Image

അന്നാ ഹസാരെ മറ്റൊരു ഗാന്ധിജി

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2011
അന്നാ ഹസാരെ മറ്റൊരു ഗാന്ധിജി
അഴിമതിക്കെതിരേ സന്ധിയില്ലാത്ത സമരം നടത്തുന്ന, ശക്തമായ ലോക്‌പാല്‍ ബില്ലിനുവേണ്ടി മരണം വരെ നിരാഹാര സത്യാഗ്രഹം അനുഷ്‌ഠിക്കുവാന്‍ മുന്നോട്ടിറങ്ങിയ അണ്ണാ ഹസ്സാരെയുടെ പിന്നില്‍ പ്രവാസി മലയാളികള്‍ ഒന്നടങ്കം അണിചേരണമെന്ന്‌ മുന്‍ ഫോമാ സെക്രട്ടറി അനിയന്‍ ജോര്‍ജ്‌ അഹ്വാനം ചെയ്‌തു.

എല്ലാ രംഗങ്ങളിലും ഇന്ത്യന്‍ മഹാരാജ്യത്തിന്റെ അസൂയാപൂര്‍വ്വമായ വളര്‍ച്ച, ലോക രാഷ്‌ട്രങ്ങളുടെ ഇടയില്‍ തലയെടുപ്പോടെ ഒന്നാംസ്ഥാനത്തേക്ക്‌ നടന്നടുക്കുമ്പോള്‍ `അഴിമതി' എന്ന മഹാരോഗം ബാധിച്ച്‌ ഇന്ത്യയെ പിന്നോട്ട്‌ നയിക്കുകയാണ്‌ ഭരണാധികാരികളും ഉദ്യോഗസ്ഥ പ്രമാണികളും. അഴിമതിക്കെതിരേ ശക്തമായ പൊതു ജനവികാരം അലയടിക്കുകയാണ്‌ ഇന്ത്യയിലുടനീളം. ആദര്‍ശ്‌ ഫ്‌ളാറ്റ്‌ വിവാദം, 2 ജി സ്‌പെക്‌ട്രം കുംഭകോണം, കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതി തുടങ്ങിയ ആരോപണങ്ങളില്‍ ഉയര്‍ന്നുവന്നത്‌ ലക്ഷക്കണക്കിന്‌ കോടിയുടെ അഴിമതിയാണ്‌.

മഹാത്മാഗാന്ധി എന്ന മെലിഞ്ഞ മനുഷ്യന്റെ പിന്നില്‍ അണിനിരന്ന്‌, അടിമച്ചങ്ങല പൊട്ടിച്ചെറിഞ്ഞ ഇന്ത്യന്‍ ജനത അണ്ണാ ഹസ്സാരെ എന്ന ഗാന്ധി ശിഷ്യന്‌ പിന്നില്‍ അഴിമതിയില്‍ നിന്നും സ്വാതന്ത്ര്യം നേടിയെടുക്കാന്‍ അണിചേരുകയാണ്‌. ഇന്ത്യയുടെ അറുപത്തിയഞ്ചാമത്‌ സ്വാതന്ത്ര്യദിനം ആഘോഷിച്ച ഓരോ ഇന്ത്യക്കാരനും, പ്രവാസി ഇന്ത്യാക്കാരനും, ശക്തമായ ഒരു ലോക്‌പാല്‍ ബില്ലിലൂടെ അഴിമതിയെ കുഴിച്ചുമൂടാന്‍ നടത്തുന്ന സമരത്തില്‍ അണിചേരണമെന്ന്‌ അനിയന്‍ ജോര്‍ജ്‌ അഭ്യര്‍ത്ഥിച്ചു.
അന്നാ ഹസാരെ മറ്റൊരു ഗാന്ധിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക