Image

പിള്ളയെ തള്ളാനും കൊള്ളാനുമാവാതെ കോണ്‍ഗ്രസ്‌

ജി.കെ. Published on 03 August, 2011
പിള്ളയെ തള്ളാനും കൊള്ളാനുമാവാതെ കോണ്‍ഗ്രസ്‌
പിള്ള ചവിട്ടിയാല്‍ തള്ളയ്‌ക്ക്‌ കേടില്ലെന്നാണ്‌ പഴഞ്ചൊല്ല്‌. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പഴഞ്ചൊല്ലിലും പതിരുണ്‌ടെന്ന്‌ യുഡിഎഫ്‌ സര്‍ക്കാര്‍ തലകുലുക്കി സമ്മതിക്കും. കാരണം യുഡിഎഫിലെ വലിയ പിള്ളയായ ആര്‍.ബാലകൃഷ്‌ണ പിള്ള ആഞ്ഞൊന്നു തുമ്മിയാല്‍ ചിലപ്പോള്‍ സര്‍ക്കാര്‍ തന്നെ താഴെവീഴുമെന്ന അവസ്ഥയിലാണ്‌ കാര്യങ്ങള്‍. രണ്‌ട്‌ അംഗംങ്ങളുടെ മഹാ ഭൂരിപക്ഷത്തില്‍ ഭരിക്കുന്നൊരു സര്‍ക്കാരിന്‌ ഒരോ അംഗവും വിലപ്പെട്ടവരാണെന്നിരിക്കെ പിള്ളയെ ജയിലില്‍ നിന്ന്‌ മോചിപ്പിക്കുന്ന കാര്യം കയ്‌ച്ചിട്ട്‌ ഇറക്കാനും വയ്യ മധുരിച്ചിട്ട്‌ തുപ്പാനും വയ്യാത്ത അവസ്ഥയിലാണ്‌ യുഡിഎഫ്‌. പ്രത്യേകിച്ച്‌ കോണ്‍ഗ്രസ്‌ നേതൃത്വം.

തന്നെ മോചിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമെടുത്തില്ലെങ്കില്‍ മന്ത്രി മകനെ സര്‍ക്കാരില്‍ നിന്ന്‌ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കേണ്‌ടി വരുമെന്ന ശക്തമായ സന്ദേശം പിള്ള കോണ്‍ഗ്രസ്‌ നേതൃത്വത്തിന്‌ കൈമാറിയതിനെ തുടര്‍ന്നാണ്‌ തിങ്കളാഴ്‌ച ചേര്‍ന്ന യുഡിഎഫ്‌ നേതൃ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്‌തത്‌. എന്നാല്‍ പിള്ളയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉമ്മന്‍ ചാണ്‌ടിയെ ചുമതലപ്പെടുത്തി പന്ത്‌ വീണ്‌ടും കോണ്‍ഗ്രസിന്റെ കോര്‍ട്ടിലേക്ക്‌ തന്നെ തട്ടിയിട്ടിരിക്കുകയാണ്‌ ഘടകകക്ഷികള്‍.

പിള്ളയുടെ സന്ദേശം ലഭിച്ചയുടനെ ഉമ്മന്‍ ചാണ്‌ടിയും ചെന്നിത്തലയും അദ്ദേഹത്തിന്റെ വസതിയിലെത്തി കാല്‍ക്കല്‍ വീണ്‌ സാഷ്‌ടാംഗം പ്രണമിച്ചുവെന്നാണ്‌ റിപ്പോര്‍ട്ട്‌. പിള്ളയെ പുറത്തിറക്കുന്നത്‌ സംബന്ധിച്ച്‌ അഡ്വക്കറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷം ഉടന്‍ തീരുമാനമെടുക്കാമെന്ന്‌ പിള്ളേച്ചന്‌ കുഞ്ഞൂഞ്ഞ്‌ വാക്ക്‌ നല്‍കിയെങ്കിലും അത്‌ അത്ര എളുപ്പമാവില്ലെന്ന്‌ തന്നെയാണ്‌ സൂചന.

കാരണം പ്രായാധിക്യവും രോഗവും മൂലം അവശത അനുഭവിക്കുന്ന 75 വയസിനു മുകളിലുള്ള ജയില്‍പുള്ളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പിള്ളേച്ചന്‍ അപേക്ഷ നല്‍കിയത്‌. നക്‌സല്‍ വര്‍ഗീസ്‌ വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി ലക്ഷ്‌മണ ഉള്‍പ്പെടെ 75കഴിഞ്ഞ 19പേരാണ്‌ ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്‌.

എന്നാല്‍ പ്രായാധിക്യത്തിന്റെ പേരില്‍ ഒരാള്‍ക്കും ജയില്‍ശിക്ഷ ഇളവു നല്‍കിയ കീഴ്‌വഴക്കമില്ലെന്നാണ്‌ അഡ്വക്കറ്റ്‌ ജനറിലായ കെ.പി.ദണ്‌ഡപാണി വക്കീല്‍ സര്‍ക്കാരിന്‌ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത്‌ ചെറിയൊരു കൈക്കൂലി കേസില്‍ ജയിലിലായ ഒരു മുന്‍മുഖ്യമന്ത്രിക്ക്‌ പ്രായത്തിന്റെ ആനുകൂല്യം നിഷേധിച്ചത്‌ എജി പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുമുണ്‌ട്‌. എങ്കിലും പിള്ളേച്ചന്‍ പ്രതീക്ഷ കൈവിടേണ്‌ടെന്ന്‌ ദണ്‌ഡപാണി വക്കീല്‍ തന്നെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുമുണ്‌ട്‌. കാരണം ശിക്ഷിക്കപ്പെട്ടവര്‍ക്കു ജയില്‍ കാലാവധിയില്‍ ഇളവു നല്‍കുന്നതിനു സര്‍ക്കാരിനു പൂര്‍ണ അധികാരമുണ്‌ടെന്നാണ്‌ അദ്ദേഹം അവസാനമായി എഴുതിയിരിക്കുന്നത്‌.

ഇതിനൊക്കെ പുറമെ താന്‍ തന്നെ മുമ്പ്‌്‌ പറഞ്ഞിട്ടുള്ളത്‌ മനസ്സില്‍ വെച്ചാണോ കുഞ്ഞൂഞ്ഞ്‌ ഇപ്പോള്‍ പെരുമാറുന്നതെന്ന്‌ പിള്ളേച്ചന്‌ ഭയമുണ്‌ട്‌. കമ്യൂണിസ്റ്റ്‌ ഭരണത്തേക്കാള്‍ കൂടുതല്‍ താന്‍ അപമാനിക്കപ്പെട്ടത്‌ ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്താണെന്നും ഉമ്മന്‍ചാണ്ടി ഭരിച്ചിരുന്ന ഒന്നരക്കൊല്ലം ഒരിക്കലും മറക്കില്ലെന്നുമൊക്കെ ആത്മകഥയിലൂടെ വിളിച്ചു പറഞ്ഞിട്ട്‌ നാളേറെയായിട്ടില്ല. കമ്മ്യൂണിസ്റ്റ്‌ ഭരണകാലത്തുപോലുമുണ്ടാകാത്ത വലിയ നീതികേടാണ്‌ ഉമ്മന്‍ചാണ്ടി തന്നോട്‌ കാട്ടിയതെന്നും ഈ അപമാനം ഇ.എം.എസിന്റെയോ നായനാരുടെയോ കാലത്തുപോലുമുണ്ടായിട്ടില്ലെന്നുമൊക്കെ അന്ന്‌ പിള്ളേച്ചന്‍ ആത്മകഥയില്‍ പരിതപിച്ചിരുന്നു.

ഇതിനിടെ ലക്ഷത്തിലൊരാള്‍ക്ക്‌ വരുന്ന അപൂര്‍വ രോഗമാണ്‌ തനിക്കെന്ന റിപ്പോര്‍ട്ട്‌ പുറത്തുവന്നപ്പോഴെങ്കിലും കുഞ്ഞൂഞ്ഞിന്റെ മനസ്സലിയുമെന്നായിരുന്നു പിള്ളേച്ചന്‍ കരുതിയിരുന്നത്‌. എന്നാല്‍ ലക്ഷത്തില്‍ ഒന്നു പോയിട്ട്‌ കോടിയില്‍ ഒന്നായാലും പിള്ളേച്ചന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമൊന്നുമാകില്ലെന്ന്‌ അറിഞ്ഞതോടെയാണ്‌ മന്ത്രി മകനെ വെച്ചൊരു ഭീഷണി അങ്ങ്‌ കാച്ചിയത്‌. അത്‌ ഏറ്റതിന്റെ ലക്ഷണങ്ങള്‍ ഏതാണ്‌ട്‌ കണ്‌ടു തുടങ്ങിയെങ്കിലും തീരുമാനം വരാന്‍ ആറുമാസം കൂടി കാത്തിരിക്കേണ്‌ടി വരുമോ എന്നാണ്‌ ഇനിയും അറിയാനുള്ളത്‌.

മകനാണെങ്കില്‍ ഭരണം കിട്ടിയശേഷം ഭയങ്കര തിരക്കിലുമാണ്‌. ജോലിത്തിരക്കു കാരണം പലപ്പോഴും അച്ഛനെ ജയിലെത്തി സന്ദര്‍ശിക്കാന്‍ പോലും മകന്‌ സമയം കിട്ടിയിരുന്നില്ലെന്ന ആരോപണവും ശക്തമാണ്‌. അതിന്‌ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. കാരണം അച്ഛന്‍ തന്നെ വാശിപിടിച്ച്‌ വാങ്ങിക്കൊടുത്ത വനം വകുപ്പിനു പുറമെ സിനിമാ വകുപ്പ്‌ കൂടി നേക്കേണ്‌ടതുണ്‌ട്‌ അദ്ദേഹത്തിന്‌. സിനിമാ രംഗത്താണെങ്കില്‍ കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുയാണ്‌.

സൂപ്പര്‍ താരം മോഹന്‍ ലാലിന്റെ വീട്ടില്‍ നിന്ന്‌ ആനക്കൊമ്പ്‌ പിടിച്ച കേസ്‌ ആകെ പുലിവലായിരിക്കുകയാണ്‌. അതൊന്നും ഒതുക്കാന്‍ പാടുപെടുന്നതിനിടെയാണ്‌ അച്ഛന്റെ പരാതി. എന്തായാലും ചികിത്സ നല്‍കാനെന്ന പേരിലെങ്കിലും ഇപ്പോള്‍ പരോളിലുള്ള പിള്ളേച്ചനെ പുറത്തെത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമോ എന്ന ഭയമാണ്‌ കുഞ്ഞൂഞ്ഞിനെയും കൂട്ടരെയും ഇപ്പോള്‍ മഥിക്കുന്നത്‌.

എന്നാല്‍ പിള്ളേച്ചനെ വെറുതെ വിടുന്നത്‌ പ്രതിപക്ഷവും പ്രത്യേകിച്ച്‌ വി.എസ്‌.അച്യുചതാനന്ദനും ആയുധമാക്കുമോ എന്ന ഭയവും കുഞ്ഞൂഞ്ഞിനുണ്‌ട്‌. ഇതിനുപുറമെ പിള്ളേച്ചനെ അധികകാലം അകത്തുകിടത്തുന്നത്‌ എന്‍എസ്‌എസിനെ അകറ്റുമെന്ന ഭീതി അപ്പുറത്തും. അതുകൊണ്‌ട്‌ തന്നെ പിള്ളേച്ചനെ ചികിത്സയ്‌ക്കെന്ന പേരിലെങ്കിലും എത്രയും പെട്ടെന്ന്‌ ഏതെങ്കിലും സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക്‌ മാറ്റി ഇലയ്‌ക്കും മുള്ളിനും കേടില്ലാതെ പ്രശ്‌നം പരിഹരിക്കാനാണ്‌ കുഞ്ഞൂഞ്ഞും കൂട്ടരും ഇപ്പോള്‍ ശ്രമിക്കുന്നത്‌. അത്‌ അത്ര എളുപ്പമല്ലെന്ന്‌ മാത്രം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക