Image

ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

Published on 01 August, 2012
ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്

കോതമംഗലം: ബസേലിയസ് ആശുപത്രിയില്‍ നഴ്സുമാരുടെ സമരം നൂറാം ദിവസത്തിലേക്ക്. നഴ്സുമാരുടെ സമരം മറ്റിടങ്ങളിലെല്ലാം രണ്ടുമാസങ്ങള്‍ക്കകം അവസാനിച്ചിരുന്നു. യാക്കോബായ സഭയുടെ കീഴില്‍ കോതമംഗലം മാര്‍ത്തോമ ചെറിയപള്ളി ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആശുപത്രിയിലെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ഭരണതലത്തില്‍ ഇടപെടല്‍ ഉണ്ടായിട്ടില്ല.സഭയെയും വിശ്വാസികളെയും പിണക്കാനുള്ള വിമുഖതയാണ് സര്‍ക്കാറിനെ പിന്തിരിപ്പിക്കുന്നത്.
മാര്‍ച്ച് അഞ്ചിന് ബസേലിയസിലെ നഴ്സുമാരും മാനേജ്മെന്‍റും വേതന വര്‍ധന കരാറില്‍ ഒപ്പിട്ടിരുന്നു. ഏപ്രിലില്‍ കരാര്‍ നടപ്പാക്കാത്തതിനെത്തുടര്‍ന്ന് ഇന്ത്യന്‍ നഴ്സ് അസോസിയേഷന്‍ (ഐ.എന്‍.എ) നേതൃത്വത്തില്‍ സമരം ആരംഭിക്കുകയായിരുന്നു.
സമരം 10 ദിവസം പിന്നിട്ടിട്ടും മാനേജ്മെന്‍റ് ചര്‍ച്ചക്ക് തയാറാകാത്ത സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ സമര സഹായ സമിതി രൂപവത്കരിച്ചു. ഇതിന്‍െറ ഭാഗമായി മാര്‍ച്ചും ധര്‍ണയും നടത്തിയെങ്കിലും മാനേജ്മെന്‍റ് വഴങ്ങിയില്ല. അടുത്ത ഘട്ടമെന്ന നിലയില്‍ ആശുപത്രി ഉപരോധം ആരംഭിച്ചു. ഇതിനിടെ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമമുണ്ടാകുകയും ആശുപത്രി വളപ്പിലെ നഴ്സുമാരുടെ സമരപ്പന്തല്‍ തകര്‍ക്കുകയും ചെയ്തു.
സമരത്തിനെതിരെ ഇടവകാംഗങ്ങള്‍ രംഗത്തുവരണമെന്ന് പള്ളി വികാരി പരസ്യമായി ആവശ്യപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.ഇതിനിടെ മൂവാറ്റുപുഴ ആര്‍.ഡി.ഒ രണ്ടുവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിജയം കണ്ടില്ല. തുടര്‍ന്ന് ആര്‍.ഡി.ഒ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. ഇതിനിടെ താല്‍ക്കാലികമായി നിര്‍ത്തിയ ഉപരോധം പുനരാരംഭിച്ചു.ഒരുഡോക്ടറുടെ വീടിന് നേരെ കല്ലേറുമുണ്ടായി.
കലക്ടര്‍ പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം ഉണ്ടായില്ല. ഇതോടെ സമരം 24 മണിക്കൂറായി മാറ്റി.ഇതിനിടെ നഴ്സുമാരുടെ ഹോസ്റ്റല്‍ അടച്ചുപൂട്ടി നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പൊളിച്ചുനീക്കാനുള്ള ശ്രമവും അരങ്ങേറി. സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ നഴ്സുമാരുടെ ഡ്രസിങ് റൂം ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന ഭീഷണിയുമുണ്ടായി.
ലേബര്‍ കമീഷണറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ സമര സഹായ സമിതി ആശുപത്രി കവാടത്തില്‍ റിലേ സത്യഗ്രഹം ആരംഭിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മധ്യസ്ഥരായതോടെ സമരം തീരുമെന്ന പ്രതീക്ഷ ഉണ്ടായെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. സമരത്തിന് ശക്തിപകരാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും സമരപ്പന്തലില്‍ എത്തിയിരുന്നു.
ആശുപത്രി സെക്രട്ടറിയുടെ കാറിന്‍െറ ചില്ലുകള്‍ തകര്‍ത്ത സംഭവത്തില്‍ പള്ളി മാനേജിങ് കമ്മിറ്റിയംഗത്തിലേക്ക് അന്വേഷണം നീണ്ടത് നാടകീയ രംഗങ്ങള്‍ക്ക് വഴിവെച്ചു. സി. പി.എം നേതാവ് കെ. ചന്ദ്രന്‍പിള്ള , ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ എന്നിവര്‍ സമരം അവസാനിപ്പിക്കാന്‍ ഇടപെട്ടെങ്കിലും വിജയം കണ്ടില്ല. സമരത്തിന്‍െറ അടുത്തഘട്ടം എന്ന നിലയില്‍ സമരസഹായ സമിതി ആഗസ്റ്റ് രണ്ടിന് ജനകീയ മാര്‍ച്ചും ഏഴിന് വഴിതടയല്‍ സമരത്തിനും രൂപം നല്‍കിയിട്ടുണ്ട്.

(Madhyamam)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക