Image

ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് ഇന്നുമുതല്‍ നിലവില്‍ വരും ‍: ആരോഗ്യമന്ത്രി

Published on 05 August, 2011
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് ഇന്നുമുതല്‍ നിലവില്‍ വരും ‍: ആരോഗ്യമന്ത്രി
തിരുവനന്തപുരം: ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ടും അനുബന്ധ ചട്ടങ്ങളും ഇന്നുമുതല്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവില്‍ വരുമെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുതിയ നിയമപ്രകാരം ഭക്ഷ്യ വ്യാപാരികള്‍ക്കും ഭക്ഷ്യ ഉല്‍പാദകര്‍ക്കും വിതരണകാര്‍ക്കും നിര്‍ബന്ധിത രജിസ്‌ട്രേഷനും ലൈസന്‍സും ഏര്‍പ്പെടുത്തും. ഇതിനായി എല്ലാ ജില്ലകളിലും ലൈസന്‍സിങ് അതോറിറ്റികളെ ഉടന്‍ തന്നെ ചുമതലപ്പെടുത്തും. ഈ നിയമമനുസരിച്ച് ആഹാരപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം കുറയുകയോ ജീവന് ഹാനികരമായ മായം ഭക്ഷണത്തില്‍ ചേര്‍ക്കുകയോ ചെയ്തുവെന്ന് കണ്ടെത്തിയാല്‍ കുറ്റകാര്‍ക്കെതിരെ കോമ്പൗണ്ടിങും ഫൈനും അടക്കമുള്ള ശിക്ഷകളാണ് നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

കുറ്റകത്യങ്ങളുടെ കാഠിന്യമനുസരിച്ച് 10 ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യാന്‍ സംസ്ഥാനത്ത് ഫുഡ്‌സേഫ്റ്റി അഡ്ജുഡിക്കേറ്റിങ് ഓഫീസറേയും അപ്പീലുകള്‍ കേള്‍ക്കാന്‍ ജില്ലാ ജഡ്ജിയുടെ റാങ്കില്‍പ്പെട്ട ഫുഡ് സേഫ്റ്റി അപ്പലറ്റ് ട്രൈബ്യൂണലിനെയും സര്‍ക്കാര്‍ ഉടന്‍ നിയമിക്കും. കൂടാതെ സ്‌പൈഷ്യല്‍ കോടതികളും സ്‌പെഷ്യല്‍ പ്രോസിക്ക്യൂട്ടര്‍മാരെയും നിയമിക്കേണ്ടതുണ്ട്. ഇതിനായി ഹൈക്കോടതിയും നിയമവകുപ്പുമായി ബന്ധപ്പെട്ട് വരുന്നതായും മന്ത്രി അറിയിച്ചു.

ഏകദേശം മൂന്ന് മാസക്കാലം ബോധവല്‍ക്കരണവും വിലയിരുത്തലും നടത്തിയതിന് ശേഷമേ ഈ പുതിയ നിയമം സംസ്ഥാനത്ത് കര്‍ശനമായി നടപ്പിലാക്കുകയുള്ളൂ. വരുന്ന ശബരിമല സീസണില്‍ ലക്ഷകണക്കിന് അയ്യപ്പ ഭക്തന്മാര്‍ എത്തുന്ന ശബരിമലയില്‍ ഈ നിയമം കര്‍ശനമായി നടപ്പില്‍ വരുത്തിക്കൊണ്ട് സംസ്ഥാനത്ത് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

ശബരിമല, പമ്പ, നിലയ്ക്കല്‍, എരുമേലി മറ്റ് കാനന തീര്‍ത്ഥാടന പാതകള്‍ എന്നിവിടങ്ങളിലെ താത്കാലിക വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹോട്ടലുകളിലും മററും ഈ നിയമത്തിന്റെ പരിധിയില്‍ കൊണ്ട് വന്ന് ഭക്ഷണ സാധനങ്ങളിലെ മായം ചേര്‍ക്കല്‍ ഒഴിവാക്കി മായം കലരാത്ത പഴകാത്ത ഭക്ഷണം ഭക്തജനങ്ങള്‍ക്ക് നല്‍കാന്‍ വേണ്ട കര്‍ശന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക