Image

സാഹിത്യത്തിലെ എയ്ഡസ് ബാധിതരും, കുഷ്ഠരോഗികളും ഹിംസ്രജന്തുക്കളും- ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 05 December, 2012
സാഹിത്യത്തിലെ എയ്ഡസ് ബാധിതരും, കുഷ്ഠരോഗികളും ഹിംസ്രജന്തുക്കളും- ഡോ.എന്‍.പി.ഷീല
സാഹിത്യത്തിലെ കള്ള നാണയങ്ങളെ സഹിക്കാമെന്നു വയ്ക്കാം; കാരണം അവര്‍ യശോലമ്പടത്വം ഹേതുവായി യശ: പ്രാര്‍ത്ഥികളായി രംഗപ്രേവേശം ചെയ്യുന്ന ഭിഷാംദേഹികള്‍! താരതമ്യേന നിരപദ്രവികള്‍!
എന്നാല്‍ പവിത്രീകരണത്തിനു പകരം സമൂഹമാകെ മാരകരോഗം പരത്തുന്ന മാറാരോഗികളെയും കുഷ്ഠരോഗികളെയും മുന്‍കാലങ്ങളില്‍ ചെയ്തിരുന്നതുപോലെ കാണാമറയത്തേക്ക് നിഷ്‌ക്കാസനം ചെയ്യേണ്ടതാണ്.

പഴുത്തു പഴുത്ത വ്രണങ്ങളില്‍ നിന്ന് ചലം നിര്‍ഗ്ഗമിക്കുന്നതുകാണുമ്പോള്‍ നമുക്കുണ്ടാകുന്ന അതേ ഭാവം തന്നെയാണ് സമൂഹത്തെയാകെ, വിശിഷ്യാ ഇളംതലമുറയെ വിനാശത്തിലേക്കു വലിച്ചുകൊണ്ടുപോകുന്ന തഥാകഥിത മ്ലേച്ഛസാധനങ്ങള്‍ സാഹിത്യം എന്ന ലേബലില്‍ വിപണിയിലിറക്കിക്കൊണ്ടിരിക്കുന്നത്. അച്ചടി മാധ്യമങ്ങള്‍ക്കും ഇതരമാദ്ധ്യമങ്ങള്‍ക്കും ഇക്കാര്യത്തില്‍ പങ്കുണ്ട്. സാഹിത്യവും മാധ്യമങ്ങളും സമൂഹത്തിന് സംസ്‌കാരത്തിന്റെ തെളിനീര്‍ ലഭ്യമാക്കാന്‍ കടപ്പെട്ടിരിക്കുന്നു. ഈ വാസ്തവം അിറഞ്ഞുകൊണ്ടുതന്നെ കാണിക്കുന്ന അനാസ്ഥ കുറ്റകരമാണ്.

സയന്‍സും സാങ്കേതിക വിദ്യയും ചേര്‍ന്നതാകുന്ന സുഖസൗകര്യങ്ങളും ആഢംബരങ്ങളും തന്നെ മനുഷ്യനെ-ബുദ്ധിയും വിവേകവും അപരനു കടമായോ ദാനമായോ വിലയ്‌ക്കോ കൊടുത്തിരിക്കുന്നവനെ-കേവലം ഉദ്ഭ്രാന്തിയുള്ളവനും വികാരാവേശഭരിതനും ഭൗതികവാദിയുമാക്കി മാനുഷികമൂല്യങ്ങളെ തിരസ്‌ക്കരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഫലമോ? ഭോഗാസക്തിയും അഹന്തയും അവനെ തന്നില്‍ നിന്നു തന്നെ അകറ്റി മറ്റൊരു ഹിംസ്രജന്തുവാക്കി പരിണമിക്കാന്‍ കരുക്കളൊരുക്കുകയും ചെയ്തിരിക്കുന്നു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. മദ്യാസക്തിയും ഇതിന് ശക്തമായ ഒരു ഘടകമാണ്. ഈയിടെ കരുനാഗപ്പള്ളിയിലെ ബിവറേജ് കോര്‍പ്പറേഷന്റെ മുന്നില്‍ ക്യൂ നില്‍ക്കുന്ന ജനാവലിയുടെ ചിത്രം കണ്ട് നടുങ്ങിപ്പോയി. ഏതാണ്ട് രണ്ടുമൈലോളം വരുന്ന ക്യൂവില്‍ പഞ്ചപുച്ഛമടക്കി തികഞ്ഞ അച്ചടക്കം പാലിച്ചു നില്‍ക്കുന്ന ഒരു ജന സമുദ്രം, ശാന്തമായ ആ കടല്‍ ഇരമ്പിമറിയാനുള്ള തയ്യാറെടുപ്പിലാണ്- വിവേകികള്‍ ജാഗ്രതൈ!

സമൂഹത്തില്‍ മൂല്യശോഷണം സംഭവിക്കുന്നതില്‍ മദ്യത്തിനും മയക്കുമരുന്നിനും രണ്ടാം സ്ഥാനമേയുള്ളൂ. ഒന്നാം പ്രതി സാഹിത്യമെന്ന ലേബലില്‍പടച്ചിറക്കുന്ന ക്ഷുദ്രക്രുതകളും ഇതര ദ്രൃശ്യകലകളുമാണ്.(പവിത്രമായ കല എന്ന പദം ഇവിടെ അനുയോജ്യമല്ല; എന്റെ പദ ദാരിദ്ര്യം തന്നെ അതിനപരാധി). മനുഷ്യരുടെ സ്വസ്ഥബുദ്ധി നശിപ്പിച്ച് മനുഷ്യത്വം നിഹനിക്കുന്ന വിഷവസ്തുക്കള്‍ എന്നോ മറ്റോ മിതമായി പറയാം. സമൂഹ മനസ്സില്‍ കുഷ്ഠരോഗവും, ശരീരത്തില്‍ എയ്ഡ്‌സും പരത്തി സമൂഹത്തെ ദുഷിപ്പിക്കുന്ന ഇത്തരം 'സാഹിത്യകോമരങ്ങളെ' സമൂഹത്തില്‍ നിന്നു മാത്രമല്ല, ഭൂമുഖത്തുനിന്നുതന്നെ ഇല്ലായ്മചെയ്യാന്‍ രുദ്രന്‍ വീണ്ടുമൊരു സംഹാരതാണ്ഡവം നടത്താന്‍ ന്യൂനപക്ഷംവരുന്ന സുമനസ്സുകള്‍ പ്രാര്‍ത്ഥിച്ചാല്‍ മാത്രം പോരാ പ്രയ്ത്‌നിക്കക്കൂടി ചെയ്താല്‍ ഫലം തീര്‍ച്ച.

എയ്ഡ്‌സ് ബാധിതര്‍ക്കും കുഷ്ഠരോഗികള്‍ക്കും ഞാന്‍ നിരീക്ഷിച്ചിടത്തോളം ഒരു പൊതുസ്വഭാവമുണ്ട്. തങ്ങളുടെ രോഗം നിരാമയര്‍ക്കും പകര്‍ന്നു നല്‍കണമെന്ന ആഗ്രഹം. അതിനായി അവര്‍ സൂത്രങ്ങള്‍ മെനയും. സാംസി കൊടുമണ്ണന്റെ കട്ടില്‍ കഥയിലെ ഹീലിയം വിളക്കിനു ചുറ്റും പറക്കുന്ന ചെറുപ്രാണികളെപ്പോലെ, കഥയറിയാത്തവന്‍ ഇവരുടെ മിരട്ടില്‍ അറിയാതെ ആക്രുഷ്ഠരായി നശിക്കുന്നു.

ജീവജാലങ്ങളുടെ അടിസ്ഥാന ആഗ്രഹം തന്റെ വംശത്തിന്റെ നിലനില്‍പ്പാണ്. അതിനായി പ്രകൃതി ഓരോന്നിനും തദനുയോജ്യമായ ഭീതികള്‍ ഒരുക്കുന്നു. മനുഷ്യവര്‍ഗ്ഗവും വംശോല്‍പത്തിക്കായി ആഗ്രഹിക്കയും യത്‌നിക്കയും ചെയ്യുന്നു. മുന്‍കാലങ്ങളില്‍ സത്സന്താനങ്ങളുണ്ടാകാന്‍ വ്രതാനുഷ്ഠാനങ്ങളും പൂജാപ്രാര്‍ത്ഥനകളുമൊക്കെ കഴിഞ്ഞ് മനക്കായങ്ങള്‍ നിര്‍മ്മലമാക്കിയ ശേഷമാണ് സൃഷ്ടികര്‍മ്മത്തില്‍ ഗൃസ്ഥാശ്രമികള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അത് സര്‍വ്വവിദിതമെങ്കിലും ഗോപ്യമായിട്ടാണ് അനുഷ്ഠാനം അക്കാലത്ത് ഈശ്വര വിശ്വാസവും മൂല്യബോധവുമുള്ള ഗുണമേന്മയുള്ള സന്താനങ്ങള്‍ ജനിച്ചിരുന്നു. സമൂഹത്തിലും കുടുംബത്തിലും ഐശ്വര്യവും സമാധആനവും നടമാടിയിരുന്നു. ഇപ്പോള്‍ അക്കാലം മലകയറി പോയ് മറഞ്ഞു.(ഇത്തരം സന്ദര്‍ഭങ്ങളില്‍) സാമാന്യവല്‍ക്കരമേ ഉദ്ദേശിക്കുന്നുള്ളൂ; ചെറിയ ശതമാനം ന്യൂനപക്ഷത്തെ ഒഴിവാക്കുകയാണ് പതിവ്. പകരം, സമൂഹം ജാരസന്തതികളെക്കൊണ്ടും, അബദ്ധവശാല്‍ ഭൂജാതരാകുന്ന ക്ഷുദ്രജീവികളെക്കൊണ്ടും നിറഞ്ഞിരിക്കുകയാണ്. അരാജകത്വവും അസമാധാനവും വികയ്ക്കുന്ന അസുരവിത്തുകളെക്കൊണ്ട് അനുദിനം ഭൂതലം നിറയുന്നു. മിനിറ്റില്‍ ഒരു ശിശു വീതം ജനിക്കുന്നത് പഴയ കണക്കാണ്. അതിലും കൂടാനാണ് സാധ്യത-അതെന്തായാലും പഠിക്കുന്ന കാലത്ത് ഒരു 'ബാലേ' കണ്ട കണ്ട ഓര്‍മ്മ ഈ അസുരവിത്തുക്കളെ കാണുമ്പോള്‍ ഓര്‍മ്മവരും.

കഥയിങ്ങനെ.
ഒരു രാജ്യകുടബത്തില്‍ എന്തോ ശാപവശാല്‍ നാലഞ്ചു കുഞ്ഞുങ്ങള്‍ പിറന്നു. പകല്‍ മനുഷ്യക്കുഞ്ഞുങ്ങള്‍, പാതിര കഴിഞ്ഞാല്‍ രാക്ഷസര്‍, ദംഷ്ട്രകള്‍ നീട്ടി ഇരതേടിയിറങ്ങും. മനുഷ്യരെ കശാപ്പു ചെയ്ത് വിശപ്പടക്കി നേരം പുലരുംമുമ്പ് തങ്ങളുടെ കട്ടിലില്‍ക്കിടന്ന് ശാന്തമായുറങ്ങുന്ന സുന്ദരകുട്ടന്മാര്‍! നാട്ടില്‍ നിന്നും പലരും കാണാതാവുന്നു. പരാതി രാജകൊട്ടാരത്തില്‍ എത്തി. ചാരന്മാര്‍ ഉറക്കമിളച്ചു കാത്തിരുന്നു. കള്ളന്‍ കപ്പലില്‍ തന്നെ. തൊണ്ടി സഹിതം പിടിക്കപ്പെട്ടു.

കഥയിതു തുടരുന്നു. കോട്ടും സൂട്ടും ധരിച്ച് പകല്‍ മാന്യന്മാരായി കാണപ്പെടും. രാത്രിയില്‍ മദിരയും മദിരാക്ഷിമാരും. പുതിയ ശൈലിയില്‍ ലിംഗഭേദവും കാറ്റില്‍ പറത്തി സ്വവര്‍ഗ്ഗരതിയിലേക്കു തരം താണും, ഒന്നും തരപ്പെട്ടില്ലെങ്കില്‍ ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്ന മാതിരി ഈ വക പുലികള്‍ സ്വയം ഭോഗിച്ച് മുട്ടുശാന്തിയടയുന്നു.

ഇത്തരം കാര്യങ്ങള്‍ മേനി പറഞ്ഞു മറ്റുള്ളവരെ കേള്‍പ്പിക്കാനും കാണിക്കാനും വരെ ധൈര്യം കാട്ടുന്നു. “ധൈര്യം” എന്ന നല്ലവാക്കിനു പകരം തല്‍ക്കാലം നിര്‍ലജ്ജത എന്നാക്കാം. മനുഷ്യേതരരെ മൃഗങ്ങളോടുപമിച്ചാല്‍ അതവര്‍ക്കും അപമാനമാണ്. അതുകൊണ്ട് വായനക്കാര്‍ അഭിരുചിക്കും താന്താങ്ങളുടെ പദസമ്പത്തിനും യോജിച്ചപദം സ്വയം കണ്ടെത്തുക. ഇന്നു “ഭാഷയിതപൂര്‍ണ്ണമിങ്ങഹോ” എന്നാണ് എന്റെ സ്ഥിതി കൂടാതെ ശബ്ദകോശം തീരെ പരിമിതമാണ്. ഈ വീരാദി വീരന്മാരെ വിശേഷിപ്പിക്കാന്‍. ഒന്നും മാത്രം അറിയാം. ക്ഷുദ്രക്രുതികള്‍ പടച്ചിറക്കി സമൂഹത്തെ രോഗഗ്രസ്ഥവും വിഷലിപ്തവുമാക്കുന്ന ഈ 'മഹാ സാഹിത്യകാരന്മാരുടെ' പിടിയില്‍ നിന്നും ഇളംതലമുറയെ മോചിപ്പിക്കാന്‍ ഉത്തമസാഹിത്യകാരന്മാര്‍ക്ക് ധാര്‍മ്മികമായ ഉത്തരവാദിത്വമുണ്ട്. 'സംഘടിച്ചു ശക്തരാകുവിന്‍' എന്നാണ് അഭിജ്ഞ വചനം. പ്രതികരണശേഷി കൈമോശം വന്ന പേടിത്തൊണ്ടന്മാര്‍ ദിവസവും അനേകം പ്രാവശ്യം മരിക്കുന്നു എന്നാണ് ഷേക്‌സ്പിയര്‍ വചനം. ചുരുങ്ങിയ പക്ഷം ക്ലാസിക് കൃതികള്‍ വായിപ്പിച്ച് ഒരു രുചിഭേദം വരുത്താനെങ്കിലും പറയാമല്ലൊ. ഓക്കാന പ്രസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷുദ്രകൃതികള്‍ പാരായണം ചെയ്ത് തല തിരിഞ്ഞുപോയാല്‍ ചെയ്യുന്നതും പറയുന്ന എന്തെന്നറിയാത്ത ഈ വര്‍ഗ്ഗം കൂകി വിളിക്കയും ഹിംസ്രജന്തുക്കളെപ്പോലെ പാഞ്ഞുനടന്ന് നാടു കൂടുതല്‍ കുട്ടിച്ചോറാക്കാന്‍ ശ്രമിച്ചേക്കും. മാധ്യമങ്ങളും ഒരു പടയണിതീര്‍ത്ത് ഇവറ്റകള്‍ക്ക് മൂക്കുകയറിടാന്‍ ജാഗ്രത കാണിക്കുമെന്നു പ്രത്യാശിക്കുന്നു. അമേരിക്കയില്‍ എന്തെല്ലാം നൂതന ചികിത്സാരീതികള്‍ ! ഉചിതമായതു പരീക്ഷിക്കാം. ചികിത്സ കൂട്ടത്തോടെ വേണ്ടിവരുമെന്നു മാത്രം.
സാഹിത്യത്തിലെ എയ്ഡസ് ബാധിതരും, കുഷ്ഠരോഗികളും ഹിംസ്രജന്തുക്കളും- ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക