Image

സിംഗപ്പൂരില്‍ ക്രിസ്മസ് കരോളിനു തുടക്കമായി

ബേസില്‍ ബേബി Published on 12 November, 2012
സിംഗപ്പൂരില്‍ ക്രിസ്മസ് കരോളിനു തുടക്കമായി
വുഡ്‌ലാന്‍ഡ്‌സ് : രക്ഷകന്റെ തിരുപ്പിറവി അറിയിച്ച് പാരമ്പര്യ തനിമയില്‍ വീടുവീടാന്തരം കയറിയിറങ്ങിയുള്ള 2012ലെ ക്രിസ്മസ് കരോളിനു സിംഗപ്പൂര്‍ യാക്കോബായ ഇടവകയില്‍ തുടക്കമായി. ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന മോര്‍ ഇഗ്‌നാത്തിയോസ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ കരോള്‍ സംഘം സിംഗപ്പൂരിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു വരുന്നു. എസ്എംഎസിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈമാറി. സ്വന്തം കൂടുകളിലേക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്മസ് കരോള്‍.

നവംബര്‍ 11ന് ഇടവക വികാരി ഫാ.റോബിന്‍ ബേബിയുടെ ഭവനത്തില്‍ നടന്ന പ്രാര്‍ഥനകള്‍ക്ക് ശേഷം ആദ്യ ദിവസം കരോള്‍ സംഘം ഇടവകയിലെ വുഡ് ലാന്റ്‌സ് സെബാവാന്‍ഗ് സോണിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ചു.

കുട്ടികളും മുതിര്‍ന്നവരുമടങ്ങിയ ഗായക സംഘത്തെ അനുഗമിച്ചുകൊണ്ടുള്ള വാദ്യ ഉപകരണങ്ങളുടെ മേള വിസ്മയങ്ങളും ഇടവക ജനങ്ങള്‍ ആഘോഷമാക്കി മാറ്റി. ചുമലിലെ സഞ്ചിയില്‍ നിറയെ സമ്മാനങ്ങളുമായി സന്താക്ലോസും സംഘത്തെ അനുഗമിക്കുന്നുണ്ട്. ഇരുപത്തഞ്ചോളം വരുന്ന സംഘം ശനി ,ഞായര്‍ ദിവസങ്ങളിലെ വൈകുന്നേരങ്ങളില്‍ നടത്തുന്ന വീട് സന്ദര്‍ശനത്തില്‍ സിംഗപ്പൂരിലുള്ള വിവിധ ദേശക്കാര്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ സന്തോഷത്തോടെ സഹകരിച്ചു വരുന്നു. ഇടവക ആരംഭിച്ചശേഷമുള്ള അഞ്ചാമത്തെ കരോള്‍ സര്‍വീസ് ആണ് ഈ വര്‍ഷം നടക്കുന്നത്.

തുടര്‍ന്നുവരുന്ന ദിവസങ്ങളില്‍ ഇടവകയുടെ മറ്റു ഭാഗത്തേക്കും കരോള്‍ സന്ദര്‍ശനം ഉണ്ടായിരിക്കുമെന്ന് വികാരി അറിയിച്ചു. കരോള്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് : 006581891415.




സിംഗപ്പൂരില്‍ ക്രിസ്മസ് കരോളിനു തുടക്കമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക