Image

ലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ല: ഹസാരെ

Published on 27 August, 2011
ലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ല:  ഹസാരെ
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ല് നടപ്പാക്കാതെ മരിക്കില്ലെന്നും മൂന്നോ നാലോ ദിവസംകൂടി നിരാഹാരമനുഷ്ടിക്കാന്‍ തനിക്കാവുമെന്നും അണ്ണാ ഹസാരെ പറഞ്ഞു. സമരവേദിയില്‍ അനുയായികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലെത്തിയതോടെ അണ്ണാ ഹസാരെയുടെ ആരോഗ്യനില കൂടുതല്‍ മോശമായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തസമ്മര്‍ദ്ദം താഴ്ന്നനിലയിലാണെന്നും ശരീരഭാരം ഏഴുകിലോഗ്രാം കുറഞ്ഞിട്ടുണ്ടെന്നും മെഡിക്കല്‍ സംഘം വ്യക്തമാക്കി. നിര്‍ജ്ജലീകരണവും ക്ഷീണവും കാര്യമായി ഹസാരെയെ ബാധിച്ചിട്ടുണ്ട്.

സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെ സംഘം മുന്നോട്ടുവെച്ച മൂന്ന് ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കാമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ബില്ലിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന ഹസാരെയുടെ ആവശ്യത്തോട് സര്‍ക്കാര്‍ യോജിച്ചില്ല.

സ്വതന്ത്ര ലോക്പാലും സംസ്ഥാന അടിസ്ഥാനത്തില്‍ ലോക്പാലിന് തത്തുല്യമായ സ്വതന്ത്ര ലോകായുക്തയും സ്ഥാപിക്കാനായി ഈ പാര്‍ലമെന്റ് കാലയളവില്‍ത്തന്നെ ബില്‍ പാസാക്കുക, ജഡ്ജിമാരൊഴികെയുള്ള എല്ലാ സര്‍ക്കാര്‍ ജീവനക്കാരെയും ലോക്പാല്‍ പരിധിയില്‍ കൊണ്ടുവരിക, പൊതുജനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളിലും പൗരാവകാശങ്ങള്‍ സംബന്ധിച്ച പത്രിക പ്രസിദ്ധീകരിക്കുക, ഇത് നടപ്പില്‍ വരുത്താത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ലോക്പാലിനും ലോകായുക്തകള്‍ക്കും അധികാരം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളിലാണ് ഹസാരെ സംഘം കടുംപിടിത്തം നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക