Image

ഫഹദ്‌ രണ്ടു റോളില്‍- `ഒളിപ്പോര്‌'

Published on 03 December, 2012
ഫഹദ്‌ രണ്ടു റോളില്‍- `ഒളിപ്പോര്‌'
ഫഹദ്‌ ഫാസില്‍ രണ്ടു വ്യത്യസ്‌ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ ഒളിപ്പോര്‌. അഭിനേത്രി, ജലത്തില്‍ മത്സ്യം പോലെ തുടങ്ങിയ ഡോക്യുമെന്ററികളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ എ. വി. ശശിധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഒളിപ്പോര്‌ എന്ന ചിത്രത്തിലാണ്‌ ഫഹദിന്റെ പുതിയ പ്രത്യക്ഷപ്പെടല്‍. കലാഭവന്‍ മണി, തലൈവാസല്‍ വിജയ്‌, സിദ്ധാര്‍ഥ്‌ ഭരതന്‍, സറീന വഹാബ്‌ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമാണ്‌.

തൃശൂരിലെ ചലച്ചിത്രപ്രേമികളായ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്ന്‌ നല്ല സിനിമകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി രൂപീകരിച്ച ബാനറാണ്‌ റൗണ്ട്‌ അപ്‌ സിനിമ. റൗണ്ട്‌ അപ്‌ സിനിമയുടെ ബാനറില്‍ എ. വി. ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒളിപ്പോര്‌ ഡിസംബറില്‍ തൃശൂര്‍, ബാംഗ്ലൂര്‍ എന്നിവടങ്ങളിലായി ആരംഭിക്കും.

ബ്ലോഗിലും സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗിലും സജീവമായ കുറേ യുവജനങ്ങള്‍ ചേര്‍ന്ന്‌ ബാംഗ്ലൂരില്‍ സവിശേഷമായ ഒരു ഷോ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്നു. ഷോ യുടെ മുഖ്യസംഘാടകന്‍ ഒളിപ്പോരാളി എന്ന പേരില്‍ ബ്ലോഗില്‍ പ്രശസ്‌തനാണ്‌. എന്നാല്‍ ഫൈനല്‍ റിഹേഴ്‌സലിനായി പുറപ്പെട്ട ഒളിപ്പോരാളി റിഹേഴ്‌സല്‍ ക്യാമ്പിലെത്തു ന്നില്ല. ഇത്‌ ഷോ സംഘടിപ്പിക്കുന്ന ക്ലച്ച്‌, ഗിയര്‍, ബ്രേക്ക്‌, വാണി, പച്ചക്കുതിര എന്നീ പേരുകളില്‍ ബ്ലോഗ്‌ എഴുതുന്ന യുവാക്കളെ ഉത്‌കണ്‌ഠാകുലരാക്കുന്നു. അവര്‍ ഒളിപ്പോരാളിയെ കാത്തിരിക്കുകയാണ്‌. അയാളുടെ തിരോധാനത്തിലൂടെ മാത്രമാണ്‌, അയാളെക്കുറിച്ച്‌ പരിമിതമായ അറിവേ തങ്ങള്‍ക്കുള്ളൂ എന്നവര്‍ തിരിച്ചറിയുന്നത്‌. തുടര്‍ന്നുള്ള സങ്കീര്‍ണമായ പ്രശ്‌നങ്ങളാണ്‌ ഒളിപ്പോര്‌ എന്ന ചിത്രത്തില്‍ എ. വി. ശശിധരന്‍ ചിത്രീകരിക്കുന്നത്‌.

കവിതയ്‌ക്കും സംഗീതത്തിനും പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ശ്രീനാരായണ ഗുരു, പാസ്‌തോ നെരൂത, കെ. ജി. ശങ്കരപ്പിള്ള, പി.എന്‍ ഗോപീകൃഷ്‌ണന്‍ എന്നിവരുടെ കവിതാശകലങ്ങള്‍ വ്യത്യസ്‌തമായ രീതിയില്‍ ഉപയോഗിക്കുന്നു. സംഗീതം - ജോണ്‍. പി. വര്‍ക്കി.

കവി ഗോപീകൃഷ്‌ണന്റേതാണ്‌ തിരക്കഥ, ക്യാമറ - മനോജ്‌ മുണ്ടയാട്‌, കല - ജ്യോതിഷ്‌, ചമയം - രഞ്‌ജിത്ത്‌ അമ്പാടി, വസ്‌ത്രാലങ്കാരം - സുനിത, എഡിറ്റര്‍ - മഹേഷ്‌ നാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷാജി, പി. ആര്‍. ഒ - എ.എസ്‌ ദിനേശ്‌
ഫഹദ്‌ രണ്ടു റോളില്‍- `ഒളിപ്പോര്‌'ഫഹദ്‌ രണ്ടു റോളില്‍- `ഒളിപ്പോര്‌'
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക