Image

ബി. ഉണ്ണിക്കൃഷ്‌ണന്റെ `ഐ ലൗ മീ'

Published on 19 October, 2012
ബി. ഉണ്ണിക്കൃഷ്‌ണന്റെ `ഐ ലൗ മീ'
പ്രശസ്‌ത സംവിധായകന്‍ ബി. ഉണ്ണിക്കൃഷ്‌ണന്റെ പുതിയ ചിത്രമാണ്‌ ഐ ലൗ മി. വൈശാഖാ സിനിമയുടെ ബാനറില്‍ വൈശാഖ രാജനാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌.

മലയാളസിനിമയിലെ യുവതലമുറയിലെ മൂന്നു പ്രധാന അഭിനേതാക്കളെ ഒന്നിപ്പിച്ചുകൊണ്‌ടാണ്‌ ഉണ്ണിക്കൃഷ്‌ണന്‍ ഈ ചിത്രം അവതരിപ്പിക്കുന്നത്‌. അനൂപ്‌ മേനോന്‍, ഉണ്ണി മുകുന്ദന്‍, ആസിഫ്‌ അലി എന്നിവരാണ്‌ നായികാനിരയിലുള്ളത്‌. തട്ടത്തിന്‍ മറയത്തിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന നായികയായ ഇഷാ തല്‍വാര്‍ ഈ ചിത്രത്തിലെ നായികയാകുന്നു.

മൂന്നുപേരും ഇപ്പോള്‍ സ്വതന്ത്ര നായകന്മാരായി അഭിനയിക്കുന്നവരാണ്‌. മൂന്നുപേരുടെയും കൂട്ടായ സംരംഭത്തിന്‌ അതിന്റേതായ പ്രാധാന്യമുണ്‌ട്‌. ഇത്തരം കൂട്ടായ്‌മകള്‍ പ്രേക്ഷകര്‍ക്ക്‌ ചിത്രം കൂടുതല്‍ ആസ്വാദ്യമാക്കുന്നതിനും അതുവഴി പ്രേക്ഷകരുടെ മനസിലേക്ക്‌ ശക്തമായി കടന്നുവരുന്നതിനും സാഹചര്യമുണ്‌ടാക്കുന്നു. അതുകൊണ്‌ടാണ്‌ പലപ്പോഴും ഇത്തരം മള്‍ട്ടി സ്റ്റാര്‍ ചിത്രങ്ങള്‍ വിജയങ്ങളിലേക്കെത്തുന്നത്‌.

അവരവരെ മാത്രം സ്‌നേഹിച്ചുപോന്നിരുന്ന മൂന്നുപേരെ ഒരു യാത്രയിലെന്നവണ്ണം റാം മോഹനന്‍ തന്നിലേക്ക്‌ അടുപ്പിച്ച്‌ മറ്റുള്ളവരെയും സ്‌നേഹിക്കുന്നതിലേക്കെത്തിക്കുന്നതാണ്‌ ഈ ചിത്രത്തിന്റെ അടിസ്ഥാനപരമായ പ്രമേയം. റാം മോഹന്‍ ബാങ്കോക്കിലെ വലിയൊരു ബിസിനസ്‌ മാഗ്‌നറ്റാണ്‌. ഇദ്ദേഹം കൊച്ചിയില്‍വച്ചാണ്‌ സാവിയോയെയും പ്രേമിനെയും പരിചയപ്പെടുന്നത്‌.

സാവിയോ ഈ കാലഘട്ടത്തിന്റെ ശക്തമായ പ്രതിരൂപമാണ്‌. പണം മാത്രമാണ്‌ അവന്റെ ലക്ഷ്യം. അവന്‍ പണത്തെ സ്‌നേഹക്കുന്നു. പിന്നെ അവന്‍ സ്‌നേഹിക്കുന്നത്‌ മമ്മിയെയാണ്‌.

പ്രേമിന്റെയും പരമമായ ലക്ഷ്യം പണംതന്നെയാണ്‌. രണ്‌ടുപേരും ഇതു സ്വരൂപിക്കാന്‍ വ്യത്യസ്‌തമായ മാര്‍ഗങ്ങള്‍ തേടുന്നു എന്നതാണ്‌ പ്രേമിന്റെയും സാവിയോയുടെയും വ്യത്യാസം. ഇവരെ തന്നിലേക്ക്‌ അടുപ്പിക്കാന്‍ കൗശലമായ തന്ത്രങ്ങള്‍തന്നെ റാം മോഹന്‍ ആവിഷ്‌കരിച്ചു. പിന്നെ മൂവരും ബാങ്കോക്കില്‍.

ബാങ്കോക്കില്‍വച്ച്‌ മറ്റൊരു കക്ഷികൂടി ഇവര്‍ക്കൊപ്പം കൂടി. സാവന്തിക. ഒരു മലയാളി പെണ്‍കുട്ടി. ഇവര്‍ പരസ്‌പരം അവളെ പ്രണയിച്ചു തുടങ്ങുകയാണ്‌. ഈ ജീവിതത്തിനിടയിലാണ്‌ അപ്രതീക്ഷിതമായ തിരിച്ചറിവുകളും ഇവര്‍ക്കു ലഭിക്കുന്നത്‌.

ഏറെ രസകരവും ഒപ്പം ഉദ്വേഗജനകവുമായിട്ടാണ്‌ ഈ ചിത്രം ഉണ്ണിക്കൃഷ്‌ണന്‍ അവതരിപ്പിക്കുന്നത്‌.

ഇവിടെ റാം മോഹനെ അനൂപ്‌ മേനോനും പ്രേമിനെ ആസിഫ്‌ അലിയും സാവിയോയെ ഉണ്ണി മുകുന്ദനും അവതരിപ്പിക്കുന്നു. സാമന്തികയായി ഇഷാ തല്‍വാര്‍ അഭിനയിക്കുന്നു.

വിജയരാഘവന്‍, വനിത എന്നിവര്‍ക്കൊപ്പം ഒരു വിദേശതാരവും ഈ ചിത്രത്തിലുണ്‌ട്‌. സേതുവിന്റേതാണ്‌ തിരക്കഥ. ബി. ഉണ്ണിക്കൃഷ്‌ണന്‍ മറ്റൊരാളിന്റെ തിരക്കഥയില്‍ ഒരു സിനിമ ഒരുക്കുന്നത്‌ ഈ ചിത്രത്തിലാണ്‌.
-വാഴൂര്‍ ജോസ്‌
ബി. ഉണ്ണിക്കൃഷ്‌ണന്റെ `ഐ ലൗ മീ'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക