Image

തോമച്ചായന്‍ റിലോഡഡ്- ബെര്‍ലി വര്‍ഗീസ്

ബെര്‍ലി വര്‍ഗീസ് Published on 01 September, 2012
തോമച്ചായന്‍ റിലോഡഡ്- ബെര്‍ലി വര്‍ഗീസ്
ജനിക്കുന്നു എങ്കില്‍ കോട്ടയത്ത്, ജീവിക്കുന്നു എങ്കില്‍ ആഢ്യത്വമുള്ള അച്ചായനായി- ഇതായിരുന്നു തോമാച്ചായന്റെ കിത്താബിലെ പ്രമാണങ്ങളില്‍ ഒന്ന്.

ഏവരുടേയും കിത്താബിലെ അവസാന അദ്ധ്യായത്തില്‍ കടന്നുവരാറുള്ള സാക്ഷാല്‍ കാലന്‍ , കാലമാടന്‍ അച്ചായനില്‍ കടന്നപ്പോള്‍ തോമച്ചായന്‍ മരിച്ചുപോയി എന്ന് ആളുകള്‍ കുശുകുശുക്കാന്‍ തുടങ്ങി. കാലഹരണപ്പെട്ട പുണ്യാത്മാക്കളുടെ ലിസ്റ്റില്‍ കയറിക്കൂടാന്‍ തോമാച്ചായന്റെ ആത്മാവ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല.

കാനഡയിലെ മൂത്തമോള്‍ ഡെഡിക്കേയ്റ്റ് ചെയ്ത വിലകൂടിയ ശവപ്പെട്ടിയില്‍ തനി കോട്ടയം അച്ചായനായി
തോമച്ചായന്‍ നീണ്ട് നിവര്‍ന്ന് കിടന്നപ്പോള്‍ , റീത്തുമായി കടന്നുവരുന്ന കുലംകുത്തി കൊച്ചൗസേപ്പിനെ കണ്ട് തോമച്ചായന്റെ ഭൗതികശരീരം കോള്‍മയില്‍ കൊണ്ടു. വാകത്താനത്തെ ബിവറേജിന്റെ മുന്നിലിട്ട് പച്ചത്തെറി പറഞ്ഞിട്ട് പത്തുദിവസം ആകുന്നതിനു മുമ്പേ അണ്ണന്റെ മനസ്സലിഞ്ഞല്ലോ എന്ന് ടിയാന്‍ ആശ്വസിച്ചു.

പണിക്കാരി നാണിത്തള്ള തന്റെ ശവമഞ്ചത്തിന്റെ മുന്നില്‍ വാപൊളിച്ച് നിന്നപ്പോള്‍ തോമച്ചായനതില്‍ കുറ്റബോധം ആദ്യമായി വന്നു. ജീവിച്ചിരുന്ന കാലത്ത് തനിക്ക് കുറ്റബോധത്തിന്റെ യാതൊരു ആവശ്യവുമില്ലായിരുന്നു. ബൈബിള്‍ തന്റെ കയ്യിലും ഞായറാഴ്ചകളിലെ പു
ള്‍പിറ്റുകള്‍ വായുടെ കീഴിലും ഉണ്ടായിരുന്നതിനാല്‍ പ്രാസംഗികനായ തനിക്ക് പാപബോധം വരേണ്ട ആവശ്യമില്ലായിരുന്നു. പള്ളിയെ വിശുദ്ധ തെറികള്‍ ക്ഷമാപൂര്‍വ്വം കേട്ടുകൊണ്ടിരിക്കാന്‍ യോഗ്യതയുള്ള കുടിയന്മാരും കുത്തി ചുമയ്ക്കുന്ന വലിയന്‍മാരും ഉള്ളപ്പോള്‍ പള്ളിയിലെ പരിശന്മാരെല്ലാം അഹങ്കാരത്തോടെ കുര്‍ബാനക്രമം കയ്യിലേന്തുകയും പള്ളി പ്രമാണികളെ വീട്ടില്‍ വിളിച്ചുവരുത്തി വിരുന്നൊരുക്കി കൊടുത്തശേഷം വിശുദ്ധ നുണകള്‍ പറയാനും ധൈര്യം കാണിച്ചു.

തന്റെ മുമ്പില്‍ നില്‍ക്കുന്ന നാണിത്തള്ളയുടെ ഉണങ്ങിയ രൂപം കണ്ടപ്പോള്‍ കാലനിട്ട് രണ്ട് വീക്ക് വെച്ചുകൊടുക്കാന്‍ തോമച്ചായന് തോന്നി. കാലനും വിവരമില്ലാതായിരിക്കുന്നു. അച്ചായന്‍ പിറുപിറുത്തു.
ആ തള്ളയെ ഓടിച്ച് വിട്, മന്ത്രിപുംഗവന്‍മാരും ബഹുമാനമുള്ള കൈയ്യിട്ട് വാരികളും വരാനുള്ളതല്ലേ.

തോമാച്ചായന്റെ ആത്മരോദനം ആര് കേള്‍ക്കാന്‍ ?

തന്റെ ഒരു കോടി വിലവരുന്ന വീട് പണി നടക്കുന്ന സമയത്തായിരുന്നു നാണിത്തള്ളയുടെ മകളുടെ വിവാഹം. കടമായിട്ട് അമ്പതിനായിരം ചോദിച്ചിരുന്നെങ്കിലും കിച്ചനില്‍ ഭാര്യ ശോശക്ക് ഹരിചന്ദനം കാണാന്‍ എല്‍.സി.ഡി. ടിവിക്ക് വേണ്ടി പണം മാറ്റിവെച്ചതിനാല്‍ പണമില്ല എന്ന് കള്ളം പറയേണ്ടിവന്നു.
എല്‍.സി.ഡി.ടി.വി. വാങ്ങിവെച്ച് പിറ്റെ ദിവസം ഭാര്യ ഈട്ടി തടിയില്‍ തീര്‍ത്ത കട്ടിലില്‍ ഫ്‌ളാറ്റായി. ആ കിടപ്പ് കാണാന്‍ ഫിലാഡല്‍ഫിയയില്‍ നിന്ന് റോസിമോള്‍ എത്തിയപ്പോഴ്‌യ്ക്കും എല്ലാം കഴിഞ്ഞിരുന്നു.

ആദ്യകാലത്ത് കയറികിടക്കാന്‍ ഒരു ചെറുകുടില്‍ മാത്രമാണുണ്ടായിരുന്നത്. പക്ഷെ അവസാന കാലമെത്തിയപ്പോഴേയ്ക്കും കാശ് ലാവിഷായി മക്കളില്‍ നിന്ന് കിട്ടാന്‍ തുടങ്ങിയപ്പോള്‍.

Thomachayan the Great എന്ന് ആളുകള്‍ പറയത്തക്കവണ്ണം ഒരു വന്‍മാളിക മക്കളുടെ മഹത്വത്തിനൊത്തവണ്ണം തനിക്കും ഭാര്യക്കും വേണ്ടി മാത്രം പണികഴിപ്പിച്ചു.

Alaxender the Great ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ശവപ്പെട്ടിയുടെ പുറത്തേക്കായി രണ്ടു കൈകളും മലര്‍ത്തിയതുപോലെ ചെയ്യാന്‍ തോമാച്ചായനും ആഗ്രഹിച്ചു. ഞാനും ഒന്നും കൊണ്ടുപോകുന്നില്ല എന്ന് ഉറക്കെ വിളിച്ച് പറയണമെന്നുണ്ട്. തോമച്ചായന്‍ അതിനായി ആഗ്രഹിച്ചു. കുറ്റബോധം ഇറക്കിവെക്കാന്‍ കുമ്പസാരക്കൂടുമായി കുഴിമാടത്തിലെത്താന്‍ കൊച്ചച്ചന് കൈ മടക്ക് കൊടുക്കാന്‍ ലണ്ടനിലെ ജോസ്‌മോന് മനസ്സ്‌തോന്നിക്കണെന്റെ പുണ്യാളാ.

തോമാച്ചായന്റെ വിചിന്തനങ്ങള്‍ കേവലം ഒരു പ്രാര്‍ത്ഥനയില്‍ അവസാനിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക