Image

സീന്‍ ഒന്ന് നമ്മുടെ വീട്

Published on 30 July, 2012
സീന്‍ ഒന്ന് നമ്മുടെ വീട്
വിവാഹത്തിനു ശേഷം നവ്യാനായര്‍ വീണ്ടും കാമറക്കു മുമ്പിലെത്തുന്ന ചിത്രമാണ് സീന്‍ ഒന്ന് നമ്മുടെ വീട്. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്ത് ആരംഭിച്ചു. മഞ്ജു എന്ന സ്‌കൂള്‍ അധ്യാപികയുടെ വേഷത്തിലാണ് നവ്യ അഭിനയിക്കുന്നത്.

സിനിമയും ജീവിതവും ഇടകലര്‍ത്തിക്കൊണ്ടാണ് അതീവ ഹൃദ്യമായ ഈ കുടുംബകഥ അവതരിപ്പിക്കുന്നത്. ഒറ്റപ്പാലം ഉണ്ണി എന്ന സിനിമ സഹസംവിധായകനിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാവികസനം. ഉണ്ണി ഒരു ബഹുമുഖ പ്രതിഭയാണ്. എന്നിട്ടും ഒരു സിനിമ സംവിധാനം ചെയ്യുവാനുള്ള ഉണ്ണിയുടെ ആഗ്രഹം നടന്നിട്ടില്ല. 

ഒറ്റപ്പാലത്തും പരിസരങ്ങളിലും ചിത്രീകരണത്തിനെത്തുന്ന സിനിമകള്‍ക്കെല്ലാം പല രീതികളിലുള്ള സഹായങ്ങളും ഉണ്ണി നല്‍കാറുണ്ട്. ഒരിക്കല്‍ ഉണ്ണിക്ക് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം വന്നതാണ്. ഈ സിനിമയുടെ നിര്‍മ്മാതാവിനെ ഒരു ദിവസം മര്‍ദ്ദിക്കേണ്ടി വന്നതിനാല്‍ അതും നടന്നില്ല. നിര്‍മ്മാതാവിനെ തല്ലിയവന്‍ എന്ന പേരും വീണു. 

ഉണ്ണിയുടെ വീട്ടില്‍ എപ്പോഴും ഭാര്യയുടെ പരാതികളും കുത്തുവാക്കുകളുമാണ്. ഒരു ഘട്ടത്തില്‍ എല്ലാം മതിയാക്കണമെന്ന് ആഗ്രഹിച്ചുവെങ്കിലും വീണ്ടും പ്രത്യാശയുടെ കിരണങ്ങള്‍ പോലെ പ്രശസ്ത നിര്‍മ്മാതാവ് കെ.കെ സാര്‍ തന്റെ ിത്രം സംവിധാനം ചെയ്യാന്‍ ഉണ്ണിയെ സമീപിച്ചു. 

അങ്ങനെ ഉണ്ണി വീണ്ടും സംവിധായകനായി. അതും മലയാളത്തിലെ പ്രശസ്തമായ ചലച്ചിത്രസ്ഥാപനത്തിന്റെ ചിത്രം. പക്ഷെ ചിത്രീകരണത്തിനിടയില്‍ വലിയൊരു ദുരന്തമുണ്ടായി. നിര്‍മ്മാതാവ് മരിച്ചു. അതോടെ ചിത്രവും മുടങ്ങി. തുടര്‍ന്നുള്ള സംഭവങ്ങളാണ് ഈ സിനിമയിലൂടെ ഷൈജു അന്തിക്കാട് പറയുന്നത്. 

ലാല്‍ ഉണ്ണിയെ അവതരിപ്പിക്കുന്നു. ലാലു അലക്‌സ് കെ.കെ സാറിനെ അവതരിപ്പിക്കുന്നു. തിലകന്‍, സുരാജ് വെഞ്ഞാറമൂട്, സുധീഷ്, കലാഭവന്‍ ഷാജോണ്‍, മണിക്കുട്ടന്‍, ശിവജി ഗുരുവായൂര്‍ എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. 

സീന്‍ ഒന്ന് നമ്മുടെ വീട്
സീന്‍ ഒന്ന് നമ്മുടെ വീട്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക