Image

പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി -ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 30 October, 2012
പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി -ഡോ.എന്‍.പി.ഷീല
മഹാഭാരതത്തിലും ദേവീഭാഗവതത്തലുമായി അത്രിമഹര്‍ഷിയുടെ ജീവിതവുമായി ബന്ധപ്പെട്ട ധാരാളം സംഭവങ്ങള്‍ കാണാം. അവയില്‍ പ്രധാനപ്പെട്ടവ ക്രോഡീകരിക്കാമെന്നു കരുതുന്നു.

ബ്രഹ്മാവിന്റെ മാനസപുത്ര
നാണ് അത്രിയെന്നാണ് വിശ്വാസം. സപ്തര്‍ഷികള്‍ എല്ലാവരും തന്നെ ബ്രഹ്മപുത്രന്മാരാണ്.(മഹാഭാരതം ശാന്തിപര്‍വ്വം, അദ്ധ്യായം 208) പ്രപഞ്ചമൂലമായ അഷ്ടപ്രകൃതികളിലൊന്നായും അത്രിക്കു സ്ഥാനമുണ്ട്.

അത്രിമഹര്‍ഷിയുടെ പുത്രനായി മഹാവിഷ്ണു ജനിച്ചതായി ദേവീഭാഗവതം നാലാം സ്‌കന്ധത്തില്‍ കാണുന്നു.

കശ്യപപുത്രനായ കശിപുവിന് ദേവന്മാരോട് കടുത്ത വിരോധമുണ്ടായിരുന്നു. മഹാപരാക്രമിയായ കശിപു ദേവാസുരയുദ്ധത്തില്‍ വധിക്കപ്പെട്ടു. തുടര്‍ന്ന് പ്രഹ്ലാദനും അതിനുശേഷം അദ്ദേഹത്തിന്റെ പുത്രന്‍ വിരോചനന്റെ മകന്‍ മഹാബലിയും ഇന്ദ്രനും തമ്മില്‍ കൊമ്പുകോര്‍ത്തു. മഹാവിഷ്ണു ഇന്ദ്രപക്ഷം ചേര്‍ന്നതിനാല്‍ അസുരപക്ഷം തോറ്റു. അസുരന്മാര്‍ ഗുരുവായ ശുക്രനെ അഭയം പ്രാപിച്ചു സഹായം തേടി. ശുക്രാചാര്യന്‍ സഹായവാഗ്ദാനം നടത്തി ശിവനില്‍നിന്ന് ശക്തിമത്തായ മന്ത്രം വാങ്ങുന്നതിന് ഹിമാലയത്തിലേക്കു യാത്രയായി. ഈ ഘട്ടത്തിലാണ് ഇന്ദ്രന്റെ രക്ഷകനായി നിന്നുകൊണ്ട് ശുക്രന്റെ ആശ്രമത്തിലെത്തി അദ്ദേഹത്തിന്റെ അമ്മയെ വധിച്ചു. ഭൃഗു മഹര്‍ഷി ഈ ക്രൂരതയില്‍ കോപിഷ്ഠനായി മനുഷ്യയോനിയില്‍ ജനിക്കട്ടെ എന്നു വിഷ്ണുവിനെ ശപിച്ചു. അങ്ങനെ അവതാരങ്ങല്‍ പലതുകടന്ന് ഒടുവില്‍ അത്രിപുത്രനായ ദത്താത്രേയനായി വിഷ്ണു അവതാരമെടുത്തു.

രാഷ്ട്രീയക്കാരിലും സാഹിത്യക്കാരന്മാരിലുമൊക്കെ അന്തര്‍വാഹിയായും ചിലപ്പോള്‍ പ്രകടമായും സ്പര്‍ദ്ധപോലെ വിശ്വാമിത്രനും വസിഷ്ഠനും തമ്മില്‍ സ്പര്‍ദ്ധ പുലര്‍ത്തിയിരുന്ന കാലത്താണ് വസിഷ്ഠപുത്രനായ ശക്തിയെ, കന്മാഷപാദനെന്ന രാജാവ് കാട്ടില്‍വച്ചു കണ്ടുമുട്ടിയത്. രാജാവ് മുനിപുത്രനോട് വേണ്ടത്ര ആദരവു കാണിച്ചില്ല. ശക്തി രാജാവിനെ ശപിച്ച് ഒരു രാക്ഷസനാക്കി. നരഭോജിയായ രാക്ഷസന്‍ ഒന്നാംകൈയ്ക്ക് ശക്തിയെത്തന്നെ ശാപ്പിട്ടു. വിശ്വാമിത്രന്‍ അതുതിന്ന് വസിഷ്ഠന്റെ നൂറുപുത്രന്മാരെയും ഒന്നൊന്നായി തിന്നൊടുക്കി. ദുഃഖിതനായ വസിഷ്ഠനും ശക്തിയുടെ ഗര്‍ഭിണിയായ ഭാര്യയും കൂടി ആശ്രമത്തില്‍ പാര്‍ത്തു വരവെ, ഗര്‍ഭിണിയായ അദൃശ്യാന്തി ഒരു പുത്രനെ പ്രസവിച്ചു. ആ പുത്രനാണ് വ്യാസന്റെ അച്ഛനായ പരാശരന്‍. തന്റെ അച്ഛനെ രാക്ഷസന്‍ ഭക്ഷിച്ചതറിഞ്ഞ പരാശരന്‍ രാക്ഷസകുലത്തെ ഉന്മൂലനാശം ചെയ്യാന്‍ രാക്ഷസയജ്ഞം നടത്തി. യജ്ഞം മൂര്‍ദ്ധന്യത്തിലെത്തിയപ്പോള്‍ അത്രിമുനി ചില മുനിമാരോടൊപ്പം ആശ്രമത്തിലെത്തി പരാശരനെ യജ്ഞത്തില്‍ നിന്നും പിന്തിരിപ്പിച്ച സംഭവം മഹാഭാരതം ആദിപര്‍വ്വത്തില്‍ വിവരിക്കുന്നുണ്ട്.

അത്രിയും ഭാര്യയും വനവാസത്തിനു പുറപ്പെട്ടപ്പോള്‍ മക്കള്‍ക്കും ശിഷ്യന്മാര്‍ക്കും പണം കൊടുത്തിട്ടുപോകാമെന്നു മുനിപത്‌നി ആഗ്രഹിച്ചെങ്കിലും പണമില്ലാതെ വിഷമിച്ചു. വൈന്യനെന്ന രാജാവിനെ കണ്ടു പണം ചോദിക്കാന്‍ ഭര്‍ത്താവിനെ അയച്ചു. അത്രി യാഗശാലയിലായിരുന്ന രാജാവിനെ സന്ദര്‍ശിച്ചു. സംസാരമധ്യേ വൈന്യനാണ് ആദ്യത്തെ രാജാവെന്ന അത്രിയുടെ പ്രശംസ രാ
ജാവിനു രസിച്ചില്ല. ഇന്ദ്രനാണ് ഒന്നാമനെന്നു രാജാവ് തര്‍ക്കിച്ചു. ഒടുവില്‍ തര്‍ക്കം മൂത്തു; തീര്‍പ്പു കല്പിക്കാന്‍ ഇരുവരും സനല്‍കുമാര മുനിയെ സമീപിച്ചു. മുനി ഗുരുവരെയും അനുരഞ്ജിപ്പിച്ചു തിരിച്ചയച്ചു. സന്തുഷ്ടനായ രാജാവ് അത്രിക്ക് യഥേഷ്ടം ധനം നല്‍കുകയും അത് പുത്രന്മാര്‍ക്കും ശിഷ്യഗണങ്ങള്‍ക്കും നല്‍കിയശേഷം ദമ്പതിമാര്‍ വനവാസത്തിനുപോയി.

ദേവാസുരയുദ്ധം ഒരു പതിവു സംഭവമാണല്ലൊ. ഒരിക്കല്‍ ഇങ്ങനെയൊരുയുദ്ധം നടക്കവെ, അസുരന്മാരുടെ അമ്പേറ്റ് സൂര്യചന്ദ്രന്മാര്‍ നിസ്‌തേജരായി; ഇതിനൊരു പരിഹാരം കണ്ടുപിടിക്കാന്‍ അത്രിമഹര്‍ഷിയെ ചുമതലപ്പെടുത്തി. സൂര്യചന്ദ്രന്മാരുടെ പ്രകാശമില്ലെങ്കിലത്തെ കഥ ഊഹിക്കാമല്ലൊ. ആശ്രിതവത്സലനായ അത്രി തന്റെ തപോബലംകൊണ്ട് ക്ഷണത്തില്‍ സൂര്യചന്ദ്രന്മാരായി മാറി പ്രഭവിതറി. ചന്ദ്രന്‍ ദേവന്മാര്‍ക്കു ശീതള പ്രകാശം നല്‍കി. സൂര്യന്‍ ഉഗ്രതാപം കൊണ്ട് അസുരന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
(തുടരും..)
പുരാണങ്ങളിലൂടെ തുടര്‍ച്ച- സപ്തര്‍ഷികള്‍ -1)അത്രിമഹര്‍ഷി -ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക