Image

കള്ള്‌ (മീട്ടു റഹ്മത്ത്‌ കലാം)

Published on 30 September, 2012
കള്ള്‌ (മീട്ടു റഹ്മത്ത്‌ കലാം)
മദ്യാസക്തിയെ പ്രശസ്‌ത ബ്രിട്ടീഷ്‌ ചിന്തകന്‍ ബെര്‍ട്രണ്ട്‌ റൂസ്സല്‍ വിവരിച്ചത്‌ പടിപടിയായ സ്വയം ഇല്ലാതാകല്‍ എന്നാണ്‌.  അദ്ദേഹത്തിന്റെ വാക്കുകള്‍ അന്വര്‍ത്ഥമാക്കും വിധമാണ്‌ പ്രതിവര്‍ഷം ഇരുപതു ലക്ഷത്തോളം പേരുടെ ജീവന്‍ മദ്യപാന സംബന്ധിയായ പ്രശ്‌നങ്ങള്‍ മൂലം പൊലിയുന്നത്‌. റോഡപകടങ്ങളുടെയും വിവാഹമോചനങ്ങളുടെയും പീഡനങ്ങള്‍ മുതല്‍ കൊലപാതങ്ങള്‍ വരെയുള്ള കുറ്റകൃത്യങ്ങളുടെയും നിരക്കിലെ ഉയര്‍ച്ചയുടെ നല്ല പങ്ക്‌ ഈ വിപത്തിന്റെ സംഭാവനയാണ്‌.  ഏതര്‍ത്ഥത്തില്‍ നോക്കിയാലും സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന അര്‍ബുദമാണ്‌ മദ്യം.

അര്‍ബുദം ബാധിച്ച ഭാഗം മുറിച്ചോ കരിച്ചോ കളയുന്ന ചികിത്സാരീതി തന്നെയാണ്‌ ഇവിടെയും അഭികാമ്യം. മദ്യം വിഷമാണെന്ന്‌ ഗാന്ധിജിയുടെ കാലം മുതല്‍ കേട്ടും ആരോഗ്യത്തിന്‌ ഹാനികരമാണെന്ന്‌ അറിഞ്ഞും പ്രയോജനമില്ലാത്ത സ്ഥിതിയ്‌ക്ക്‌ വീണ്ടും വളരാന്‍ അനുവദിക്കാത്ത തരത്തിലുള്ള നിരോധനമാണ്‌ അനിവാര്യം.  തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ശുചിത്വം അങ്ങേയറ്റം പാലിക്കുകയും ചെയ്യുന്ന സംസ്‌കാരമുള്ള മലയാളികള്‍ ദോഷകരമാണെന്ന്‌ ബോധ്യമുണ്ടായിട്ടും സമ്പാദ്യത്തിന്‍റെ ഒരു പങ്ക്‌ ഈ വിഷം വാങ്ങാന്‍ വിനിയോഗിക്കുന്നത്‌ വിഷമകരമാണ്‌. ഷവര്‍മ്മ കഴിച്ചു ഒരാള്‍ മരിച്ചതിനെത്തുടര്‍ന്ന്‌ ഹോട്ടല്‍ റെയ്‌ഡുകളും നിരോധനവും മറ്റും നമ്മള്‍ കണ്ടതാണ്‌. ഇത്തരം സമീപനം സര്‍ക്കാരിന്‍റെ ഭാഗത്ത്‌ നിന്ന്‌ മദ്യനിര്‍മ്മാര്‍ജനതിന്‍റെ പേരില്‍ കാണാത്തതെത്ര ഖേദകരം? ഏത്‌ സംസ്ഥാനത്തായാലും ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും അബ്‌കാരികളെയും സമുദായ നേതാക്കളെയും വെറുപ്പിക്കാന്‍ കഴിയില്ലെന്നതും അവര്‍ക്കിടയിലെ ഇഴയടുത്ത ബന്ധവും പലപ്പോഴും തീരുമാനങ്ങള്‍ എടുക്കുന്നതിലെ മന്ദതയ്‌ക്ക്‌ കാരണമാകുന്നു.

മദ്യനിരോധനം കൊണ്ടുദ്ദേശിക്കുന്നത്‌ മദ്യം അപ്രാപ്യമാക്കുക എന്നതാണ്‌. മുന്‍പ്‌ എ.കെ.ആന്റണി ഗവണ്മെന്റ്‌ ചാരായം നിരോധിക്കുകയും ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പാന്‍ മസാല നിരോധിക്കുകയും ചെയ്‌തത്‌ ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്താണ്‌. ഗുജറാത്തിലെ പോലെ ഇവിടെയും നിയമം കൊണ്ടുവരാനല്ലാതെ അനധികൃതമായ വഴികളിലൂടുള്ള കുത്തൊഴുക്ക്‌ തടയുന്നതില്‍ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഇടതിങ്ങി വളരുന്ന തെങ്ങിന്‍കൂട്ടങ്ങളും പാടവരമ്പത്ത്‌ കൂടെ ഒരു തോര്‍ത്ത്‌ മാത്രം ധരിച്ച്‌ മാട്ടയും തൂക്കി പോകുന്ന ചെത്തുകാരന്‍റെ ദൃശ്യം ഇന്ന്‌ സത്യന്‍ അന്തിക്കാടിന്‍റെ സിനിമകളിലെ കാണാനുള്ളൂ. തെങ്ങിന്‍ തോപ്പുകളൊക്കെ നശിപ്പിച്ചു സ്ഥലം പൊക്കി ഫ്‌ലാറ്റുകളും കെട്ടിടങ്ങളും ഉയരുകയും ചെയ്‌തു. ഉത്സവ സീസണുകളില്‍ മലയാളികള്‍ സൃഷ്ടിക്കുന്ന `റെക്കോര്‍ഡ്‌ കുടി ` സ്‌പോണ്‍സര്‍ ചെയ്യാന്‍ ആവശ്യമായി വരുന്ന തെങ്ങിന്‍റെ നൂറിലൊന്നു പോലും കേരളത്തിലില്ല. അതില്‍ നിന്ന്‌ വ്യക്തമാകുന്നത്‌ കള്ളിന്‍റെ പേരില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന്‌ വരുന്ന സ്‌പിരിറ്റ്‌ ലോറികള്‍ നമ്മുടെ പോലീസിന്‍റെ ഒത്താശയോടെ വാളയാര്‍ ചെക്ക്‌ പോസ്റ്റ്‌ കടത്തി വിടുന്നു എന്നാണ്‌. സ്‌പിരിറ്റില്‍ വെള്ളം അനുപാതത്തില്‍ നിറച്ച്‌ പേരിനല്‍പ്പം ചെത്ത്‌കള്ള്‌ ചേര്‍ത്താല്‍ സാധനം റെഡി,കുടിക്കാന്‍ ആളുകളും.

ഇത്‌ മാനദണ്ഡമാക്കി സ്വകാര്യ ചാനലുകള്‍ കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണം വിരല്‍ ചൂണ്ടുന്നത്‌ ഞെട്ടിക്കുന്ന ചില സത്യങ്ങളിലേയ്‌ക്കാണ്‌. ഇപ്പോള്‍ ലഭ്യമാകുന്ന ചെത്ത്‌കള്ള്‌ അരമണിക്കൂറിനുള്ള കച്ചവടത്തിന്‌ പോലും തികയില്ലെന്ന്‌ കൊല്ലത്തെ ഒരു ഷാപ്പ്‌തൊഴിലാളി വെളിപ്പടുത്തി. എന്നിട്ടും അടച്ചു പൂട്ടാതെ മുന്നേറുന്നത്‌ ശ്രീലങ്കന്‍ സ്‌പിരിറ്റും മറ്റും ചേര്‍ത്തിട്ടാണത്രേ.  ദിവസം കൂടുമ്പോള്‍ വീര്യം കൂടും,ആവശ്യക്കാരുടെ എണ്ണവും. അബ്‌ക്കാരികളുടെ ഈ ലാഭക്കൊതി വന്‍ ദുരന്തത്തിലേയ്‌ക്കാണ്‌ വഴിവെയ്‌ക്കുന്നത്‌.ഇതൊരൊറ്റപ്പെട്ട സംഭവമായി തള്ളിക്കളയാന്‍ ആവില്ല. ഒഴുകുന്ന പണക്കൊഴുപ്പില്‍ എക്‌സൈസ്‌ അധികൃതര്‍ മനപ്പൂര്‍വം കണ്ണടയ്‌ക്കുമ്പോള്‍ എല്ലായിടത്തും സമാന അവസ്ഥയുണ്ടെന്നു വ്യക്തം!

ഇരുപത്തൊന്ന്‌ വയസ്സ്‌ തികയാത്തവര്‍ക്ക്‌ മദ്യം വില്‍ക്കുന്നത്‌ ശിക്ഷാര്‍ഹമാണെന്നിരിക്കെ സ്‌ക്കൂള്‍ യൂണിഫോമും ബാഗുമായി സര്‍ക്കാരിന്‍റെ ബിവറെജ്‌ കോര്‍പ്പറേഷന്‌ മുന്‍പില്‍ നിന്ന്‌ വിദ്യാര്‍ഥികള്‍ക്ക്‌ പോലും വാങ്ങാന്‍ കഴിയുന്ന സാഹചര്യത്തില്‍ സര്‍ക്കാരും ജനങ്ങളും ജാഗരൂകരാകേണ്ടത്തിന്‍റെ സമയം അതിക്രമിച്ചിരിക്കുന്നു. സംസ്ഥാനത്തോടുള്ള കരുതലും ജനങ്ങളോടുള്ള പ്രതിബദ്ധതയും ദീര്‍ഘവീക്ഷണവും കൊണ്ടാണ്‌ ഹൈക്കോടതി ജസ്റ്റിസ്‌ സി.എന്‍.രാമചന്ദ്രന്‍ വൈകിട്ട്‌ അഞ്ച്‌ മണിവരെയുള്ള ബാര്‍ പ്രവര്‍ത്തനവും ഉപയോഗവും നിരോധിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചത്‌.  ഏത്‌ നയവും സര്‍ക്കാരാണ്‌ രൂപപ്പെടുത്തേണ്ടത്‌. അതുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം കാത്തിരിക്കുകയാണ്‌ കോടതി. എക്‌സൈസ്‌ വകുപ്പ്‌ മന്ത്രിയും കെ.പി.സി.സി. പ്രസിഡണ്ടും കടുത്ത ഭാഷയില്‍ ഹൈക്കൊടതിയുടെ ഈ നിര്‍ദ്ദേശത്തോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. എണ്ണത്തില്‍ ആയിരമോ പതിനായിരമോ വരാവുന്ന ചെത്ത്‌തൊഴിലാളികള്‍ക്ക്‌ വേണ്ടി ഇന്നത്തെയും വരാനിരിക്കുന്നതുമായ തലമുറകള്‍ക്കുള്ള നന്മ കണക്കാക്കാതെയിരിക്കുന്നതില്‍ യുക്തിയില്ല. തെങ്ങ്‌ കയറാന്‍ ആളില്ലെന്ന്‌ പരാതിയുള്ള നാട്ടില്‍ ചെത്ത്‌ പരമ്പരാഗത തൊഴിലാണെന്ന്‌ പറഞ്ഞ്‌ മദ്യനിരോധനത്തെ എതിര്‍ക്കുന്നതില്‍ എന്തര്‍ത്ഥം? അവര്‍ക്ക്‌ മറ്റൊരു തൊഴിലവസരം കൊടുക്കാവുന്നതേയുള്ളൂ. തുറന്നൊരു അഭിപ്രായം വെളിവാക്കാന്‍ സര്‍ക്കാരിന്‌ കഴിയാത്തത്‌ ചിലരുടെ ചരടുവലി കാരണമാണെന്നതു പരസ്യമാണ്‌. പാവകളിയിലേത്‌ പോലെ ഒറ്റ ചരടുകൊണ്ടുള്ള നിയന്ത്രണമല്ല അനവധി ചരടുകള്‍ ചേര്‍ന്നൊരു നെറ്റ്‌ വര്‍ക്കാണ്‌ അതിസമര്‍ത്ഥരായ പലരുമുള്ള മന്ത്രിസഭയ്‌ക്ക്‌ സ്വതന്ത്രമായ അഭിപ്രായം പറയാന്‍ കഴിയാത്തതിന്‌ പിന്നില്‍. പ്രതിപക്ഷവും ഈ നിയന്ത്രണവലയത്തിനുള്ളിലാണ്‌.

ബാറുകളുടെ പ്രവര്‍ത്തനസമയം വൈകുന്നേരം അഞ്ച്‌ മണിയ്‌ക്ക്‌ ശേഷം ആക്കിയത്‌ കൊണ്ടായില്ല. രാത്രികാലങ്ങളില്‍ കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്താനേ അത്‌ ഉപകരിക്കൂ.  എല്ലാ വശങ്ങളും ഹരിച്ചും ഗുണിച്ചും ജനനന്മ മാത്രം മുന്നില്‍ കണ്ട്‌ നിര്‍ദ്ദേശങ്ങള്‍ മുന്നില്‍ വയ്‌ക്കുന്ന കോടതിയോട്‌ സര്‍ക്കാര്‍ സഹിഷ്‌ണുത കാട്ടണം.  നീതി ദേവത കണ്ണു മൂടിക്കെട്ടിയിരിക്കുന്നത്‌ നിയമപാലനത്തിലെ തുല്യത ഉറപ്പിക്കാനാണ്‌.  അതുകൊണ്ട്‌ തന്നെ നേതാക്കളുടെ അഭിപ്രായങ്ങളുടെ മുഴക്കത്തില്‍ സാധാരണക്കാരന്‍റെ സ്വരം കേള്‍ക്കാതെ പോകരുത്‌.

read also
കളളുവ്യവസായത്തിന് അളളുവെയ്ക്കാന്‍ ആരും വരേണെ്ടന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ പറഞ്ഞു. വ്യവസായത്തിലെ അപാകതകള്‍ പരിഹരിക്കുകയാണ് വേണ്ടത്. പരമ്പരാഗതമായ ഈ വ്യവസായം കൊണ്ട് ജീവിക്കുന്ന ഒരു വിഭാഗം ഇവിടെയുണെ്ടന്ന കാര്യം മറക്കരുത്. വ്യവസായം നിരോധിക്കണം എന്നതിനുപകരം വ്യവസായത്തെ നവീകരിക്കണമെന്ന അഭിപ്രായമാണ് രാഷ്ട്രീയ കക്ഷികള്‍ പറയേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മദ്യനിരോധനം ലോകത്തെങ്ങും വിജയിച്ച ചരിത്രമില്ല. മദ്യവര്‍ജനമാണു വേണ്ടത്. ഇതിനായി ബോധവത്കരണ പരിപാടികള്‍ നടത്തണം.

തൊടുപുഴ: കള്ള്‌ ആരോഗ്യത്തിന്‌ ഹാനികരമായ പാനീയമാണെന്നു കരുതുന്നില്ലെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല വ്യക്തമാക്കി. കള്ളുചെത്ത്‌ വ്യവയായം ഘട്ടം ഘട്ടമായി മദ്യംനിരോധിക്കാനാണ്‌ സര്‍ക്കാര്‍ യുഡിഎഫ്‌ ലക്ഷ്യമിടുന്നതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രതിനിധി സമ്മേളനം ഇടുക്കിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതിനിടെ ഒരാള്‍ എന്ത്‌ കുടിക്കണമെന്ന്‌ ഹൈക്കോടതി ജഡ്‌ജി നിര്‍ദേശിക്കേണ്‌ടെന്നും കള്ള്‌ ഷാപ്പുകള്‍ അടച്ചുപൂട്ടുന്നത്‌ പ്രായോഗികമല്ലെന്നും എക്‌സൈസ്‌ മന്ത്രി കെ. ബാബു പറഞ്ഞു. കള്ള്‌ നിരോധിക്കണമെന്നത്‌ ലീഗിന്റെ മാത്രം അഭിപ്രായമാണ്‌, യുഡിഎഫിന്റേതല്ല. കള്ള്‌ വ്യവസായം സംരക്ഷിക്കണമെന്നാണ്‌ യുഡിഎഫിന്റെ പ്രഖ്യാപിത നയം. കള്ള്‌ നിര്‍ത്തി ബിയര്‍ കുടിക്കണമെന്ന്‌ പറയാന്‍ കോടതിക്കെന്താണ്‌ അധികാരമെന്നും മന്ത്രി ചോദിച്ചു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട്‌ യുഡിഎഫ്‌ ചര്‍ച്ച ചെയ്‌ത്‌ സ്വീകരിക്കും. കള്ള്‌ ലഹരിയാണെന്ന്‌ കരുതുന്നില്ല. കള്ള്‌ വ്യവസായത്തില്‍ കേരളത്തിലൊരു സാമൂഹ്യ പശ്ചാത്തലമുണ്‌ടെന്നും മന്ത്രി പറഞ്ഞു.


തിരുവനന്തപുരം: കള്ള് വ്യവസായം നിരോധിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ആയിരക്കണക്കിന് ചെത്തു തൊഴിലാളികളുടെ കുടുംബങ്ങള്‍ ഇതുമൂലം വഴിയാധാരമാകും. വിദേശമദ്യ വില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം പുന:ക്രമീകരിക്കുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ഹൈക്കോടതിയുടെ നിരീക്ഷണം ഗൗരവമായി പരിശോധിക്കണമെന്ന് അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: കളളുവ്യവസായം നിര്‍ത്തണമെന്ന്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെട്ടു. കളള്‌ വ്യവസായം നിര്‍ത്തേണ്ട സമയം അതിക്രമിച്ചു എന്നും കളള്‌ കച്ചവടത്തിന്റെ മറവില്‍ ചാരായവും വ്യാജമദ്യവും ഒഴുകുകയാണെന്നുമുളള ഹൈക്കോടതി നിരീക്ഷണം സ്വാഗതം ചെയ്യുന്നുവെന്നും പാര്‍ട്ടി നേതാവ്‌ ഇ.ടി.മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യനിരോധനമാണ്‌ മുസ്ലീംലീഗ്‌ ആവശ്യപ്പെടുന്നത്‌ എന്നും മുഹമ്മദ്‌ ബഷീര്‍ കൂട്ടിച്ചേര്‍ത്തു.


കള്ള്‌ (മീട്ടു റഹ്മത്ത്‌ കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക