Image

യു.പി.എ സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ധിക്കുന്നതായി സര്‍വ്വെ ഫലം

Published on 14 August, 2011
യു.പി.എ സര്‍ക്കാരിന്റെ ജനപിന്തുണ വര്‍ധിക്കുന്നതായി സര്‍വ്വെ ഫലം
കോണ്‍ഗ്രസ്‌ നയിക്കുന്ന യുപിഎയുടെ ജനപിന്തുണ കുറച്ചിട്ടില്ലെന്നു സര്‍വേ ഫലം. രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ യുപിഎയുടെ പിന്തുണ ചെറിയ തോതില്‍ കൂടിയിട്ടുണ്ട്‌.

സിഎന്‍എന്‍ ഐബിഎന്‍ ഹിന്ദു ദേശീയ അഭിപ്രായ സര്‍വേയിലെ നിഗമനമാണിത്‌. സര്‍വേ അനുസരിച്ച്‌ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു നടന്നാല്‍ യുപിഎയ്‌ക്ക്‌ 38 ശതമാനം വോട്ടു കിട്ടും. 2009ല്‍ കിട്ടിയത്‌ 36.4 ശതമാനമാണ്‌. മുഖ്യ എതിരാളികളായ എന്‍ഡിഎയ്‌ക്കു 26 ശതമാനമേ കിട്ടൂ. കഴിഞ്ഞ തവണ അവര്‍ക്ക്‌ 24.1 ശതമാനം. മറ്റുള്ളവരുടെ പിന്തുണ 39.5 ശതമാനത്തില്‍നിന്നു 36 ആയി കുറഞ്ഞു. സീറ്റുകള്‍ സംബന്ധിച്ച വിലയിരുത്തലില്‍ യുപിഎയ്‌ക്കു 260 മുതല്‍ 280 വരെയാണു പ്രവചനം. 2009ല്‍ കിട്ടിയത്‌ 262. ബിജെപി നയിക്കുന്ന എന്‍ഡിഎയ്‌ക്ക്‌ 140 മുതല്‍ 160 വരെ കിട്ടാം. ഇപ്പോള്‍ 159. മറ്റുള്ളവര്‍ക്ക്‌ 113 മുതല്‍ 133 വരെ. ഇപ്പോഴുള്ളത്‌ 122.

ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ്‌ ഡവലപ്പിംഗ്‌ സൊസൈറ്റീസ്‌ (സിഎസ്‌ഡിഎസ്‌) ആണു സര്‍വേ വിശകലനം ചെയ്‌തത്‌. സീറ്റ്‌ നിര്‍ണയം ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ രാജീവ കരന്ദ്രിക്കര്‍ നടത്തി.

ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കു വോട്ട്‌ ചെയ്യുമെന്ന ചോദ്യത്തിനു കോണ്‍ഗ്രസിനാണു മുന്‍തൂക്കം. എന്നാല്‍, നിയമസഭയിലേക്കുള്ള ജനപിന്തുണയില്‍ സമാജ്‌വാദി പാര്‍ട്ടി മുന്നില്‍ നില്‍ക്കുന്നു. അവര്‍ക്ക്‌ 25 ശതമാനം പിന്തുണയുണ്ട്‌. കോണ്‍ഗ്രസിന്‌ 2007ല്‍ വെറും ഒന്‍പതു ശതമാനമായിരുന്ന പിന്തുണ ഇപ്പോള്‍ 20 ശതമാനമായി. ബിഎസ്‌പി പിന്തുണ 30ല്‍നിന്നു 23 ശതമാനവും ബിജെപിയുടേത്‌ 17ല്‍നിന്നു 13 ശതമാനവുമായി താണു.
കോണ്‍ഗ്രസിന്‌ ആന്ധ്രപ്രദേശില്‍ ക്ഷീണമാണ്‌. തെലുങ്കാ നയില്‍ തെലുങ്കാനയ്‌ക്കുവേണ്ടി നില്‍ക്കുന്ന ടിആര്‍എസും ആന്ധ്രാ മേഖലയില്‍ ജഗന്‍മോഹന്റെ വൈഎസ്‌ആര്‍ കോണ്‍ഗ്രസുമാണു മുന്നില്‍. രണ്ടിടത്തും കോണ്‍ഗ്രസ്‌ രണ്ടാമതാണ്‌. ടിഡിപി മൂന്നാമതും.

ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, മഹാരാഷ്ട്ര, മധ്യപ്രദേശ്‌, കര്‍ണാടകം, ഡല്‍ഹി, ഒറീസ, കേരളം, ആസാം, ബംഗാള്‍ എന്നിവിടങ്ങളില്‍ ലോക്‌സഭാ വോട്ടിംഗ്‌ നടന്നാല്‍ കോണ്‍ഗ്രസ്‌ സഖ്യത്തിനാണു ഭൂരിപക്ഷം കിട്ടുക. ഗുജറാത്ത്‌, ഹരിയാന, രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്‌, ബിഹാര്‍ എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നില്‍. തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെ മുന്നിലാണ്‌. കോണ്‍ഗ്രസിന്റെ നില ഡിഎംകെയുടേതിലും മെച്ചം. ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പം.

ചെറുപ്പക്കാരുടെയും ഗ്രാമീണരുടെയും ഇടയില്‍ യുപിഎ പിന്തുണ ഗണ്യമായി വര്‍ധിച്ചു. ഉയര്‍ന്ന ജാതിക്കാരും മുസ്‌ലിംകളും യുപിഎയുടെ കൂടെയാണ്‌. എന്‍ഡിഎ നഗര മേഖലകളിലാണു മെച്ചപ്പെട്ടത്‌. ഇടതുപക്ഷത്തിനു ദരിദ്ര വിഭാഗങ്ങളിലെ പിന്തുണ 2009 ലുണ്ടായിരുന്നതിന്റെ പകുതിയായി. ഇടക്കാല സര്‍വേകളില്‍ ഭരണകക്ഷി (യുപിഎ) ക്കനുകൂലമായ നിഗമനങ്ങള്‍ ഉണ്ടാകുക പതിവാണെന്നും അതിനാല്‍ ആ പക്ഷപാതം തട്ടിക്കിഴിച്ചാണു തങ്ങള്‍ നിഗമനത്തിലെത്തിയതെന്നും സിഎസ്‌ഡിഎസിന്റെ തലവന്‍ യോഗേന്ദ്രയാദവ്‌ പറഞ്ഞു.

രാജ്യത്തു 19 സംസ്ഥാനങ്ങളില്‍ മാതൃകാ തെരഞ്ഞെടുപ്പ്‌ നടത്തിയായിരുന്നു സിഎന്‍എന്‍ഐബിഎന്‍ സര്‍വേ. അതേസമയം, ഇന്ത്യാ ടുഡേ നടത്തിയ മൂഡ്‌ ഓഫ്‌ ദ നേഷന്‍ സര്‍വേയില്‍ യുപിഎയ്‌ക്ക്‌ 29 ശതമാനം, എന്‍ഡിഎയ്‌ക്ക്‌ 27 ശതമാനം, മറ്റുള്ളവര്‍ക്ക്‌ 44 ശതമാനം എന്ന തോതിലാണു പിന്തുണ. യുപിഎയ്‌ക്ക്‌ 6.7 ശതമാനം പിന്തുണ കുറഞ്ഞു. യുപിയില്‍ ബിജെപി പിന്തുണ 34 ശതമാനമായി കുതിച്ചെന്നും ബിഎസ്‌പിക്ക്‌ 26 ഉം കോണ്‍ഗ്രസിനു 20ഉം ശതമാനം പിന്തുണ അവിടെയുണ്ടെന്നും ഈ സര്‍വേ പറയുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക