Image

വിട....ഇനി ഫിലാഡല്‍ഫിയയില്‍; ഫോമാ കണ്‍വന്‍ഷന്‌ തിരശ്ശീല വീണു

Published on 05 August, 2012
വിട....ഇനി ഫിലാഡല്‍ഫിയയില്‍; ഫോമാ കണ്‍വന്‍ഷന്‌ തിരശ്ശീല വീണു
ന്യൂയോര്‍ക്ക്‌: അഞ്ചുദിനരാത്രങ്ങള്‍ ആസ്വാദ്യകരമായ വിരുന്നൊരുക്കി ആയിരത്തിലേറെ മലയാളികള്‍ക്ക്‌ വിനോദത്തിനും വിജ്ഞാനത്തിനും അവസരം നല്‍കിയ ഫോമയുടെ `കണ്‍വന്‍ഷന്‍ അറ്റ്‌ സീ'യ്‌ക്ക്‌ വിട. ഇനി ജോര്‍ജ്‌ മാത്യു - ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എന്നിവരുടെ നേതൃത്വത്തില്‍ ഫിലാഡല്‍ഫിയയില്‍ ഒത്തുകൂടാം.

കാര്‍ണിവല്‍ ഗ്ലോറിയില്‍ കണ്‍വന്‍ഷന്‌ തുടക്കം കുറിച്ച അംബര്‍ പാലസ്‌ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ തന്റെ സമയം തീരുകയാണെന്നു പറഞ്ഞാണ്‌ പ്രസിഡന്റ്‌ ബേബി ഊരാളില്‍ ആശംസാ പ്രസംഗം നടത്തിയത്‌. ഫോമാ പ്രസിഡന്റ്‌ എന്നുകൂടി പിന്നീട്‌ കൂട്ടിച്ചേര്‍ത്തതോടെ നിറഞ്ഞ സദസിന്‌ ചിരി.

മുന്‍ പ്രസിഡന്റ്‌ എന്ന നിലയില്‍ ഫോമയ്‌ക്കുവേണ്ടി എക്കാലവും പ്രവര്‍ത്തിക്കുമെന്ന്‌ ഉറപ്പു നല്‍കിയ ബേബി ഊരാളില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലും കണ്‍വെന്‍ഷന്റെ വിജയത്തിലും സന്തുഷ്‌ടി പ്രകടിപ്പിച്ചു. വഞ്ചിപ്പാട്ടിന്റെ ഈരടികള്‍ പാടിയാണ്‌ അദ്ദേഹം വിടവാങ്ങിയത്‌.

സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത അംബാസിഡര്‍ ടി.പി. ശ്രീനിവാസന്‍ മുന്‍കാലങ്ങളിലെപ്പോലെ കണ്‍വന്‍ഷന്‍ അവലോകനം ചെയ്‌തു. ഇത്തവണ നാട്ടില്‍ നിന്നു വന്ന ഒരു മലയാളിയുടെ ദൃഷ്‌ടിയിലുള്ള സമ്മേളനമാണ്‌ അദ്ദേഹം അവതരിപ്പിച്ചത്‌. മുന്‍കാലങ്ങളില്‍ കിളിയെക്കൊണ്ടും മറ്റുമായിരുന്നു അവലോകനം അവതരിപ്പിച്ചത്‌.

വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഫൊക്കാന എയര്‍പോര്‍ട്ടിനെപ്പറ്റിയും, മാലിന്യനിര്‍മാര്‍ജ്ജനത്തെപ്പറ്റിയുമൊക്കെ പറഞ്ഞപ്പോള്‍ ഫൊക്കാന എന്നത്‌ ഒരു രാജ്യമാണെന്നാണ്‌ പലരും ധരിച്ചത്‌. പിന്നീട്‌ പ്രസിഡന്റ്‌ ശശിധരന്‍ നായരാണെന്നറിഞ്ഞു. കുറച്ചുകഴിഞ്ഞ്‌ സംഘടന പിളര്‍ന്നുവെന്നറിഞ്ഞപ്പോള്‍ അത്‌ മലയാളി സംഘടനതന്നെയെന്നുറപ്പായി.

ഇത്തവണ കണ്‍വെന്‍ഷന്‍ വെള്ളത്തിലാണെന്നറിഞ്ഞപ്പോള്‍ മലയാളിയുടെ സ്ഥിതി അന്വര്‍ത്ഥമായി തോന്നി. പണ്ടൊക്കെ അമേരിക്കയില്‍ എത്താനായിരുന്നു വിഷമം. ഇപ്പോള്‍ കാനഡ വിസ കിട്ടാന്‍ തങ്ങളൊക്കെ നെട്ടോട്ടമോടിയപ്പോള്‍ കണ്‍വെന്‍ഷന്‍ കപ്പലില്‍ വെച്ചതില്‍ നീരസവും തോന്നി.

ഫോമാ നല്ല ഫോമില്‍ തന്നെയായിരുന്നു. കേന്ദ്രമന്ത്രി മാത്രം ഉദ്‌ഘാടനത്തിനു വന്നില്ല. മന്ത്രിക്ക്‌ വയറുവേദന വരരുതെന്ന്‌ പറയാന്‍ പറ്റില്ലല്ലോ? പക്ഷെ ചിക്കാഗോയില്‍ വെച്ച്‌ വല്ലതും സംഭവിച്ചോ എന്നാണ്‌ അറിയേണ്ടത്‌.

കപ്പലില്‍ മീറ്റിംഗിനൊക്കെ കൃത്യ സമയം. അതു കഴിഞ്ഞാല്‍ ഇറക്കിവിടും. അതിനാല്‍ പ്രസംഗം കുറഞ്ഞു. അതിന്റെ നീളവും കുറഞ്ഞു. സന്തോഷം.

സ്വര്‍ഗത്തില്‍ മാത്രമല്ല കപ്പലിലും കടലിലും വിവാഹം നടക്കുമെന്ന്‌ ജോസഫ്‌ ഔസോയും സുജയും തെളിയിച്ചു. 2014-ല്‍ കുട്ടിയുമായി കണ്‍വന്‍ഷന്‌ വരുമെന്നാണവര്‍ പറയുന്നത്‌. കുട്ടിയുടെ പേര്‌ `കാര്‍ണിവല്‍ ഗ്ലോറി'.

മികച്ച ദമ്പതികളുടെ മത്സരത്തില്‍ സ്‌നേഹം കൂടിയാല്‍ ചുംബനം കിട്ടും എന്നു കൂടുതല്‍ പേര്‍ പറഞ്ഞപ്പോള്‍ തല്ലുകിട്ടിമെന്നും പറഞ്ഞതു കേട്ടു. എന്തായാലും കണ്‍വന്‍ഷനില്‍ ധാരാളമായി വിവാഹങ്ങള്‍ നടക്കട്ടെ എന്നാശംസിക്കുന്നു.

സൗന്ദര്യ മത്സരത്തില്‍ കൂടുതല്‍ പേര്‍ പങ്കെടുത്തില്ല. പങ്കെടുത്തവരൊക്കെ അറിവിന്റെ കാര്യത്തില്‍
പിന്നിലായിരുന്നു താനും.

യൂത്ത്‌ ഫോറം ഗംഭീരമായി. പക്ഷെ അക്കൂട്ടത്തില്‍ വോട്ടു ചെയ്‌തവരെ കണ്ടില്ല. തങ്ങളുടെ കോണ്‍ഗ്രസ്‌മാന്റേയോ, സെനറ്ററുടേയോ പേരും അവര്‍ക്ക്‌ അറിയില്ലായിരുന്നു.

ചിരിയരങ്ങ്‌ തെറിയരങ്ങായില്ല. നേതൃത്വം നല്‍കിയ രാജു മൈലപ്രയും പരിധി ലംഘിക്കാന്‍ ശ്രമിച്ചില്ല. ജനം ചിരിച്ച്‌ മണ്ണുകപ്പി. പക്ഷെ കപ്പലില്‍ മണ്ണില്ലായിരുന്നു.

പ്രസംഗങ്ങള്‍കൊണ്ട്‌ സംസാരസാഗരം തന്നെ തീര്‍ത്തു എന്നാണ്‌ ഡോ. എം.വി. പിളള പറഞ്ഞത്‌. ഇലക്ഷനിലാകട്ടെ ഓണത്തല്ലൊന്നും കണ്ടില്ല.

ഫോമയുടെ യാത്ര ഇവിടെ തുടരുകയാണ്‌. അത്‌ അഭംഗുരം മുന്നോട്ടു പോകട്ടെ-ശ്രീനിവാസന്‍ പറഞ്ഞു.

മുഖ്യ പ്രസംഗം നടത്തിയ ഡോ. ബാബു പോള്‍ 1960-ല്‍ യൂറോപ്പിലേക്ക്‌ കപ്പല്‍ യാത്ര നടത്തിയത്‌ അനുസ്‌മരിച്ചു. ചെറിയ കപ്പല്‍ 18 ദിവസമെടുത്തു യാത്രയ്‌ക്ക്‌. അടുത്ത മൂന്നുദിവസം ഗര്‍ഭിണികളെപ്പോലെ ഛര്‍ദ്ദി. ഇതു പറയുമ്പോള്‍ തന്റെ വയറിലേക്ക്‌ നോക്കരുത്‌.

ഈ യാത്ര ഒരു ഓര്‍മ്മ പുതുക്കലാണ്‌. യാത്രയ്‌ക്ക്‌ സമ്മതിച്ചതിനെ പാപം ചെയ്യാന്‍ ഒരു വിശ്വാസിനിയെ പ്രേരിപ്പിച്ചതിനോടദ്ദേഹം ഉപമിച്ചു. തെറ്റ്‌ ചെയ്യണമെങ്കില്‍ അതിന്‌ ന്യായം പറയാനുള്ള ഒരു ബൈബിള്‍ വാക്യം കണ്ടെത്തണമെന്നായിരുന്നു അവരുടെ നിലപാട്‌. ഒടുവില്‍ ലൂക്കോസിന്റെ സുവിശേഷത്തില്‍ നിന്ന്‌ ഒരു വാചകം കണ്ടെത്തി. `ഇപ്പോള്‍ സമ്മതിക്കാം'.

ബൈബിള്‍ വാക്യങ്ങള്‍ വീട്ടില്‍ ഒട്ടിച്ചുവെച്ച കഥയും അദ്ദേഹം പറഞ്ഞു. ഒരു നാള്‍ ജോലിക്കാരി തിരിച്ചുപോകുകായാണെന്ന്‌ ഭാര്യയോട്‌ പറഞ്ഞു. കാരണം `സാര്‍' എന്നു പറഞ്ഞപ്പോഴേ ഭാര്യയ്‌ക്ക്‌ അങ്കലാപ്പായിരിക്കണം. പക്ഷെ പിന്നെ മനസിലായി വില്ലന്‍ ജോലിക്കാരിയുടെ മുറിയിലെ ബൈബിള്‍ വാക്യമാണ്‌. `മകളെ, ഉറങ്ങാതിരിക്കൂ, അര്‍ധരാത്രി യജമാനന്‍ നിന്നെ തേടി വരും'.

അടുത്ത കണ്‍വന്‍ഷനും തന്നെ വിളിച്ചിട്ടുണ്ട്‌. ആയുസും ആരോഗ്യവും ഉണ്ടെങ്കില്‍ ആനന്ദത്തോടെ ആഗതനാകാമെന്ന്‌ മറുപടി പറഞ്ഞു. പ്രസിഡന്റ്‌ പദം പോയാലും മുന്‍ പ്രസിഡന്റ്‌ എന്ന സ്ഥാനം ഒരിക്കലും നഷ്‌ടമാകില്ലെന്ന്‌ ബേബി ഊരാളിനോട്‌ പറഞ്ഞു.

മുന്‍ എം.എല്‍.എ എം. മുരളി താന്‍ ഫൊക്കാനയുടെ ആല്‍ബനി കണ്‍വന്‍ഷന്‌ പോയില്ലെന്നു പറഞ്ഞു. അച്ഛനെന്നും ചിറ്റപ്പനെന്നും വിളിക്കാന്‍ തനിക്ക്‌ താത്‌പര്യമില്ലാത്തതുകൊണ്ടാണത്‌. ആ നിലപാട്‌ ശരിയെന്ന്‌ തെളിഞ്ഞു. ഫോമ യുവത്വത്തിന്റേയും ഉയര്‍ത്തെഴുനേല്‍പ്പിന്റേയും പ്രതീകമാണ്‌. അതിനു പകരം മറ്റൊന്നില്ല. ഇരട്ട പൗരത്വത്തിനുവേണ്ടി മലയാളി സമൂഹം പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

പ്രവാസികളുടെ നാട്ടിലെ സ്വത്ത്‌ സംരക്ഷിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന പ്രമേയം ബേബി ഊരാളില്‍ സമ്മേളനത്തില്‍ അവതരിപ്പിച്ച്‌ പാസാക്കിയത്‌ മുഖ്യമന്ത്രിക്ക്‌ നല്‍കാന്‍ മുരളിയെ ഏല്‍പിച്ചു.

ഫിലിം വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സാബു ചെറിയാന്‍ പ്രവാസികള്‍ സിനിമാ നിര്‍മ്മാണത്തിനിറങ്ങി വിഷമിക്കുന്നത്‌ വിവരിച്ചു. കണ്‍വെന്‍ഷന്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ തന്നെ വേണമെന്ന്‌ ഡോ. എം.വി. പിള്ള പറഞ്ഞു. ഇത്തരമൊരു കണ്‍വെന്‍ഷന്‍ വിഭാവനം ചെയ്‌തവരെ അദ്ദേഹം അഭിനന്ദിച്ചു. ഫോമ വ്യത്യസ്‌തമായ കുടുംബ സമ്മേളനമാണ്‌ നടത്തിയതെന്ന്‌ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌ (മലയാള മനോരമ) പറഞ്ഞു.

സമ്മേളനത്തില്‍ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ജെ. മാത്യൂസ്‌, കളത്തില്‍ പാപ്പച്ചന്‍ എന്നിവര്‍ ഏറ്റുവാങ്ങി. ലൈഫ്‌ ടൈം കമ്യൂണിറ്റി സര്‍വീസ്‌ ആന്‍ഡ്‌ അച്ചീവ്‌മെന്റ്‌ അവാര്‍ഡ്‌ ജോണ്‍ ടൈറ്റസ്‌, ശശിധരന്‍ നായര്‍ എന്നിവര്‍ ഏറ്റുവാങ്ങി. മീഡിയ അവാര്‍ഡുകള്‍ സന്തോഷ്‌ ജോര്‍ജ്‌ ജേക്കബ്‌, ജോയിച്ചന്‍ പുതുക്കുളം എന്നിവര്‍ ഏറ്റുവാങ്ങി.

പുതിയ ഭാരവാഹികളെ ഇലക്ഷന്‍ കമ്മീഷണര്‍ ജോര്‍ജ്‌ പാര്‍ണേല്‍ പരിചയപ്പെടുത്തി. പുതിയ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്നും, രാഷ്‌ട്രീയ രംഗത്തു പ്രവര്‍ത്തിക്കാന്‍ ഇറങ്ങുന്നവരെ സഹായിക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കുമെന്നും പുതിയ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു പറഞ്ഞു.

അനിയന്‍ ജോര്‍ജ്‌ ആമുഖ പ്രസംഗം നടത്തി. വൈസ്‌ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളരിക്കമുറിയായിരുന്നു എം.സി. കണ്‍വെന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ്‌ സ്വാഗതം പറഞ്ഞു. ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജോയിന്റ്‌ സെക്രട്ടറി ആനന്ദന്‍ നിരവേല്‍, ജോ. ട്രഷറര്‍ ഐപ്‌ മാരേട്ട്‌, ഐഎന്‍ഒസി പ്രസിഡന്റ്‌ ജോര്‍ജ്‌ ഏബ്രഹാം, കണ്‍വെന്‍ഷന്‍ കണ്‍വീനര്‍ സജി ഏബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി ബിനോയി തോമസ്‌ നന്ദി പറഞ്ഞു.

2016-ലെ കണ്‍വെന്‍ഷന്‍ ഫ്‌ളോറിഡയില്‍ വരണമെന്ന്‌ ആനന്ദന്‍ നിരവേല്‍ പറഞ്ഞു. വൈകിട്ട്‌ കലാപരിപാടികളോടെ സമ്മേളനത്തിനു തിരശീല വീണു.
വിട....ഇനി ഫിലാഡല്‍ഫിയയില്‍; ഫോമാ കണ്‍വന്‍ഷന്‌ തിരശ്ശീല വീണു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക