Image

ഫൊക്കാന ചലച്ചിത്രോത്സവം - `മരണാനന്തരം' മികച്ച ചിത്രം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 11 August, 2012
ഫൊക്കാന ചലച്ചിത്രോത്സവം - `മരണാനന്തരം' മികച്ച ചിത്രം
ന്യൂയോര്‍ക്ക്‌: 2012 ഫൊക്കാന കണ്‍വന്‍ഷനോടനുബന്ധിച്ച്‌ നടന്ന അന്താരാഷ്ട്ര ലഘു ചലച്ചിത്ര മത്സരത്തില്‍ ആസ്‌ട്രേലിയയില്‍ നിന്നുള്ള `മരണാനന്തരം' മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള അവാര്‍ഡ്‌ പ്രസ്‌തുത ചിത്രം സംവിധാനം ചെയ്‌ത ജോയി കെ. മാത്യു കരസ്ഥമാക്കി.

അമേരിക്കയില്‍ ഇദംപ്രഥമമായാണ്‌ പ്രവാസി മലയാളികള്‍ക്കുവേണ്ടി ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ ഇത്തരം ഒരു ചലച്ചിത്ര മേള ഒരുക്കിയതെന്ന്‌ ഫിലിം ഫെസ്റ്റിവല്‍ ചെയര്‍മാന്‍ ശബരീനാഥ്‌ പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളി ചലച്ചിത്ര പ്രവര്‍ത്തകരുടെ കഴിവുകള്‍ പരിപോഷിപ്പിക്കുകയും, അവര്‍ക്ക്‌ ഒരു അന്താരാഷ്ട്ര ചലച്ചിത്രവേദി ഒരുക്കുകയുമാണ്‌ ഫൊക്കാന ഫിലിം ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന്‌ അദ്ദേഹം ഒരു പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

ഗള്‍ഫ്‌, യു.കെ., കാനഡ, യുഎസ്‌എ, യൂറോപ്പ്‌ എന്നീ രാജ്യങ്ങളില്‍ നിന്ന്‌ പങ്കെടുത്ത നിരവധി ലഘു ചലച്ചിത്രങ്ങളോട്‌ മത്സരിച്ചാണ്‌ അവസാന റൗണ്ടില്‍ മരണാനന്തരം തെരഞ്ഞെടുക്കപ്പെട്ടത്‌. കലാപരമായും സാങ്കേതികപരമായും ചിത്രം മികച്ച പ്രകടനമാണ്‌ കാഴ്‌ച വെച്ചതെന്ന്‌ ജൂറി അഭിപ്രായപ്പെട്ടു.

കാലികപ്രസക്തിയുള്ള വിഷയമായ അവയവദാനം എന്ന വിഷയം ചുരുങ്ങിയ സമയമായ മൂന്നു മിനിറ്റിനുള്ളില്‍ അവതരിപ്പിക്കാന്‍ സംവിധായകന്‍ ജോയി കെ. മാത്യുവിന്‌ കഴിഞ്ഞിട്ടുണ്ടെന്ന്‌ ജൂറി കണ്ടെത്തി. മികച്ച രണ്ടാമത്തെ ചിത്രമായി അമേരിക്കയില്‍ നിന്നുള്ള `അമ്മേ കരയരു
ത്‌' എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. നിരവധി ലഘു ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുള്ള ചാര്‍ളി അങ്ങാടിച്ചേരിലാണ്‌ ചിത്രത്തിന്റെ സംവിധായകന്‍.

മൂന്നു ദിവസം നീണ്ടുനിന്ന ചലച്ചിത്ര മേള പ്രവാസി മലയാളികള്‍ക്ക്‌ പുത്തന്‍ ചലച്ചിത്രാനുഭവം പ്രദാനം ചെയ്യുന്നതില്‍ വിജയിച്ചു എന്ന കൃതാര്‍ത്ഥതയുണ്ടെന്ന്‌ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്‌ അഭിപ്രായപ്പെട്ടു. ചലച്ചിത്രമേളകള്‍ പോലുള്ള നൂതന സാംസ്‌ക്കാരിക സംരംഭങ്ങള്‍ പ്രവാസി മലയാളികള്‍ക്കായി ഏറ്റെടുത്ത്‌ ഫൊക്കാന നടപ്പിലാക്കുമെന്ന്‌ പ്രസിഡന്റ്‌ ജി.കെ. പിള്ള അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഇതുപോലുള്ള സംരംഭങ്ങള്‍ സംഘടിപ്പിക്കുമെന്ന്‌ നിയുക്ത പ്രസിഡന്റ്‌ മറിയാമ്മ പിള്ളയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീ ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളിയും അഭിപ്രായപ്പെട്ടു.
ഫൊക്കാന ചലച്ചിത്രോത്സവം - `മരണാനന്തരം' മികച്ച ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക