Image

സാഹിത്യത്തിലെ കള്ളനാണയങ്ങള്‍ (മീനു എലിസബത്ത്)

Published on 17 October, 2012
സാഹിത്യത്തിലെ കള്ളനാണയങ്ങള്‍ (മീനു എലിസബത്ത്)
ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഭൂരിപക്ഷം ആളുകളും, കഷ്ടപ്പാടിലൂടെയും കഠിനാധ്വാനത്തിലൂടെയും, ഉന്നതിയും പേരും പ്രശസ്തിയും കൈവരിക്കുമ്പോള്‍, ചിലര്‍ അത് ചുളുവില്‍ കൈയിലെ കാശിന്റെ പിന്‍ബലത്തില്‍ സ്വന്തമാക്കുന്നു.

മാര്‍ക്ക് തിരുത്തലുകള്‍, വിലപേശി പ്രൊഫഷണല്‍ കോളജുകളില്‍ സീറ്റ് കൈവശപ്പെടുത്തലുകള്‍, പഠിച്ചിറങ്ങിയാല്‍ ലക്ഷങ്ങള്‍ കൊടുത്ത് ജോലി വാങ്ങല്‍ അതും കഴിഞ്ഞ് ഏതെങ്കിലും ഡൂക്കിലി സര്‍വകലാശാലയില്‍ നിന്നും പഠിക്കാതെ തന്നെ, കനത്ത തുകയ്ക്ക് ഡോക്ടറേറ്റ് പട്ടം കൈവശപ്പെടുത്തല്‍ എല്ലാം നാം സാധാരണ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങളാണ്.

ചില സഭകളില്‍ 
അച്ചന്മാര്‍, മെത്രാന്മാര്‍ക്കും മറ്റു സഭാമേലധ്യക്ഷന്മാര്‍ക്കും കനത്ത തുക കോഴ കൊടുത്താണ്, അമേരിക്കയിലും ജര്‍മ്മനിയിലുമുള്ള ഇടവകകളിലേക്ക് വിസ സംഘടിപ്പിക്കുന്നത് പോലും!

പക്ഷെ, സാഹിത്യത്തിലും ഈ തരം കള്ളനാണയങ്ങളും കാശ് കൊടുത്ത് പേരും പദവിയും അവാര്‍ഡുകളും സ്വന്തമാക്കുന്ന പ്രവണത ഉണ്ടെന്നുള്ളതും എന്നെ സംബന്ധിച്ചിടത്തോളം പുതിയ അറിവായിരുന്നു. ഇതു പ്രാഞ്ചിയേട്ടന്മാരുടെ കാലം ആണല്ലോ.

ഒരു കഥ ടൈപ്പ് ചെയ്ത് തരുന്നതിനായി, നാട്ടിലെ ഡി.ടി.പി സെന്ററില്‍ ജോലി ചെയ്യുന്ന സുഹൃത്തിനെ വിളിക്കേണ്ടതുണ്ടായിരുന്നതിനാല്‍, ജോലിയില്‍ നിന്നും ഒരല്പം നേരത്തെ ഇറങ്ങി. സാധാരണ കഥകളും ലേഖനങ്ങളും ഈ സുഹൃത്താണ് ടൈപ്പ് ചെയ്യിച്ചു തരുന്നത്. നാട്ടിലെ പഴയ പരിചയക്കാരിയുടെ സഹോദരനാണ് ആള്. ഇയാള്‍ ജോലിക്ക് പോവുന്നതിനു മുന്‍പ് വിളിക്കണം. ഞാന്‍ ക്ലോക്കില്‍ നോക്കി ഒന്നര മണിക്കൂര്‍ കുറയ്ക്കാന്‍ തുടങ്ങി. ഇവിടെ, ഒന്‍പതു മണി ആകുമ്പോള്‍ അവിടെ ഏഴര. ട്രാഫിക്കില്‍ കുരുങ്ങുന്നതിനു മുന്‍പേ കിട്ടണം.

ഞാന്‍ പാര്‍ക്കിംഗ് ലോട്ടിലിരുന്നു ഫോണ്‍ ഡയല്‍ ചെയ്തു. "അപ്പങ്ങള് എമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി...അമ്മായി ചുട്ടത് മരുമോനുക്കായ്. അവന്റെ റിംഗ്‌ടോണാണ്. ഇല്ല. എടുക്കുന്നില്ല...അമ്മായി രണ്ടാം വട്ടവും ഒറ്റയ്ക്ക് അപ്പം ചുടാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ നിര്‍ത്തി. ഇനി ഈ പാട്ട് ഒന്നു കൂടി കേട്ടാല്‍ എനിക്ക് ചിലപ്പോള്‍ വട്ടായിപ്പോകും.

ഇന്ന് കൊടുക്കേണ്ട മാറ്റര്‍ ആണ്. എമര്‍ജന്‍സി എന്ന്് തന്നെ പറയാം. അമേരിക്കയില്‍ നടന്ന സംഭവത്തെ അടിസ്ഥാനമാക്കിയുള്ള പ്രതികരണം ഒരു വെബ്‌സൈറ്റുകാര്‍ ചോദിച്ചിരിക്കുകയാണ്. ഇന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ കാര്യമില്ല. ആറിയ കഞ്ഞി പഴങ്കഞ്ഞിയാണല്ലോ.

ഞാന്‍ ഫോണ്‍ മെസേജുകള്‍ നോക്കി. ഒന്ന് രണ്ടു വോയിസ് മെസേജുകള്‍ക്ക് തിരികെ വിളിച്ചു. അല്പം കഴിഞ്ഞു വീണ്ടും നാട്ടിലേക്ക് വിളിച്ചു. "ഫോണെടുക്കെടാ എന്ന പഴയ ആ റിംഗ് ടോണ്‍ പോലെ ഞാന്‍ പല പ്രാവശ്യം ഫോണ്‍ എടുക്കെടാ എന്ന് മനസില്‍ ഉരുവിട്ട് അറിയാവുന്ന മന്ത്രങ്ങളെല്ലാം ജപിച്ചു.

ആവശ്യക്കാരി ഞാനാണല്ലോ, തന്നെയുമല്ല, വീട്ടില്‍ ചെന്ന് കയറിയാല്‍ സമയം കിട്ടില്ല. ഭര്‍ത്താവ്, കുട്ടികള്‍, പട്ടി. ഡിന്നര്‍ ഉണ്ടാക്കണം, കുഞ്ഞുങ്ങള്‍ക്ക് മറ്റു നൂറു കാര്യങ്ങള്‍ എന്നെക്കൊണ്ട് കാണും. മറ്റു പല അത്യാവശ്യങ്ങള്‍ക്കായി എന്നെ വിളിക്കുന്ന കൂട്ടുകാര്‍, ഇവര്‍ക്കിടയില്‍ ഞാനും. എല്ലാവരും, ഉറങ്ങിക്കഴിഞ്ഞ് എഴുതാന്‍ ഇരിക്കുമ്പോള്‍ ക്ഷീണം. ഈയിടെയായി വീട്ടില്‍ വന്നാല്‍ ഞാന്‍ ഫോണ്‍ കഴിവതും ഓഫ് ആക്കി വെയ്ക്കും. കറികള്‍ പലവട്ടം കരിഞ്ഞപ്പോഴും ചോറ് അടിക്കു പിടിച്ചപ്പോഴുമാണ് അവസാനം ബുദ്ധിയുദിച്ചത്.

ലാന്‍ഡ് ഫോണ്‍ ഉള്ളതിനാല്‍ അത്യാവശ്യക്കാര്‍ അതില്‍ വിളിക്കും.

നീണ്ട ബെല്ലടിക്കു ശേഷം സുഹൃത്ത് ഫോണ്‍ എടുത്തു. "ക്ഷമിക്കണം. ചേച്ചി, കമ്പ്യൂട്ടറില്‍ അയച്ച മാറ്റര്‍ കിട്ടി...ഞാന്‍ എത്രയും പെട്ടെന്ന്് തീര്‍ത്തു തരാം. വൈകിട്ടത്തേക്ക് പോരെ.'

അവന്റെ ഞരക്കവും മൂളലും ധൃതിയും. അവന്‍ വല്ലാത്ത തിരക്കിലാണെന്ന് തോന്നുന്നു. "എന്താ ജോസുകുട്ടീ...ഇന്നിത്ര തിരക്ക്... നീ എവിടെയാ? വീട്ടിലല്ലേ?

ബസിന്റെയും ലോറിയുടെയും ഹോണ്‍ അടിക്കുന്ന ശബ്ദം കേട്ട് ഞാന്‍ ചോദിച്ചു. അവന്റെ ഓഫിസ് ടൗണിനു നടുക്കാണ്. വീട് ശാന്തമായ ഒരു ഗ്രാമത്തിലും. രണ്ടിടത്ത് വിളിക്കുമ്പോഴും ബാക്ക്ഗ്രൗണ്ടിലെ സ്വരങ്ങള്‍ വ്യത്യസ്തങ്ങളാണ്..

"ഓ എന്റെ ചേച്ചി ഒന്നും പറയണ്ട," ജോസ്കുട്ടി ടൈപ്പ് ചെയ്യുന്ന സ്വരം കേള്‍ക്കാം. അവന്‍ പതിവ് പോലെ പരിഭവത്തിന്റെയും പരാതിയുടെയും ഭാണ്ഡം തുറന്നു. നാട്ടിലെ ചൂടിനെക്കുറിച്ചും കറന്റ് കട്ടിനെക്കുറിച്ചും, ഗ്യാസ്കുറ്റി ആറാക്കി കുറച്ചതിനും സിനിമാടിക്കറ്റിനുവില കൂട്ടിയതിനെക്കുറിച്ചുമെല്ലാമുള്ള ദേഷ്യം കഴിഞ്ഞ ദിവസം കേട്ടതാണ്. പൊതുവേ ശാന്തനാണ് ജോസ്കുട്ടി. ഇന്നെന്താണാവോ പാവത്തിന്റെ പരാതി. "എന്നാ പറ്റി ജോസുട്ടി?. ഇന്നലേം കറന്റില്ലാരുന്നോ?"

"ഓ അതൊന്നും അല്ല ചേച്ചി. ഞാന്‍ ആറ് മണിക്ക് വന്നതാ..നമ്മടെ, ഇട്ടാവട്ടം കുട്ടന്റെ ഒരു നോവല്‍ ഇന്ന് ടൈപ്പ് സെറ്റ് ചെയ്തു തീര്‍ത്ത് കൊടുക്കണം. ഞങ്ങള്‍ മൂന്നു പേരാ രണ്ടു മൂന്നു ദിവസമായി ഇതിനിട്ടു പണിയുന്നു. നിങ്ങടെ അമേരിക്കയില്‍ നിന്നും വന്ന ഒരു സാറിനു നാളെ കഴിഞ്ഞു തിരിച്ചു പോകേണ്ടിയതാ. അതിനു മുന്‍പ് റെഡിയാക്കണം. ഇന്നലെ ഞാന്‍ ഇവിടുന്നു പോയപ്പോള്‍ ഒരു നേരമായി. ബസ് കിട്ടി ചെന്നപ്പോള്‍ പാതിരാ ആയി. എന്നിട്ട് വെളുപ്പിനെ ഓടി വന്നിരിക്കുവാ. പണി തീര്‍ക്കാന്‍....'

അവന്‍ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു നിര്‍ത്തി.

"അമേരിക്കയില്‍ നിന്നും വന്ന സാറോ? അതാരാടാ ജോസൂട്ടി?' എനിക്ക് സ്ത്രീ സഹജമായ ഒരു ജിജ്ഞാസ.

"ഓ ചേച്ചി അറിയുവാരിക്കും. പുള്ളി വലിയ എഴുത്തുകാരനല്ലേ. അമേരിക്കയോ കാനഡയോ ആ ആര്‍ക്കറിയാം. നിങ്ങടെ അവിടെയങ്ങാണ്ടാണെന്നാ തോന്നുന്നെ.

ജോസുട്ടി പെട്ടെന്ന് നിര്‍ത്തി... പറയാന്‍ വന്നത് പാതി വിഴുങ്ങിയത് പോലെ. "ആരാ അയാള്‍ ഞാന്‍ അറിയുമായിരിക്കും. നീ പേര് പറ. എനിക്ക് ജിജ്ഞാസ അടക്കാന്‍ കഴിയുന്നില്ല.

"ഓ, ചേച്ചീ വെളിയില്‍ പറയല്ല്. അല്ല, ചേച്ചി അങ്ങനെ ചെയ്യുവേലെന്നെനിക്കറിയാം. എന്നാലും പറയുവാ. ഈ കടേടെ മൊതലാളി പറഞ്ഞതാ. ഈ ...സാറ്, നമ്മടെ ഇട്ടാവട്ടത്തിന് രണ്ടു മൂന്നു ലക്ഷം രൂപ പുളിങ്കുരു പോലെ എണ്ണിക്കൊടുത്തിട്ടാ സാധനം വിമാനം കയറ്റുന്നതെന്ന്. ഈ സാറ് എല്ലാ വര്‍ഷവും വന്ന് ഇട്ടാവട്ടം ഒരു നോവല്‍ വാങ്ങിച്ചോണ്ട് പോകും. എന്ത് വേണ്ടി, ഇട്ടാവട്ടം ആ വകയില്‍ പെണ്‍ പിള്ളേരെ രണ്ടെണ്ണത്തിനെ കെട്ടിച്ചു. ഇപ്പം തെക്ക് കുറച്ചു സ്ഥലത്തിനു അഡ്വാന്‍സ് കൊടുത്തിട്ടിരിക്കുവാ. എല്ലാം ഈ സാറിന് എഴുതിക്കൊടുത്തു കിട്ടുന്ന കാശാ. അവന്‍ നിര്‍ത്താതെ പറയുകയാണ്.

എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ വെറുതെ മൂളി. അവന്‍ പറഞ്ഞ പേര് കേട്ട് ഞാന്‍ ശരിക്കും ഒന്ന് ഞെട്ടി. വളരെ വര്‍ഷങ്ങളായി. ഞാന്‍ അയാളുടെ കഥകള്‍ വായിച്ചിരുന്നു. മിക്കതും ഫലിതം നിറഞ്ഞ സറ്റയറുകള്‍ ആയിരുന്നു.

മൂന്നു കൊല്ലം മുന്‍പ് നാട്ടില്‍ ചെന്നപ്പോള്‍ നാട്ടിലെ ഒരു പ്രമുഖ മാസികയില്‍ അയാളുടെ ഒരു നോവല്‍ പ്രസിദ്ധീകരിക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ സന്തോഷിച്ചു. ഓ, ഇദ്ദേഹം ഇപ്പോള്‍ തമാശ എല്ലാം കളഞ്ഞു നോവല്‍ എഴുത്ത് തുടങ്ങിയോ? വായിച്ച ആദ്യ പേജു തന്നെ അത്ര ഗംഭീരം. ഇത്രയൊക്കെ എഴുതാന്‍ ഇദ്ദേഹം തെളിഞ്ഞല്ലോ എന്ന് അഭിമാനത്തോടെ ഓര്‍ക്കുകയും ചെയ്തു.

അപ്പോഴിങ്ങനെ ആണ് ഇയാള്‍ പ്രമുഖ നോവലിസ്റ്റ് ആയതല്ലേ. ഡോളര്‍ കൊടുത്ത് കൂലിക്കെഴുതിച്ചു. എനിക്ക് എന്തോ പോലെ തോന്നി.

ജോസ് കുട്ടി, തുടര്‍ന്നു. ബാക്ക് ഗ്രൗണ്ടില്‍ വാഹനങ്ങളുടെ വല്ലാത്ത ശബ്ദം. "നീ ആ ജനല്‍ ഒന്നടച്ചിട് ചെറുക്കാ. ഒന്നും കേള്‍ക്കാന്‍ കഴിയുന്നില്ല.

"അല്ലെന്റെ പോന്നു ചേച്ചി. ഞാന്‍ അറിയാന്‍മേലാഞ്ഞിട്ടു ചോദിക്കുവാ. ചേച്ചി ഈ നേരമില്ലാത്ത നേരത്ത് എന്നാത്തിനാ ജോലീം കഴിഞ്ഞേച്ചു വന്ന് ഈ എഴുത്ത് പണിക്കു പോകുന്നെ. ഞങ്ങടെ ഇവിടുത്തെ സാറിനോട് പറഞ്ഞാ പോരെ, ചേച്ചിക്ക് നല്ല മസാലദോശ പോലത്തെ ലേഖനങ്ങളും ഉള്ളിവട പോലത്തെ കഥേം നല്ല ഒന്നാന്തരം പയ്യന്മാരക്കൊണ്ട് എഴുതിച്ചു ഞങ്ങടെ സാറ് അങ്ങോട്ട് തരും. സാറിനൊരു ചെറിയ കമ്മിഷന്‍ കൊടുത്താല്‍ മതി. അല്ലാതെ, ചേച്ചി ചെയ്യുന്നതു പോലെ, കമ്പ്യൂട്ടറില്‍ എഴുതേം കൈകൊണ്ട് എഴുതി സ്കാന്‍ ചെയ്തും ഒന്നും മിനക്കെടേണ്ട. ആ നേരം ചേച്ചി ചേട്ടന്റെയും കൊച്ചുങ്ങളുടെയും പട്ടിടേം കാര്യം നോക്കി സമാധാനത്തില്‍ ഇരിക്ക്...ചേച്ചിക്ക് എഴുത്തുകാരിയായാ പോരെ? അവന്‍ എന്നെ കളിയാക്കാന്‍ തുടങ്ങി.

"പോടാ ചെറുക്കാ," അവന്റെ വര്‍ത്തമാനം കേട്ട് എനിക്ക് ദേഷ്യം വന്നു തുടങ്ങി. അവന്‍ വലിയ തമാശക്കാരനാന്നാ വിചാരം.

"ജോസുകുട്ടീ, ദെ ചുമ്മാ ആള്‍ക്കാരെ കുറിച്ച് ഇല്ലാത്തതു പറഞ്ഞൊണ്ടാക്കരുത്. "എടാ സത്യം പറ. നീ പറഞ്ഞതെല്ലാം ഒള്ളതാണോ? ഞാന്‍ അവനോടു ചൂടായി.

"എന്റെ പൊന്നു ചേച്ചീ..എങ്ങാണ്ട് കിടക്കുന്ന ഈ സാറിനെക്കുറിച്ച് കഥ ഒണ്ടാക്കീട്ടു എനിക്കെന്നാ കിട്ടാനാന്നെ? ഞാന്‍ ഒള്ള കാര്യമാ പറഞ്ഞെ. ഈ സര്‍ തന്നെയൊന്നുമല്ല, അമേരിക്കയില്‍ നിന്നും വേറെ എത്ര പേര്‍ക്ക് ഞങ്ങടെ സാറ് ഇങ്ങനെ, എഴുതിച്ചു കൊടുക്കുന്നുണ്ടോന്നറിയാമോ? ഇവിടെ പട്ടിണി കിടക്കുന്ന എഴുത്തുകാര്‍ക്ക് ഒരു വരുമാനോം ആകും. എനിക്ക് വല്ലോം എഴുതാന്‍ അറിയാരുന്നെ ഞാന്‍ കാശ് കുറെ ഒണ്ടാക്കിയേനെ?. അതെങ്ങനെ, എഴുതാന്‍ അറിയാന്‍മേലാത്തോന്റെ കൈയില്‍ കാശ് കൊടുക്കും.
എഴുത്ത് വേറെ ആമ്പിള്ളേരും ഏഴുതും. കാശോണ്ടേ എന്നാ വേണം. നോബല്‍ സമ്മാനം വരെ കിട്ടും. രഞ്ജിതിന്റെ സിനിമേലെ പ്രാഞ്ചിയേട്ടന്‍ ചെയ്തത് നമ്മള്‍ കണ്ടതല്ലെ. ഇതിപ്പം എല്ലാടത്തും പ്രാഞ്ചിയേട്ടന്മാരുടെ അയ്യരുകളിയാ ചേച്ചീ...വലിയ കാര്യമൊന്നുമല്ല.... അവനു ആകപ്പാടെ ഒരു നിരാശ.

ഞാന്‍ ടൈപ്പിങ്ങിനു കൊടുക്കുന്ന കാശ് പോരാന്നു അവന്‍ ധ്വനിപ്പിക്കുകയാണോ ? ഞാന്‍ മൂളി.

"എടാ, വേറെ ആരാടാ നിന്റെ സാറിന്റെ അമേരിക്കന്‍ കസ്റ്റമേഴ്‌സ്?'

ജോസ്കുട്ടി എറിഞ്ഞ കയറില്‍ ഞാന്‍ വീണ്ടും കയറി പിടിച്ചു. ഇതൊന്നും അറിഞ്ഞിട്ട് എനിക്ക് പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല. എന്നാലും ഈ കള്ളന്മാരും കള്ളികളും ആരാണെന്ന്് ഒന്നറിയാമല്ലോ? എന്റെ പരിചയത്തിലുള്ള വല്ലവരും ഉണ്ടോ ആവൊ?

ജോസുകുട്ടി അമേരിക്കയിലുള്ള ചിലരുടെ പേരുകള്‍ കൂടി പറയാന്‍ തുടങ്ങി. ഭാഗ്യം ലിസ്റ്റില്‍ സ്ത്രീകളില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ വര്‍ഗത്തിന് നാണക്കേടായേനെ, എനിക്കും.

"ഓ, പിന്നെ ഒരു സാറോണ്ട്, ആ സാറിന് വര്‍ഷത്തില്‍ അഞ്ചോ ആറോ ലേഖനങ്ങളും മൂന്നാല് കഥേം മതി. അത് പുള്ളിക്കാരന്‍ അവധിക്കു വരുന്നതിനു മുമ്പേ ഞങ്ങള്‍ റെഡിയാക്കി വെയ്ക്കും...രേന്നാ സാറിന്റെ പേര് ...ത്താ സാറിന്റെ വീട്...'! അവന്‍ പേര് പറഞ്ഞു. ആ പേര് കേട്ടു ഞാന്‍ ഞെട്ടാന്‍ പോയില്ല. കാരണം അദ്ദേഹത്തിനെ കുറിച്ച് എനിക്ക് നേരത്തെ സംശയം തോന്നിയിരുന്നു. എന്തോ എനിക്കങ്ങനെ തോന്നി. കാരണം, അദ്ദേഹം അമേരിക്കയിലെ ഒരു വിഷയവും ഇത് വരെ എഴുതി ഞാന്‍ വായിച്ചിട്ടില്ല, ഇവിടെ വിഷയങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. എന്ത് മാത്രം കാര്യങ്ങള്‍ ഇവിടുത്തെക്കുറിച്ച് കിടക്കുന്നു. പക്ഷെ, ഈ മഹാന്‍ എപ്പോഴും പുരാണങ്ങളെക്കുറിച്ചും, കഴിഞ്ഞ നൂറ്റാണ്ടിലെ മഹാന്മാരെക്കുരിച്ചും, സാമുഹിക പരിഷ്കര്‍ത്താക്കളെക്കുറിച്ചും മാത്രമേ എഴുതി കണ്ടിട്ടുള്ളു.

"എന്തരോ എന്തോ? എന്നാലും കൂലി കൊടുത്തു എഴുതിയത് വാങ്ങിച്ചു നമ്മുടെ പേരില്‍ അച്ചടിപ്പിക്കും?  ജോസ്കുട്ടി തുടര്‍ന്നു. "ഓ എന്നാലും എടാ ഇത് എന്നാ ഒരു എടപാടാ, ജോസുകിട്ടി? എന്റെ ജിജ്ഞാസ കണ്ട്് ജോസ്കുട്ടിക്ക് ഉത്സാഹമായി.

"അതെ ചേച്ചി ഇത് വല്ലാത്തൊരു ഇടപാട് തന്നെയാ. "ചേച്ചിക്കിവിടെ നടക്കുന്ന കളികള്‍ വല്ലോം അറിയാമോ? അറിഞ്ഞാല്‍ ചേച്ചി ഞെട്ടും. എന്റെ ചേച്ചി ഇതൊക്കെ, ഇവിടുത്തെ വലിയ വലിയ സാഹിത്യകാരന്മാര്‍ക്കെല്ലാം അറിയാം. അവരാരും ഇതിനൊന്നും എതിരെ ഒരക്ഷരം പറയാറില്ല...കാരണം ഇങ്ങനെ ഡോളര്‍ കൊടുത്ത് കഥ വാങ്ങിക്കാന്‍ അവിടുന്ന് വരുന്ന ചേട്ടന്മാരൊക്കെയാണ്, ഈ വലിയ വലിയ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും ഇടക്കെല്ലാം അമേരിക്ക, ജപ്പാന്‍, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ് എല്ലാം കാണിക്കാന്‍ വിസയും ടിക്കറ്റും എടുത്തു കൊണ്ട് വരുന്നെ. അതുകൊണ്ട് അവരാരും ഇതിനെതിരെ ഒരക്ഷരം പറയത്തില്ല. '

ഉം ഞാന്‍ മൂളി എന്നാലും എന്റെ ദൈവമേ സാഹിത്യത്തിലും ഈ തരാം കള്ള നാണയങ്ങളോ...?

"ചേച്ചി ഞാന്‍ പോട്ടെ കേട്ടോ, ചേച്ചിടെ ആര്‍ട്ടിക്കിള്‍ ഞാന്‍ ടൈപ്പ് ചെയ്തു ഇന്ന് തന്നെ അയച്ചു തന്നേക്കാം.'

ഞാന്‍ ഫോണ്‍ വെച്ചു. കേട്ട കാര്യങ്ങള്‍ ഒന്നും എനിക്കത്ര വിശ്വാസമായിരുന്നില്ല. അപ്പോളാണ്, ഞാന്‍ കഴിഞ്ഞ വര്‍ഷം നാട്ടില്‍ പോയപ്പോള്‍ എന്റെ ഒരു കൂട്ടുകാരി പറഞ്ഞ വിവരം ഓര്‍ത്തത്. അന്ന്് ഞാന്‍ അവള്‍ അത് പറഞ്ഞപ്പോള്‍ വിശ്വസിച്ചില്ല. ഇന്നിപ്പോള്‍ ജോസുകുട്ടി പറഞ്ഞ കാര്യങ്ങളുമായി ചേര്‍ത്തു വെച്ചു വായിക്കുമ്പോള്‍, അവള്‍ പറഞ്ഞത് സത്യം തന്നെയായിരിക്കുമെന്ന്് എനിക്ക് മനസിലാവുന്നു.

അവള്‍ പറഞ്ഞ വിവരങ്ങള്‍ ഇങ്ങനെ.

കേരളത്തിലെ പ്രമുഖനായ ഒരു സാഹിത്യ പ്രഭൃതിയുടെ പേരില്‍ നാട്ടിലെ ചില പ്രശസ്ത പ്രസിദ്ധികരണങ്ങളില്‍ നീണ്ട കഥകള്‍ വരാറുണ്ട്, പക്ഷെ, അതിന്റെ തുടക്കവും, ഒടുക്കവും സാഹിത്യകാരന്‍ എഴുതി വളര്‍ന്നു വരുനന എഴുത്തുകാരികളെ ഏല്പ്പിക്കും. ഇടക്കുള്ള പത്തോ പന്ത്രണ്ടോ ചാപ്റ്ററുകള്‍ എഴുതുന്നത് ഈ ഇടനിലക്കാരികളാണ് പോലും. പേരും കാശും മുഖ്യനും നക്കാപ്പിച്ച പോലെ കുറച്ചു കാശ് ഇത് പോലെയുള്ള നവ മുകുളങ്ങള്‍ക്കും കിട്ടും. എനിക്കന്നു ആ കഥ ഒട്ടുമേ വിശ്വാസമായി തോന്നിയിരുന്നില്ല.

എന്തെല്ലാം തരം കള്ള നാണയങ്ങളെ ജീവിതത്തിന്റെ എല്ലാ തുറകളിലും കാണുന്നു. പക്ഷെ സാഹിത്യ ലോകത്ത്, ഈ തരം കള്ളത്തരങ്ങള്‍ നടക്കുന്നു എന്നത്, എഴുത്തില്‍ വെറും തുടക്കക്കാരിയായ എനിക്ക് സങ്കല്പ്പിക്കാനേ കഴിയുന്നില്ല. പക്ഷെ, വിശ്വസനീയമായ സ്രോതസുകളില്‍ നിന്നും അറിയുന്ന ഈ തരം സത്യങ്ങള്‍ എന്റെ എല്ലാപ്രതീക്ഷകളെയും കാറ്റില്‍ പറത്തുന്നു. ഈതരം വാര്‍ത്തകള്‍ എങ്ങനെ വിശ്വസിക്കാതെയിരിക്കും. എന്നാല്‍ എല്ലാ മേഖലയിലെയും ഉള്ളതുപോലെ തന്നെ, ഭൂരിപക്ഷം പേരും സത്യസന്ധരാണല്ലോ എന്നുള്ള സത്യം ആശ്വാസത്തിന് വക തരുന്നു. സത്യമേവ ജയതേ....
(
മലയാളം പത്രത്തില്‍ തത്സമയം പംക്തിയില്‍ പ്രസിദ്ധീകരിച്ചത്)
സാഹിത്യത്തിലെ കള്ളനാണയങ്ങള്‍ (മീനു എലിസബത്ത്)
Join WhatsApp News
Suresh Nellikode 2013-10-22 06:26:51
ഈയിടെ ഒന്നു രണ്ടു പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ എനിക്കീ സംശയം തോന്നി. പിന്നെ, 'നല്ല കവിതകള്‍' എഴുതി 'പ്രശസ്ത'നായ ഒരാളെ എനിക്കറിയാം.

ഗോസ്റ്റുകളും ജിവിക്കേണ്ടേ! അവര്‍ക്കും പണം വേണ്ടേ? 
A.C.George 2013-10-22 10:32:44

“Sahithythila Kallananayangal”. Well done Ms. Meenu Elizabeth. Even though this is not new, sometimes it is good to point out this type of literary fakes (Kallananayangal). Some of them periodically get literary and meritorious awards also. Some of them regularly write editorials, regular columns etc.

We can see many fake literary circuses here. Since you are a female writer people will not criticize you much and somehow you can tell the truth. But people like me cannot write much without facing ……..?. Any way Ms. Meenu, even though your article is little long, I appreciate your writings. Please continue writing about this subject.

 

 

Babu V 2013-10-22 15:25:19
ജോസുകുട്ടി അമേരിക്കയിലുള്ള ചിലരുടെ പേരുകള്‍ കൂടി പറയാന്‍ തുടങ്ങി. ഭാഗ്യം ലിസ്റ്റില്‍ സ്ത്രീകളില്ല. ഉണ്ടായിരുന്നെങ്കില്‍ എന്റെ വര്‍ഗത്തിന് നാണക്കേടായേനെ, എനിക്കും. ......

എഴുത്തുകാരി അറിഞ്ഞില്ല എന്നതുകൊണ്ട് സ്ത്രീകളും ഇതിൽ പെടില്ല എന്ന് വരില്ല . അമേരിക്കയിലെ ചില പെണ്ണെഴുത്തുകാരും ഇക്കാര്യത്തിൽ അത്ര പുറകിലല്ല എന്നത~ വാസ്തവം . എഴുതിക്കൊടുത്തവർ തന്നെ പറഞ്ഞിട്ടുള്ളതാണ്‍~. എന്തേ ഡോളർ കൈക്കുമോ? 
വിദ്യാധരൻ 2013-10-23 20:13:29
പണ്ടൊരുത്തൻ ഒരിടത്ത് 
ഉണ്ടായിരുന്നൊരു കള്ള നാണയം 
കട്ടെടുത്തു ഒരിക്കലൊരു തിണ്ണയിൽ  നിന്നവൻ 
വെട്ടി തിളങ്ങുന്ന കിണ്ണമൊരെണ്ണം 
ഒളിപ്പിച്ചവനാ കിണ്ണം ഉടൻ അവന്റെ 
ഉടുപ്പിന്റെ ഉള്ളിൽ ആരുമേ കാണാതെ 
നടന്നു അകന്നു എന്നിട്ടവൻ മാന്യനായി
തലയും ഉയർത്തി പിടിച്ചു അറിയാത്ത പോൽ 
അല്ലപ്പ ദൂരം മണ്ടി കഴിഞ്ഞപ്പോൾ 
വന്നൊരുത്തൻ എതിരെ നിന്ന് 
ഒന്ന് നോക്കി ചിരിച്ചിട്ടുടൻ 
വന്ന വഴിയെ പോയാ വഴിപോക്കൻ 
വന്നു പിന്നെയും വഴിപോക്കർ 
വന്നവർ ഒക്കെ ചിരിച്ചിട്ട് പോയി 
എന്തെടാ ഇവരൊക്കെ 
എന്നെ നോക്കി ചിരിപ്പെതെന്നായി കള്ളൻ 
കണ്ടതാവാം ഇവരൊക്കെ ഞാനാ 
കിണ്ണം മോഷ്ടിപ്പതെന്നു സംശയമായി
പിന്നവൻ വന്ന വഴിപോക്കനെ 
മുന്നിൽ കേറി തടഞ്ഞു നിർത്തി 
ചൊല്ലുക വഴിപോക്കാ എൻ  മുഖം നോക്കി 
കിണ്ണം കട്ടവൻ എന്ന് പറയുമോ കണ്ടാൽ?
അമ്പെട പെരും കള്ളാ ഭയങ്കരാ 
എടുക്കടാ എന്റെ കിണ്ണം ഉടൻ തന്നെ 
പല നാൾ കള്ളൻ ഒരു നാൾ അകത്താകും 
മോഷ്ടിച്ച കഥകളും കാവ്യവുമായി 
വിലസുന്നു പല തിരുടരും ഇവിടൊക്കെ 
കൂട്ടിനായ് വ്യാജ ബിരുതങ്ങളും 
കൂടാതെ പ്ലാക്കും  പൊന്നാടയും വേറെ
സരസ്വതി ദേവി വരുമോ നീ  ഉടൻ തന്നെ 
പിടികൂടാനീ  കള്ള നാണയ തിരുടരെ 
Mary Mathew Muttathu 2022-03-08 11:36:42
All these are ongoing I heard of this long time ago But what can we do .All are business in this world even in medical field and I think it will go on with no matter .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക