Image

എമര്‍ജിംഗ്‌ കേരളയോ എമര്‍ജിംഗ്‌ മാഫിയയോ? (ജോസ്‌ കാടാപുറം)

Published on 07 September, 2012
എമര്‍ജിംഗ്‌ കേരളയോ എമര്‍ജിംഗ്‌ മാഫിയയോ? (ജോസ്‌ കാടാപുറം)
പുതിയ വികസന പദ്ധതിയുമായി മുന്നോട്ടുവന്ന്‌ ഉമ്മന്‍ചാണ്ടി മന്ത്രിസഭ തുടങ്ങാന്‍ പോകുന്ന പുതിയ ആഗോള നിക്ഷേപക സംരംഭത്തിനാണ്‌ ഇപ്പോഴത്തെ സര്‍ക്കാര്‍ `എമര്‍ജിംഗ്‌ കേരള' എന്ന്‌ പേരിട്ടിരിക്കുന്നത്‌. പ്രശസ്‌ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനും പ്രകൃതിസ്‌നേഹിയുമായ ശ്രീ വി.എം. സുധീരന്റെ അഭിപ്രായത്തില്‍ ഈ എമര്‍ജിംഗ്‌ കേരളയിലൂടെ എമര്‍ജിംഗ്‌ മാഫിയരംഗത്തുവരുമെന്നാണ്‌.

ഈ ലേഖകന്‍ ഇതിനു മുമ്പ്‌ Eമലയാളിയില്‍ തന്നെ നെല്ലിയാമ്പതിയെക്കുറിച്ച്‌ എഴുതിയപ്പോള്‍ കാര്യങ്ങള്‍ ഒരു പരിധിവരെ വായനക്കാരുമായി പങ്കിട്ടതാണ്‌. എന്തുകൊണ്ടാണ്‌ സുധീരന്‍ ഇങ്ങനെ പറയാന്‍ കാരണം? ഇത്‌ പരിശോധിക്കുമ്പോള്‍ നമുക്ക്‌ 2003 ജനുവരിയില്‍ നടന്ന `ജിം' എന്ന്‌ പേരിട്ട ആഗോള നിക്ഷേപകസംഗമം ഓര്‍ക്കേണ്ടതുണ്ട്‌. അന്ന്‌ എ.കെ. ആന്റണിയായിരുന്നു മുഖ്യമന്ത്രി. അഞ്ചുവര്‍ഷംകൊണ്ട്‌ ഐ.ടി രംഗത്ത്‌ പത്തു ലക്ഷം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുമെന്ന്‌ പ്രഖ്യാപിച്ചാണ്‌ സംഗമത്തിന്‌ കേരളത്തിലെ ജനങ്ങളെ ആഹ്വാനം ചെയ്‌തത്‌. അങ്ങനെ പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ ഇതിന്റെ ഉദ്‌ഘാടന വേളയില്‍ ആശംസകള്‍ അര്‍പ്പിച്ച്‌ വേണ്ട സഹകരണം ഉറപ്പുകൊടുത്തു. 1200 കോടിയുടെ ധാരണാപത്രം ജിം സംഗമത്തില്‍ ഒപ്പുവെച്ചെന്നാണ്‌ ഗവണ്‍മെന്റ്‌ കണക്ക്‌. ഇതിലേക്കായി കേരള സര്‍ക്കാരിന്റെ ഖജനാവില്‍ നിന്ന്‌ 15 കോടി രൂപ ചെലവാക്കി.

2006-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ ജിമ്മിനെക്കുറിച്ച്‌ ഒരക്ഷരം പറയാനുണ്ടായിരുന്നില്ല. കാരണം അമ്പതിനായിരം കോടിയും 1200 കോടിയുടെ നിക്ഷേപങ്ങളും ഒന്നുമുണ്ടായില്ല. എല്ലാം തട്ടിപ്പായി അവസാനിച്ചു. ആകെ വന്നത്‌ കുറെ ജൗളിക്കടകളും റിസോട്ടുകളും. ധാരണാപത്രം ഒപ്പുവെച്ച സ്ഥാപനങ്ങളോ പദ്ധതികളോ ഏതെന്നുപോലും പിന്നീട്‌ ആരും ചര്‍ച്ച ചെയ്‌തില്ല. മാത്രമല്ല ജിമ്മിനുശേഷമുള്ള നാലു വര്‍ഷംകൊണ്ട്‌ വ്യവസായ മേഖലയിലെ നിക്ഷേപത്തില്‍ 700 കോടി രൂപയുടെ കുറവാണ്‌ ഉണ്ടായതെന്ന്‌ വ്യവസായ മന്ത്രിക്ക്‌ നിയമസഭയില്‍ സമ്മതിക്കേണ്ടി വന്നു.

ഒരുതുള്ളി വെള്ളം, ഒരില, ഇത്തിരി മണ്ണ്‌ ഇതുപോലും വിറ്റ്‌ കാശാക്കാന്‍ ശ്രമിക്കുകയോ, അല്ലെങ്കില്‍ പാട്ടത്തിനു കൊടുക്കുകയോ ഒക്കെയാണല്ലോ നമ്മുടെ പതിവ്‌. ഈ മൂന്ന്‌ കാര്യങ്ങളെ തകര്‍ക്കുന്ന ആരാച്ചാരന്മാര്‍ മന്ത്രിസഭയില്‍ തന്നെയുണ്ടല്ലോ.
പ്പോള്‍ ഈ സര്‍ക്കാരിന്‌ നിവര്‍ന്ന്‌ നില്‍ക്കാന്‍ നാടിന്റെ പ്രകൃതിവിഭവങ്ങള്‍ തന്നെ വിറ്റുതീര്‍ക്കാന്‍ സമ്മതംകൊടുക്കാന്‍ മനുഷ്യസ്‌നേഹികളായ കേരളീയര്‍ക്ക്‌ കഴിയുമോ?

ആ ഉള്‍ക്കാഴ്‌ചയോടെയാണ്‌ എമര്‍ജിംഗ്‌ കേരളയെ സാധാരണ മലയാളി നോക്കി കാണുന്നത്‌. കൂടുതല്‍ ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞ്‌ കേരളത്തിന്റെ പൊതുവായ സമവായം രൂപീകരിച്ച്‌ മുന്നോട്ടു പോകുവാന്‍ ഉമ്മന്‍ചാണ്ടി നേതൃത്വം തയറാകണം. അല്ലാതെ കേരള നിയമസഭയിലെ ഏറ്റവും കൂടുതല്‍ അംഗബലമുള്ള പ്രതിപക്ഷ കക്ഷിയിലെ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടല്ല പ്രതിപക്ഷത്തിന്റെ സഹകരണം തേടേണ്ടത്‌.

തന്നെ ഇലക്ഷനില്‍ നേരിട്ട നേതാവിനേയും, പ്രവര്‍ത്തകരേയും പിടിച്ച്‌ ജയിലിടാന്‍ പോലീസിനെ നിര്‍ബന്ധിക്കുന്ന കേരള ആഭ്യന്തരമന്ത്രി ഒരു ലോക്കല്‍ പോലീസ്‌ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ ജോലിയിലേക്ക്‌ തരംതാഴ്‌ന്നിരിക്കുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കുറിച്ച്‌ വാഷിംഗ്‌ടണ്‍ പോസ്റ്റും, ടൈമും ഒക്കെ പറഞ്ഞത്‌ കേട്ടാല്‍ സര്‍വ്വ ഇന്ത്യക്കാരന്റേയും തൊലിയുരിഞ്ഞുപോകും. ഇന്ത്യയുടെ ഏറ്റവും മോശപ്പെട്ട അഴിമതിക്കാരനായ കഴിവുകെട്ട പ്രധാനമന്ത്രിയാണ്‌ ഇന്ത്യയിലേതെന്ന്‌ അമേരിക്കയിലെ മുഖ്യധാരാ പത്രം പറയുമ്പോള്‍ അതിന്റെ ആഴം അളക്കാവുന്നുതേയുള്ളു.

എമര്‍ജിംഗ്‌ കേരളയിലൂടെ പ്രകൃതിയെ കൊള്ളയടിക്കുകയല്ലെന്നും പൊതുസ്ഥലം സ്വകാര്യ നിക്ഷേപങ്ങള്‍ക്ക്‌ തീറെഴുതിക്കൊടുക്കകയില്ലെന്നും (50000 ഏക്കര്‍ നെല്‍വയല്‍ നികത്തിയതിന്‌ ഒറ്റ ഉത്തരവിലൂടെ അധികാരം കൊടുത്ത മഹാന്‍മാരാണ്‌ എമര്‍ജിംഗ്‌ കേരളയുടെ ശില്‍പികള്‍) ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക്‌ ഉറപ്പു കൊടുക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ ജിം പോലെ മറ്റൊരു നിക്ഷേപക തട്ടിപ്പായി ഇത്‌ മാറുമെന്നും, എല്ലാം വീതിച്ച്‌ പോക്കറ്റിലാക്കുന്ന മന്ത്രിമാരെ സംശയിച്ചതില്‍ സുധീരന്മാരെ തെറ്റുപറയാന്‍ പറ്റില്ല എന്നും ഓര്‍മ്മിപ്പിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക