Image

മരണം ഒരു പുനര്‍യാത്ര (കൃഷ്‌ണ)

Published on 21 November, 2012
മരണം ഒരു പുനര്‍യാത്ര (കൃഷ്‌ണ)
ലോകത്തിലെ ഏറ്റവും വലിയ ഭയം മരണ ഭയം ആണെന്ന്‌ പറയപ്പെടുന്നു. ഈ ഭൂമിയും ഇതിന്റെ്‌ സൗന്ദര്യവും വിട്ടുപോകണമെന്നുള്ള ഭയമാണോ? ആയിരിയ്‌ക്കാനിടയില്ല. കാരണം, അങ്ങനെയാണെങ്കില്‍ വേദന മാത്രം കൈമുതലായുള്ളവര്‌ക്ക്‌്‌ മരണഭയം ഉണ്ടാകാന്‍ പാടില്ലല്ലോ? അപ്പോള്‍ അതിന്റെ കാരണം മറ്റെന്തോ ആണ്‌. എന്തായിരിക്കാം അത്‌?

മരണത്തോടെ എല്ലാം അവസാനിക്കുന്നു, ഇനി എനിക്ക്‌ നിലനില്‌പ്പില്ല എന്നചിന്തയാകാം ഭയത്തിന്റൈ കാരണം. നാശത്തിലേക്കുള്ള പാതയാണ്‌ മരണം എന്നല്ലേ നാം കരുതുന്നത്‌. നശിക്കുക എന്നാല്‍ അവസാനിക്കുക.

അപ്പോള്‍ നിലനില്‍പ്പില്ലെന്ന ചിന്തയാണ്‌ ഭയത്തിനടിസ്ഥാനം എന്ന്‌ വരുന്നു. പക്ഷെ അത്‌ വാസ്‌തവമാണോ? ഒന്ന്‌ ചിന്തിച്ചുനോക്കാം.

ഒരു ശവശരീരം പോസ്റ്റ്‌മോര്‌ട്ടം ചെയ്യുമ്പോള്‍ വ്യക്തമാകുന്ന ഒന്നുണ്ട്‌. ശരീരത്തിലെ ഒരവയവും നഷ്ടപ്പെട്ടിട്ടില്ല. പക്ഷെ ആ വ്യക്തി മരിച്ചിരിക്കുന്നു. ആകെയുള്ളത്‌ ഒരൊറ്റ വ്യത്യാസം മാത്രം. എല്ലാ അവയവങ്ങളുടെയും ചലനശേഷി നഷ്ടമായിരിക്കുന്നു. വൈദ്യുതിയുടെ അഭാവത്തില്‍ ഫാന്‍, ലൈറ്റ്‌ മുതലായവ ചലിക്കാതാകുന്നതുപോലെ.

പക്ഷെ അതിന്റെ അര്‍ത്ഥം വൈദ്യുതി എന്ന ഒന്ന്‌ ഇല്ലാതായിരിക്കുന്നു എന്നല്ലല്ലോ? വൈദ്യുതി അപ്പോഴും ഉണ്ട്‌. ആ യന്ത്രങ്ങളില്‍ ഇല്ല എന്ന്‌ മാത്രം. അതായത്‌, വൈദ്യുതി മറ്റെങ്ങോ ആയി എന്നുമാത്രം.

ഒരാള്‍ മരിക്കുമ്പോഴും ഇതുതന്നെയല്ലേ സംഭവിക്കുന്നത്‌? ശരീരം അവിടെത്തന്നെയുണ്ട്‌. പക്ഷെ അതിലെ ചൈതന്യം മറ്റെങ്ങോട്ടോ മാറിയിരിക്കുന്നു. ചൈതന്യം എന്നാല്‍ എനര്‍ജിി. Energy can neither be created nor destroyed എന്നല്ലേ ശാസ്‌ത്രം പറയുന്നത്‌? അതായത്‌ പഴയതായിപ്പോയ ശരീരം ഉപേക്ഷിച്ച്‌ ചൈതന്യം മറ്റൊരിടത്തേക്കു മാറി. വൈദ്യുതിപോലെതന്നെ. അത്‌ അടുത്ത കര്‍മ്മ മണ്ഡലത്തിലേക്കാകാം. അല്ലെങ്കില്‍ കര്‍മ്മരഹിതമായ ഒരു നിലയിലേക്കാകാം. Kinetic energy stage or Potential energy stage. രണ്ടായാലും അത്‌ ഉണ്ട്‌. കാരണം അത്‌ ചൈതന്യമാണ്‌. നാശമില്ലാത്തതാണ്‌.

ഭഗവത്‌ഗീത പഠിപ്പിക്കുന്നതുപോലെ വസ്‌ത്രം പഴയതാകുമ്പോള്‍ അതുമാറ്റി പുതിയതൊന്നു ധരിക്കുന്നു. അത്രമാത്രം.

അപ്പോള്‍ ഒരു സംശയം വരാം. മരണമെന്നാല്‍ ഇത്രമാത്രമാണെങ്കില്‍ ആത്മഹത്യ തെറ്റാകുമോ?

വസ്‌ത്രം പഴയതാകുന്നതിനു മുമ്പുതന്നെ അത്‌ ഉപേക്ഷിക്കുന്നത്‌ ശരിയാണോ? ഒരാവശ്യവുമില്ലാതെ വൈദ്യുതി ലയിന്‍ ഓഫ്‌ ചെയ്‌ത്‌ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്താന്‍ പാടുണ്ടോ? നമ്മളായി അങ്ങനെ ഒരു തീരുമാനം എടുക്കുന്നത്‌ ഈ ഭൂമിയിലെ ജീവനുള്ളതും ഇല്ലാത്തതുമായ സകലതിനെയും ബാധിച്ചേക്കാം. കാരണം എല്ലാത്തിനെയും നിയന്ത്രിക്കുന്ന പ്രകൃതിയുടെ അലിഖിത നിയമത്തിന്റെ ലംഘനം ആകുമല്ലോ അത്‌? പ്രകൃതിയുടെ സന്തുലിതാവസ്ഥയ്‌ക്ക്‌ ആഘാതമാകില്ലേ അത്‌?

പഴയ വസ്‌ത്രം ഉപേക്ഷിക്കപ്പെടുന്നതുപോലെയാണ്‌ മരണം എങ്കില്‍ ചെറുപ്രായത്തില്‍ ആളുകള്‍ കുട്ടികള്‍ ഉള്‍പ്പടെ മരിക്കുന്നത്‌ എന്തുകൊണ്ടെന്ന ഒരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. ഒന്ന്‌ ചിന്തിച്ചാല്‍ അതിന്റെ കാരണം നമുക്ക്‌ തന്നെ വ്യക്തമാകും. വസ്‌ത്രം ഉപേക്ഷിക്കാറായോ എന്ന്‌ തീരുമാനിക്കുന്ന പ്രകൃതിശക്തിയ്‌ക്ക്‌ ഒരു തീരുമാനമെടുക്കുമ്പോള്‍ അതിന്റെതതായ കാരണവും കാണും. പുതിയ വസ്‌ത്രം കൂടുതല്‍ നല്ലതായിരിക്കുമെന്നറിഞ്ഞാല്‍ പഴയ വസ്‌ത്രം ഉപേക്ഷിക്കുന്നതില്‍ ദുഃഖം തോന്നണമോ?

പോകുന്ന സ്ഥലം ഇതിലും മോശമായേക്കുമോ എന്ന ഭയം പോകുന്ന ആളിന്‌. സ്വാര്‍ത്ഥത നല്‌കുമന്ന ദുഖവും ഭയവും മറ്റുള്ളവര്‍ക്ക്‌ . (ഇനിയും ഈ പ്രീയപ്പെട്ട വ്യക്തിയെ കാണാന്‍ കഴിയില്ലല്ലോ എന്ന ദുഃഖം തന്നെയാണ്‌ മുഖ്യമായ സ്വാര്‍ത്ഥത.) കോടിക്കണക്കിനു നക്ഷത്രങ്ങളും മറ്റും മറ്റുമുള്ള ഈ പ്രപഞ്ചത്തില്‍ പോകുന്ന സ്ഥലം ഇതിലും നല്ലതായിക്കൂടെ? ഈ യാത്രയും ജീവിതവും എല്ലാം അന്തിമമായ ജ്ഞാനത്തിലേക്കുള്ള, സ്വയം തിരിച്ചറിവിലേക്കുള്ള പ്രയാണമല്ലേ? അപ്പോള്‍ ജീവിതം വിദ്യാഭ്യാസം മാത്രമാകുന്നു. ചെറിയ ക്ലാസ്സില്‍നിന്നും ഉയര്‍ന്ന ക്ലാസ്സിലേക്കല്ലേ പോകുക? കൂടുതല്‍ സൗകര്യങ്ങളിലേക്ക്‌. അതില്‍ സന്തോഷിക്കുന്നത്‌ തെറ്റാകുമോ? അല്ലെങ്കിലും ചൈതന്യത്തിനു ലാഭനഷ്ടങ്ങളോ ദുഃഖ,സന്തോഷങ്ങളോ ഉണ്ടാകാന്‍ വഴിയില്ലല്ലോ?

എവിടെ നിന്ന്‌ വന്നെന്നും എങ്ങോട്ട്‌ പോകുന്നെന്നും അറിയാത്ത യാത്ര അന്ത്യയാത്ര ആണെന്ന്‌ കണക്കു കൂട്ടുന്നത്‌ തെറ്റാകാനല്ലേ കൂടുതല്‍ സാദ്ധ്യത?

മരണം ഒരു പുനര്യാത്രയാണെന്നും എങ്ങോട്ടെന്നറിയാത്തത്‌ കൊണ്ടാണ്‌ ഭയവും പരിഭ്രമവും (മരിക്കുന്ന ആളിനും മറ്റുള്ളവര്‍ക്കും) തോന്നുന്നതെന്നും തിരിച്ചറിയുക. ആ യാത്ര സ്‌കൂളില്‍ നിന്നും കോളേജിലേക്ക്‌ `കൂടുതല്‍ സൗകര്യങ്ങളിലേക്ക്‌' ആകാനാണ്‌ കൂടുതല്‍ സാധ്യത എന്ന്‌ തിരിച്ചറിയുക. പുതിയ ഏതോ അറിവുതേടി ഒരു പുനര്‍യാത്ര.

അതാണ്‌, അത്രമാത്രമാണ്‌ മരണം എന്ന്‌ തിരിച്ചറിയുന്ന നിമിഷം മരണഭയം അസ്‌തമിക്കും. മരണത്തെ പുഞ്ചിരിയോടെ എതിരേല്‍ക്കും .

മരണത്തിനു ക്രൂരതയുടെ മുഖമല്ല, എതിരേറ്റു കൊണ്ടുപോകാന്‍ പുഞ്ചിരിയോടെ വരുന്ന സ്‌നേഹിതന്റെ മുഖമാണ്‌ എന്ന്‌ വിശ്വസിക്കാന്‍ ശ്രമിക്കുക. അതിനേ പുഞ്ചിരിയോടെ എതിരേല്‍ക്കുമെന്നു സ്വയം തീരുമാനിക്കുക.

കൃഷ്‌ണ
മരണം ഒരു പുനര്‍യാത്ര (കൃഷ്‌ണ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക