Image

ഓണാതിഥി (കവിത: സുധീര്‍ പണിക്കവീട്ടില്‍)

Published on 21 August, 2012
ഓണാതിഥി (കവിത: സുധീര്‍ പണിക്കവീട്ടില്‍)
അത്തപൂവ്വിട്ട്‌ മെഴുകാന്‍
എന്നുള്ളില്‍ ഇടം തേടികൊണ്ട-
നുരാഗ പൂങ്കുലയേന്തി
അഴകോലും പെണ്‍കൊടി വന്നു.

വെയിലാട ചുറ്റിയുടുത്ത്‌
കാര്‍കൂന്തല്‍ കോതിമിനുക്കി
ചുണ്ടത്തൊരു ചിരി മറ വച്ച്‌
അവളാരും കാണാതെത്തി

തൊടുക്കുറികള്‍ കൈമാറുമ്പോള്‍
അര്‍ഘ്യാദി പൂജക്കായി
കരളിന്റെ കോവിലില്‍ നിന്നും
പൂവമ്പനൊരുങ്ങിയടുത്തു

ത്രുക്കാക്കരയപ്പനുടഞ്ഞു
തുമ്പപൂ ചിന്നി ചിതറി
നാക്കിലയില്‍ ഓണകോടി
നാണം പൂണ്ടൊളിച്ചിരുന്നു

പൂജിച്ച ചന്ദന ഗന്ധം
ഉയരുന്ന സുഗന്ധധൂമം
ഓണത്തിനല്ല ഞങ്ങള്‍
പ്രേമത്തിന്‍ പുത്തരി കുത്തി.

ശുഭം
ഓണാതിഥി (കവിത: സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക