Image

ഐറീന്‍: എണ്ണായിരത്തോളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; കാറ്റിന്‌ ശക്തികുറഞ്ഞു

Published on 28 August, 2011
ഐറീന്‍: എണ്ണായിരത്തോളം ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; കാറ്റിന്‌ ശക്തികുറഞ്ഞു
ന്യൂയോര്‍ക്ക്‌: അമേരിക്കയിലെ ഭീതിയാഴ്‌ത്തിയ ഐറീന്‍ ചുഴലിക്കാറ്റ്‌ മൂലം കരോളിനയില്‍ കനത്ത മഴയോടൊപ്പമുള്ള ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടായി. ചുഴലിക്കാറ്റ്‌ യുഎസ്‌ തീരത്തെത്തിയതോടെ ശക്‌തി കുറഞ്ഞിട്ടുണ്ട്‌. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗത്തില്‍ രാവിലെ ഏഴരയോടെ നോര്‍ത്ത്‌ കാരലീന തീരത്തണഞ്ഞ കാറ്റ്‌ കിഴക്കന്‍ തീരം വഴി വാഷിങ്‌ടണ്‍, ന്യൂയോര്‍ക്ക്‌, ബോസ്‌റ്റണ്‍ നഗരങ്ങളിലേക്കാണു നീങ്ങുന്നത്‌. ആറരക്കോടി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കിഴക്കന്‍ മേഖലയിലെ 830 കിലോമീറ്ററിലാണു ചുഴലി ആഞ്ഞടിക്കുക. ശക്‌തി കുറഞ്ഞെങ്കിലും അപകടകാരിയായ ഐറീന്‍ ശക്തിപ്രാപിക്കുവാനുള്ള സാധ്യതയുമുണ്ട്‌.

അതിനിടെ മുന്‍ കരുതലെന്നോണം 8000 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. മാന്‍ഹാട്ടന്‍, ബ്രൂക്‌ലിന്‍, ക്വീന്‍സ്‌ തുടങ്ങിയ താഴ്‌ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന 2.5 ലക്ഷം ആളുകളോടും ന്യൂജഴ്‌സിയിലെ കേപ്‌ മെയ്‌ പ്രദേശത്തുനിന്ന്‌ 7.5 ലക്ഷം ജനങ്ങളോടും സുരക്ഷിത സ്‌ഥാനങ്ങളിലേക്കു മാറാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

ന്യൂയോര്‍ക്കില്‍ രക്ഷാപ്രവര്‍ത്തനത്തിനു മുന്‍കൂറായി 900 നാഷണല്‍ ഗാര്‍ഡ്‌ ഭടന്മാരെ വിന്യസിച്ചിട്ടുണ്ട്‌. ഹെലികോപ്‌റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനു തയാറാക്കി നിര്‍ത്തിയിട്ടുണ്ട്‌. അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 2500 വൈദ്യുതി ജീവനക്കാരെയും രംഗത്തിറക്കി.
ഹഡ്‌സണ്‍ നദി കരകവിഞ്ഞാല്‍ മാന്‍ഹാട്ടന്‍ നഗരവും അവിടെയുള്ള ഭൂഗര്‍ഭ റയില്‍വേയും വെള്ളത്തിനടിയിലാവും. ഭക്ഷണം, ജലം, ലൈറ്റുകള്‍, ബാറ്ററികള്‍, ജനറേറ്ററുകള്‍ തുടങ്ങിയവ വാങ്ങിച്ചുകൂട്ടാന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വന്‍ തിരക്കായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക