Image

ശ്ലീലം - അശ്ലീലം: സാഹിത്യ-മാധ്യമ രംഗത്തെ ക്ഷുദ്ര ജീവികളും

ഡോ.എന്‍.പി.ഷീല Published on 13 November, 2012
ശ്ലീലം - അശ്ലീലം: സാഹിത്യ-മാധ്യമ  രംഗത്തെ ക്ഷുദ്ര ജീവികളും
ഈയിടെ ഇവിടെ ഒരാള്‍ താന്‍ മഹാനാണെന്ന് സ്വയം കരുതുകയും എന്തും എഴുതാമെന്നും എഴുതുമെന്നും ധാര്‍ഷ്ട്യത്തോടെ ഉറക്കെ പ്രഖ്യാപിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിന് അദ്ദേഹം റഫര്‍ ചെയ്ത ഉദാഹരണം അഥവാ മാതൃകയായി ചൂണ്ടിക്കാണിച്ചത് ബഷീറിന്റെ "ഭഗവദ്ഗീതയും കുറെ മുലകളും" എന്ന പുസ്തകമാണ്. മുലയിലും അശ്ലീലമുണ്ടോ? ഇല്ല എന്നദ്ദേഹം വിധിയെഴുതുകയും ചെയ്തു.

അയാള്‍ എന്നോട് അസഭ്യം പറഞ്ഞു-എന്നൊരാള്‍ പറഞ്ഞാല്‍ ആരോ ഒരുവന്‍ സഭ്യമല്ലാതെ സംസാരിച്ചു എന്നു പരാതിപ്പെടുകയോ പ്രസ്താവിക്കുകയോ ആണെല്ലോ.

സൃഷ്ടി, മനുഷ്യന്‍, സുബുദ്ധിയുള്ളവര്‍ - രഹസ്യത്തില്‍ ചെയ്യുന്ന കര്‍മ്മമാണ്. അതെങ്ങനെയെന്ന് ഒരു ഉറുമ്പിനു പോലും അറിയാം. വിവേകികള്‍ അത് ഗോപ്യമായി ചെയ്യുന്ന ക്രിയയാണ്. അത് കലാപരമായും അല്ലാതെയും നിര്‍വ്വഹിക്കാം. എങ്ങനെയായാലും അതിനൊരു രഹസ്യസ്വഭാവമുണ്ട്. എഴുത്തുകാരന്‍ അതിന്റെ വിശദാംശങ്ങള്‍ അതിന്റെ വര്‍ണ്ണിച്ചു വായനക്കാരെ കേള്‍പ്പിക്കേണ്ട ആവശ്യമില്ല. മത്സ്യ കുഞ്ഞുങ്ങളെ നീന്തല്‍ പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലൊ. ചില വിഡ്ഢിക്കുശ്മാണ്ഡങ്ങള്‍ സര്‍വ്വവിദതമായ ഈ വിഷയം പേര്‍ത്തും പേര്‍ത്തും വര്‍ണ്ണിച്ച് സ്വയം രസിക്കുകയും ഈ 'ഓക്കാന സാഹിത്യത്തിന് 'അവാര്‍ഡ് കരസ്ഥമാക്കി ഞാഞ്ഞൂളിനെപ്പോലെ ഞെളിയുകയും അതു കണ്ടും കേട്ടും വായനക്കാരെല്ലാം മതിമറന്ന് 'ബാപ് രേ, സബാഷ്, ബലേബേഷ് 'എന്നു ചൊല്ലി സ്തുതി പാടുകയും ചെയ്യുമെന്ന് ധരിച്ച് വശാകുകയും ചെയ്യുന്നു! അവിടവും കടന്ന്, ഈ വക കാര്യങ്ങളില്‍ ഒരു അടക്കമൊതുക്കം പാലിക്കുന്നവര്‍ കപടസദാചാരക്കാര്‍ എന്നു മുദ്രകുത്തുകയും ചെയ്യുന്നു. ആനന്ദലബ്ധിക്കിനി എന്തു വേണം!

രതി ചിലര്‍ക്ക് ക്രീഡയാകാം. മറ്റു ചിലര്‍ക്ക് യുദ്ധമാകാം, ഇനിയും ചിലര്‍ക്ക് ചത്ത മീനിനെപ്പോലെ നിര്‍ജ്ജീവമാകാം. എങ്ങിനെയായാലും അവനവന്റെ അറിവിനും അഭിരുചിക്കും ആവശ്യത്തിനനുസരിച്ച് അക്കാര്യം രസഹ്യമായാണ് വിവേക ബുദ്ധിയുള്ള മനുഷ്യര്‍, 'സൃഷ്ടിയുടെ മകുടം' എന്ന ബഹുമതി നേടിയ മനുഷ്യര്‍ നിര്‍വ്വഹിക്കുന്നത്. അതുകൊണ്ടാണല്ലോ നാം മണിയറ ഒരുക്കിക്കൊടുക്കുന്നത്. അതിര്‍ വരമ്പുകളില്ലാത്ത, പെണ്‍മക്കളുള്ള ഈ വീരന്മാരു വീടുകളില്‍ ബാത്‌റൂമിനു കതകുകള്‍ ഉണ്ടെന്ന് പ്രത്യാശിക്കുന്നു.

സാഹിത്യമെന്നും സാഹിത്യകാരന്മാരെന്നും ഊറ്റം കൊണ്ട് വായില്‍ തോന്നുന്നതെല്ലാം വിളിച്ചു കൂവുന്നവര്‍ സാഹിത്യകാരനല്ല. ഇതൊക്കെ അച്ചടിച്ച് വിടുന്നവര്‍ ശിഷാര്‍ഹമായ കുറ്റമാണ് ചെയ്യുന്നതും. ഇതൊക്കെകൊണ്ടാണ് സമാജം, ഗുണമേന്മയുള്ളവരുടെ കൂട്ടമാകാതെ സമജ (മൃഗങ്ങളുടെ കൂട്ടം)മായി തരം താഴുന്നത്. തഥാകഥിത- സാഹിത്യകാരന്മാര്‍ പെരുകി പെരുകി സമൂഹം ക്ഷുദ്ര ജീവികളെക്കൊണ്ട് നിറയുന്നത് സംസ്‌കാരത്തിന്റെ തെളിനീര്‍ ലഭ്യമാക്കാന്‍ സഹിത ഭാവമുള്ള, ഹൃദയ ശുദ്ധിയുള്ള എഴുത്തുകാര്‍ക്കും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുമേ കഴിയൂ. രണ്ടും ഒരു വൊക്കേഷനാണ്. ഹൃദയം പവിത്രമാണെന്ന് തീര്‍ച്ചയുള്ളവനേ തൂലിക എടുക്കാവൂ. മാധ്യമ പ്രവര്‍ത്തനം ലാഭേച്ഛ ലാക്കാക്കി ചെയ്യേണ്ട കൃത്യമേയല്ല. അതിനു പിന്നില്‍ ത്യാഗബുദ്ധിയാണ് വര്‍ത്തിക്കേണ്ടത്. പകരം ഇതൊരു ലാഭക്കച്ചവടമാണെന്നും മറ്റുമുള്ള കച്ചവടക്കണ്ണോടെ ഇറങ്ങിത്തിരിക്കേണ്ട ഒന്നല്ല. തങ്ങള്‍ മഹത്തായ ഒരു കൃത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന ബോധം എഴുത്തുകാരനും മാധ്യമങ്ങള്‍ക്കും ഉണ്ടായാലേ സമൂഹത്തിന് വേണ്ടി തങ്ങള്‍ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് കൃതകൃത്യത നേടാനാവൂ. ഇല്ലെങ്കില്‍ വാലുവെന്ത നായയുടെ അവസ്ഥയാണുണ്ടാവുക. തല്‍ക്കാലം പണവും പദവിയും പേരും പെരുമയും നേടിയാലും വിതക്കുന്നത് കൊയ്തു തന്നെ ആകണമല്ലോ.

ജീവിക്കാന്‍ അര്‍ത്ഥം (ധനം) കൂടിയേ കഴിയൂ. പണമില്ലാത്തവന്‍ പിണം. എന്നൊരു ചൊല്ലുണ്ട്. പക്ഷെ അതുനേടേണ്ടത് ധര്‍മ്മത്തിലൂടെയോ സന്മാര്‍ഗ്ഗത്തിലൂടെയോ ആകാവൂ എന്ന് നീതി നാതി ശാസ്ത്രത്തില്‍ വിധിയുണ്ട്. പുരുഷാര്‍ത്ഥങ്ങളില്‍ ആദ്യം വരുന്നതും ധര്‍മ്മം തന്നെ. ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങള്‍ എന്നാണ് ക്രമം. പണ്ട് നമ്മുടെ പൂര്‍വ്വികര്‍ സത്യസന്ധരും നീതി നിഷ്ഠരും ദൈവ വിശ്വാസികളുമൊക്കെ ആയിരുന്നതിന്റെ നൂറു നൂറു കഥകള്‍ നമുക്കറിയാം. സത്യത്തിനും വാഗ്ദാന പാലത്തിനും സര്‍വ്വതും ത്യജിച്ച ഹരിചന്ദ്രന്റെയും മഹാബലിയുടെയും കഥകള്‍ കേട്ടുവളര്‍ന്ന നാം ഇന്നു കേള്‍ക്കുന്നതും കാണുന്നതും വിചിത്രവും ബീഭത്സവുമായ സംഭവങ്ങളാണ്. ആപ്പിള്‍ മുറിക്കേണ്ട കത്തി കഴുത്തറുക്കാനും, മനുഷ്യപുരോഗതിയുടെ ആണിക്കല്ലായ അഗ്നി അപരന്റെ വീടിനു കൊള്ളിവെയ്ക്കാനുപയോഗിക്കുന്നതും കത്തിയുടെയും അഗ്നിയുടെയും കുറ്റമല്ലല്ലൊ.

അതുപോലെ തന്നെയാണ് മനുഷ്യന്റെ അടിസ്ഥാന വികാര ലൈംഗികതയുടെ നേര്‍ക്കു കാണിക്കുന്ന അന്യായങ്ങളും ആഭാസങ്ങളും. ശുദ്ധജലം കലക്കാനും എളുപ്പം; പാല്‍ ദുഷിപ്പിക്കാനും ഒരു തുള്ളി വിഷം മതിയാകുമല്ലോ. മാനസിക വൈകൃതം ജന്മാ സിദ്ധിച്ച ചില ഞരമ്പുരോഗികള്‍ സിദ്ധാന്തിക്കുന്നത് സദാചാരം സന്മാര്‍ഗ്ഗം, എന്നൊക്കെയുള്ളത് വെറും കാപട്യമാണ്. പ്രകൃതിവിരുദ്ധമായ ലൈംഗിക വൈകൃതങ്ങളില്‍ സായൂജ്യം കണ്ടെത്തുക എന്നൊരു പുതിയ പദ്ധതിയുമായി രംഗപ്രവേശം ചെയ്ത് സമൂഹത്തെ വിശിഷ്യാ ഇളം തലമുറയെ ദുഷിപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഇക്കൂട്ടര്‍ കലയെയും സാഹിത്യത്തെയും മലിനമാക്കുന്നത് തങ്ങളുടെ കര്‍ത്തവ്യമായി കരുതുകയും ചെയ്യുന്നു.
ഈയിടെ കുറച്ചുപേര്‍ കൂടിയിരുന്ന് കൊച്ചുവര്‍ത്തമാനം പറയുന്ന കൂട്ടത്തില്‍ റിട്ടയര്‍മെന്റ് എടുത്ത ദമ്പതികള്‍ ഒരു മലയാളി സൃഷ്ടിച്ച ഡോക്കുമെന്റി കാണാന്‍ പോയ കഥ പറയുന്നത് കേള്‍ക്കാന്‍ ഇടയായി. പ്രകൃതി വിരുദ്ധ ലൈംഗികതയും രതിവൈകൃതങ്ങളും സംസ്‌കൃതചിത്തര്‍ പറയാനും കേള്‍ക്കാനും അറയ്ക്കുന്ന പദങ്ങളും കൊണ്ട് മെനഞ്ഞെടുത്ത ഒരു പടം! ഒരു നിര്‍ഭാഗ്യവാന്‍ ഈ കോടാനുകോടി ജനങ്ങളുള്ള ഭൂമിയില്‍ ഒരിണയെ കിട്ടാഞ്ഞ് സ്വയം ചില വികൃതികള്‍ കാണിക്കുന്നു! അപ്പോള്‍ തന്നെ അവര്‍ സ്ഥലം വിട്ടു. കൊടുത്ത കാശും സമയവും നഷ്ടം. ഭാര്യ കൂട്ടിച്ചേര്‍ത്തു-ചൂണ്ടിക്കാട്ടാന്‍ ഒരു സന്തതിയില്ലാത്ത ഒരേഭ്യനായിരിക്കണം ഇതിന്റെ സൃഷ്ടാവ്. നരകത്തില്‍ നിന്ന് ഒളിച്ചോടിവന്ന ഇവനെ പിടികൂടി കവിളില്‍ മടല്‍കൊണ്ട് ചാര്‍ത്താന്‍ ആരുമില്ലേ? ഇതുകേട്ടപ്പോള്‍ വേറൊരുവന്റെ ഭീകരമായ ഒരു മാരയുദ്ധവര്‍ണ്ണന വായിച്ചതോര്‍ത്തു- ചുംബന ബോംബില്‍ ചുണ്ടുകള്‍ തര്‍ക്കുന്നതും, മൈഥുന മൈനില്‍ ലിംഗം ചിതറിതെറിക്കുന്നതുമൊക്കെയാണ്… ഇത്തരമൊരു പീഡനത്തിനിരയാകുന്ന സാധുവിന് പിന്നെ ജീവിതത്തിലൊരിക്കലും പഞ്ചശരന്റെ ശല്യമുണ്ടാകില്ല. അധരംകൊണ്ട് അധരത്തില്‍ അമൃതു നിവേദിച്ചു എന്നു പാടികേള്‍ക്കുന്നതിന്റെ സുഖവും ഈ ഭീകര വര്‍ണ്ണനനിശൂന്യമാകും. സൗന്ദര്യം ലിംഗത്തില്‍ സ്ഥിതി ചെയ്യുന്നുവെന്നാണ് ഹാവ്‌ലോക് എല്ലിസ് തുടങ്ങിയ വിഷയശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍ സാമുദ്രിക ശാസ്ത്രപ്രകാരം സ്ത്രീകളെ പത്മിനി, ചിത്രിണി, ശംഖിനി, ഹസ്തിനി എന്നിങ്ങനെ തരം തിരിച്ചിട്ടുണ്ട്. ഇവരില്‍ നാലാം കിടക്കാരിയായാല്‍ പോലും ഇത്തരമൊരു ഭാകര ക്രീഡയെ ഭയപ്പെടാതിരിക്കില്ല. പിന്നെ, കവിതയുടെ പ്രാണന്‍ ധ്വനിയാണെന്നു കാവ്യമീമാംസകള്‍ ശഠിക്കുന്നു. കാവ്യത്തില്‍, ഉപയോഗിക്കുന്ന ഭാഷയും പദങ്ങളും വ്യത്യസ്ഥമായിരിക്കണമെന്നും അനുശാസിക്കുന്നുണ്ട്. അതുപോലെ തന്നെ, പദ്യമാകട്ടെ ഗദ്യമാകട്ടെ ജഡങ്ങളായ വാക്കുകളെ തന്റെ സ്പര്‍ശംകൊണ്ട് ഉദ്ദീപിപ്പിക്കാന്‍ സാഹിത്യകാരനു കഴിയും. അതാണ് വാഗ്ശക്തി. മനുഷ്യന്‍ മരുവുന്ന സ്ഥലത്തു നിന്ന് അഭൗമമായ ഒരു തലത്തിലേക്ക് അവനെ ഉയര്‍ത്തുകയും അങ്ങനെ കുറച്ചു സമയമെങ്കിലും വൈയക്തികമായ വേദനകളും സങ്കടങ്ങളും വിസ്മരിക്കാനും അവനെ പ്രാപ്തനാക്കുന്നു. മുകളില്‍ സൂചിപ്പിക്കുന്ന വര്‍ണ്ണനയാകട്ടെ അഹങ്കാരം തലയ്ക്കടിച്ചാലുള്ള വെറും ജല്പനം.

പഠിക്കുന്ന കാലത്ത് ലീലാ തിലകകാരന്റെ ശ്രൃംഗാര ശ്‌ളോകങ്ങള്‍ വായിക്കുമ്പോള്‍ ഉണ്ണിനങ്ങയുടെ നടുവു കുലയുന്നത് കാണുന്ന സന്തോഷത്തില്‍ വ്യാകരണപഠനത്തില്‍ വിരസത കുറയുമായിരുന്നു. അതുപോലെ ഉപരിസുരതം ഹേതുവായി അവള്‍ വീര്‍ത്താള്‍, വിയര്‍ത്താള്‍ എന്നൊക്കെ ചില സൂചനകള്‍ മാത്രമേ അവിടെയുള്ളൂ. അതുതന്നെ കമ്പയിന്‍ ക്ലാസില്‍ ചെല്ലാനുള്ള ധൈര്യം തരണേ എന്ന പ്രാര്‍ത്ഥനയായിരുന്നു അധ്യാപകര്‍ക്കുണ്ടായിരുന്നത്. ആധുനിക കവികളുടെ മേല്‍ സൂചിപ്പിച്ചതുപോലുള്ള ഭീകര യുദ്ധവര്‍ണ്ണനകള്‍ മാരമാലോ, വാത്സ്യായനമോ അജ്ഞാതമായ എളുപ്പവഴിയില്‍ ക്രിയ ചെയ്യുന്ന വേന്ദ്രന്മാരെ അലട്ടുകയില്ല. 'ഇഗ്നറന്‍സ് ഈസ് ബ്ലിസ് 'എന്നു പറയാം. സദാചാരബോധമോ, ഈശ്വര ചിന്തയോ ഇല്ലാതെ ഭൗതിക ആഢംബരങ്ങളുടെ പുറകെ ലക്കും ലഗാനുമില്ലാതെ എന്തും തെറിപ്പിച്ച് ലക്ഷ്യബോധമില്ലാതെ പായുന്ന കാളകൂറ്റന്മാര്‍ക്ക് സമൂഹത്തെ ഭയപ്പെടേണ്ട കാര്യമില്ല, എന്നു തന്നെയുമല്ല, അവനെ കണ്ടാല ആരും ആവഴി നടപ്പീല എന്ന സ്ഥിതിയാണ് ഈ കാലഘട്ടത്തിന്റെ മുഖമുദ്ര അഭിനജന സങ്ക ദേശചര്യം എന്ന് ആശാന്‍ വളരെ മുമ്പേ സൂചിപ്പിച്ചതാണിത്. മറ്റൊരു സന്ദര്‍ഭത്തിലാണെനന്നു മാത്രം!

നഗ്നതയില്‍ സൗന്ദര്യമില്ലെന്നും ഈ വക കാര്യങ്ങള്‍ക്ക് ഒരു രഹസ്യ സ്വഭാവം പുലര്‍ത്തുന്നത് കുലീനതയുടെ സുനിശ്ചിത ചിഹ്നമാണെന്നും ഇക്കൂട്ടര്‍ വിസ്മരിക്കരുത്. ഈയിടെ നോവല്‍ എന്ന പേരില്‍ വായനക്കാരെ നോവിക്കുന്ന ചില സാധനങ്ങള്‍ വരുന്നുണ്ട്. അഭിസരണത്തിന്റെയും രതിക്രീഡയുടെയും വിശദാംശങ്ങളുമായി ആഴ്ചതോറും നമ്മെ സന്ദര്‍ശിച്ച് യുവതലമുറയെ പ്രലോഭനങ്ങളുടെ കരകാണാ കയത്തിലേക്ക് തള്ളിവിടുന്ന കശ്മലന്മാര്‍ എന്നു ഞാന്‍ പറയുന്നില്ല-മിതമായി പറഞ്ഞാല്‍ കുബുദ്ധികള്‍ -തങ്ങളുടെ കഴുത്തില്‍ കല്ലുകെട്ടി കടലില്‍ചാടുകയാണ് കരണീയം.

ഏതായാലും ശ്ലീലം അശ്ലീലം എന്നിവക്ക് പരിഷ്‌കൃത മാനസര്‍ക്ക് അതിര്‍വരമ്പുകളുണ്ട്. ഇല്ലെന്നു വാദിക്കുന്നവര്‍ തങ്ങളുടെ കുട്ടികളെ കയറൂരി വിട്ടേക്കുകയും അവര്‍ വല്ല കാട്ടുപൊന്തകളിലും വലിഞ്ഞു കയറി വല്ല മാടന്റെയും മറുതയുടെയും അടിയേല്‍ക്കുകയോ സര്‍പ്പദംശമേറ്റു മൃതിപ്പെടുകയോ ചെയ്താല്‍ അവര്‍ക്കു വിഷമമായില്ലെങ്കില്‍ നമ്മുടെ സഹതാപത്തിന് എന്തുവില?!
ശ്ലീലം - അശ്ലീലം: സാഹിത്യ-മാധ്യമ  രംഗത്തെ ക്ഷുദ്ര ജീവികളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക