Image

അര്‍കന്‍സാ മലയാളികളുടെ സുഹൃദ്പുണ്യം - മീനു എലിസബത്ത്

മീനു എലിസബത്ത് Published on 29 October, 2012
അര്‍കന്‍സാ മലയാളികളുടെ സുഹൃദ്പുണ്യം - മീനു എലിസബത്ത്
തൊണ്ണൂറുകളുടെ അവസാനമെപ്പോഴോ ആണ്, ലിറ്റില്‍ റോക്കിലുള്ള ചില സുഹൃത്തുക്കളുമൊരുമിച്ചു ശനിയാഴ്ച പ്രഭാതങ്ങളില്‍ ഷാജി ആ റേഡിയോ പ്രോഗ്രാം തുടങ്ങിയത്. പ്രധാനമായും പാട്ടാണ് അതിലൂടെ കേള്‍ക്കുക. മലയാളം, തമിഴ്, ഹിന്ദി, സിഡികള്‍ സംഘടിപ്പിച്ച്, വിളിക്കുന്നവര്‍ക്ക് പാട്ടുവെച്ചു കൊടുക്കുകയാണ് പരിപാടി. അതിഥികളായി ചിലപ്പോള്‍ നാട്ടിലെയോ, അമേരിക്കയിലെയോ, പ്രശസ്തരും, പ്രമുഖരുമായ ചില വ്യക്തികളും കാണും.

പതിവുപോലെ ആ ശനിയാഴ്ച റേഡിയോ ഓണ്‍ ചെയ്തപ്പോള്‍ കേള്‍ക്കുന്നത്, ആരുടെയോ ഇംഗ്ലീഷ് ചുവയുള്ള മലയാളമാണ്. 'ഹേ, ഇതാരപ്പാ, ഇയാള്!!?? വര്‍ധിച്ച കൗതുകത്തോടെ ഞാന്‍ സംഭാഷണം ശ്രദ്ധിച്ചു.

കേരള കലാമണ്ഡലത്തെക്കുറിച്ചും, ചെറുതുരുത്തിയെക്കുറിച്ചും, എല്ലാം ആള്‍ വാ തോരാതെ സംസാരിക്കുന്നു. കൊള്ളാല്ലോ ?..ആഗ്രഹമുണ്ടായിരുന്നെങ്കിലും പ്രഭാതത്തിന്റെ തിരക്കില്‍ എനിക്ക് മുഴുവന്‍ സമയവും അത് കേട്ട് നില്ക്കാന്‍ കഴിഞ്ഞില്ല.

കുട്ടികള്‍ അന്നു പൊടികുഞ്ഞുങ്ങളാണ്. വീട്ടുപണി ധാരാളം. ശനിയാഴ്ചകളില്‍ എല്ലാവരും വീട്ടിലുള്ളതിനാല്‍ അതിന്റെ തിരക്കൊന്നു വേറെ.

പ്രോഗ്രാം കഴിഞ്ഞു വരുമ്പോള്‍ ഷാജിയുടെ കൂടെ ഒരു വിരുന്നുകാരന്‍. പരിചയപ്പെടുത്തുമ്പോള്‍ അദ്ദേഹം രണ്ടു കൈയും കൂപ്പി, വളരെ വിനയത്തോടെ നമസ്‌ക്കാരം പറഞ്ഞു. പേര് ഡോക്ടര്‍ റോള്‍ഫ് ഗ്രൊസുബക്ക്, മ്യൂസിക് പ്രൊഫസര്‍.

അന്ന് അദ്ദേഹത്തിന് ഏകദേശം അമ്പതു വയസോളം വരും. നാട്ടിലെ ബുദ്ധിജീവികളിടുന്ന നീളന്‍ ജൂബ്ബയും കറുത്ത പാന്റുമാണ് വേഷം. തോളില്‍ ഒരു തുണിസഞ്ചിയും കാതില്‍, കല്ല് കടുക്കനും, കഴുത്തില്‍ സ്വര്‍ണം കെട്ടിയ രുദ്രാക്ഷവും.

ഞാനും അദ്ദേഹത്തിന് കൈ കൂപ്പി നമസ്‌ക്കാരം പറഞ്ഞു. കുട്ടികളുമായി അദ്ദേഹം പെട്ടെന്ന് കൂട്ടായി. അവര്‍ നാലുപേരും കൂടി തപ്പിത്തടഞ്ഞ് മലയാളം പറയുന്നത് ചിരിയോടെ ഞങ്ങള്‍ കേട്ടു നിന്നു.

ഉച്ചയൂണിന് ചോറും കറികളും കൈ കൊണ്ട് വാരി വാരി ഉണ്ണുന്ന റോള്‍ഫിനെ ഒരു അത്ഭുത ജീവിയെ പോലെ കുട്ടികള്‍ നോക്കുന്നുണ്ടായിരുന്നു. അന്നു വരെ വീട്ടില്‍ ഡിന്നറിനു വന്നിട്ടുള്ള അമേരിക്കക്കാരായ അതിഥികളില്‍ നിന്നും റോള്‍ഫ് വ്യത്യസ്തനാണെന്ന് അവര്‍ക്ക് തോന്നിക്കാണും.

തീര്‍ച്ചയായും കേരളത്തെ ഇത്ര ഇഷ്ടപ്പെടുന്ന ഒരു വിദേശിയെ ഞങ്ങളും ആദ്യമായി കാണുകയായിരുന്നു. ഊണ് കഴിക്കുമ്പോള്‍ അദ്ദേഹം വാതോരാതെ ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്നു.

അങ്ങനെ ഞങ്ങളുടെ സുഹൃത്തായി മാറിയ ഡോക്ടര്‍ റോള്‍ഫിനെ പിന്നിട് പല മലയാളി, തമിഴ്, നോര്‍ത്ത് ഇന്ത്യന്‍ കൂട്ടുകാര്‍ക്ക് ഞങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തു.

ആ വര്‍ഷത്തെ ഞങ്ങളുടെ ഓണപ്പരിപാടിക്ക് ഡോക്ടര്‍ റോള്‍ഫിന്റെയും കൂട്ടുകാരുടെയും വീതം ചെണ്ടമേളം, തായമ്പക ഇവ ഉണ്ടായിരുന്നു.

എല്ലാവര്‍ക്കും മലയാളം, പറയുന്ന സായിപ്പിനെ വളരെ ഇഷ്ടപ്പെട്ടു. ഓണപ്പരിപാടികള്‍ക്കെല്ലാം അദ്ദേഹം കസവ് മുണ്ടും സില്‍ക്ക് ജൂബ്ബയും അണിഞ്ഞാണ് വരുന്നത്. വരുമ്പോള്‍ എല്ലാവരെയും പോലെ അദ്ദേഹവും, കലക്കി വെച്ചിരിക്കുന്ന ചന്ദനം നെറ്റിയില്‍ അണിയും. ഓണസദ്യക്കു പായസം ഇലയില്‍ ഒഴിപ്പിച്ച് കൈ കൊണ്ട് വടിച്ച് നക്കി കഴിക്കുന്ന അദ്ദേഹത്തെ കണ്ട് പലരും അത്ഭുതം കൂറി.

പാര്‍ട്ടികള്‍ക്ക് വരുമ്പോള്‍ സ്പൂണില്ലെങ്കില്‍ ചോറിറങ്ങാത്ത പല മലയാളി സായിപ്പന്മാരും അദ്ദേഹത്തെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു. ശെടാ, സായിപ്പ് കൈ കൊണ്ട് എത്ര വൃത്തിയായി ചോറുണ്ണുന്നു.!!..
അന്നു മുതല്‍ ഇന്ന് വരെ ലിറ്റില്‍ റോക്ക് മലയാളികളുടെയും മറ്റു ഇന്ത്യക്കാരുടെയും പരിപാടികളെല്ലാം അദ്ദേഹം തന്റെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.

കഴിഞ്ഞ പതിമൂന്നു വര്‍ഷവും അദ്ദേഹമായിരുന്നു അര്‍കന്‍സാ കേരള അസോസിയേ ഷന്റെ ഓണപ്പരിപാടിയില്‍ ചെണ്ടമേളത്തിന് പ്രധാന നേതൃത്വം കൊടുക്കുന്നത്, ക്രിസ്മസ് പരിപാടിയിലെ ക്രിസ്മസ് ഫാദറും മറ്റാരും ആയിരുന്നില്ല. കരോള്‍ പാടാനും പിയാനോ വായിക്കാനും അദ്ദേഹം മുന്നില്‍.

പിയാനോ വായനയുടെ അവസാനം ഓടിപ്പോയി, വേഷം മാറി, ക്രിസ്മസ് ഫാദറായി ഒരു ചാക്ക് നിറയെ മിഠായിയുമായി കുട്ടികള്‍ക്കിടയിലേക്കിറങ്ങി വന്നു ജിംഗിള്‍ ബെല്‍സ് പാടുന്ന റോള്‍ഫിനെ ലിറ്റില്‍ റോക്കുകാര്‍ക്ക് മറക്കാന്‍ കഴിയില്ല. ഞങ്ങളുടെ ഇരട്ടക്കുട്ടികളെ അദ്ദേഹം കുറെ നാള്‍ പിയാനോ പഠിപ്പിച്ചിരുന്നു.

അര്‍കാന്‍സായിലെ മലയാളികള്‍ മാത്രമല്ല, നോര്‍ത്ത് ഇന്ത്യന്‍സും, തമിഴരും, തെലുങ്കരും അടങ്ങുന്ന എല്ലാ സമൂഹവും ഡോക്ടര്‍ റോള്‍ഫിനെ, ഇന്ത്യന്‍ മ്യൂസിക് പെര്‍ക്കഷന് വിളിക്കുമായിരുന്നു. അങ്ങനെ, മലയാളികളുടെയും മറ്റ് ഇന്ത്യന്‍ വംശജരുടെയും പ്രിയപ്പെട്ടവനായി മാറിയ ഈ സായിപ്പിനെ എല്ലാവരും ഇഷ്ടപ്പെട്ടു. അവരിലൊരുവനായി അദ്ദേഹത്തെ, സ്‌നേഹിച്ചു, അംഗീകരിച്ചു....
എല്ലാവരും ആദ്യമൊക്കെ, തമ്മില്‍ തമ്മിലും, പിന്നിട് അദ്ദേഹത്തോടും ആ ചോദ്യം ചോദിച്ചു കൊണ്ടേ ഇരുന്നു...

'ഡോക്ടര്‍ റോള്‍ഫിന് എങ്ങിനെയാണ്, ഞങ്ങളുടെ നാടിനോട്, ഞങ്ങളുടെ പാട്ടിനോടും, ചെണ്ടയോടും തബലയോടും എല്ലാം ഇത്ര ഇഷ്ടം വരാന്‍ കാരണം...? 'അതെ.ഞാനും ആദ്യം അദ്ദേഹത്തെ പരിചയപ്പെട്ടപ്പോള്‍ ചോദിച്ചതും ആ ചോദ്യമായിരുന്നു...എങ്ങനെയാണ്, താങ്കള്‍ക്ക് കേരളവുമായി ഇത്ര ഒരു ആത്മബന്ധം.?


അദ്ദേഹത്തിന്റെ കഥ ഇങ്ങനെ. 1957 ഡിട്രോയിറ്റ് , മിഷിഗന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ആയിരുന്ന ബൈറന്‍ ഗ്രോസ്ബര്‍ക്കിന്റെയും അവിടത്തെ ലോക്കല്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ആയിരുന്ന ശ്രീമതി, ലൂയിസിന്റെയും രണ്ടാണ്‍മക്കളില്‍ മൂത്തവന്‍ ആയിരുന്നു റോള്‍ഫ്. സഹോദരന്‍ മിച്ചിഗനിലെ ഒരു സ്‌കൂള്‍ ടീച്ചര്‍ ആയി ജോലി ചെയ്യുന്നു.

ചെറു പ്രായത്തിലെ, പാട്ടിനോട് കമ്പ മുണ്ടായിരുന്ന റോള്‍ഫ്, കോളേജില്‍ സംഗീതം ഐഛിക വിഷയം ആയെടുത്തു 1979ല്‍ ഒബേര്‍ലിന്‍ കോളേജില്‍ നിന്നും ബി എ പാസായി. ലോകത്തിലുള്ള എല്ലാ സംഗീത ഉപകരണങ്ങളെക്കുറിച്ചും, മനസിലാക്കാന്‍ നീണ്ട നാല് വര്‍ഷത്തെ പഠനം കുറെയെല്ലാം സഹായിച്ചു.

മറ്റു പല രാജ്യങ്ങളിലെ സംസ്‌കാരങ്ങളെക്കുറിച്ചും സംഗീത സാധ്യതകളെക്കുറിച്ചും പഠിച്ചു വരവേ, ഇന്ത്യന്‍ വാദ്യോപകരണങ്ങളെക്കുറിച്ചുള്ള അറിവ്, അദ്ദേഹത്തില്‍ പ്രത്യേക താല്പ്പര്യവും ജിജ്ഞാസയും ഉളവാക്കി.

കൂടുതലന്വേഷിച്ചു വന്നപ്പോള്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ ആരോ, തബലയും മൃദംഗവും പഠിപ്പിക്കുന്നു എന്നറിഞ്ഞു, അദ്ദേഹം അവിടേക്ക് പോവുകയും കുറച്ചു കാലം പഠിക്കുകയും ചെയ്തു. (അന്ന്, ഇത് പോലെ, വിവര സാങ്കേതിക വിദ്യ ഇവിടെയും അത്ര പോപ്പുലര്‍ അല്ലെന്നോര്‍ക്കണം.)
അടുത്ത വര്‍ഷം വീണ്ടും ഒഹായോ യൂണിവേഴ്‌സിറ്റിയില്‍ ചേരുവാന്‍ തിരികെ വന്നപ്പോളാണ് ആ സന്തോഷവാര്‍ത്ത അദ്ദേഹം അറിയുന്നത്, കോളജിലേക്ക് മൃദംഗം പഠിപ്പിക്കുവാന്‍ ഇന്ത്യയില്‍ നിന്നും രാം നാഥ് രാഘവന്‍ എന്ന ഇന്ത്യക്കാരന്‍ വന്നിരിക്കുന്നു.

റോള്‍ഫിനു പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ഒന്നര വര്‍ഷം അദ്ദേഹം ഈ ഗുരുവിനു ശിഷ്യപ്പെട്ട് മൃദംഗം അഭ്യസിച്ചു. അങ്ങിനെ രാംനാഥ രാഘവനിലൂടെ ഇന്ത്യയെക്കുറിച്ച് കൂടുതല്‍ കേട്ടറിഞ്ഞ റോള്‍ഫിനു ഒരൊറ്റ മോഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയ്ക്ക് പോവുക. ഇന്ത്യന്‍ മ്യൂസിക് പഠിക്കുക.

വര്‍ഷങ്ങളോളം ഈ മോഹം ഉള്ളിലിട്ട് സ്വപ്നങ്ങള്‍ മെനഞ്ഞു നടന്ന ഇദ്ദേഹം, ഭാരതത്തില്‍ പോയി സംഗീതം പഠിക്കുവാനുള്ള പല മാര്‍ഗങ്ങള്‍ നിരന്തരം അനേഷിച്ചു കൊണ്ടിരുന്നു. കൂടെ തന്റെ സംഗീത സപര്യ അനസ്യൂതം നടത്തിയും പോന്നു.

സ്റ്റഡി ഓഫ് ഗ്ലോബല്‍ മ്യൂസിക് ആന്റ് കള്‍ചറില്‍ ഡോക്ടറേറ്റെടുക്കാനായിരുന്നു പിന്നിടദ്ദേഹത്തിന്റെ തീരുമാനം. അതിനായി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ ചേരുകയും, വീണ്ടും ഇന്ത്യ ഉള്‍പ്പടെയുള്ള ഇതര രാജ്യങ്ങളിലേ സംഗീത സാമ്രാജ്യങ്ങളെക്കുറിച്ച്, ഗഹനമായ പഠനങ്ങള്‍ നടത്തുകയും ചെയ്തു.

ഡോക്ടറേറ്റില്‍ തന്റെ പ്രധാന വിഷയമായ ഇന്ത്യന്‍ മ്യൂസിക് പെര്‍ക്യുഷന്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള ആലോചനയിലിരിക്കുമ്പോഴാണ്, കേരള കലാമണ്ഡലത്തില്‍ വര്‍ഷങ്ങളോളം കഥകളി വേഷവും, ചെണ്ടയും ഇടയ്ക്കയും പഠിക്കാന്‍ പോയ ശ്രീമാന്‍ ആന്‍ഡി ആര്‍നോള്‍ഡ് എന്ന അമേരിക്കക്കാരനെ പരിചയപ്പെടുന്നത്.

'ചെണ്ടക്കാരുടെ, സ്വര്‍ഗമാണ് കേരളകലാമണ്ഡലം, എന്നാണ് ശ്രീ ആന്‍ഡി ആര്‍നോള്‍ഡ് , അദ്ദേഹത്തിനോട് വിശേഷിപ്പിച്ചത്. ആന്‍ഡി വഴി, പരിചയപ്പെട്ട, മെര്‍ലിന്‍ പിക്‌റ്റോ എന്ന സ്ത്രീക്കും, കലാമണ്ഡലത്തെക്കുറിച്ചും കേരളത്തെക്കുറിച്ചും മറിച്ചൊരു അഭിപ്രായം പറയുവാനില്ലായിരുന്നു. അവരും വര്‍#്ഷങ്ങളോളം കലാമണ്ഡലത്തിലെ വിദ്യാര്‍ഥിനി ആയിരുന്നു.

ഈ രണ്ടു സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും, ഉത്സാഹവും നിമിത്തം, 1988ല്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പോടെ, അദ്ദേഹം തൃശൂര്‍ ജില്ലയിലെ ചെറുതുരുത്തിയിലുള്ള കേരള കലാമണ്ഡലത്തിലേക്ക് യാത്ര തിരിച്ചു.

പെട്ടെന്ന് തന്നെ അദ്ദേഹം കേരളവുമായി ഇണങ്ങുകയും, മലയാളികളില്‍ മലയാളിയായി ഒരു സാധാരണ ചെറുതുരുത്തിക്കാരനെ പോലെ, മുണ്ടിലേക്കും ജൂബ്ബയിലേക്കും വേഷം മാറുകയും ചെയ്തു.

കേരളത്തിലേക്ക് വരുന്നതിനു മുന്‍പ്, വളരെ ബുദ്ധിപൂര്‍വം അദ്ദേഹം ഒരു വലിയ കാര്യം ചെയ്തു. യൂണിവേഴ്‌സിറ്റി ഓഫ് ഓസ്റ്റിനില്‍ പോയി. അന്ന് ഡോക്ടര്‍ റോഡ്‌നേ മോഗ് എന്ന അമേരിക്കക്കാരന്‍ പ്രൊഫസറുടെ മേല്‍നോട്ടത്തില്‍ മലയാളം മൂന്ന് സെമസ്റ്റര്‍ എഴുതാനും വായിക്കാനും പറയാനും പഠിച്ചിട്ടാണ്. (അന്ധനായ, ശ്രീ മോഗിനെക്കുറിച്ചു പല തവണ നാം കേട്ടിട്ടുള്ളതാണ്,) കേരളത്തില്‍ കാലെടുത്തു വെച്ചത്.

നോക്കണെ, അദ്ദേഹത്തിന്റെ ഒരു നിശ്ചയ ദാര്‍ഢ്യം? എന്തായാലും ഈ ഒമ്പതു മാസത്തെ മലയാളപഠനം തീര്‍ച്ചയായും തനിക്കു എന്ത് മാത്രം ഉപകരിച്ചു എന്ന് എത്രയോ തവണ അദ്ദേഹം തന്നെ പറഞ്ഞു കേട്ടിരിക്കുന്നു.

കലാമണ്ഡലത്തില്‍ ചെണ്ട ആയിരുന്നു അദ്ദേഹത്തിന്റെ പ്രമുഖ വിഷയം. തായമ്പകയില്‍ വളരെ പ്രാവീണ്യരായ, എത്രയോ മലയാളി ഗുരുക്കന്മാര്‍
അദ്ദേഹത്തെ പഠിപ്പിച്ചിരിക്കുന്നു.

പഠനം കഴിഞ്ഞു വന്ന ഇരുപത്തിനാല് വര്‍ഷങ്ങളില്‍ പല തവണ അദ്ദേഹം കേരളത്തിലേക്ക് തിരികെ പോയിരുന്നു. ഈ വിഷയം എഴുതാനായി, ഞാന്‍ വിളിക്കുമ്പോള്‍ അടുത്ത ആഴ്ച തന്റെ ഗുരുവിന്റെ സപ്തതിക്കായി നടത്തുന്ന വലിയ പരിപാടിയില്‍ പങ്കെടുക്കുവാനായി, യാത്ര തിരിക്കുന്ന തിരക്കിലായിരുന്നു ഡോക്ടര്‍ റോള്‍ഫ്. ഇതിനിടയില്‍ ഏതോ ചില വര്‍ഷങ്ങളില്‍, കേരളത്തിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് കുടുംബങ്ങളെക്കുറിച്ചും അദ്ദേഹം ഒരു പഠനം നടത്തി തിസിസ് സമര്‍പ്പിച്ചിരുന്നു.

ഒരു വര്‍ഷം കോട്ടയത്തും ചങ്ങനാശേരിയിലുമുള്ള ചില പ്രമുഖ ഓര്‍ത്തഡോക്‌സ് കുടുംബങ്ങളുടെ കൂടെ അദ്ദേഹം മാറിമാറി താമസിച്ചായിരുന്നു പഠനം. അങ്ങനെ ക്രിസ്ത്യാനികളുടെ നാടന്‍ വിഭവങ്ങളായ അപ്പവും താറാവുകറിയും, കപ്പയും മീന്‍കറിയും, ഞണ്ടും, ചെമ്മീന്‍ ഉലര്‍ത്തിയതും, പോര്‍ക്ക് വരട്ടിയതും, ഇറച്ചി ഉലര്‍ത്തലുമെല്ലാം അദേഹത്തിന് ഹംബര്‍ഗറും ഫ്രഞ്ച് ഫ്രൈയും പോലെ പ്രിയം.

നാട്ടില്‍ പോയാല്‍ ചിലപ്പോള്‍ ഒന്നും രണ്ടും വര്‍ഷമാണ് തൃശൂരില്‍ നില്ക്കുക. നാട്ടിലെ പോറ്റി ഹോട്ടലുകളിലെ വെജിറ്റേറിയന്‍ വിഭവങ്ങളെക്കുറിച്ച്, പറയുന്നത് കേട്ടാല്‍ നമുക്കും കൊതി വരും. ഇഡ്ഡലിയും ദോശയും സാമ്പാറും, ചമ്മന്തിയും കൂട്ടിയിളക്കി, കൈ മുഴുവന്‍ ആക്കി കഴിക്കുന്നത് കണ്ടാല്‍ കഴിഞ്ഞ ജന്മത്തില്‍ ഇദ്ദേഹം ഒരു പട്ടരായിരുന്നോ എന്ന് നാം സംശയിക്കും.

നമ്മളെ പോലെ തന്നെ, ഒരു പക്ഷെ, അതിലേറെ ഉപരിയായി, അദ്ദേഹം കേരളത്തെ പ്രണയിക്കുന്നുണ്ടോ എന്ന് സംശയം!! അല്ല, ഉണ്ട്...തീര്‍ച്ചയായും ഉണ്ട്. കാരണം, അമേരിക്കയില്‍ മൂന്നു വര്‍ഷം ജീവിച്ചു കഴിഞ്ഞാല്‍, മലയാളികളായ നമ്മളില്‍ ചിലര്‍ക്ക്, തിരികെ അവിടെ പോയി തികച്ചൊരു രണ്ടു മാസം നില്ക്കുന്ന കാര്യം ആലോചിക്കാനേ കഴിയില്ല. (ചിലര്‍ക്ക് മാത്രം കേട്ടോ)

അപ്പോഴാണ്, അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന, ഈ അമേരിക്കക്കാരന്‍, ചെറുതുരുത്തിയെന്ന ഗ്രാമത്തില്‍ പോയി, മലയാളത്തനിമ മുഴുവന്‍ ഏറ്റെടുത്ത് ഒറ്റ മുണ്ടും മടക്കിക്കുത്തി, കൊതുക് കടിയും, ഓട നാറ്റവും, സഹിച്ച് ചായക്കടയില്‍ നിന്നും തട്ടുകടയില്‍ നിന്നും, ഭക്ഷണം വാങ്ങിക്കഴിച്ചും, മലയാള സിനിമകള്‍ കണ്ടും, കടപ്പുറത്തു കൂടി കടല കൊറിച്ചു നടന്നും, തൃശൂര്‍ പൂരത്തിന് തായമ്പക കൊട്ടിയും ആ നാടിനെ പ്രണയിക്കുന്നത് , പ്രേമിക്കുന്നത്.!!

പക്ഷെ, ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാം പലവിധത്തില്‍ ശ്രമിച്ചു നോക്കിയിട്ടും, ഈ ബുദ്ധിജീവിയെ, ഒന്ന് പെണ്ണ് കെട്ടിക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല. കാരണം, നമ്മുടെ പഴയ തലമുറയിലെ പല പുരുഷന്മാരെയും പോലെ, തനി മലയാളിത്തമുള്ള ഒരു കുട്ടിയെയാണ് ആളുടെ സങ്കല്പ്പത്തിലെ വധു. ഇന്നത്തെ കാലത്ത് എവിടെ കിട്ടാന്‍ അങ്ങനെ ഒരുവളെ? പാവം റോള്‍ഫിനു, തന്റെ സങ്കല്പ്പത്തിലെ പെണ്‍കുട്ടിയെ എന്നെങ്കിലും കിട്ടിയിരുന്നെങ്കില്‍..

സംഗീതത്തിന് മതമോ, ജാതിയോ, അതിരുകളോ ഇല്ല എന്ന് പറയുന്നത് എത്ര ശരി. സംഗീതത്തോടുള്ള അഗാധമായ, അഭിനിവേശമാണ് ഡോക്ടര്‍ റോള്‍ഫിനെ ഏഴു കടലും കടത്തി കൊച്ചു കേരളത്തിലെ ചെറുതുരുത്തിയിലേക്ക് കൊണ്ട് വന്നത്. കൂടാതെ, തനിക്കിഷ്ടപ്പെട്ട, വിഷയം തിരഞ്ഞെടുത്തു പഠിക്കുവാനും അതുകൊണ്ട് ഉപജീവനം നടത്തണം എന്നുമുള്ള ഒരു ഉറച്ച തീരുമാനവും. സംഗീതത്തിലൂടെയാണ് ഇന്നദ്ദേഹം ഉപജീവനം കഴിക്കുന്നത്..

അതെ മക്കളെ അവര്‍ക്കിഷ്ടമുള്ള കരിയര്‍ തിരഞ്ഞെടുക്കുവാന്‍ ഒരു തരത്തിലും സമ്മതിക്കാതെ, ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരാക്കാന്‍ ഓടി നടക്കുന്ന നമുക്കീ കഥകളെല്ലാം, കെട്ടുകഥകള്‍ പോലെ തോന്നും.

പ്രമുഖ സാഹിത്യകാരനായ, ശ്രീമാന്‍ ബന്ന്യമിന്‍ തന്റെ ആടുജീവിതത്തിന്റെ മുഖവുരയില്‍ പറയുന്നത് പോലെ, നാം അനുഭവിക്കാത്തതെല്ലാം നമുക്ക് കെട്ടുകഥകള്‍ എന്നേ തോന്നൂ. പക്ഷെ, ഇത് തീര്‍ച്ചയായും ഒരു കഥയല്ല, കേട്ടോ. ജീവിതമാണ്. ഒരു സംഗീത പ്രേമിയുടെ, ഒരു കലാസ്‌നേഹിയായ ഒരു അമേരിക്കക്കാരന്റെ, പച്ചയായ ജീവിത കഥ.

അര്‍കന്‍സാ മലയാളികളുടെ സുഹൃദ്പുണ്യം - മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക