Image

'ഇത്രമാത്രം' തിയേറ്ററിലേക്ക്

Published on 12 September, 2012
 'ഇത്രമാത്രം' തിയേറ്ററിലേക്ക്
ശ്വേതാമേനോന്‍, ബിജുമേനോന്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിക്കുന്ന 'ഇത്രമാത്രം' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. വയനാടിന്റെ മണ്ണും പ്രകൃതിയും മനുഷ്യരുടെ സ്വഭാവസവിശേഷതകളുമെല്ലാം മനോഹരമായി ആവിഷ്‌കരിച്ച കല്പറ്റ നാരായണന്റെ നോവലാണ് അതേപേരില്‍ സിനിമയാകുന്നത്. 

പ്രമുഖ ഡോക്യുമെന്ററി സംവിധായകനും കാലിക്കറ്റ് സര്‍വകലാശാല ഫിലോസഫി വിഭാഗം പ്രൊഫസറുമായ കെ. ഗോപിനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. ഭര്‍ത്താവിനെയും ഏകമകളെയും തനിച്ചാക്കി സുമിത്ര എന്ന വീട്ടമ്മയുടെ ആകസ്മികമരണത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമയുടെ പ്രമേയം വികസിക്കുന്നത്. മരണാനന്തരം അവളെ സന്ദര്‍ശിക്കാനെത്തുന്ന ബന്ധുക്കളുടെയും പരിചയക്കാരുടെയും ഓര്‍മകളിലൂടെ സുമിത്രയുടെ വ്യക്തിത്വത്തിന്റെ നാനാവശങ്ങള്‍ പ്രേക്ഷകരിലേക്കെത്തുന്നു. 

ദൂരദര്‍ശനുവേണ്ടി ഒട്ടേറെ ഡോക്യുമെന്ററികള്‍ സംവിധാനംചെയ്തിട്ടുള്ള ഗോപിനാഥന്റെ ആദ്യസിനിമാസംരംഭമാണ് 'ഇത്രമാത്രം'. മേതില്‍ രാധാകൃഷ്ണനെക്കുറിച്ച് ഗോപിനാഥന്‍ തയ്യാറാക്കിയ 'മേതില്‍' എന്ന ഡോക്യുമെന്ററി ഏറേ ശ്രദ്ധ നേടിയിരുന്നു. ''എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന തരത്തിലൊരു നല്ല സിനിമയാകും ഇത്'' ഗോപിനാഥന്‍ പറയുന്നു.

ഒരു ഗ്രാമത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ഒതുങ്ങിക്കഴിയുന്ന സുമിത്ര എന്ന 38കാരി വീട്ടമ്മയുടെ വേഷമാണ് ശ്വേതാമേനോന്‍ ചെയ്യുന്നത്. ശ്വേതയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവാകും ഈ സിനിമയെന്ന് സംവിധായകന്‍ അവകാശപ്പെടുന്നു. ചിത്രത്തിന്റെ തിരക്കഥയും ഗോപിനാഥന്റേതുതന്നെ. 

നോവലിന്റെ അന്തസ്സത്ത പൂര്‍ണമായി ഉള്‍ക്കൊണ്ടൊരു തിരക്കഥയാണ് സിനിമയുടേതെന്ന് എഴുത്തുകാരന്‍ കല്പറ്റ നാരായണന്‍ പറയുന്നു. നോവലിനെ പൂര്‍ണമായി അടിസ്ഥാനമാക്കിയുള്ളതാണ് സിനിമയുടെ തിരക്കഥയെന്നത് ആഹ്ലാദം പകരുന്നു. വയനാട് പശ്ചാത്തലമാക്കി മലയാളത്തില്‍ അധികം സിനിമകളൊന്നുമിറങ്ങിയിട്ടില്ല. സൂക്ഷ്മമായ അര്‍ഥത്തില്‍ വയനാടിനെ കാണിച്ചുതരുന്ന ആദ്യ സിനിമ കൂടിയാകും 'ഇത്രമാത്രം' കല്പറ്റ നാരായണന്‍ വ്യക്തമാക്കി.

ട്രയാങ്കിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ തൃശ്ശൂര്‍ സ്വദേശികളായ പി.കെ. സന്തോഷ്‌കുമാറും എ.ഐ. ദേവരാജും നിര്‍മിക്കുന്ന ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ചെലവൂര്‍ വേണുവാണ്. ക്യാമറ കെ.ജി. ജയന്‍. സംഗീതം ജെയ്‌സണ്‍ ജെ. നായര്‍. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്കൊപ്പം കവി പി. കുഞ്ഞിരാമന്‍നായരുടെ ചില കവിതകളും സിനിമയില്‍ ഉപയോഗിക്കുന്നുണ്ട്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര. 

ആര്‍ട്ട് ഡയറക്ടര്‍ സാലു കെ. ജോര്‍ജ്. സിദ്ദിഖ്, നെടുമുടി വേണു, കെ.പി.എ.സി. ലളിത, വി.കെ. ശ്രീരാമന്‍, പ്രകാശ് ബാരെ, അനൂപ് ചന്ദ്രന്‍, മാളവിക, താഷി ഭരദ്വാജ്, വിനു ജോസഫ്, റോയ്‌സണ്‍ പി.എസ്., മാസ്റ്റര്‍ ആകാശ് ഭാസ്‌കര്‍, ഗൗതം എന്നിവരും അഭിനയിക്കുന്ന ചിത്രം ട്രയാങ്കിള്‍ ഫിലിംസാണ് തിയേറ്ററുകളിലെത്തിക്കുന്നത്.

 'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്   'ഇത്രമാത്രം' തിയേറ്ററിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക