനില്‍ ബാനര്‍ജി വേണുവിനെ തിരക്കി ഡിവൈനിലെത്തി. ഇവിടെ കഴിഞ്ഞുകൂടുന്ന വിവരം അറിയാമായിരുന്ന ജഗതിയാണ് ബാനര്‍ജിയെ പറഞ്ഞയച്ചത്.മിനി സ്‌ക്രീനിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ പരിപാടിയായ മുന്‍ഷിയിലേയ്ക്കുള്ള വരവിന്റെ തുടക്കമായിരുന്നത്.

വേണു നാരായണന്റെ ബ്രേക്കിങ് ന്യൂസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക