Image

അഭൗമം (കവിത) : ജെനി ആന്‍ഡ്രൂസ്‌

ജെനി ആന്‍ഡ്രൂസ്‌ Published on 04 December, 2012
അഭൗമം (കവിത) : ജെനി ആന്‍ഡ്രൂസ്‌
ദൈവത്തെ ഉമ്മവച്ചുകൂടായെന്ന്, കേട്ടു വളര്‍ന്നു.
ദൈവത്തെ കണ്‍നിരപ്പിന്, മേലെ നിര്‍ത്തി
കൃഷ്ണ മണിയിലേക്ക്, ലയിച്ചില്ല ദൈവം
കണ്ണിന്‍ നിരപ്പിലിറക്കിവച്ച്, ദൈവത്തെ ഞാന്‍
നോക്കിക്കൊണ്ടിരുന്നു, ഒടുവില്‍ ഉമ്മ വച്ചു
ദൈവത്തെ ഉമ്മവച്ചതോടെ, ശേഷം ഉമ്മകള്‍
തൊലിപ്പുറത്തെ, പൊടിപ്പുറത്തുമാത്രമെന്ന്
ആ ഉമ്മ വലിപ്പമറിയിച്ചു, വലിപ്പങ്ങളൊക്കാത്ത
വലിപ്പം, ആഴങ്ങളൊക്കാത്ത
ആഴം, ഉണ്മയെ ചമയങ്ങളഴിപ്പിക്കുന്നു
ചായക്കൂട്ടില്ലാതെ, കുളിച്ചീറനായ
ദേഹിദേഹങ്ങള്‍ , കൂടെച്ചേരാന്‍
ആകാശം, സാഗരം.., ഭൂമി പാദമൂന്നാന്‍ മാത്രം
തികയുന്നു, രണ്ടു കാലടികളില്‍ തീരുന്നു മണ്ണ്.
മേലേയ്ക്ക് ശൂന്യത്തില്‍ വ്യാപ്തി, തീരാതെ.
ഉമ്മയെ, ഉണ്മയെ, ചിറകില്‍ വയ്ക്കുന്നു കാലം
മിഴി മിഴിയുന്നു, അഭൗമമാം കവാടത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക