Image

കാക്കനാടനില്ലാതെ കടന്നുപോയ വര്‍ഷം: മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 16 October, 2012
കാക്കനാടനില്ലാതെ കടന്നുപോയ വര്‍ഷം: മീട്ടു  റഹ്മത്ത് കലാം
എപ്പോഴും  തുലാമാസം പെയ്തൊഴിയുക എന്തെങ്കിലും നഷ്ടക്കണക്കുമായാണ്. മലയാള സാഹിത്യത്തില്‍ നികത്താനാവാത്ത വിടവുണ്ടാക്കി കഴിഞ്ഞ വര്‍ഷം (ഒക്ടോബര്‍ 19,2011) എക്കാലത്തെയും ക്ലാസ്സിക്‌ ആയി മാറുമായിരുന്ന  ക്ഷത്രിയന്‍ എന്ന കൃതി പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ ഉച്ചസ്ഥനായ  സൂര്യന്‍  അസ്തമിച്ചു.
തന്‍റെ ആത്മാവായ എഴുത്ത് സൂര്യപ്രകാശം പോലെയെന്നും ജനങ്ങള്‍ക്കായി നല്‍കി, വേറൊരു ലോകത്തേയ്ക്ക് നടന്നടുത്തെങ്കിലും കാക്കനാടന്‍ എന്ന പേര് മലയാള സാഹിത്യം ഉള്ളിടത്തോളം കാലം ഇതേ മുഴക്കത്തോടെ തന്നെ കേള്‍ക്കാം. പലപ്പോഴും മരണമാണ്  ഒരു കലാകാരന്‍ തന്‍റെ ശാഖയ്ക്ക് സമ്മാനിച്ച നേട്ടങ്ങളും ആ ആള്‍ ഇല്ലാതാകുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടവും, ഉണ്ടായിരുന്നെങ്കില്‍ അയാള്‍ മുഖേന ലഭിക്കുമായിരുന്ന  ഗതിമാറ്റത്തെ കുറിച്ചുമൊക്കെ ചിന്തിപ്പിക്കുന്നത്. കാക്കനാടന്റെ കാര്യവും മറിച്ചല്ല. നിശ്ചിത ദിശയില്‍ മാത്രം വീശിയിരുന്ന എഴുത്ത് സങ്കല്‍പ്പങ്ങളെ അട്ടിമറിച്ചു പുതിയൊരു ഭാവുകത്വത്തിന്‍റെ കലാപത്തിന്  തിരി കൊളുത്തിയ തേരാളിയായാണ്‌  കാക്കനാടന്‍ ഇന്നും ഓര്‍മിക്കപ്പെടുന്നത്.   എഴുത്തിന്‍റെ ഉന്നത പീഠത്തില്‍ സ്ഥാനമുറപ്പിക്കാന്‍ എഴുത്തുകാര്‍ മത്സരിക്കുമ്പോള്‍ സ്ഥാനക്കൊതിയില്ലാതെ മലയാള മനസ്സുകള്‍ കല്പിച്ച് അനുവദിച്ച സിംഹാസനത്തില്‍ ഇടം നേടിയ എഴുത്തുകാരനെ വിശേഷിപ്പിക്കാന്‍ മലയാള നിഘണ്ടുവില്‍ പുതിയ വാക്ക് എഴുതി ചേര്‍ക്കേണ്ടി   ഇരിക്കുന്നു.  കാരണം,സാഹിത്യത്തിനു അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് മുന്നില്‍ വിശേഷണങ്ങള്‍ തല കുനിക്കും.
               അറുപതുകളിലും എഴുപതുകളിലും ആ തൂലികയില്‍ പിറന്ന കഥകള്‍ വായനയുടെ നവ്യാനുഭൂതി നുകരാന്‍ വായനക്കാരെ കൂട്ടിക്കൊണ്ടുപോകും വഴി എഴുത്തിന്‍റെ വിത്ത് യുവമനസ്സുകളില്‍ പാകാനും മറന്നില്ല. അധികം വളക്കൂറില്ലാത്ത മണ്ണില്‍പോലും നൂറുമേനി വിളയിച്ച  ആ വിത്ത് എഴുത്തിന്‍റെ വഴിയിലേയ്ക്ക് ഒരു തലമുറയെതന്നെ തിരിച്ചുവിട്ടു. കാക്കനാടന്‍റെ പുസ്തകം വായിച്ചവര്‍ക്ക് ഒരു ഡയറി കുറിപ്പെങ്കിലും എഴുതാതിരിക്കാനാകില്ല. അത്രയ്ക്ക് തീവ്രമാണാ ഭാഷ.  എഴുതാന്‍ വേണ്ടി എഴുതാതെ പാത്രസൃഷ്ടിയിലും കഥയിലും സ്വയം സംതൃപ്തി  തോന്നുമ്പോളുണ്ടാകുന്ന രചനകള്‍ക്ക് മാസം തികഞ്ഞ് ജനിച്ച കുഞ്ഞിന്‍റെ തുടുപ്പും ജീവസും ഓജസുമുണ്ട്‌. പുതുതായി മുളപൊട്ടുന്ന   എഴുത്തുകാര്‍ പോലും 'ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം' എന്നത്  ആപ്തവാക്യമാക്കി  പണം കൊയ്യുമ്പോള്‍ തന്‍റെ രചനകളെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ട കാക്കനാടന് തന്‍റെ സൃഷ്ടികള്‍ക്ക് വില പേശാന്‍ കഴിയില്ലായിരുന്നു. സ്നേഹമല്ലാതെ മറ്റൊന്നും അദ്ദേഹം ആരില്‍നിന്നും ആഗ്രഹിച്ചിരുന്നില്ല. സ്വന്തമായി ഒരു വീട് പോലും സ്വപ്നം കാണാതിരുന്ന അദ്ദേഹത്തിന് അവസാനകാലത്ത് ആരാധകര്‍ ചേര്‍ന്നാണ് വീട് നിര്‍മിച്ചുകൊടുത്തത്.
                വായനക്കാരുടെ ഹൃദയം കീഴടക്കാന്‍ പലരും നന്മയും സ്നേഹവും നിറഞ്ഞ അന്തരീക്ഷം കഥ പറയാന്‍ തിരഞ്ഞെടുത്തപ്പോള്‍ കാക്കനാടന്‍ കൂട്ടിക്കൊണ്ടുപോയ ലോകത്തിന് രക്തത്തിന്‍റെയും  വിയര്‍പ്പിന്‍റെയും പഴുപ്പിന്‍റെയും ഗന്ധമായിരുന്നു. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട ഇരുണ്ട ജീവിതങ്ങള്‍ ആത്മാവില്‍ കത്തിപ്പടരുന്ന ഭാഷയില്‍ പ്രകാശം കണ്ടപ്പോള്‍ ആധുനികതയുടെ വിളംബരവുമായി എത്തിയതിന്‌ ഒരു വിഭാഗത്തില്‍ നിന്ന് ലഭിച്ചത് വ്യവസ്ഥാപിത മൂല്യസങ്കല്‍പ്പങ്ങളെയും സദാചാര വിചാരങ്ങളെയും അട്ടിമറിച്ച നിഷേധിയെന്ന ലേബല്‍ ആണ്.
.              വേശ്യകളും കൂട്ടിക്കൊടുപ്പുകാരും മദ്യപാനികളും ചരസു വ്യാപാരിയുമൊക്കെ കഥാപാത്രങ്ങളായി വരുമ്പോള്‍ അദ്ദേഹമുപയോഗിച്ച പല വാക്കുകളിലും ആശ്ലീലമുള്ളതായി പരാമര്‍ശിക്കപ്പെട്ടു.  അശ്ലീലമായി  കണക്കാക്കപ്പെടുന്ന പല വാക്കുകളും കാക്കനാടന്‍റെ  കൃതികളില്‍ പിറവി കൊള്ളുമ്പോള്‍  ആ വിരലിലെ ഇന്ദ്രജാലം കൊണ്ട് ശ്ലീലമായി മാറുന്നതായി ആരാധകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരഭിമുഖത്തില്‍ ഇതിനെക്കുറിച്ച്‌ കാക്കനാടനോട്  ചോദിച്ചപ്പോള്‍  നിസ്സാരമായി പറഞ്ഞ മറുപടി രസമുള്ളതും ചിന്തിക്കാനുള്ള വാതായനം തുറന്നിടുന്നതുമാണ്. 'സദ്യയില്‍ ഒഴിച്ച് കൂട്ടുന്ന കറികള്‍ എത്ര രുചിയുള്ളതാണെങ്കിലും വസ്ത്രത്തില്‍ പുരണ്ടാല്‍ അത് കറയാകുമെന്നതായിരുന്നു ആ കമന്റ്‌. സംസ്കാരത്തിന്‍റെ ചങ്ങല പൊട്ടിക്കാതെ ഭദ്രമായി വാക്കുകള്‍ ഒതുക്കുവാനുള്ള  തന്‍റെ വഴക്കത്തിലുള്ള ആത്മവിശ്വാസം ആ വാക്കുകളില്‍ പ്രതിപലിച്ചിരുന്നു. 'ഉഷ്ണമേഖല'യില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലുള്ള അപചയത്തെക്കുറിച്ച്  കമ്മ്യൂണിസത്തില്‍  വിശ്വാസം നഷ്ടപ്പെട്ട ശിവനെന്ന ക്ഷുഭിത യൌവനത്തിന്‍റെ   പ്രതിനിധി പറയുന്നുണ്ട്: 'കമ്മ്യൂണിസം വ്യഭിച്ചരിക്കപ്പെട്ടിരിക്കുന്നു 'എന്ന്.  ഈ ഒരു വാചകത്തില്‍ നിന്ന് തന്നെ മോശം വാക്കുകള്‍ക്കു പോലും വളരെ മാന്യമായ അര്‍ത്ഥതലം വായനക്കാരന് വേണ്ടി മാറ്റി വയ്ക്കുന്നതില്‍ കാക്കനാടന്‍റെ വൈഭവം വ്യക്തമാണ്.
                ജീവിതയാത്രയിലെവിടെയോ കണ്ടതും പരിചയപ്പെട്ടതുമായ ആളുകളെ കുറിച്ചെഴുതുമ്പോള്‍ അതിനോട് നീതി പുലര്‍ത്താന്‍ തികഞ്ഞ സത്യസന്ധത ആവശ്യമാണ്‌. വിമര്‍ശനങ്ങളെ ഭയന്ന് അനുഭവങ്ങള്‍ നേര്‍പ്പിച്ചു മൂര്‍ച്ച കുറച്ച് കാണിക്കുന്ന രീതി കാക്കനാടനു വഴങ്ങില്ലായിരുന്നു. പച്ചയായ മനുഷ്യരുടെ ജീവിതത്തിലൂടെ പറയുന്ന കഥകള്‍ക്ക് പച്ചയായ ഭാഷ സ്വീകരിച്ചതും അതുകൊണ്ട് തന്നെ.  കണ്ടറിഞ്ഞ ഒരു കാര്യം കലാകാരനിലൂടെ സൃഷ്ടിയായി  ജന്മമെടുക്കുമ്പോള്‍ അതില്‍ രവിവര്‍മ ചിത്രങ്ങളിലേതു പോലെയൊരു ജീവചൈതന്യമുണ്ട്,  ഒരു പൂര്‍ണതയുണ്ട്.
               ഭാവനാസമ്പന്നതയുടെ  മേല്‍പുതപ്പുകള്‍ക്ക് അപ്പുറം  ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍   അതേ ചൂടോടെ ആവിഷ്കരിക്കാന്‍ കാക്കനാടനെപ്പോലെ  വിരലിലെണ്ണാവുന്ന ചിലര്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. താന്‍ പറയുന്ന കഥാന്തരീക്ഷം  ദൃശ്യമായി വായനക്കാരന്‍റെ മനസ്സില്‍ വിരിയിക്കാനുള്ള മാസ്മരിക ശക്തിയുള്ളതായിരുന്നു അദ്ദേഹത്തിന്‍റെ ശൈലി. നോവലുകളായാലും ചെറുകഥകളായാലും   ഒരു സിനിമ കണ്ടിരിക്കും പോലെ ഒരു സീനില്‍ നിന്ന് അടുത്തതിലേയ്ക്ക് നമ്മളറിയാതെ നമ്മളെ കൂട്ടിക്കൊണ്ടു പോകുമായിരുന്നു അദ്ദേഹം. ഈ സാധ്യത ശ്രദ്ധിച്ചത് കൊണ്ടാകാം പറങ്കിമലയും അടിയറവും ഓണപ്പുടവയുമൊക്കെ സിനിമകളായത്. കാക്കനാടന്‍റെ  കഥകള്‍ക്ക് മണിരത്നം ചിത്രങ്ങളുടെത് പോലെയൊരു പ്രത്യേകതയുണ്ട്. അദ്ദേഹം അത് സൃഷ്ടിക്കുമ്പോള്‍ ഉള്ളതിലും പ്രസക്തി വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ കാണാം. ഫ്രെഷ്നെസ് എലെമെന്റ്  ചോര്‍ന്നു പോകാതെ നില്‍ക്കുകയും ചെയ്യും. ഉദാഹരണത്തിന് 'സാക്ഷി'യില്‍ ലീവ് തീരും മുന്‍പ് അച്ഛന്‍ മരിക്കാന്‍ പ്രാര്‍ഥിക്കുന്ന മകന്‍ അന്ന് വിരളമായിരുന്നു, എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും അത്തരക്കാര്‍ ഒരുപാടുണ്ട്. ശിഥിലമാകുന്ന  മനുഷ്യബന്ധങ്ങളെയും മൂല്യങ്ങളെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ദീര്‍ഘവീക്ഷണം ഇതില്‍ തന്നെ പ്രകടം.
               ഗര്‍ജ്ജിക്കുന്ന സിംഹത്തിന്‍റെ പരിവേഷമാണ് കാക്കനാടനു അധികം മനസ്സുകളിലും. പക്ഷെ, ജീവിതത്തില്‍ മടുപ്പും നൈരാശ്യവും ബാധിച്ചവരുടെ ദാര്‍ശനിക വ്യഥകള്‍ പുറംതോട് പൊട്ടിച്ചു പുറത്തു കൊണ്ടുവരാന്‍ ആത്മതേജസ്സ്  ഉള്ളില്‍ സൂക്ഷിക്കുന്ന ആള്‍ക്കുമാത്രമേ കഴിയൂ എന്നോര്‍ക്കണം.
ഒന്നിനെയും ഭയപ്പെടാത്ത കാക്കനാടന്‍  മരണത്തെയും ഭയന്നിരുന്നില്ല. ഓരോ ദിവസവും പുതിയ കാലത്തിന്‍റെ പിറവിയാണെന്നും ആയുസ്സിന്‍റെ പുസ്തകത്തില്‍ നിന്ന് ഒരു താള് കൊഴിയുമ്പോള്‍ മനുഷ്യന്‍ പുതിയ താള് മറിക്കാന്‍ ഒരുങ്ങുകയാണെന്നും  എന്നെങ്കിലും കാറ്റും കാലവും നിശ്ചലമാകുന്ന മുഹൂര്‍ത്തം വരുമെന്നും അദ്ദേഹം പറയുമായിരുന്നു.  ജീവിതത്തിന്‍റെ ഉഷ്ണമേഖലകള്‍ താണ്ടി  എന്നത്തേയും പോലെ തന്നെ ആരെയും ഭയക്കാതെ അടിയറവ് പറയാതെ എഴുത്തിലെ ക്ഷുഭിത വീര്യം അജ്ഞതയുടെ താഴ്വരയില്‍ ഉറങ്ങുമ്പോള്‍ സാഹിത്യലോകം പ്രണമിക്കുന്നു.   
കാക്കനാടനില്ലാതെ കടന്നുപോയ വര്‍ഷം: മീട്ടു  റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക