Image

പഠനം മാറ്റിവെച്ച് ജിബിന്‍ കാവലിരിക്കുന്നു, അപ്പച്ചന്റെ ജീവന്

Published on 24 August, 2012
പഠനം മാറ്റിവെച്ച് ജിബിന്‍ കാവലിരിക്കുന്നു, അപ്പച്ചന്റെ ജീവന്
ഒല്ലൂര്‍:9-ാം ക്ലാസുകാരനായ ജിബിന്റെ മനസ്സില്‍ ഒരു പ്രാര്‍ത്ഥനയേ ബാക്കിയുള്ളൂ, അപ്പച്ചന്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചുവരണേ എന്ന്. അതിനായി ഊണും ഉറക്കവും മാത്രമല്ല പഠിപ്പുപോലും ജിബിന്‍ വേണ്ടെന്നു വെച്ചിരിക്കുകയാണ്. പുത്തൂര്‍ ഗവ. സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജിബിന് പുതിയ അധ്യയനവര്‍ഷത്തില്‍ ഒരു ദിവസംപോലും ക്ലാസില്‍ എത്താനായിട്ടില്ല.

പരിചയസമ്പന്നയായ ഒരു നഴ്‌സിനെ പോലെ രോഗശയ്യയിലായ പിതാവിനെ അത്രമേല്‍ പരിപാലിക്കുകയാണ് ഈ 13കാരന്‍. പുത്തൂര്‍ പുഴമ്പള്ളം മുല്ലശ്ശേരി വീട്ടില്‍ ഷാജിക്ക് (40) കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ആമ്പല്ലൂരില്‍ വെച്ച് അപകടമുണ്ടായത്. ബൈക്കപകടത്തില്‍പ്പെട്ട ഷാജിക്ക് ഇതുവരെയും ചലനശേഷിയും ഓര്‍മ്മയും തിരിച്ചുകിട്ടിയിട്ടില്ല. നാലുമാസം ആസ്​പത്രിയിലായിരുന്നു ജീവിതം. തലയോട്ടി തകര്‍ന്നു. നട്ടെല്ലിനും ക്ഷതമേറ്റു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലിച്ചില്ല. അതേ അവസ്ഥയില്‍ വീട്ടിലേക്കു മാറ്റി. ഭക്ഷണം നല്കാനും ശ്വസിക്കാനും മലമൂത്രവിസര്‍ജ്യമെടുക്കുന്നതിനും കുഴലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ വേണം എല്ലാം ചെയ്യാന്‍. ശ്വാസതടസമുണ്ടായാല്‍ കഫം വലിച്ചെടുക്കാനും ഉപകരണമുണ്ട്. അഞ്ചുമാസത്തെ പരിചയംകൊണ്ട് ഇതെല്ലാം ജിബിന്‍ സ്വയം പരിശീലിക്കുകയായിരുന്നു. അതിനും കാരണമുണ്ട്. രണ്ടാണ്‍മക്കളില്‍ ഇളയവനാണ് ജിബിന്‍. ചേട്ടന്‍ ജില്‍സണ്‍ കോട്ടപ്പുറം രൂപതയില്‍ വൈദിക വിദ്യാര്‍ത്ഥിയാണ്. അമ്മ ഷീബയ്ക്ക് വീടിനടുത്തുള്ള മരുന്നുകമ്പനിയില്‍ ജോലിയുണ്ട്.

അമ്മയ്ക്ക് ദിവസം കിട്ടുന്ന 100 രൂപ വേണ്ടെന്നുവെച്ചാല്‍ കുടുംബം പട്ടിണിയിലാകും. അതുകൊണ്ടാണ് അപ്പച്ചന്റെ ശുശ്രൂഷ ജിബിന്‍ സ്വയം ഏറ്റെടുത്തത്. കൂടാതെ അമ്മൂമ്മ റീത്തയും വീട്ടിലുണ്ട്. മരുന്നുചെലവുകള്‍ പലപ്പോഴും ഉദാരമതികളായവരുടെ സഹായംകൊണ്ടാണ് നടക്കുന്നത്. ടൈല്‍സ് പണിക്കാരനായ ഷാജി നാലര സെന്റില്‍ കൊച്ചുവീട് വളരെ കഷ്ടപ്പെട്ടാണ് പണിതുയര്‍ത്തിയത്. അതിന്റെ ബാധ്യത നിലനില്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ട് ചികിത്സയ്ക്കായി ഏഴര ലക്ഷം ചെലവായത്.

ഇനി തലയോട്ടി വെച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ ചെയ്യണം. അതിനും ചെലവുണ്ട്. ദിവസം 100 രൂപ വരുമാനമുള്ള അമ്മയ്ക്കും പഠനം പാതിവഴിയിലായ ജിബിനും എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയിലാണ്. ഇതിനിടയില്‍ പാഠപുസ്തകങ്ങള്‍ സ്‌കൂളില്‍നിന്ന് ജിബിന് എത്തിച്ചുകൊടുത്തു. പഠിച്ച് ഫൈനല്‍ പരീക്ഷയെഴുതാനും ആഗ്രഹമുണ്ട്. അതിന് അപ്പച്ചന് ആരോഗ്യം തിരിച്ചുകിട്ടണേ എന്നാണ് ജിബിന്റെ പ്രാര്‍ത്ഥന. ഫോണ്‍: 9142836373.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക