Image

പാമോയിലില്‍ വറുത്തെടുത്ത സത്യങ്ങള്‍; രാഷ്‌ട്രിയം തിളച്ചെണ്ണയില്‍ വീണ കടുക്‌ പോലെ

ജി.കെ Published on 09 August, 2011
പാമോയിലില്‍ വറുത്തെടുത്ത സത്യങ്ങള്‍; രാഷ്‌ട്രിയം തിളച്ചെണ്ണയില്‍ വീണ കടുക്‌ പോലെ
പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്ന വിജിലന്‍സ്‌ കോടതിയുടെ ഉത്തരവ്‌ വന്നതോടെ സംസ്ഥാന രാഷ്‌ട്രിയം തിളച്ചെണ്ണയില്‍ വീണ കടുക്‌ പോലെ പൊട്ടിത്തെറിച്ചു. ആദര്‍ശധീരനായ കുഞ്ഞൂഞ്ഞ്‌ മുഖ്യമന്ത്രിക്കുപ്പായം അഴിച്ചുവെയ്‌ക്കാന്‍ ഒരുങ്ങിയെങ്കിലും മാണിസാറുടെയും കുഞ്ഞാപ്പയുടെയും നിര്‍ബന്ധത്തിന്‌ വഴങ്ങി ഒടുവില്‍ ഇഷ്‌ടമില്ലെങ്കിലും തുടരാമെന്ന്‌ സമ്മതിച്ചുവെന്ന്‌ മാധ്യമങ്ങള്‍ വാഴ്‌ത്തുകയും ആദര്‍ശധീരനെന്ന നിലയില്‍ കുഞ്ഞൂഞ്ഞിന്റെ പ്രതിച്ഛായയും ആന്റണിയ്‌ക്കൊപ്പം മാനംമുട്ടുകയും ചെയ്‌തു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂഞ്ഞ്‌ ഇതിനൊക്കെ നന്ദി പറയേണ്‌ടത്‌ പുരകത്തുമ്പോള്‍ വാഴവെട്ടാതിരുന്നു രമേശ്‌ ചെന്നിത്തലയോടോ പാലാ മെംബറോടോ ഒന്നുമല്ല. പ്രതിപക്ഷത്തെ സാക്ഷാല്‍ കോടിയേരി സഖാവിനോടാണ്‌.

വിജിലന്‍സ്‌ കോടതി ഉത്തരവ്‌ വന്ന തിങ്കളാഴ്‌ച ഉദ്വോഗത്തിന്റെയും പിരിമുറക്കത്തിന്റെയും മൂന്ന്‌ മണിക്കൂറുകള്‍ക്കുശേഷം മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ്‌ ഹാളില്‍ നിന്ന്‌ വെളുത്ത പുക ഉയര്‍ന്നപ്പോള്‍ അതിന്‌ കാരണക്കാരനായതിന്റെയൊന്നും നാട്യമില്ലാതെ കോടിയേരി ചാനലുകളില്‍ അരങ്ങു തകര്‍ക്കുകയായിരുന്നു. ഉമ്മന്‍ ചാണ്‌ടിക്ക്‌ രാജിവെയ്‌ക്കാതെ നിവൃത്തിയില്ലെന്ന്‌ ചാനല്‍ വിദഗ്‌ധരുടെ പ്രഖ്യാപനവും ഉള്‍പ്പാര്‍ട്ടി പോരില്‍ വലഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷം തന്റെ രാജിക്കായി പ്രക്ഷോഭം ആരംഭിക്കുമെന്ന ഭയവുംമൂലം വികരാപരമായി മുഖ്യമന്ത്രി തീരുമാനമെടുത്തേക്കുമെന്ന ഘട്ടത്തിലാണ്‌ കോടിയേരി ബാലകൃഷ്‌ണന്‍ രക്ഷകനായി കുഞ്ഞൂഞ്ഞിനും യുഡിഎഫിനും മുന്നില്‍ അവതരിച്ചത്‌.

കോടതിവിധിയെക്കുറിച്ച്‌ പ്രതിപക്ഷ നേതാവ്‌ മാധ്യമങ്ങളെ കാണുന്നതിന്‌ മുമ്പ്‌ തന്നെ മാധ്യമങ്ങളെ കണ്‌ട കോടിയേരി കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്‌ടി വിജിലന്‍സ്‌ വകുപ്പ്‌ ഒഴിയണമെന്ന മഹത്തായ പ്രഖ്യാപനം നടത്തിയാണ്‌ യുഡിഎഫിനെപോലും ഞെട്ടിച്ചത്‌. കോടിയേരിയുടെ പ്രഖ്യാപനത്തോടെ മലപോലെ വന്നത്‌ വെറും എലിയാണെന്ന്‌ കുഞ്ഞൂഞ്ഞും കൂട്ടരും തിരച്ചറിയുകയും രാജിവെയ്‌ക്കേണ്‌ടെന്ന്‌ തീരുമാനിക്കുകയും ചെയ്‌തു. ഉമ്മന്‍ ചാണ്‌ടിക്ക്‌ മുഖ്യമന്ത്രി സ്ഥാനം രാജിവെയ്‌ക്കാതെ വഴിയില്ലെന്ന്‌ പിന്നീട്‌ പ്രതിപക്ഷ നേതാവ്‌ മാധ്യമങ്ങളോട്‌ പറഞ്ഞെങ്കിലും അത്‌ ബഹളത്തിനിടയില്‍ മുങ്ങിപ്പോകുകയും ചെയ്‌തു.

മുമ്പ്‌ ധനവിനിയോഗ ബില്ലിന്റെ വോട്ടെടുപ്പിനിടയിലും കുഞ്ഞൂഞ്ഞിന്‌ മുന്നില്‍ കോടിയേരി ഇതുപോലെ രക്ഷകനായി അവതരിച്ചിരുന്നു. സര്‍ക്കാരിനെ വീഴ്‌ത്താന്‍ ലഭിച്ചൊരു സുവര്‍ണാവസരമായിരുന്നു അന്ന്‌ കോടിയേരിയുടെ മണ്‌ടത്തരം മൂലം എല്‍ഡിഎഫിന്‌ നഷ്‌ടമായത്‌. ധനവിനിയോഗ ബില്ലിന്‍മേല്‍ മാണി സാര്‍ ചര്‍ച്ചയെല്ലാം പൂര്‍ത്തിയാക്കി വോട്ടെടുപ്പിലേക്ക്‌ കടക്കുന്ന ഘട്ടത്തിലാണ്‌ തോമസ്‌ ഐസകിന്റെ ബദല്‍ ധവളപത്രത്തിന്‌ അവതരണാനുമതി നല്‍കണമെന്നാവശ്യപ്പെട്ട്‌ കോടിയേരി സടകുടഞ്ഞ്‌ എഴുന്നേറ്റത്‌. അതുവരെ തിരിഞ്ഞുനോക്കാതിരുന്ന മാണി സാര്‍ തിരിഞ്ഞു നോക്കിയപ്പോഴാകട്ടെ തങ്ങളുടെ കൂടെ ആവശ്യത്തിന്‌ അംഗങ്ങളില്ലെന്ന തിരിച്ചറിവില്‍ ഉടന്‍ ചാടിയെഴുന്നേറ്റ്‌ തന്റെ പ്രസംഗം നിട്ടി.

അപ്പോഴാണ്‌ അംഗബലത്തെക്കുറിച്ച്‌ പ്രതിപക്ഷത്തിനും ബോധോദയമുണ്‌ടായത്‌. ഇല്ലായിരുന്നെങ്കില്‍ ധനവിനിയോഗ ബില്ല്‌ വോട്ടിനിടുകയും സഭയില്‍ പരാജയപ്പെടുകയും ചെയ്യുമായിരുന്നു. ഉമ്മന്‍ ചാണ്‌ടി മന്ത്രിസഭ രാജിവെക്കേണ്‌ടിയും വന്നേനെ. അത്തരമൊരു സാഹചര്യത്തില്‍ സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സിപിഎമ്മിനെ ഗവര്‍ണര്‍ മന്ത്രിസഭ ഉണ്‌ടാക്കാന്‍ ക്ഷണിക്കുകയും സ്വാഭാവികമായും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.എസിനെ മുഖ്യമന്ത്രി കസേരയില്‍ വീണ്‌ടും ഇരുത്തേണ്‌ടിയും വരുമെന്ന ഭീതിയാണ്‌ കോടിയേരിയെക്കൊണ്‌ട്‌ ഈ കടുംകൈ ചെയ്യിച്ചതെന്ന്‌ ചിലര്‍ ഇപ്പോഴും അടക്കം പറയുന്നുണ്‌ട്‌.

ഇതുപോലെ എന്നും സര്‍ക്കാരിനെ രക്ഷിക്കാന്‍ താന്‍ ഉണ്‌ടായെന്ന്‌ വരില്ലെന്ന രഹസ്യമായൊരു സന്ദേശം കൂടി കോടിയേരി സഖാവ്‌ യുഡിഎഫ്‌ നേതാക്കള്‍ക്ക്‌ കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്‌ടെന്നാണ്‌ പിന്നാമ്പുറ സംസാരം. എന്തായാലും കോടിയേരിയുടെ ഈ ഇടപെടല്‍ രസിക്കാത്ത ഒരേയൊരാളെ ഉള്ളൂ ഇപ്പോള്‍ കേരള രാഷ്‌ട്രിയത്തില്‍. അത്‌ വി.എസ്‌. അച്യുതാനന്ദന്‍ അല്ല കെപിസിസി അധ്യക്ഷന്‍ സാക്ഷാല്‍ ചെന്നിത്തല മൂപ്പനാണെന്നതാണ്‌ മറ്റൊരു വിരോധാഭാസം.

തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ മുഖ്യമന്ത്രിക്കുപ്പായം തുന്നിവെച്ചതു വെറുതെയാവുമോ എന്ന്‌ തോന്നിയപ്പോള്‍ ടി.എച്ച്‌ മുസ്‌തഫയെന്ന മുന്‍ ഭക്ഷ്യമന്ത്രിയുടെ വിടുതല്‍ ഹര്‍ജിയിലൂടെ കുഞ്ഞൂഞ്ഞിനെ പാമോയിലില്‍ മുക്കിയെടുക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടതാണ്‌ ചെന്നിത്തല മൂപ്പന്‍. അന്ന്‌ ഉള്ളൊന്നു പൊള്ളിയെങ്കിലും കാര്യമായ പരിക്കുകളില്ലാതെ കുഞ്ഞൂഞ്ഞ്‌ മുഖ്യമന്ത്രക്കസേരയില്‍ കയറിയിരിക്കുന്നത്‌ ചെന്നിത്തലയ്‌ക്ക്‌ നോക്കി നില്‍ക്കേണ്‌ടി വന്നു. ഹരിപ്പാട്‌ മത്സരിച്ചത്‌ വെറുതെയായല്ലോ എന്ന്‌ നിനച്ചിരിക്കുമ്പോഴാണ്‌ വിജിലന്‍സ്‌ കോടതിയുടെ രൂപത്തില്‍ ഭാഗ്യം വീണ്‌ടും ചെന്നിത്തലയുടെ വീട്ടില്‍ മുട്ടിവിളിച്ചത്‌. അതാകട്ടെ കുഞ്ഞാപ്പയും മാണിസാറും കോടിയേരിയും ചേര്‍ന്ന്‌ ഇപ്പോള്‍ തട്ടിത്തെറിപ്പിച്ചു. മനസ്സില്ലാ മനസ്സോടെയെങ്കിലും തനിക്കും അതില്‍ ഒപ്പുവേക്കേണ്‌ടിയും വന്നു. താന്‍ ഒഴിഞ്ഞാലും ആര്യാടനെ മുഖ്യമന്ത്രിയാക്കാനാണ്‌ കുഞ്ഞൂഞ്ഞിന്റെ മനസ്സിലിരുപ്പെന്ന്‌ ഗണിച്ചറിഞ്ഞതാണ്‌ ചാണ്‌ടിയെത്തന്നെ പിന്തുണയ്‌ക്കാന്‍ ചെന്നിത്തലയെ പ്രേരിപ്പിച്ചതെന്ന്‌ ചില ദോഷൈകദൃക്കുകള്‍ പറയുന്നുമുണ്‌ട്‌.

എന്തായാലും ഇനിയൊരു മൂന്നുമാസം കൂടി കാത്തിരുന്നാല്‍ രണ്‌ടിലൊന്ന്‌ അറിയാമല്ലോ എന്നാണ്‌ ഇപ്പോഴത്തെ ആശ്വാസം. വിജിലന്‍സ്‌ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചുകഴിയുമ്പോള്‍ വരുന്ന കോടതി വിധിയിലാണ്‌ ഇനി ഏക പ്രതീക്ഷ. അതു തന്നെയാണ്‌ വലിയ ആശങ്കയും. കോടതിവിധി പ്രതികൂലമാവുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിക്കുപ്പായം അലക്കിത്തേച്ചുവെയ്‌ക്കാം. എന്നാല്‍ വിധി കുഞ്ഞൂഞ്ഞിന്‌ അനുകൂലമായാലോ കുപ്പായം എന്നെന്നേക്കുമായി പെട്ടിയില്‍ മടക്കി സൂക്ഷിക്കുകയുമാവാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക