Image

വന്ദ്യ പിതാവിന്റെ ചരമ ദശാബ്ദിയില്‍ -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ Published on 15 November, 2012
 വന്ദ്യ പിതാവിന്റെ ചരമ ദശാബ്ദിയില്‍ -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
(എന്റെ വന്ദ്യ പിതാവ് ഇഹലോക വാസം വെടിഞ്ഞിട്ട് ഇന്നു് പത്തു സംവത്സരങ്ങള്‍ പിന്നിടുകയാണു്. ആ മഹല്‍ ജീവിതത്തിനു മുമ്പില്‍ നമോവാകം)

അനന്തമാം വിശാലമാമി മന്നിടത്തിലേഴയാ -
മെനിക്കി ജീവിതം പകുത്തു തന്ന സര്‍വ്വശക്തനേം
എനിക്കു ജന്മമേകിയെന്റെ ജീവിതം സമൃദ്ധിതം
അനാവിലം തെളിച്ച വന്ദ്യതാതനേം നമിച്ചിതേന്‍.

കടന്നു മല്‍പ്പിതാവു കാലചക്ര ചംക്രമത്തിലായ്
കടന്നുപോയതിദ്രുതം ദശാബ്ദമൊന്നു മീദിനം
അടക്കുവാന്‍ ശ്രമിക്കിലും ഇടയ്ക്കിടയ്ക്കു വഹ്നിപോല്‍
പടര്‍ന്നിടുന്നു ദീപ്തമാം സ്മരങ്ങളിന്നു ചിന്തയില്‍.

വിഷാദ തപ്തമാര്‍ന്ന ചിത്തവായ്പുമായിരുന്നിതേന്‍
വിതുമ്പിടുന്നു മാനസം വിറച്ചിടുന്നു കൈത്തലം
വിതര്‍ക്കമറ്റതാണു മര്‍ത്യജീവിതത്തിനന്തിമം
വിയത്തിലേക്കുയര്‍ന്നിടുന്നൊരാത്മമെന്ന വാസ്തവം.

കടന്നുപോയി ഭൂനിവാസ ബന്ധ ബന്ധനങ്ങളെ
വെടിഞ്ഞു വിണ്‍നിവാസമാര്‍ന്നിടുന്നതിന്നു മല്‍പ്പിതാ -
വടുക്കലങ്ങണച്ചു പോറ്റി യെട്ടു സല്‍തനൂജരെ
പടുക്കളായ് വളര്‍ത്തി തന്റെ ജീവിതം സമാപ്തികം.

പ്രശസ്തനാമുപാദ്ധ്യയന്റെ ശിഷ്യസഞ്ചയങ്ങളില്‍
പ്രദീപ്തമായ് തെളിച്ച വിദ്യയെന്നുമെത്ര സംസ്തുതം
പ്രശാന്തമായ ജീവിതം നയിച്ചുനീങ്ങി തുഷ്ടിയില്‍
പ്രകോഷ്ഠമോടെ ലഭ്യമായ തുച്ഛമായ കൂലിയില്‍.

പ്രബുദ്ധനായ വാഗ്മിയും വിനീത പൂജനീയനും
പ്രശസ്യനായി ചിട്ടയാര്‍ന്ന ജീവിതം നയിച്ച താന്‍
പ്രതീക്ഷ വിട്ടിടാതെയേതു ഘോരമാം വിപത്തിലും
പ്രദീപ്തിയോടെ സത്പഥം തെളിച്ചുനീങ്ങി സൗമ്യനായ്.

പദങ്ങളങ്ങുരച്ചിടാനറിഞ്ഞിടാത്തെന്‍ ശൈശവേ
വിദഗ്ദ്ധനായ മാന്ത്രികന്റെ വിദ്യയാര്‍ന്ന കാഥികന്‍
വദിച്ചതാം വിശിഷ്ട പാഠപംക്തിയാണെനിക്കു മേല്‍
അദഭ്ര ശിക്ഷണത്തൊടെന്റെ ജീവിതം തെളിച്ചതും.

പരാജയങ്ങളെത്ര കഷ്ട, നഷ്ടവും നിരാശയും
എരിഞ്ഞിടുന്ന വഹ്നിപേലെ ജീവിതം തപിക്കിലും
നിരാമയന്റെ സന്നിധാനമാര്‍ന്നു ജീവനൗകയെ
തിരിച്ചു ശാന്തതീരമാര്‍ന്നതാണു താത പാഠിതം.

ഒരിക്കലും അസത്യമാര്‍ഗ്ഗ പാതയില്‍ ചരിച്ചിടാ -
തൊരുത്തരേം ചതിക്കുവാന്‍ ശ്രമിച്ചിടാത്ത പൂജ്യനായ്
പരോപകാരചിന്തയെ സ്ഫുലിംഗമായി ഹൃത്തടേ
നിറച്ചു ജീവിതം നയിക്കുവാനൊരുക്കി മക്കളെ.

വിരിച്ച പായിലന്തിയില്‍ കുടുംബമായ് നിരന്തരം
നിരന്നിരുന്നു ഭക്തിയോടുരുക്കഴിച്ചൊരര്‍ത്ഥന,
നിരര്‍ഗ്ഗളം അമായമായ മന്ത്രണങ്ങളായ് സദാ
നിറം പകര്‍ന്നു ദീപ്തിചേര്‍ത്തിടുന്നെന്‍ ജീവപാതയില്‍

വിരിഞ്ഞ കൈകളെന്‍ തലയ്ക്കുമേല്‍ വിരിച്ചു ശാദ്വലം
ചൊരിഞ്ഞതാ മനുഗ്രഹങ്ങളെന്നുമെന്‍ പഥേയമേ,
ഒരിക്കലും തിരിച്ചു വന്നിടാത്തനന്ത ജീവിതം
വരിച്ചു ശാന്തിയാര്‍ന്നെന്‍ താതന്‍ മേവിടുവാനര്‍ത്ഥി ഞാന്‍.

x x x

തൊണ്ണൂറ്റി മൂന്നാണ്ടുകള്‍ സജ്ജനായ് ജീവിച്ചഥ,
വിണ്ണവ വാസമാര്‍ന്നെന്‍ ജനിത്വാ നമോസ്തുതേ !

വിശ്വത്തിലങ്ങിങ്ങായി എണ്ണത്തില്‍ ചുരുക്കമായ്
വല്ലപ്പോഴുമുദിക്കും ദിവ്യാഭാ മനീഷിതര്‍
ഭൂവിതില്‍ തെളിക്കുവാന്‍ സത്യധര്‍മ്മങ്ങള്‍ വാഴാന്‍
താവക കാരുണ്യത്തെ കാട്ടുകേ പ്രജാകരാ !!
………………………………………………………
(T.G. Thomas , Rtd. High School Head Master , Kadampand, 1909 – Nov. 13, Nov. 2002) )
(yohannan.elcy@gmail.com)
 വന്ദ്യ പിതാവിന്റെ ചരമ ദശാബ്ദിയില്‍ -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ വന്ദ്യ പിതാവിന്റെ ചരമ ദശാബ്ദിയില്‍ -എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക