Image

തിലകന്‍; പൗരുഷം നിറഞ്ഞ ആണ്‍വേഷം

Published on 24 September, 2012
തിലകന്‍; പൗരുഷം നിറഞ്ഞ ആണ്‍വേഷം
സിനിമയിലും ജീവിതത്തിലും പൗരുഷം നിറഞ്ഞ ആണ്‍ വേഷങ്ങള്‍ ആടിത്തീര്‍ത്ത ഒരു തന്റേടി കൂടി വിടവാങ്ങിയിരിക്കുന്നു. തെറ്റുകള്‍ക്കെതിരെ സന്ധിയില്ലാതെ കലഹിച്ച പോരാളിയുടെ ജീവിതം കൂടിയാണ് ഇവിടെ അവസാനിച്ചത്. അനശ്വരമായ അഭിനയ മൂഹര്‍ത്തങ്ങളിലൂടെ തിലകന്‍ ഇനിയും ജീവിക്കും എന്നത് യാഥാര്‍ഥ്യമാണെങ്കിലും ഔപചാരികമായ വാക് പ്രയോഗമാണ്. എന്നാല്‍ തിലകന്‍ ഇനി ജീവിക്കുക തന്നെ ചെയ്യും. ബാക്കി വെച്ച കഥാപാത്രങ്ങളിലൂടെയും ജീവിച്ചു കാട്ടിയ ജീവിതത്തിലൂടെയും തിലകന്‍ വരും തലമുറയുടെ പാഠപുസ്തകമായി ജീവിക്കുക തന്നെ ചെയ്യും.

മുന്നാംപക്കത്തിലെ മുത്തശ്ചനെയാണ് ഓര്‍മ്മവരുന്നത്. പത്മരാജന്റെ തുലികയില്‍ പിറന്ന തിലകന്‍ അനശ്വരമാക്കിയ മുത്തശ്ചന്‍. നെഞ്ചിലേക്ക് കയറ്റിയുടത്ത ഒറ്റമുണ്ടും ഊന്നുവടിയുമായി തമാശകള്‍ പറഞ്ഞു നടന്ന മുത്തശ്ചന്‍. പിന്നെ കടല്‍  കൊച്ചുമകനെ കൊണ്ടുപോയപ്പോള്‍ തിരമാലകളേക്കാള്‍ തീവ്രമായി കരഞ്ഞ മുത്തശ്ചന്‍. തിലകനെ അടയാളപ്പെടുത്തിയത് ഇത്തരം കഥാപാത്രങ്ങളാണ്.

എന്നെന്നും ഓര്‍മ്മയില്‍ നില്‍ക്കുന്ന പെരുന്തച്ചന്‍, അതിക്രൂരനായ ആന്റണി പൈലോക്കാരന്‍ (നമുക്ക് പാര്‍ക്കാന്‍ മുന്തിരിതോപ്പുകള്‍), സേതുമാധവന്റെ അച്ഛന്‍ അച്യുതന്‍ നായര്‍ (കിരീടം) സന്ദേശത്തിലെ രാഘവന്‍ നായര്‍, ചിരിപ്പിക്കുന്ന പിടിവാശികളുമായി നന്ദിനിയോട് കലഹിച്ച ജസ്റ്റിസ് പിള്ള (കിലുക്കം) അനുജന്‍മാര്‍ക്ക് വേണ്ടി ആരെയും വെല്ലുവിളിക്കുന്ന തന്റേടിയായ ബലരാമന്‍ (ഗോഡ്ഫാദര്‍), ഭൂമിയുടെ സ്പന്ദനം കണക്കിലാണെന്ന് വിശ്വസിച്ച ചാക്കോമാഷ് (സ്ഫടികം) മാഫിയ ലോകത്തെ കൈവെള്ളയില്‍ കറക്കുന്ന ഗോവിന്ദ്ജി (രണ്ടാംഭാവം), തന്ത്രങ്ങളുമായി അമ്പരപ്പിക്കുകയും സങ്കടങ്ങളുമായി കരയിക്കുകയും ചെയ്ത അച്യുതമേനോന്‍( ഇന്ത്യന്‍ റുപ്പി), ഒരോ സുലൈമാനിയിലും ഒരു മൊഹബത്തുണ്ടെന്ന് പറഞ്ഞ കരീമിക്ക (ഉസ്താദ് ഹോട്ടല്‍).... വ്യത്യസ്തകളുടെ ഭാവപകര്‍ച്ചകള്‍ എത്രത്തോളമാണ് തിലകനെന്ന നടനില്‍ നിന്നും മലയാളത്തിന് ലഭിച്ചത്. സിനിമക്കും തീയേറ്ററിനും അപ്പുറം പ്രേക്ഷക ഹൃദയത്തില്‍ ചിരിയുടെയും, പകയുടെയും, നൊമ്പരത്തിന്റെയും വേലിയേറ്റങ്ങള്‍ സൃഷ്ടിച്ച കഥാപാത്രങ്ങള്‍. ഒരോ തവണയും സമാനതകളില്ലാത്ത അഭിനയ ശേഷി കൊണ്ട് തിലകന്‍ സമകാലികരെയെല്ലാം അമ്പരപ്പിച്ചു.

ഇന്ത്യന്‍ റുപ്പിയിലെ അച്യുതമേനോനെ അവതരിപ്പിക്കാന്‍ ഇവിടെ വേറെയാരുണ്ടെന്ന് ചോദിക്കാനുള്ള തന്റേടം തിലകന്‍ നേടിയത് താന്‍ ചെയ്തു വെച്ച കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയില്‍ നിന്നു തന്നെയായിരുന്നു. ആ പൂര്‍ണ്ണത അവകാശപ്പെടാവുന്ന നടന്‍മാര്‍ ഇന്ത്യന്‍ സിനിമയില്‍ തന്നെ ചുരുക്കവുമായിരുന്നു. കീരിടത്തിലെ സേതുമാധവന്റെ അച്ഛന്‍ തന്നെയാവും ഒരു കാലഘട്ടത്തിന്റെ മലയാളി പ്രേക്ഷകരെയാകെ പിടിച്ചു കുലുക്കിയ തിലകന്റെ കഥാപാത്രം.  അതുപോലെ തന്നെ സ്ഫടികത്തിലെ ചാക്കോമാഷും. മോഹന്‍ലാല്‍ - തിലകന്‍ കൂട്ടുകെട്ടെന്ന രസതന്ത്രം രൂപപ്പെടുത്തിയ ചിത്രങ്ങള്‍ തന്നെയായിരുന്നു കിരിടവും, സ്ഫടികവും. മലയാളി മറക്കാത്ത അഭിനയ മുഹൂര്‍ത്തങ്ങള്‍. പെരുന്തച്ചനും, കാട്ടുകുതിരയും തിലകനിലെ നടനെ നിരൂപകരുടെ അത്ഭുതമാക്കിയപ്പോള്‍, കിലുക്കവും, സ്ഫടികവും തിലകനെ സാധാരണക്കാരുടെ നടനവിസ്മയമാക്കുകയായിരുന്നു.

കിരീടത്തിന്റെ ക്ലൈമാക്‌സ് രംഗത്ത് കത്തിയുമായി ഉന്മാദിയായി നില്‍ക്കുന്ന മകനെ നോക്കി നിലകന്‍ പറയുന്ന ഡയലോഗ് എന്നും പ്രശസ്തമാണ്.  സമാനതകളില്ലാത്ത പുത്രസ്‌നേഹം തുളുമ്പിയ രംഗങ്ങള്‍. ലോഹിതദാസിന്റെ എഴുത്തുകാരന്‍ അക്ഷരങ്ങളിലൂടെ പരുവപ്പെടുത്തിയ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണതയെ അഭിനയത്തികവ് കൊണ്ട് അനശ്വരമാക്കുകയായിരുന്നു തിലകന്‍. ഒരു നോട്ടം കൊണ്ട്, ചലനം കൊണ്ട് അഭിനയം സാധ്യമാക്കിയ പ്രതിഭ. അതു തന്നെയാണ് തിലകന്റെ ജീവിതം. തിലകന്‍ വിടവാങ്ങിയിരിക്കുമ്പോള്‍ നാടകവേദിയില്‍ നിന്നും അഭിനയത്തിന്റെ കൈയ്യൊതുക്കം വശമാക്കി സിനിമയിലെത്തിയ കലാകാരന്‍മാരില്‍ നിന്നും ഒരാള്‍ കൂടിയാണ് കടന്നു പോയിരിക്കുന്നത്.

റോളുകള്‍ കാറ്റഗറി തിരിച്ച് പുരസ്‌കാരം നല്‍കുന്ന രീതിയിലുള്ള ഇന്ത്യന്‍ സിനിമയില്‍ മികച്ച രണ്ടാമത്തെ നടനായിട്ടാണ് മികപ്പോഴും അദ്ദേഹം പരിഗണിക്കപ്പെട്ടത്. ആറു തവണയാണ് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയത്. എന്നാല്‍ മികച്ച രണ്ടാമത്തെ നടന്‍ എന്നൊന്നില്ല മികച്ച നടന്‍മാത്രമേയുള്ളു എന്ന തിലകന് പറയാന്‍ സാധിച്ചത്  സിനിമയിലെ കഥാപാത്രത്തിന്റെ വലുപ്പമല്ല അഭിനയത്തിന്റെ അളവുകോല്‍ എന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെയായിരുന്നു. ആ ബോധ്യമുണ്ടായിരുന്ന ചുരുക്കം ചില നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. അപ്രീയ സത്യങ്ങള്‍ എന്നുമിങ്ങനെ തുറന്നു പറഞ്ഞതുകൊണ്ടായിരിക്കണം നിഷേധി എന്ന ലേബല്‍ പലരും ചേര്‍ന്ന് അദ്ദേഹത്തിന് ചാര്‍ത്തികൊടുത്തത്.

അട്ടിന്‍തോലിട്ട ചെന്നായ എന്ന വാക്പ്രയോഗം എല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ തിലകന്‍ വിവാദങ്ങളില്‍ മുങ്ങി നിന്ന കാലത്ത് പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാട് തിലകനെ വിശേഷിപ്പിച്ചത് 'ചെന്നായ് തൊലിട്ട ആട്ടിന്‍കുട്ടി' എന്നാണ്. പുറമെ കാണുന്ന കാര്‍ക്കശ്യത്തിനും അപ്പുറം സ്‌നേഹനിധിയാണ് തിലകന്‍ ചേട്ടന്‍ എന്നായിരുന്നു സത്യന്‍ അന്തിക്കാട് പറഞ്ഞത്. കാര്‍ക്കശ്യം അദ്ദേഹത്തിന്റെ ബാഹ്യ ആവരണം മാത്രമായിരുന്നിരിക്കണം. സത്യന്‍ അന്തിക്കാടിനെ പോലെ രഞ്ജിത്തിനെ പോലെ, ജഗതിയെ പോലെ ചുരുക്കം ചിലര്‍ മാത്രമേ അത് തിരിച്ചറിഞ്ഞിരുന്നുള്ളു എന്നു മാത്രം.

തിലകന്‍ വിടവാങ്ങിയപ്പോള്‍ ചാനല്‍ മൈക്കുകള്‍ക്ക് മുമ്പില്‍ രഞ്ജിത്തിന്‍ വേറിട്ട വാക്കുകള്‍ മാത്രമാണ് ശ്രദ്ധേയമായി തോന്നിയത്. രഞ്ജിത്ത് പറഞ്ഞത് എത്രയോ വലിയ ശരിയാണ്...യഥാര്‍ഥത്തില്‍ മരണാനന്തരം മഹത്വം പറയുന്ന കള്ളത്തരങ്ങള്‍ക്ക് വിധേയനാകുകയാണ് തിലകന്‍ എന്ന മഹാനടനും. മനസില്‍ വിദ്വേഷം സൂക്ഷിക്കുന്ന സിനിമക്കാര്‍ക്കുള്ള താക്കീതാണ് തിലകന്റെ മരണമെന്നും കൂട്ടിച്ചേര്‍ക്കുമ്പോള്‍ സിനിമക്കാര്‍ക്ക് മാത്രമല്ല മനസില്‍ വിദ്വേഷവും പകയും സൂക്ഷിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയുള്ള താക്കീത് തന്നെയാണ് തിലകന്റെ വിടവങ്ങാല്‍ എന്ന് വായിക്കേണ്ടിയിരിക്കുന്നു.

അതെ, ആരുടെ മുമ്പിലും തലകുനിക്കാന്‍ കൂട്ടാക്കാത്ത തന്റേടിയുടെ, ആണത്തത്തിന്റെ പോയകാലത്തെ  ഒരു വന്‍ വൃക്ഷം തന്നെയായിരുന്നു തിലകന്‍. നെഞ്ചു വിരിച്ചു നില്‍ക്കാന്‍ ഇഷ്ടപ്പെട്ടതുകൊണ്ടാവണം തിലകനെ മാറ്റിനിര്‍ത്താനും കൂട്ടത്തില്‍ നിന്നും പായിക്കാനും എത്രയോ തവണ മലയാളത്തിലെ സിനിമക്കാര്‍ തന്നെ ശ്രമിച്ചു. കലാലോകമെന്നാല്‍ സിനിമയെന്നു മാത്രമായി ചുരുങ്ങിയിരിക്കുന്ന നവമാധ്യമ ലോകത്ത് തിലകനെന്ന അഭിനേതാവിനെ, കലാകാരനെ വിലക്കിയ അമ്മയുടെയും ഫെഫ്കയുടെയുമൊക്കെ കാര്യങ്ങള്‍ ചലച്ചിത്ര ലോക വിശേഷങ്ങളും വിഭാഗീയ വാര്‍ത്തകളും ഗോസിപ്പുകളും മാത്രമായി ഒതുങ്ങി. പക്ഷെ ആലോചിച്ചു നോക്കു നീതി നിഷേധിക്കപ്പെട്ട കലാകാരന്റെ രാഷ്ട്രീയ പോരാട്ടമായിരുന്നു തിലകന്റേത്. അതിനെ അങ്ങനെയൊരു വിശാലമായ അര്‍ഥത്തില്‍ നോക്കിക്കണ്ടവര്‍ ചുരുക്കമായിരുന്നു. ഈ നീതിനിഷേധത്തെ മനസിലാക്കാന്‍ സുകുമാര്‍ അഴിക്കോടിന് മനസിലായതുകൊണ്ടാവണം തിലകനു വേണ്ടി അദ്ദേഹം രംഗത്തെത്തിയതും.
സൂപ്പര്‍താരങ്ങളെ വിമര്‍ശിച്ചുകൊണ്ട് തിലകന്‍ പരസ്യമായി രംഗത്ത് വന്നപ്പോഴാണ് തിലകനും മലയാള സിനിമയിലെ കോക്കസുകളും തമ്മിലുള്ള യുദ്ധം മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇന്ത്യന്‍ സിനിമയിലെ അതുല്യ പ്രതിഭയെ അമ്മ എന്ന ചലച്ചിത്ര സംഘടന മലയാള സിനിമയില്‍ നിന്ന് വിലക്കിയതിന് കാരണം മറ്റൊന്നുമായിരുന്നില്ല. കഴിവുകെട്ടവര്‍ക്ക് തങ്ങളുടെ കഴിവ് കേട് മറക്കാനുള്ള ഇരയാവുകയായിരുന്നു തിലകന്‍. 2010ല്‍ ഫെഫ്ക തിലകനെ ഔദ്യോഗികമായി വിലക്കി. അതിനു മുമ്പു തന്നെ താരസംഘടനയായ അമ്മ തിലകനെ ഒഴിവാക്കിയിരുന്നു. പക്ഷെ ഒഴിവാക്കിയവരുടെ പക അവിടെ തീരുന്നതായിരുന്നില്ല. മലയാള സിനിമയില്‍ നിന്നും തിലകനെ ഒഴിവാക്കിയപ്പോള്‍ അദ്ദേഹത്തെ തേടി വന്നത് ഡാം 999ല്‍ എന്ന വിദേശ നിര്‍മ്മാണ സംരംഭമായിരുന്നു. എന്നാല്‍ കേരളത്തില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ തിലകനെ അഭിനയിപ്പിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് അമ്മയുടെയും ഫെഫ്കയുടെയും കോക്കസുകള്‍ ഏറെ കുതന്ത്രങ്ങള്‍ പയറ്റിയത് ചലച്ചിത്ര ലോകത്തിന് തന്നെ നാണക്കേടായി. ഡാം 999ലെ കഥാപാത്രം തിലകന് നഷ്ടപ്പെട്ടപ്പോഴും സിനിമക്കുള്ളിലെ കോക്കസുകളോട് ഒത്തുതീര്‍പ്പിലെത്താന്‍ തിലകന്‍ തയാറായില്ല. അവസാനം അവര്‍ക്ക് തന്നെ തിലകന്റെ വിലക്ക് നീക്കേണ്ടിയും.

രഞ്ജിത്തിന്റെ ഇന്ത്യന്‍ റുപ്പിയിലൂടെ അതിശക്തമായി തിലകന്‍ തിരിച്ചു വന്ന കാഴ്ചയാണ് പിന്നീട് ചലച്ചിത്ര ലോകം കണ്ടത്. ഉസ്താദ് ഹോട്ടലിലെ കരീമിക്ക എന്ന വിസ്മയ പ്രകടനം തിലകന്‍ കാഴ്ചവെച്ചത് മാസങ്ങള്‍ക്ക് മുമ്പായിരുന്നു.

ഒരു കലാപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നത് കലയുടെ സൗന്ദര്യശാസ്ത്രം കൊണ്ട് മാത്രമല്ല അതിലെ രാഷ്ട്രീയം കൊണ്ടു കൂടിയാണെന്ന് പറഞ്ഞത് പ്രശസ്ത ജമൈക്കന്‍ ഗായകന്‍ ബോബ് മാര്‍ലിയാണ്.  ജനകീയ രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളുടെ അതീജിവനത്തിന് വേണ്ടി ശബ്ദിക്കുമ്പോഴാണ് ഒരു കലാപ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നത് എന്നത് തികഞ്ഞ യാഥാര്‍ഥ്യമാണ്. അങ്ങനെയെങ്കില്‍ തിലകന്റെ കലാജീവിതം പൂര്‍ണ്ണമായിരുന്നു എന്ന് കരുതണം. ബാക്കി വെച്ച കഥാപാത്രങ്ങളിലെല്ലാം തിലകന്‍ അസാധാരണമായ സൗന്ദര്യം നിറച്ചിരിക്കുന്നു. ഒപ്പം ജീവിതം തന്നെ അതീജീവിനത്തിനായുള്ള പോരാട്ടവുമാക്കി. ആ കലാജീവിതത്തിന് തിരശീല വീണിരിക്കുമ്പോഴെങ്കിലും തിലകനെന്ന കലാകാരനെ കരുവാക്കി സിനിമയെ പരിഹസിച്ചവര്‍ ലജ്ജിക്കാന്‍ തയാറാവട്ടെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക