Image

പ്രവാസികള്‍ക്ക് എംബസികളില്‍ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കണം: ഒ.ഐ.സി.സി ഓസ്‌ട്രേലിയ

ജിന്‍സന്‍ കുരിയന്‍ Published on 06 December, 2012
പ്രവാസികള്‍ക്ക് എംബസികളില്‍ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കണം: ഒ.ഐ.സി.സി ഓസ്‌ട്രേലിയ
മെല്‍ബണ്‍ : പ്രവാസികള്‍ക്ക് എംബസികളില്‍ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കണമെന്ന് ഒ.ഐ.സി.സി ഓസ്‌ട്രേലിയ സെന്‍‌ട്രല്‍ കമ്മിറ്റി യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും, ഇതിന്റെ പ്രയോജനം പ്രവാസികള്‍ക്ക് ലഭിയ്‌ക്കണമെങ്കില്‍ വോട്ട് ചെയ്യുന്നതിനും, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതിനും എംബസികളില്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്ന്‌  മെല്‍‌ബണിലെ ഡാന്‍‌ഡനോങില്‍ ചേര്‍ന്ന ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ സെന്‍‌ട്രല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ആനുകാലിക രാഷ്‌ട്രീയ വിഷയങ്ങളും, ഓസ്‌ട്രേലിയന്‍ മലയാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളും, സംഘടനാ വിഷയങ്ങളും പ്രഥമ സെന്‍‌ട്രല്‍ കമ്മിറ്റി യോഗം ചര്‍ച്ച ചെയ്‌തു. ദേശീയ ഭാരവാഹികളും, വിവിധ സോണല്‍ കമ്മിറ്റി പ്രസിഡന്റുമാരും, പോഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. എയര്‍ കേരളയുടെ പ്രവര്‍ത്തനം എത്രയും വേഗം ആരംഭിക്കണമെന്നും, എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും പ്രസിഡന്റ് ജോസ്.എം.ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ആവശ്യപ്പെട്ടു. ഒ.ഐ.സി.സി യുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുവാനും, മലയാളികള്‍ താമസിക്കുന്ന എല്ലാ സബര്‍ബുകളിലേയ്‌ക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുവാനും, ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ കുറച്ചു കൂടി സജീവമാകുവാനും യോഗം തീരുമാനിച്ചു.

സോണല്‍ കമ്മറ്റികളുടെ ചുമതല ദേശീയ ഭാരവാഹികള്‍ക്ക് നല്‍കേണ്ടതില്ലെന്നും, ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുര്യനെ ഒ.ഐ.സി.സി ഓസ്‌ട്രേലിയയുടെ ഔദ്യോഗിക വക്താവായി നിയമിക്കാനും സെന്‍‌ട്രല്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. ടൂറിസം മന്ത്രി എ.പി.അനില്‍ കുമാറിന്റെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനവും സ്വാതന്ത്യദിനാഘോഷവും വന്‍ വിജയമാക്കിയ സിഡ്‌നി, ബ്രിസ്‌ബെയ്‌ന്‍, മെല്‍ബണ്‍, പെര്‍ത്ത്, അഡലെയ്‌ഡ്, കാന്‍‌ബറ, ഡാര്‍‌വിന്‍, ടൗണ്‍‌സ്‌വില്‍ സോണല്‍ കമ്മിറ്റികളെ യോഗം പ്രത്യേകം അഭിനന്ദിച്ചു. പ്രസിഡന്റ് ജോസ്.എം.ജോര്‍ജ്, വൈസ് പ്രസിഡന്റുമാരായ ബിജു സ്‌കറിയ, സാജു.സി.പി, ജനറല്‍ സെക്രട്ടറി ജിന്‍സന്‍ കുര്യന്‍, സിഡ്‌നി പ്രസിഡന്റ് മെല്‍ബിന്‍ സെബാസ്‌റ്റ്യന്‍, ക്യാന്‍ബറ പ്രസിഡന്റ് ബെന്നി കണ്ണമ്പുഴ, മെല്‍ബണ്‍ പ്രസിഡന്റ് ജോജി വര്‍ഗീസ് കാഞ്ഞിരപ്പിള്ളി, നിര്‍‌വ്വാഹക സമിതി അംഗങ്ങളായ ജോസ് വരാപ്പുഴ, ഹൈനസ് ബിനോയ്, അനില്‍ ബോസ്, ഏണസ്‌റ്റ് സണ്ണി ജോണ്‍, അജോ അങ്കമാലി, ക്യാന്‍ബറ സെക്രട്ടറി ടോംജി എന്നിവര്‍ വിവിധ ചര്‍ച്ചകളില്‍ പങ്കെടുത്തു. 

പ്രവാസികള്‍ക്ക് എംബസികളില്‍ വോട്ട് ചെയ്യുന്നതിനുള്ള അവസരം ഒരുക്കണം: ഒ.ഐ.സി.സി ഓസ്‌ട്രേലിയ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക