Image

സത്യശിവ സംവിധാനം ചെയ്യുന്ന 'കഴുക്' വരുന്നു

Published on 31 July, 2012
സത്യശിവ സംവിധാനം ചെയ്യുന്ന 'കഴുക്' വരുന്നു
കഥയിലും അവതരണത്തിലും പുതുമ സൃഷ്ടിക്കുന്ന തമിഴ് സിനിമയില്‍ മാറ്റത്തിന്റെ കാറ്റ് വീശാന്‍ തുടങ്ങിയിട്ട് നാളേറെയായി. ദിനംപ്രതി ചലച്ചിത്ര പ്രതിഭകള്‍ ഓരോ രംഗത്തും തങ്ങളുടെ സാന്നിധ്യമറിയിക്കുന്നു. തമിഴില്‍ ഈവര്‍ഷമിറങ്ങി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടൊരു തമിഴ് ചിത്രം ഈയാഴ്ച കേരളത്തില്‍ റിലീസ് ചെയ്യപ്പെടുകയാണ്. ടോക് ടൈം മൂവീസിന്റെ ബാനറില്‍ കെ.കെ.ശേഖര്‍ നിര്‍മിച്ച് സത്യശിവ സംവിധാനം ചെയ്യുന്ന 'കഴുക്'. പുതുമുഖസംവിധായകന്‍ സത്യശിവയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും. 

തമിഴ്ജീവിതങ്ങളുമായി ഇഴ ചേര്‍ത്തൊരു പ്രണയ കഥയാണ് സിനിമ പറയുന്നത്. തമിഴ്‌നാട്ട് ഗ്രാമത്തിലെ തന്റേടിയും കൂര്‍മ ബുദ്ധിക്കാരനുമായ ചേരന്‍ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് കഥ കടന്നു പോകുന്നത്. ഈ ഗ്രാമത്തിലെ വലിയൊരു കൊക്കയില്‍ ചാടി പ്രണയജോഡികള്‍ ആത്മഹത്യ ചെയ്യുക പതിവാണ്. ഇവരുടെ മൃതശരീരങ്ങള്‍ കൊക്കയില്‍ നിന്ന് എടുക്കുന്ന ജോലിയാണ് ചേരന്.

ജീവന്‍ പണയപ്പെടുത്തി ചെയ്യേണ്ട ഈ ദൗത്യം അയാള്‍ കൃത്യമായി ചെയ്തുപോരുന്നു. നഗരവാസിയായ സരിത എന്ന പെണ്‍കുട്ടി ഒരുദിവസം ഈ മുനമ്പില്‍ ആത്മഹത്യ ചെയ്യാനെത്തി. ഉറച്ച തീരുമാനമായാണ് വന്നതെങ്കിലും മരിക്കുന്നതിന് മുന്‍പ് കുറച്ചു നാളുകള്‍ കൂടി ജീവിക്കാന്‍ അവള്‍ തീരുമാനിക്കുന്നു. ഇവിടെ വെച്ചാണ് ചേരനെ അവള്‍ പരിചയപ്പെടുന്നത്. അവന്റെ വ്യക്തിത്വം അവളെ ഏറെ സ്വാധീനിച്ചു. പരിചയം വളരെ പെട്ടെന്നു തന്നെ പ്രണയമായി വളര്‍ന്നു. മരണത്തെ മുഖാമുഖം നേരിടുന്ന ചേരന്റെയും സരിതയുടെയും ജീവിതമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. തമിഴിലെ പ്രമുഖസംവിധായകന്‍ വിഷ്ണുവര്‍ധന്റെ സഹോദരന്‍ കൃഷ്ണശേഖറാണ് നായകന്‍.വെപ്പം എന്ന ചിത്രത്തിനുശേഷം ബിന്ദു മാധവി നായികയാവുന്നു. സംഗീതം യുവന്‍ശങ്കര്‍രാജ. മനോഹരമായ ഗാനങ്ങളുടെ ദൃശ്യവത്കരണവും പുതുമ നിറഞ്ഞതാണ്.

കൊടൈക്കനാല്‍, തേനി, മൂന്നാര്‍ എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. തമിഴ്‌നാട്ടില്‍ ഹിറ്റ് ചാര്‍ട്ടില്‍ തുടരുന്ന 'കഴുക്' വെള്ളിയാഴ്ച യുവശ്രീ റിലീസ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കും.

സത്യശിവ സംവിധാനം ചെയ്യുന്ന 'കഴുക്' വരുന്നു   സത്യശിവ സംവിധാനം ചെയ്യുന്ന 'കഴുക്' വരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക