Image

ഒരു മലയാള മഹോത്സവത്തിന്റെ ദുരന്തകഥ (ജോര്‍ജ്‌ തോട്ടം)

Published on 27 November, 2012
ഒരു മലയാള മഹോത്സവത്തിന്റെ ദുരന്തകഥ (ജോര്‍ജ്‌ തോട്ടം)
നവംബര്‍ ഒന്നാം തീയതി പര്യവസാനിച്ച വിശ്വമലയാള മഹോത്സവത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം തുടരുകയാണിപ്പോഴും. ഒക്‌ടോബര്‍ മുപ്പതിന്‌ രാഷ്‌ട്രപതി പ്രണബ്‌ മുഖര്‍ജി ഉദ്‌ഘാടനം ചെയ്യുന്നതിന്‌ ഏറെ മുമ്പേ വിവാദങ്ങളുടെ ചുഴലിക്കാറ്റില്‍പ്പെട്ട്‌ അലങ്കോലമാകാന്‍ തുടങ്ങിയിരുന്നു ഈ മഹോത്സവം.

കൈരളി ചാനലും ദേശാഭിമാനിയും സമകാലിക മലയാളം വാരികയുമായിരുന്നു ഏറ്റവുമധികം വിമര്‍ശനശരങ്ങള്‍ തൊടുത്തുവിട്ടത്‌. അവരുടെ കരങ്ങള്‍ക്കു ശക്തി പകര്‍ന്നത്‌ സംഘാടകര്‍ക്കു സംഭവിച്ച വലിയ കുറേ പാകപ്പിഴകളും പമ്പരവിഡ്‌ഢിത്തങ്ങളുമായിരുന്നു .ഒരു അന്തര്‍ദേശീയ സമ്മേളനം എങ്ങനെ നടത്തെരുതെന്നുള്ളതിന്‌ മികച്ച ഉദാഹരണമായിരുന്നു ഈ മഹോത്സവം.

മലയാളത്തിലെ ഭൂരിഭാഗം പ്രമുഖ സാഹിത്യകാരന്മാരെയും അണിനിരത്തി കഴമ്പുള്ള നിരവധി സെമിനാറുകളും, ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ കലാപരിപാടികളും, വിപുലമായ പുസ്‌തക പ്രദര്‍ശനവും കാഴ്‌ചവച്ച ഈ സംരംഭം ചരിത്രത്തില്‍ ഓര്‍മിക്കപ്പെടുന്നത്‌ വിവാദങ്ങളുടെയും അഴിമതി ആരോപണങ്ങളുടെയും തൊഴുത്തില്‍ക്കുത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പ്രതീകമായിട്ടാകും.

സി.വി രാമന്‍പിള്ളയുടെ പ്രതിമയ്‌ക്കു പകരം സര്‍ സി.വി രാമന്റെ പ്രതിമ സ്ഥാപിച്ചതും, പരേതനായ ഒരു വ്യക്തിയെ മുഖ്യപ്രഭാഷകനായി അവതരിപ്പിച്ചതും, സുഗതകുമാരി ടീച്ചറിനെ വികസന സെമിനാറിന്റെ
അധ്യക്ഷസ്ഥാനത്തു നിന്നു നീക്കിയതും മാത്രമല്ല ഈ മഹാസമ്മേളനം പരാജയത്തിന്റെ പര്യായമായി മാറാന്‍ കാരണം. ഇപ്പറഞ്ഞതെല്ലാം ഈ പ്രസ്ഥാനത്തെ കാര്‍ന്നു തിന്ന മഹാരോഗങ്ങളുടെ പ്രത്യക്ഷ ലക്ഷണങ്ങള്‍ മാത്രം.

മുപ്പത്തഞ്ച്‌്‌ വര്‍ഷങ്ങള്‍ക്കുശേഷമാണ്‌ കേരളത്തില്‍ ഒരു വിശ്വമലയാള സമ്മേളനം നടന്നത്‌ എന്നത്‌ ഈ സംരംഭത്തിന്റെ ചരിത്രസ്വഭാവത്തിനു തെളിവാണ്‌. 1977-ല്‍ കേരള സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ വിജയകരമായി നടന്ന ഒന്നാം ലോകമലയാള സമ്മേളനത്തിന്റെ ചുക്കാന്‍ പിടിച്ചത്‌ ശ്രീ പുതുശേരി രാമചന്ദ്രന്‍ ആയിരുന്നു.

അന്നത്തെ പ്രമുഖ സംഘാടകരില്‍ ഒരാളായിരുന്നു ഇപ്പോഴത്തെ സാംസ്‌കാരിക വകുപ്പു മന്ത്രിയും 2012ലെ വിശ്വമലയാള മഹോത്സവത്തിന്റെ `മുഖ`വുമായി മാറിയ ശ്രീ കെ.സി ജോസഫ്‌, അന്നു പഠിച്ച പാഠങ്ങള്‍ മന്ത്രി പാടേ മറന്നു എന്നതു വ്യക്തം.

വാസ്‌തവത്തില്‍ ഒക്‌ടോബര്‍ മുപ്പതിനും നവംബര്‍ ഒന്നിനുമിടയ്‌ക്ക്‌ എന്താണ്‌ നടന്നത്‌? വിവിധ മാ ധ്യമങ്ങള്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടങ്ങള്‍ക്കു ശേഷവും അവ്യക്തതകള്‍ തുടരുന്നു.

കേരള സാഹിത്യഅക്കാഡമി പ്രസിഡന്റായ പെരുമ്പടവം ശ്രീധരന്റെ ഭാവനയില്‍ വിടര്‍ന്ന സ്വപ്‌നമായിരുന്നു ഈ മഹോത്സവം. അക്കാഡമിയുടെ നേതൃത്വം ഏറ്റെടുത്തനാള്‍ മുതല്‍ ഒരു `വിശ്വമലയാള മാമാങ്കം' എന്ന സങ്കല്‌പത്തെപ്പറ്റി അദ്ദേഹം സഹപ്രവര്‍ത്തകരോടും സുഹൃത്തുക്കളോടും സംസാരിക്കുമായിരുന്നു. ഫെബ്രുവരിയില്‍ അക്കാഡമിയുടെ ഓഫിസില്‍ വച്ചു കണ്ടപ്പോള്‍ ആവേശത്തോടെ ഇക്കാര്യത്തെപ്പറ്റി അദ്ദേഹം സംസാരിച്ചത്‌ ഓര്‍മവരുന്നു.

അക്കാഡമി നിര്‍വാഹകസമിതിയുടെ അംഗീകാരം ലഭിച്ചപ്പോഴേക്കും `മാമാങ്കം `മഹോത്സവ'മായി. വാസ്‌തവത്തില്‍ മാമാങ്കം എന്ന പേരായിരുന്നു കൂടുതല്‍ ഉചിതമെന്ന്‌ ഇപ്പോള്‍ തോന്നുന്നു. ആറു കോടി രൂപ സര്‍ക്കാരിനോട്‌ ചോദിച്ചു. ആദ്യം അരക്കോടിയും പിന്നെ ഒന്നരക്കോടിയും ലഭിച്ചു. അക്കാഡമിയുടെ നേതൃത്വത്തില്‍ പരിപാടി ആരംഭിച്ചു.

ഇതിനിടെ അതിവിദഗ്‌ധമായി ഒരു ``ഹൈജാക്കിങ്ങ്‌ നടന്നു. സാംസ്‌കാരിക മന്ത്രി ചെയര്‍മാനും ഐ.എന്‍.ടി.യു.സി നേതാവും എം.എല്‍.എയുമായ പാലോട്‌ രവി വൈസ്‌ ചെയര്‍മാനും പെരുമ്പടവം ശ്രീധരന്‍ വര്‍ക്കിംഗ്‌ ചെയര്‍മാനുമായുള്ള ഒരു `വര്‍ക്കിങ്‌ കമ്മറ്റി മഹോത്സവത്തിന്റെ നടത്തിപ്പ്‌ ഏറ്റെടുത്തു.

അതോടെ അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ രൂപം കൊണ്ട വിശ്വമലയാള മഹോത്സവം സ്റ്റിയറിംഗ്‌ കമ്മറ്റി പുറത്ത്‌. പ്രസ്‌തുത കമ്മിറ്റിയിലെ ആരുംതന്നെ പുതിയ കമ്മറ്റിയില്‍ അക്കാഡമി പ്രസിഡന്റ,്‌ സെക്രട്ടറി, കണ്‍വീനര്‍ ജോണ്‍ സാമുവല്‍ എന്നിവരൊഴിച്ചു ആരും തന്നെ ഉണ്ടായിരുന്നില്ല.

പ്രസിഡന്റിന്റെ ഭാഷ്യം സര്‍ക്കാര്‍ അതായത്‌ സാംസ്‌കാരിക വകുപ്പ്‌ `ഹൈജാക്കിംഗ്‌ നടത്തിയെന്നാണ്‌. പുതിയ `വര്‍ക്കിംഗ്‌ കമ്മിറ്റി'ക്കു രൂപം കൊടുത്ത ഹൈജാക്കിംഗില്‍ പ്രസിഡന്റും സെക്രട്ടറിയും രഹസ്യപങ്കാളികളെന്ന്‌്‌ മുന്‍ സ്റ്റിയറിംഗ്‌ കമ്മിറ്റി അംഗങ്ങള്‍. സത്യം ഇന്നും പുകമറയില്‍.

അക്കാഡമിയും സാഹിത്യകാരന്മാരും നടത്തേണ്ടിയിരുന്ന മഹോത്സവത്തിന്റെ മുഖ്യസാരഥികള്‍ മന്ത്രി ജോസഫും എം.എല്‍.എ രവിയും. അതോടെ മഹോത്സവത്തിന്റെ ഗതി മാറി. രാഷ്‌ട്രീയക്കാര്‍ക്കുവേണ്ടി രാഷ്‌ട്രീയക്കാര്‍ നടത്തിയ ഒരു മാമാങ്കമായി മാറി മഹോത്സവം.

അഞ്ചു പൊതുസമ്മേളനങ്ങള്‍ നടന്നു. അതില്‍ നാലിലും അധ്യക്ഷനായും ഉദ്‌ഘാടന സമ്മേളനത്തില്‍ പരിചയപ്പെടുത്തല്‍ പ്രാസംഗികനായും മന്ത്രി ജോസഫ്‌ പ്രത്യക്ഷപ്പെട്ടു. ഒട്ടും പിന്നിലയിരുന്നില്ല മുഖ്യമന്ത്രി
ശ്രീ ഉമ്മന്‍ചാണ്ടിയും, അഞ്ചിലും മുഖ്യപ്രഭാഷകനോ മുഖ്യാതിഥിയോ ഉദ്‌ഘാടകനോ ആയി അദ്ദേഹവും നിറഞ്ഞു നിന്നു.

ഉദ്‌ഘാടന സമ്മേളനം തന്നെ ഈ മഹോത്സവത്തിന്റെ യഥാര്‍ഥ സ്വഭാവം വെളിപ്പെടുത്തി. വേദിയില്‍ ഉണ്ടായിരുന്നവരും പ്രസംഗിച്ചതും ഒട്ടുമുക്കാലും രാഷ്‌ട്രീയക്കാര്‍. വളരെ ബുദ്ധിമുട്ടി ജ്ഞാനപീഠം ജേതാക്കളായ എം.ടി വാസുദേവന്‍നായര്‍ക്കും ഒ.എന്‍.വി കുറുപ്പിനും ഇരിപ്പിടം കിട്ടി. അവരെ മൂകസസാക്ഷികളാക്കി കെ.എം. മാണിയും അബ്‌ദുറബ്ബുമൊക്കെ വാചാലമായി സംസാരിച്ചു
.
ഉദ്‌ഘാടന സമ്മേളനത്തിന്റെ എം.സിയായി സ്വ യം തിരഞ്ഞെടുത്ത രവി എം.എല്‍.എ രാഷ്‌ട്രപതിക്ക്‌ പൊന്നാടയും ഉപഹാരവും സമര്‍പ്പിക്കുന്നതു കണ്ട്‌്‌ നോക്കുകുത്തിയായി അക്കാഡമി പ്രസിഡന്റിനു തൃപ്‌തിപ്പെടേണ്ടി വന്നു. ആശംസാപ്രസംഗകരായ വയലാര്‍ രവിയും വി.എസ്‌ അച്യുതാനന്ദനും എത്തിയില്ല ഒരാള്‍ക്കു ദേഹാസ്വാസ്ഥ്യം. മറ്റേയാള്‍ക്ക്‌ രാഷ്‌ട്രീയമായ വിയോജിപ്പ്‌.

അതിലും വിചിത്രമായിരുന്നു `പ്രവാസി സമ്മേളനം അതൊരു സാഹിത്യ സമ്മേളനമായിരിക്കുമെന്നു കരുതി എത്തിയവരൊക്കെ പമ്പരവിഡ്‌ഢികളായി. പ്രവാസി സാഹിത്യവും സാഹിത്യകാരനും ആ സമ്മേളനത്തിന്റെ അജണ്ടയിലെ തികച്ചും അപ്രധാനമായ ഘടകങ്ങളായിരുന്നു എന്നതാണ്‌ സത്യം. `പങ്കെടുക്കുന്നവര്‍ എന്ന വിഭാഗത്തില്‍ രണ്ടു സാഹിത്യകാരന്മാരുടെ പേരുകള്‍ - ബന്യാമിന്‍ അസ്‌മോപുത്തന്‍ചിറ. ഗള്‍ഫില്‍ നിന്നു റിസര്‍വേഷന്‍ സീറ്റില്‍ കയറിക്കൂടിയ' പ്രവാസി സാഹിത്യകാരന്മാര്‍.

യൂറോപ്പില്‍ നിന്നും വടക്കേ അമേരിക്കയില്‍ നിന്നും ഒരു സാഹിത്യകാരന്റെയും പേര്‌ ആ പട്ടികയില്‍ ഉണ്ടായിരുന്നില്ല. ശേഷിച്ച നാല്‌ `പങ്കെടുക്കുന്ന'വരുടെ പേരുകള്‍ സാഹിത്യവുമായി പുലബന്ധം
പോലും ഉള്ളവയായിരുന്നില്ല. പിന്നീടറിയുന്നു അവര്‍ വിശ്വപ്രവാസി സംഘടനയുടെ ഭാരവാഹികളോ അംഗങ്ങളോ ആയിരുന്നു പോലും. മഹോത്സവഫണ്ടിലേക്ക്‌ ആറേഴു ലക്ഷം `സ്‌പൊണ്‍സര്‍ ഫീസായി സംഭാവന ചെയ്‌തവരെ അംഗീകരിക്കാതെ വഴിയില്ലല്ലൊ'.

ബന്യാമിന്‍ എത്തിയില്ല. അസ്‌മോ ഒരു കവിത ചൊല്ലിയശേഷം സ്വന്തം ഇരിപ്പിടത്തിലേക്കു മടങ്ങി. പിന്നീടങ്ങോട്ട്‌ പ്രവാസികളുടെ ആവശ്യങ്ങളുടെയും പ്രശ്‌നങ്ങളുടെയും പല്ലവികളായിരുന്നു മുഖ്യമന്ത്രിയുടെ ശ്രദ്ധയ്‌ക്ക്‌. കുറേ കേട്ടുമടുത്തപ്പോള്‍ അദ്ദേഹം സ്ഥലംവിട്ടെങ്കിലും പ്രവാസി രോദനങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.

ചെറുതെങ്കിലും എഴുത്തുകാരുടെ ഒരു ഡെലിഗേഷന്‍ ഉണ്ടായിരുന്നത്‌ വടക്കേ അമേരിക്കയില്‍ നിന്നായിരുന്നു. രണ്ടു പത്രപ്രതിനിധികള്‍ക്ക്‌ സംസാരിക്കാന്‍ അനുവാദം അഭ്യര്‍ഥിച്ചിരുന്നു, മൂന്നാഴ്‌ചയോളം. മറുപടി കണ്ടില്ല.

പരിപാടി തുടങ്ങുന്നതിന്‌ അഞ്ചുമിനിറ്റ്‌ മുമ്പ്‌ മീനു എലിസബത്തിന്റെ പേര്‌ `പങ്കെടുക്കുന്ന'വരുടെ ലിസ്റ്റില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. ഹ്രസ്വമെങ്കിലും പക്വവും വാചാലവുമായ ഒരു പ്രസംഗത്തിലൂടെ പ്രവാസി എഴുത്തുകാരുടെ ശബ്‌ദം വേദിയില്‍ ഉയര്‍ത്താന്‍ മീനുവിനു കഴിഞ്ഞു. അതല്ലെങ്കില്‍ എയര്‍ ഇന്ത്യ, എയര്‍ കേരള, പ്രവാസി പ്രോപ്പര്‍ട്ടി റൈറ്റ്‌സ്‌ എന്നിവയില്‍ ഒതുങ്ങിയേനെ പ്രവാസി സമ്മേളനത്തിന്റെ ഉള്ളടക്കം.

സാമാന്യബുദ്ധിക്കു നിരക്കാത്ത പലതും കാണാനും കേള്‍ക്കാനുമുള്ള ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ സമ്മാനിച്ചു വിശ്വമലയാള മഹോത്സവം. കേള്‍ക്കൂ ചില ഉദാഹരണങ്ങള്‍.

രണ്ടാം ദിവസം രാവിലെ നടന്ന ആചാര്യപൂജയില്‍ ആദരിക്കപ്പെട്ട സാഹിത്യ ആചാര്യന്മാരില്‍ എം.ടി, ഒ.എന്‍.വി, അക്കിത്തം, സുഗതകുമാരി മുതലായവരേടൊപ്പം അടൂര്‍ ഗോപാലകൃഷ്‌ണനും!

മാധ്യമങ്ങളുമായി ബന്ധപ്പെട്ട രണ്ടു സെമിനാറുകള്‍ ഉണ്ടായിരുന്നു. മാധ്യമങ്ങളില്‍ താല്‌പര്യമുള്ള കുറേ വിദ്യാര്‍ഥികള്‍ക്കു അവയില്‍ താല്‌പര്യമുണ്ടായിരുന്നു. പക്ഷേ`നാം നമ്മുടെ സിനിമ `നവമാധ്യമ
സംസ്‌കാരം' എന്ന രണ്ടു സെമിനാറുകളും ഒരേ സമയത്തു നടന്നതുകൊണ്ട്‌്‌ അവര്‍ക്കു നഷ്‌ടപ്പെട്ടത്‌ ഒരു സുവര്‍ണാവസരം.

ഇതു കൂടി കേള്‍ക്കൂ. ഏഴു ദിവസം നീന്നു നില്‌ക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്രമേള തിരുവനന്തപുരത്തു നടക്കാറുണ്ട്‌. അതിനായി പത്തു തിയെറ്ററുകളും ഇരുനൂറോളം ചിത്രങ്ങളും വാടകയ്‌ക്കെടുക്കണം. 60 ലക്ഷം രൂപ കാഷ്‌ അവാര്‍ഡുകള്‍ നല്‌കണം, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നും വരുന്ന ഇരുന്നൂറില്‍പരം അതിഥികളുടെ എല്ലാ ചെലവുകളും വഹിക്കണം. എന്നിട്ടും കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ ചെലവ്‌ 3.16 കോടി രൂപ മാത്രം.

1977-ല്‍ നടന്ന ഒന്നാം ലോകമലയാളി സമ്മേളനത്തിന്‌ പത്തിലേറെ രാജ്യങ്ങളില്‍ നിന്നും 300-ല്‍പരം പ്രതിനിധികളും 40-ല്‍പരം ഭാഷാ അധ്യാപകരും പങ്കെടുത്തിരുന്നു. ഇത്തവണ വിദേശത്തു നിന്നു വന്ന പ്രഭാഷകരുടെയും പ്രതിനിധികളുടെയും സംഖ്യ വിരലില്‍ എണ്ണാന്‍ മാത്രം. 49 സെമിനാറുകള്‍ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പരിപാടികളില്‍ സമ്പന്നമായിരുന്നു.

ആശയവിനിമയ സാങ്കേതിക സൗകര്യങ്ങളും അന്തര്‍ദേശീയ ഗതാഗതവും എത്രയും സുലഭവും സുഗമവും ചെലവുകുറഞ്ഞതുമായ ഇക്കാലത്ത്‌, ലോകം തികച്ചും ഒരു അന്തര്‍ദേശീയ ഗ്രാമമായ ഈ യുഗത്തില്‍ തികച്ചും `വിശ്വ`മായ ഒരു മഹോത്സവം സംഘടിപ്പിക്കാനുള്ള സുവര്‍ണാവസരമാണ്‌ സംഘാടകര്‍ കളഞ്ഞു കുളിച്ചത്‌.

ഈ മഹോത്സവത്തെ വിശ്വനിലവാരത്തിലേക്ക്‌ ഉയര്‍ത്താന്‍ അധികമാരും അറിയാത്ത ഒരു ചൈനീസ്‌ എഴുത്തുകാരിയെയും ബെന്‍ ഓക്രി എന്ന ആംഗലേയ ആഫ്രിക്കന്‍ ബുക്കര്‍ പ്രൈസ്‌ ജേതാവിനെയും ഇറക്കുമതി ചെയ്‌തു സംഘാടകര്‍.

ഓക്രിയായിരുന്നു താരം (വിദേശിയാണല്ലൊ. കറുത്തവനായാലും വെളുത്തവനായാലും അവാനാണല്ലൊ താരം ഇന്നും ഇന്ത്യ മഹാരാജ്യത്ത്‌).ഓക്രിയും പ്രേക്ഷകരും തമ്മിലുള്ള സംഭാഷമായിരുന്നു രണ്ടാം ദിവസത്തെ`മെയിന്‍ ഇവന്റ്‌ രാവിലെ പത്തുമണിക്ക്‌ തടിച്ചു കൂടിയ ജനത്തിനു കാണാന്‍ പറ്റിയത്‌ ഓക്രി സംഗമം പന്ത്രണ്ടരയിലേക്കു മാറ്റി വച്ചു എന്ന ഒരു കാര്‍ഡ്‌ബോര്‍ഡ്‌ കഷണം. തലേന്ന്‌ ശശിതരൂരും ഭാര്യയും പഞ്ചനക്ഷത്ര ഹോട്ടലില്‍ നല്‌കിയ വിരുന്നിന്റെ ക്ഷീണത്തില്‍ നിന്നു മോചിതനാകാതെ വരാന്‍ പറ്റില്ലല്ലൊ. രണ്ടാം ദിവസത്തെ പരിപാടികളുടെ`ഷെഡ്യൂള്‍ കുളമാക്കി ആ മഹാസാഹിത്യകാരന്‍.

ആദരസന്ധ്യയില്‍ പങ്കെടുക്കാനായി ക്ഷണിക്കപ്പെട്ട ചെറിയാന്‍ കെ ചെറിയാനെപ്പോലുള്ള വലിയ സാഹിത്യകാരന്‌ ഒരു ടിക്കറ്റു കൊടുക്കാന്‍ നിവര്‍ത്തിയില്ലെന്നു പറഞ്ഞു കൈകഴുകിയ സംഘാടകര്‍ക്ക്‌ ഇത്തരം വിഗ്രഹങ്ങളെ എഴുന്നെള്ളിക്കാനും അതുവഴി ഈ മഹോത്സവത്തെ തരംതാഴ്‌ത്താനും ഒരു സങ്കോചവുമില്ലായിരുന്നു. ഇതൊക്കെയാണ്‌ രാമന്‍പിള്ള പ്രതിമകളേക്കാള്‍ ദുഖകരമായ സത്യങ്ങള്‍.

സര്‍ക്കാരില്‍ നിന്നു കിട്ടിയ രണ്ടു കോടിയും മറ്റു സംഘടനകളില്‍ നിന്ന്‌ (അതാരാണെന്ന്‌്‌ ആര്‍ക്കറിയാം) പിരിച്ചെടുത്ത പണവും അതെത്രയാണെന്നും എന്തിനൊക്കെയാണെന്നും ചെലവഴിച്ചതെന്ന്‌ ആര്‍ക്കറിയാം. പ്രധാന ചെലവ്‌ ആയിരത്തിലേറെ പേര്‍ക്ക്‌ ഉച്ചയൂണു കൊടുത്തതിനും 35 വാഹനങ്ങള്‍ മൂന്നു ദിവസത്തേക്കു വാടകയ്‌ക്ക്‌ എടുത്തതിനുമാണെന്നു കേള്‍ക്കുന്നു. അങ്ങനെയെങ്കില്‍ മഹോത്സവപരിപാടികള്‍ക്കു വരാത്ത പലരും അവരുടെ സില്‍ബന്ധികളും ഈ മഹോത്സവസദ്യയില്‍ പങ്കെടുത്തിരുന്നു എന്നുസാരം.

ഏറെ വൈകി ഉദ്‌ഘാടനം ചെയ്യപ്പെട്ട വെബ്‌സൈറ്റ്‌, തികഞ്ഞ പരാജയമായ പബ്‌ളിക്‌ റിലേഷന്‍സ്‌ സം രംഭം (കേരള സര്‍ക്കാരില്‍ നിന്‌ു കടമെടുത്ത ടീം), മാധ്യമങ്ങളുമായുള്ള സമ്പര്‍ക്കത്തിന്റെ അഭാവം, അന്തര്‍ദേശീയ നിലവാരത്തിലുള്ള ഒരു സംരംഭത്തിനും നേതൃത്വം നല്‌കാന്‍ ശേഷിയില്ലാത്ത അനുഭവസമ്പത്തില്ലാത്ത ജനറല്‍ കണ്‍വീനര്‍മാര്‍, ആരെയും മുഷിപ്പിക്കാന്‍ കഴിയാത്ത അക്കാഡമി പ്രസിഡന്റ്‌, അതിലുപരിയായി ഇതിനെ ഒരു രണ്ടാം എമേര്‍ജിംഗ്‌ കേരള സമ്മേളനമായി മാറ്റാന്‍ കച്ചകെട്ടിയിറങ്ങിയ രാഷ്‌ട്രീയഭിക്ഷാംദേഹികള്‍ ഈ നല്ല സംരംഭത്തെ ഒരു പ്രഹസനമാക്കി മാറ്റി.

മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരെ അണിനിരത്തിയ വിജ്ഞാനപ്രദമായ സെമിനാറുകള്‍, സാംസ്‌കാരിക കേരളത്തിന്‌ അഭിമാനിക്കാവുന്ന കലാപരിപാടികള്‍, മിതമായ വിലയ്‌ക്ക്‌ ഒട്ടേറെ പുസ്‌തകങ്ങള്‍ സമ്മാനിച്ച പുസ്‌തകമേള, പഴയ തലമുറയിലെയും പുതിയ തലമുറയിലെയും സാഹിത്യ പ്രതിഭകളുമായി കണ്ടുമുട്ടാനും ആശയവിനിമയം നടത്താനുമുള്ള അവസരങ്ങള്‍. കഥ പറച്ചിലിന്റെ രസതന്ത്രത്തെപ്പറ്റി സക്കറിയ നടത്തിയ ക്ലാസിക്‌ പ്രഭാഷണം, കവിയും കവിതയും രണ്ടാംഭാഗത്തില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടു നടത്തിയ ഉദ്‌ഘാടന പ്രസംഗം, പ്രേക്ഷകരുമായി ഹൃദയം തുറന്ന്‌ എം.ടി നടത്തിയ സംഭാഷണം ഇതൊക്കെ മതി, ഇത്രയും ദൂരം ധനനഷ്‌ടവും സമയനഷ്‌ടവും മാനഹാനിയും സഹിച്ച്‌ പങ്കെടുത്ത എന്നെപ്പോലെയുള്ള ഭാഷാസ്‌നേഹികള്‍ക്ക്‌ ഈ മഹോത്സവം അവിസ്‌മരണീയമായ ഒരു അനുഭവമായി എന്നെന്നും ഓര്‍മയില്‍ സൂക്ഷിക്കാന്‍
ഒരു മലയാള മഹോത്സവത്തിന്റെ ദുരന്തകഥ (ജോര്‍ജ്‌ തോട്ടം)ഒരു മലയാള മഹോത്സവത്തിന്റെ ദുരന്തകഥ (ജോര്‍ജ്‌ തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക