Image

ധനവിനിയോഗ ബില്ല്‌: വീഡിയോപരിശോധനയില്‍ പൊളിഞ്ഞത്‌ ആരുടെ കള്ളം ?

ജി.കെ Published on 14 August, 2011
ധനവിനിയോഗ ബില്ല്‌: വീഡിയോപരിശോധനയില്‍ പൊളിഞ്ഞത്‌ ആരുടെ കള്ളം ?
ധനവിനിയോഗ ബില്ല്‌ വോട്ടെടുപ്പിന്റെ വീഡിയോ പരിശോധന ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി പറഞ്ഞത്‌ വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നെങ്കില്‍ പ്രതിപക്ഷത്തിന്‌ തലയില്‍ മുണ്‌ടിട്ട്‌ പോകേണ്‌ടി വരുമായിരുന്നു എന്നാണ്‌. എന്നാല്‍ വോട്ടെടുപ്പിന്റെ ദൃശ്യപരിശോധന പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ പ്രതിപക്ഷം മാത്രമല്ല ഭരണപക്ഷംവും തലയില്‍ മുണ്‌ടിട്ട്‌ പുറത്തു പോവേണ്‌ട അവസ്ഥയിലാണ്‌ കാര്യങ്ങളുടെ പോക്ക്‌.

വോട്ടെടുപ്പ്‌ നടക്കുമ്പോള്‍ ഭരണപക്ഷത്തു നിന്നുള്ള ഒരംഗം കള്ളവോട്ട്‌ ചെയ്‌തുവെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. വോട്ടെടുപ്പ്‌ മനപൂര്‍വം നീട്ടിയെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍ ഇതിനെ ശക്തിയുക്തം എതിര്‍ത്ത ഭരണപക്ഷം തങ്ങളുടെ കൂടെയുള്ളവരുടെ ജാഗ്രതക്കുറവ്‌ മറച്ചുവെയ്‌ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇത്രയുംകാലം.

എന്നാല്‍ ദൃശ്യങ്ങള്‍ കള്ളം പറയില്ലെന്ന സത്യം ഇവിടെയും ആവര്‍ത്തിച്ചപ്പോള്‍ വോട്ടെടുപ്പിന്റെ വീഡിയോപരിശോധന വോട്ടെടുപ്പിനെക്കാള്‍ വിലയ നാടകീയതയിലാണ്‌ കലാശിച്ചത്‌. ആദ്യം എണ്ണിയപ്പോള്‍ 68 അംഗങ്ങളെ ഭരണപക്ഷത്തുണ്‌ടായിരുന്നുള്ളൂ എന്ന പ്രസ്‌താവന കുഞ്ഞൂഞ്ഞിന്റെയും സംഘത്തിന്റെയും മുഖത്ത്‌ മ്ലാനത പരത്തിയെങ്കിലും രണ്‌ടാമതെണ്ണിയപ്പോള്‍ 69 പേരുണ്‌ടെന്ന്‌ നിയമസഭാ സെക്രട്ടറി ഉറപ്പിച്ചതോടെ അവകാശവാദങ്ങളും വെല്ലുവിളികളുമായി കുഞ്ഞൂഞ്ഞും കൂട്ടരും മാധ്യമങ്ങളില്‍ നിറഞ്ഞു.

എന്നാല്‍ ഭരണപക്ഷത്തിന്‌ അഭിമാനിക്കാന്‍ തക്ക നേട്ടമൊന്നും വീഡിയോ പരിശോധന നല്‍കുന്നില്ലെന്നതാണ്‌ യാഥാര്‍ഥ്യം. വോട്ടെടുപ്പിലേക്ക്‌ കടക്കാനൊരുങ്ങിയപ്പോള്‍ പ്രസംഗിച്ചുക്കൊണ്‌ടിരുന്ന കെ.എം. മാണിയ്‌ക്ക്‌ അടുത്തെത്തി `തുടര്‍ന്നോളു തുടര്‍ന്നോളു' എന്ന രഹസ്യമൊഴി നല്‍കിയ സി.എഫ്‌.തോമസും പ്രതിപക്ഷത്തെ `പ്രവോക്‌' ചെയ്യൂ എന്ന്‌ നിര്‍ദേശിച്ച കുഞ്ഞാലിക്കുട്ടിയും വോട്ടെടുപ്പ്‌ മനപൂര്‍വം നീട്ടിയെന്ന പ്രതിപക്ഷ ആരോപണത്തിന്‌ അടിവരയിട്ടതോടെ ഇരുപക്ഷവും ഓരോ ഗോളടിച്ച്‌ സമനിലയില്‍ പിരിഞ്ഞു എന്നു വേണമെങ്കില്‍ പറയാമെന്ന്‌ മാത്രം. കള്ളം, വോട്ടിലല്ല ചര്‍ച്ച നീട്ടിയതിലാണെന്ന്‌ വീഡിയോ പരിശോധനയില്‍ വ്യക്തമായതോടെ ഇരുപക്ഷവും ഒരുപോലെ തലയില്‍ മുണ്‌ടിടേണ്‌ട അവസ്ഥയിലുമായി.

കള്ളവോട്ടില്ലെന്ന്‌ തെളിഞ്ഞെങ്കിലും യുഡിഎഫ്‌ സര്‍ക്കാരിന്റെ ഫ്‌ളോര്‍ മാനേജ്‌മെന്റ്‌ പരിതാപപകരമാണെന്ന്‌ തെളിയിക്കുന്നതായിരുന്നു വീഡിയോ പരിശോധന. സര്‍ക്കാരിന്റെ നിലനില്‍പ്പ്‌ പോലും അപകടത്തിലായേക്കുന്ന ഒരു നിര്‍ണായക വോട്ടെടുപ്പ്‌ നടക്കുമ്പോള്‍ കെ.അച്യുതനെ എംഎല്‍എ ഹോസ്റ്റലില്‍ ഊണു കഴിക്കാനും ഉച്ച മയക്കത്തിനും പറഞ്ഞയച്ചതും വര്‍ക്കല കഹാറിനെ ഉംറയ്‌ക്കു വേണ്‌ട മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ അയച്ചതും ഹൈബി ഈഡനെ ഡല്‍ഹിക്ക്‌ യാത്രയാക്കിയതുമെല്ലാം യുഡിഎഫിന്റെയും ഒപ്പം ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിന്റെയുമെല്ലാം സഭാമാനേജ്‌മെന്റ്‌ പരാജയമാണെന്ന്‌ അടിവരയിട്ടു.

സ്‌പീക്കറുടെ നിഷ്‌പക്ഷത ചോദ്യംചെയ്യപ്പെട്ടു എന്നതും എല്ലാം സുതര്യമായിരിക്കണമെന്ന്‌ നിര്‍ബന്ധമുള്ള ഉമ്മന്‍ ചാണ്‌ടിക്ക്‌ അഭിമാനിക്കാവുന്ന കാര്യമല്ല. അതുപോലെ തന്നെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു കാര്യമാണ്‌ വീഡിയോ പ്രദര്‍ശനം പൂര്‍ത്തിയായി മൂന്ന്‌ മിനുട്ടുകള്‍ക്കകം ധനവിനിയോഗ ബില്ല്‌ വോട്ടെടുപ്പ്‌ ദിവസം സഭയില്‍ ഓരോ നിമിഷവും നടന്ന കാര്യങ്ങള്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജ്‌ മാധ്യമങ്ങള്‍ക്ക്‌ അച്ചടിച്ച്‌ നല്‍കിയെന്നത്‌.

വീഡിയോ പരിശോധന പൂര്‍ത്തിയായ ശേഷമാണ്‌ ഇത്‌ തയാറാക്കിയതെന്നും അത്രയും വേഗം ഇതൊക്കെ അച്ചടിച്ച്‌ നല്‍കാന്‍ കഴിവുള്ള ആണ്‍കുട്ടികള്‍ തന്റെ കൂടെയുണ്‌ടെന്നും ജോര്‍ജ്‌ പറയുന്നുണ്‌ടെങ്കിലും പരസ്യപ്രദര്‍ശനത്തിനു മുമ്പ്‌ തന്നെ കള്ളവോട്ട്‌ നടന്നിട്ടില്ലെന്ന്‌ ഭരണകക്ഷിയിലെ പ്രമുഖര്‍ വീഡിയോ കണ്‌ട്‌ ഉറപ്പാക്കിയെന്നും അതിനുശേഷമാണ്‌ വീഡിയോപരിശോധനയ്‌ക്ക്‌ സര്‍ക്കാര്‍ തയാറായതെന്നുമുള്ള പ്രതിപക്ഷ ആരോപണം തള്ളിക്കളയാവുന്നതല്ല.

1.30ന്‌ അവസാനിപ്പിക്കേണ്‌ട ധനവനിനിയോഗ ബില്ല്‌ വോട്ടെടുപ്പ്‌ 2.24 വരെ നീട്ടിയെടുത്തും വീഡിയോ ദൃശ്യങ്ങളുടെ അവ്യക്തതയെ കൂട്ടുപിടിച്ചും കുഞ്ഞൂഞ്ഞിനും കൂട്ടര്‍ക്കും തല്‍ക്കാലം പിടിച്ചു നില്‍ക്കാം. എങ്കിലും ഈ ദൃശ്യങ്ങളെല്ലാം വാര്‍ത്താ ചാനലുകളിലൂടെ പൊതുസമൂഹം കണ്‌ടുവെന്നതും അവരാണ്‌ യഥാര്‍ഥ വിധികര്‍ത്താക്കള്‍ എന്നതും കുഞ്ഞൂഞ്ഞും കൂട്ടരും മറക്കില്ലെന്ന്‌ ആശിക്കാം.

അതുപോലെ തന്നെ ആരോപണങ്ങള്‍ ഉന്നയിച്ചതുകൊണ്‌ട്‌ മാത്രം പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം പൂര്‍ത്തിയാവുന്നില്ലെന്ന്‌ എല്‍ഡിഎഫ്‌ ഇനിയെങ്കിലും തിരിച്ചറിയുമെന്നും. കാരണം ആരോപണം ഉന്നയിച്ച്‌ ഒളിച്ചോടുകയല്ല അത്‌ വാദിച്ച്‌ തെളിയിക്കുകയായിരുന്നു പ്രതിപക്ഷം ചെയ്യേണ്‌ടിയിരുന്നത്‌. അതിന്‌ തയാറാവാതിരുന്ന പ്രതിപക്ഷം ഇതുസംബന്ധിച്ച്‌ ഇനി ഉയര്‍ത്തുന്ന ആരോപണങ്ങളെ ജനങ്ങള്‍ എങ്ങനെ മുഖവിലയ്‌ക്കെടുക്കുമെന്ന ചോദ്യവും ബാക്കിയാവുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക