Image

തേന്‍ കണങ്ങള്‍, തേന്‍ കെണികളാകുമ്പോള്‍ (കവിതാ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Published on 23 October, 2012
തേന്‍ കണങ്ങള്‍, തേന്‍ കെണികളാകുമ്പോള്‍ (കവിതാ നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)
വടക്കന്‍പാട്ടുകളിലെ വീരനായകന്‍ തച്ചോളി ഒതേനന്‍ ഒരു സ്വ്‌പ്‌നം കണ്ടു. കണ്ടത്‌ സൗന്ദര്യധാമമായ കുങ്കിയേയോ പ്രേമഭാജനം കുഞ്ഞികന്നിയേയോ അല്ല മറിച്ച്‌ ഇയാന്‍ ഫ്‌ളെമിംഗ് എന്ന എഴുത്തുകാരന്‍ അനശ്വരനാക്കിയ അദ്ദേഹത്തിന്റെ കഥാപാത്രം ജെയിംസ്‌ ബോണ്ടിനെ. വടക്കന്‍ പാട്ടുകളിലെ നായികാ-നായകന്മാരൊക്കെ സ്വപ്‌നം കണ്ടിരുന്നു. ഊണു കഴിഞ്ഞുറക്കമായ ഉണ്ണിയാര്‍ച്ചയും ഉറക്കത്തില്‍ സ്വപ്‌നം കണ്ടു എന്നു പാട്ടുണ്ടാക്കിയവര്‍ പറയുന്നുണ്ട്‌. എന്നാല്‍ കാവിലേ പൂരമോ, പൂഴിക്കടകന്‍ പോലെയുള്ള അടവുകളോ, അല്ലെങ്കില്‍ ചുറ്റിലുമുള്ള സുന്ദരിമാരേയോ കാണുന്നതിനു പകരം ഒതേനന്‍ കാണുന്ന സ്വപ്‌നം ഒരു സായിപ്പിനെയാണ്‌. ഒതേനനു സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത ജെയിംസ്‌ ബോണ്ടിനെ സ്വപ്‌നത്തില്‍ കാണിച്ചുകൊടുത്തത്‌ അമേരിക്കന്‍ മലയാളികളുടെ പ്രിയ കവി ഡോക്‌ടര്‍ കുഞ്ഞാപ്പു അദ്ദേഹത്തിന്റെ `തേന്‍ കെണികള്‍' എന്ന കവിതയിലാണ്‌ (കവിത വായിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോകുക) . സ്വപ്‌നങ്ങളില്ലാത്ത ജീവിതത്തിന്റെ ദാരിദ്ര്യം ചിന്തിക്കാന്‍ കൂടി ഭയാനകമാണെന്ന്‌ അമേരിക്കന്‍ കവിയിത്രിയും, കഥാകൃത്തും, നോവലിസ്‌റ്റുമായ സില്‍വിയ പ്ലാത്ത് പറഞ്ഞിട്ടുണ്ട്‌.. സ്വപ്‌നം കാണാത്ത മനുഷ്യരില്ല. അതേപോലെ എഴുത്തുകാരുടെ ഭാവനയ്‌ക്കും അതിരില്ല. അവര്‍ വേറൊരാളുടെ സ്വപ്‌നത്തെപ്പറ്റി നമ്മളോട്‌ പറയുന്നു. അതും അനക്രൊണിസത്തോടെ.(Anachronism) കാലഘട്ടങ്ങളുടെ വിടവ്‌ സ്വപ്‌നങ്ങളെ ബാധിക്കുന്നില്ല.സ്വപ്‌നത്തില്‍ എല്ലാവരേയും ഒരുമിച്ച്‌ കാണുന്നു, മരിച്ചവരും, ജീവിച്ചിരിക്കുന്നവരും, അകലേയും അടുത്തുമുള്ളവരും, ഒരു ഇന്ദ്രജാലം പോലെ.

ഈ സ്വ്‌പനം ഒരു ഇന്ദ്രജാലമല്ലെന്ന്‌ കവി വ്യക്‌തമാക്കുന്നുണ്ട്‌. കറുപ്പും വെളുപ്പുമായി വേര്‍തിരിക്കപ്പെട്ടിട്ടുള്ള ഇന്ദ്രജാലങ്ങളെ സ്വപ്‌നങ്ങള്‍ എപ്പോഴും വെട്ടിക്കുന്നുവെന്നും നമ്മള്‍ കവിതയില്‍ നിന്നും മനസ്സിലാക്കുന്നു. അതുകൊണ്ടാണ്‌ അണിഞ്ഞൊരുങ്ങി പോകുന്ന ഒരു പെണ്ണിനെ നോക്കി നിന്ന ഒതേനനെകൊണ്ട്‌ കവി ജെയിംസ്‌ ബോണ്ടിനെ സ്വപ്‌നം കാണിക്കുന്നത്‌. ഒതേനന്‍
അഞ്ജന കണ്ണെഴുതിയ ഏതൊ സുന്ദരിയുടെ വായില്‍ നോക്കുന്നു. പൊന്‍കാപ്പണി കൈകളാല്‍ സൈ്വര്യം കെട്ടിവരിഞ്ഞ്‌ നിര്‍ത്തിയിരിക്കുന്നത്‌ നോക്കി നെടുവീര്‍പ്പോടെ ശ്രീകുമാരന്‍ തമ്പി എഴുതിയ `ഹൃദയവതി നിന്‍ മധുരവനത്തിലെ മലര്‍വാടം ഒരു വട്ടം തുറക്കുകില്ലെ, അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാനനുവാദം തരുകില്ലെ' എന്ന്‌ ഉരുവിടുന്നു. മധുകണങ്ങള്‍ (തേന്‍ കണങ്ങള്‍) പൊഴിയുന്നത്‌ നോക്കി വെള്ളമൊലിപ്പിച്ച്‌ കൊതിയോടെ കാത്ത്‌ നില്‍ക്കുന്ന ഒതേനന്‍. അങ്കത്തട്ടില്‍ കളരിപയറ്റുകളുടെ മികവ്‌ കാട്ടി എതിരാളിയെ തോല്‍പ്പിക്കുന്ന വീരന്‍ കാമബാണങ്ങളേല്‍ക്കുമ്പോള്‍ തളര്‍ന്നു പോകുന്നു. വടക്കന്‍ പട്ടിലെ നായകന്മാര്‍ക്കൊക്കെ സുന്ദരിമാര്‍ ഒരു ദൗര്‍ബല്യമാണ്‌. തുളുനാടന്‍ കോട്ടയിലെ കണ്ടര്‍ മേനോന്‍ ഓമല്ലൂര്‍ കാവില്‍ ഉത്സവം കാണാന്‍ ഒരുങ്ങിപോകുന്ന മാതുവിനെ കണ്ട്‌ കമ്പം കേറി അവളെ തട്ടികൊണ്ട്‌ പോയി. പ്രേമവീര്‍പ്പില്‍ പാലാട്ട്‌ കോമന്‍ പ്രണയിനിയുടെ കാര്‍കൂന്തലിനുള്ളില്‍ മറഞ്ഞ്‌ നിന്നു. ചന്ദനലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ -ആറ്റുമണമേലെ ഏതൊ വടക്കിനിയുടെ കോലായില്‍ നിന്നു അങ്ങനെ ഒരു വീരന്‍ പാടുന്നതു നമ്മള്‍ കേള്‍ക്കുന്നു. അങ്ങനെ ലലനാമണികളെ കണ്ടാല്‍ നിക്കക്കള്ളിയില്ലാത്ത വീരനായനായകന്മാരില്‍ ഒരാളാണ്‌ നമ്മുടെ ഒതേനന്‍ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ആലിലതാലി ചാര്‍ത്തിയ അഴകുള്ള അംഗനയുടെ ആലില വയറ്റിലേക്ക്‌ ഉല്‍ക്കടമായ ആഗ്രഹത്തോടെ ഒതേനനന്‍ കണ്ണെറിഞ്ഞ്‌ നിന്നു. പ്രേമബന്ധങ്ങളില്‍, ശരിയായി പറഞ്ഞാല്‍ കാമാവേശബന്ധങ്ങളില്‍ തട്ടികൊണ്ട്‌പോകല്‍, ചതി, പരിണയം, പരാതി, വട്ടംചുറ്റിക്കല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറാറുള്ളത്‌കൊണ്ട്‌ കവി ഇവിടെ പറയുന്നു `ഒതേനന്‍ സ്വന്തം കുടവയര്‍ തടവി നിസ്സഹായനായി നിന്നുവെന്നു. തേനീച്ചകള്‍ വിതക്കുന്നത്‌ മനുഷ്യന്‍ കൊയ്‌തെടുക്കുന്നതാണ്‌ തേന്‍. അത്‌ ചതിയാണു. ഇവിടെ തേനിന്റെ മാധുര്യമുള്ള നവലാവണ്യം ഒതേനനെ ഉന്മത്തനാക്കുന്നു. അവള്‍ തീര്‍ക്കുന്ന മാസ്‌മരവലയങ്ങളുടെ മാന്ത്രികതയില്‍ അയാള്‍ക്ക്‌ മോഹാലസ്യം വരുന്നു. ഒതേനന്‍ ചതിയില്‍ വീഴുമെന്ന്‌ മനസ്സിലാക്കുന്ന കവി അപ്പോഴാണ്‌ ഒതേനന്റെ സഹായത്തിനു ജെയിംസ്‌ ബോണ്ടിനെ അയക്കുന്നത്‌. ചാരപ്രവര്‍ത്തിക്കാരുടെ തേന്‍-കെണികളില്‍ (honey-traps)എളുപ്പം ആരും വീണുപോകും. സുന്ദരിമാര്‍ അവരുടെ ആകര്‍ഷകവലയത്തില്‍ ആളുകളെ പെടുത്തി രഹസ്യങ്ങള്‍ ചോര്‍ത്തുന്നു. ഒന്നാം ലോക മഹായുദ്ധത്തില്‍ ഫ്രെഞ്ചുകാര്‍ അറസ്റ്റ്‌ ചെയ്‌തു വെടിവച്ചു കൊന്ന മാതാഹരിയാണ്‌ ചാര പ്രവര്‍ത്തികാരുടെ ചരിത്രത്തില്‍ ഏറ്റവും ശ്രദ്ധേയയായിട്ടുള്ളത്‌. ഇവിടെ തുളുനാടന്‍ പട്ടുടുത്ത, കവിളില്‍ മഞ്ഞള്‍ തേച്ച, കൈതപൂ മുടിയില്‍ ചൂടിയ ഒരു പാവം പെണ്ണാണു ഒതേനന്‍ എന്ന വീരനെ കുടുക്കാന്‍ നോക്കുന്നത്‌.

പൗരുഷത്തിന്റെ പ്രതീകമായിട്ടാണ്‌ു ജെയ്‌ംസ്‌ ബോണ്ട്‌ എന്ന കഥാപാത്രത്തെ നമ്മള്‍ അറിയുന്നത്‌. ദിവസം അറുപത്‌ സിഗരറ്റുകള്‍ വലിച്ചു തള്ളുന്ന, വോഡ്‌ക മാര്‍ട്ടിനി ഇളക്കാതെ കുലുക്കി കുടിക്കുന്ന അദ്ദേഹം സുന്ദരിമാരുടെ വലയില്‍ വീഴാതെ അവരെ തന്റെ വലയില്‍ വീഴ്‌ത്തിയിരുന്നു. വശ്യ-ഔഷധവുമായി (Love-potion ) വന്നവരെയെല്ലാം അതു അവരെകൊണ്ട്‌ തന്നെ കുടിപ്പിച്ച്‌ തന്റെ ആഗ്രഹംങ്ങള്‍ സാധിച്ചു. ഒതേനന്റെ അവസ്‌ഥ മനസ്സിലാക്കി അദ്ദേഹത്തോട്‌ ഗൃഹപാഠം ചെയ്യാന്‍ ബോണ്ട്‌ ഉപദേശിക്കുന്നു. വീട്ടില്‍ നിന്നിറങ്ങുന്നതിനു മുമ്പ്‌ ഗൃഹപാഠം ചെയ്യുക എന്നാല്‍ സ്വയം കരുത്തനാകുക എന്നാണ്‌. പരിസരങ്ങളേയും അവസരങ്ങളേയും ധീരതയോടെ അഭിമുഖീകരിക്കാനും അവയെ ജയിക്കാനുമുള്ള കരുത്ത്‌ മുന്‍കൂട്ടി കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ സാധിക്കും.. അതില്ലെങ്കില്‍ ചൂട്‌ തട്ടിയ വെണ്ണ പോലെ എളുപ്പം ഉരുകിപോകും. ഒതേനന്റെ അവസ്‌ഥ സ്വഭാവികമാണ്‌. മുന്നില്‍ കണ്ട മനം മയക്കുന്ന ഒരു മോഹിനിയെ പിന്തുടരുകയെന്ന പ്രക്രുതിസഹജമായ ഒരു നിര്‍ദ്ദോഷ കര്‍മ്മം. പക്ഷെ മിന്നുന്നതെല്ലാം പൊന്നല്ല എന്ന സൂചന ബോണ്ട്‌ കൊടുക്കുന്നു. പിന്നെ ബോണ്ട്‌ വളരെ യുക്‌തിപൂര്‍വ്വവും തികഞ്ഞ സഹാനുഭൂതിയോടും കൂടി പറയുന്നത്‌ എല്ലാവര്‍ക്കും പഴയ നിയമത്തിലെ ജോസഫാകാന്‍ കഴിയില്ലെന്നാണ്‌. അതിന്റെയര്‍ഥം ഒതേനന്നു മനസ്സിലാക്കാന്‍ വിഷമമായിരിക്കും .വിവേകം വികാരത്തിനു വഴിമാറി കൊടുക്കുന്ന പ്രായത്തില്‍ ജോസഫിനെ പോലെ ഒരു ഋഷിവര്യന്‍ ആകാന്‍ ബുദ്ധിമുട്ടാണ്‌. അല്ലെങ്കില്‍ തന്നെ സുന്ദരിമാരെ കണ്ടാല്‍ നക്ഷത്രങ്ങളുടെ നില നോക്കി പുത്രയോഗം കാണുന്നു എന്ന കളവ്‌ പറഞ്ഞ്‌ അവരെ കാമശമനത്തിനുപയോഗിക്കുന്നവരെ പ്പറ്റിയായിരിക്കും ഒതേനന്‍ കേട്ടിട്ടുണ്ടാകുക.

ജോസഫിന്റെ യജമാനത്തിക്ക്‌ അയാളില്‍ അഭിനിവേശം ജനിക്കുന്നുണ്ട്‌. തന്റെ ആഗ്രഹ നിവര്‍ത്തിക്കായ്‌ അവര്‍ ജോസഫിനെ പ്രലോഭിപ്പിക്കുന്നുണ്ട്‌. എന്നാല്‍ ജോസഫ്‌ വഴങ്ങുന്നില്ല. അപ്പോഴാണ്‌ കമനീയ കായകാന്തി കലരും ജനമിങ്ങനെ കമനി വിമുഖരായാല്‍ കഠിനമല്ലേ എന്ന്‌ പഴി പറഞ്ഞ്‌കൊണ്ട്‌ അവര്‍ അയാളുടെ വസ്ര്‌തത്തില്‍ കയറി പിടിച്ചത്‌. പക്ഷെ ജോസഫ്‌ ഓടി രക്ഷപ്പെട്ടു. അയാളുടെ വസ്ര്‌തത്തിന്റെ ഒരു തുണ്ട്‌ അവരുടെ കയ്യില്‍പ്പെട്ടു. അവര്‍ക്ക്‌ അവരുടെ സ്‌ത്രീത്വം അപമാനിക്കപ്പെട്ടപോലെ തോന്നിയത്‌ സ്വാഭാവികം. അവര്‍ ജോസഫില്‍ ബലാത്സംഗ കുറ്റമാരോപിച്ചു. ഇവിടേയും ചതി തന്നെ ആവര്‍ത്തിക്കുന്നു എന്നു പറയാനായിരിക്കും കവി ജോസഫിന്റെ ഉദാഹരണം കൊടുത്തത്‌. വല്ലവരും കാണുന്ന സ്വപ്‌നം വ്യാഖാനിക്കുന്ന സ്വഭാവവും ജോസഫിനുണ്ടായിരുന്നല്ലൊ.

മൂന്നു പുരുഷന്മാര്‍ ലൈംഗിക പ്രലോഭനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന്‌ ഇതില്‍ കാണാം. പ്രലോഭനങ്ങളുടെ ചതികുഴിയില്‍ വീഴാന്‍ പോകുന്ന ഒതേനന്‍, പ്രലോഭനങ്ങളുടെ ചതികുഴിയില്‍ വീഴാതെ അത്‌ കുഴിച്ചവരെ തന്നെ അതില്‍ വീഴുത്തുന്ന സമര്‍ഥനായ ബോണ്ട്‌, പ്രലോഭനങ്ങളെ ജയിച്ചിട്ടും ചതി കുഴിയില്‍ വീണ മരമണ്ടന്‍ ജോസഫ്‌. ഒതേനനും, ജോസഫും ചരിത്രപുരുഷന്മാരാണെന്ന്‌ കൂട്ടിയാല്‍ അവര്‍ക്ക്‌ മാനുഷികമായ വികാരദൗര്‍ബല്യം ഉണ്ടാകേണ്ടതാണ്‌. തന്നെ മോഹിച്ചടുത്തെത്തിയ സ്‌ത്രീയില്‍ നിന്നും ജോസഫ്‌ രക്ഷപ്പെട്ടു ഓടിയത്‌ ദൈവത്തെ ഭയന്നാണെന്ന്‌ പറയുന്നത്‌ മുഴുവന്‍ ശരിയാണോ എന്ന്‌ സംശയമുണ്ട്‌.. സെക്‌സ്‌ തന്നെ പാപമാണെന്നു പറഞ്ഞ്‌ വച്ചിരിക്കുന്നത്‌ ആരെങ്കിലും കാത്ത്‌ സൂക്ഷിച്ച കസ്‌തൂരി മാമ്പഴം മറ്റൊരാള്‍ കൊത്തി കൊണ്ട്‌ പോകണ്ടന്നു കരുതിയായിരിക്കും. അല്ലെങ്കില്‍ ജോസഫ്‌ പോട്ടിഫരിന്റെ ഭാര്യയെ സന്തോഷിപ്പിക്കുമായിരുന്നു. ജോസഫ്‌ അവരെ വെറുതെ വിടാന്‍ കാരണം അയാളുടെ യജമാന സ്‌നേഹമാണ്‌ ബഹുമാനമാണ്‌. ആ ബഹുമാനം അയാളുടെ മനസ്സില്‍ നിറഞ്ഞ്‌ നില്‍ക്കുമ്പോള്‍ അയാളുടെ മനസ്സില്‍ അടിമത്വം എന്ന ഭാവമാണ്‌. പുരുഷന്റെ ശക്‌തി നശിപ്പിക്കുന്ന വികാരങ്ങളാണ്‌ അടിമത്വവും, അപകര്‍ഷതാബോധവുമെല്ലാം. ജോസഫ്‌ ആഗ്രഹിച്ചാല്‍ തന്നെ അയാളുടെ ശരീരം വഴങ്ങാന്‍ വഴിയില്ല. അതറിഞ്ഞ്‌ അയാള്‍ ഓടിപോയതായിരിക്കും. ജെയിംസ്‌ ബോണ്ടാകട്ടെ ഒരു സങ്കല്‍പ്പ കഥാപാത്രമാണ്‌. പ്രലോഭനങ്ങളെ അതീജീവിക്കാന്‍ വേണ്ടിയാണു അയാളെ എഴുത്തുകാരന്‍ സ്രുഷ്‌ടിച്ചത്‌ തന്നെ.

ചതികുഴികളില്‍ വീഴാതിരിക്കാന്‍ ബോണ്ടിനെ മാതൃകയാക്കുന്നത്‌ നല്ലത്‌ എന്ന ധ്വനി കവിതയിലുണ്ട്‌. എല്ലാവര്‍ക്കും ജോസഫിനെപോലെ ആകാന്‍ പറ്റില്ലെന്നു പറയുമ്പോള്‍ ആ അഭിപ്രായം മനുഷ്യമനസ്സുകളുടെ ബലഹീനതയേയോ അതോ ദൈവ വചനങ്ങള്‍ പരിപൂര്‍ണമായി അനുസരിച്ചാലും മനുഷ്യര്‍ പ്രലോഭിക്കപ്പെടുമെന്ന വിവക്ഷയെയാണോ ഉദ്ദേശിക്കുന്നത്‌. ഇന്ദ്രിയാനുഭൂതികള്‍ പകരുന്ന സുഖമുപേക്ഷിക്കാന്‍ കാരണം ജോസഫ്‌ ദൈവ കോപം ഭയന്നത്‌ കൊണ്ടാണെന്നു വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടെ. ദൈവഭയത്തേക്കാള്‍ യജമാനനോടുള്ള ഭക്‌തിയാണ്‌ അയാളെ താല്‍ക്കാലികമായി ഷണ്‌ഡ്‌നാക്കിയതെന്ന്‌ സംശയിക്കാതിരിക്കാന്‍ നിവ്രുത്തിയില്ല ആ ഭക്‌തി തോന്നാനുള്ള കാരണം ദൈവവിശ്വാസമാകാം. എന്നാല്‍ ബോണ്ട്‌ തേന്‍ കെണികളില്‍ പെടാതെ തേന്‍ നുകര്‍ന്നു. ഗൃഹപാഠത്തിന്റെ ശക്‌തി. അതിന്റെ പേരു പ്രാര്‍ഥനയല്ലെന്നു നമ്മള്‍ മനസ്സിലാക്കുമ്പോള്‍ ദൈവ വചനവും പിടിച്ച്‌ വെറുതെ അവസരങ്ങള്‍ നഷ്‌ടപെടുത്തുന്നത്‌ കൊണ്ട്‌ എന്ത്‌ പ്രയോജനം എന്ന്‌ വായനക്കാരനെ ഈ കവിത ചിന്തിപ്പിക്കില്ലേ എന്ന ഒരു സംശയം തോന്നാവുന്നതാണ്‌.

ഡോക്‌ടര്‍ കുഞ്ഞപ്പു കവിയും ഒപ്പം ശാത്രജ്‌ഞനുമാണ്‌. അദ്ദേഹം മനുഷ്യമനസ്സുകളെ പഠിക്കുമ്പോള്‍ മനസ്സിലാക്കുന്ന കാര്യങ്ങള്‍ കാവ്യവിഷയമാകുന്നുണ്ട്‌. മനുഷ്യ മനസ്സുകളുടെ നിഗൂഢ സഞ്ചാരം എത്രയോ അത്ഭുതാവഹം. മൂന്നു വ്യത്യസ്‌ഥ പുരുഷ കഥാപാത്രങ്ങളിലൂടെ വളരെ ഋജുവായി ഒരു വലിയ ആശയം ഈ കവിതയില്‍ കവി പ്രകടിപ്പിച്ചിട്ടുണ്ട്‌. നന്മയുടെ വഴി തന്നെ ശ്വാശ്വതം. പക്ഷെ അതിലൂടെ നടക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല (ജോസഫിനെ പോലെ) അപ്പോള്‍ ബുദ്ധിയുപയോഗിക്കുക. (ഗൃഹപാഠം) വളരെ പ്രായോഗികമായ ഒരു അനുമാനമായി ഇതിനെ കണക്കാക്കാം.

ഡോക്‌ടര്‍ ജോയ്‌ ടി. കുഞ്ഞാപ്പുവിന്‌ അഭിനന്ദനങ്ങള്‍ !

കവിത വായിക്കാന്‍ ഈ ലിങ്കില്‍ പോകുക.

http://www.emalayalee.com/varthaFull.php?newsId=33233
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക