Image

തുടര്‍ച്ചയായി പരാജയപ്പെടുന്ന മമ്മൂട്ടി; അഥവാ മമ്മൂട്ടി കൂത്തുകള്‍ എത്ര കാലം?

Published on 06 December, 2012
തുടര്‍ച്ചയായി പരാജയപ്പെടുന്ന മമ്മൂട്ടി; അഥവാ മമ്മൂട്ടി കൂത്തുകള്‍ എത്ര കാലം?
`സിനിമ ഒരു വിനോദ ഉപാധി മാത്രമാണ്‌. അത്‌ മോശമായാല്‍ ഇവിടെ പട്ടിണി മരണങ്ങള്‍ ഒന്നുമുണ്ടാവില്ല. കലാപങ്ങളും സംഭവിക്കില്ല. പക്ഷെ സിനിമയെ വിനോദത്തിനായി സമീപിക്കുന്നവര്‍ പതിയെ മറ്റു മേഖലകളിലേക്ക്‌ പോകും. അങ്ങനെ സിനിമ ഇല്ലാതെയായി മാറും. പണ്ടിവിടെ മലയാള സിനിമ എന്നൊന്ന്‌ ഉണ്ടായിരുന്നുവെന്ന്‌ പറയുന്ന അവസ്ഥയിലേക്ക്‌ കാലം ചെന്നെത്തും. പ്രമുഖ സംവിധായകന്‍ രഞ്‌ജിത്തിന്റെ വാക്കുകളാണിത്‌. സമീപകാല മലയാള സിനിമയുടെ ഒരു അവസ്ഥ ഏതാണ്ട്‌ ഇങ്ങനെയാണ്‌.

ഇടക്ക്‌ ചില നല്ല ചിത്രങ്ങള്‍ ഉണ്ടാകുന്നുണ്ട്‌. ന്യൂജനറേഷന്‍ സിനിമകള്‍ തരംഗവുമാകുന്നുണ്ട്‌. പക്ഷെ കഴിഞ്ഞ മൂന്നു മാസം മലയാളത്തില്‍ പരാജയപ്പെട്ടത്‌ ഇരുപത്തിയെട്ട്‌ ചിത്രങ്ങളാണ്‌. വിജയിച്ചവ മൂന്ന്‌ സിനിമകളും. കൂട്ടത്തോടെ സിനിമകള്‍ റിലീസിനെത്തി പരാജയപ്പെട്ട ഈ പ്രവണത അടുത്ത കാലത്തെങ്ങും മലയാള സിനിമയില്‍ കണ്ടിട്ടില്ല. പരാജയപ്പെട്ടവയില്‍ പുതുമുഖ ചിത്രങ്ങള്‍ മുതല്‍ സൂപ്പര്‍താര ചിത്രങ്ങള്‍ വരെയുണ്ട്‌. മലയാളത്തിന്റെ പോപ്പുലര്‍ സിനിമ വീണ്ടും തകര്‍ച്ചയുടെ വക്കില്‍ തന്നെയാണ്‌ എന്നാണ്‌ ഈ പരാജയങ്ങള്‍ സൂചിപ്പിക്കുന്നത്‌. അച്ചടക്കമില്ലാതെ സിനിമകള്‍ നിര്‍മ്മിക്കപ്പെടുമ്പോഴാണ്‌ പരാജയങ്ങള്‍ ഉണ്ടാവുന്നത്‌ എന്നത്‌ സിനിമക്കാര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ വ്യക്തം. പക്ഷെ ഇവിടെ ആരാണ്‌ കൂടുതല്‍ ജാഗ്രത പുര്‍ത്തേണ്ടത്‌. തീര്‍ച്ചയായും അത്‌ നമ്മുടെ സിനിമക്കാര്‍ തന്നെയാണ്‌. പക്ഷെ പരാജയങ്ങളുടെ നേര്‍സാക്ഷ്യങ്ങളാവുകയാണ്‌ പരിചയസമ്പന്നരായ സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ പോലും.

പറഞ്ഞു വരുന്നത്‌ മലയാളത്തിന്റെ മഹാനടന്‍ എന്ന വിശേഷണത്തിന്‌ അര്‍ഹനായ മമ്മൂട്ടിയെക്കുറിച്ച്‌ തന്നെയാണ്‌. ഇന്ത്യന്‍ സിനിമയില്‍ കമലഹാസനൊപ്പം ഏറ്റവും കുടുതല്‍ ദേശിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മമ്മൂട്ടി. അടൂര്‍ ഗോപാലകൃഷ്‌ണന്‍, ടി.വി ചന്ദ്രന്‍, ഹരിഹരന്‍, എം.ടി വാസുദേവന്‍നായര്‍, ഭരതന്‍, ലോഹിതദാസ്‌ തുടങ്ങിയ പ്രതിഭകളുടെയൊക്കെ ചിത്രങ്ങളിലൂടെയൊക്കെ കടല്‍ കടന്നും മലയാളത്തെ പരിചയപ്പെടുത്തിയിട്ടുള്ള അഭിനയ പ്രതിഭ. മമ്മൂക്ക എന്ന്‌ മലയാളി സ്‌നേഹത്തോടെ വിളിക്കുന്ന താരം. കൊമേഴ്‌സ്യല്‍ സിനിമകളിലൂടെ തീയേറ്ററുകളെ ഉത്സവപറമ്പുകളാക്കുകയും നിര്‍മ്മാതാവിന്‌ വന്‍ ലാഭം നേടിക്കൊടുക്കുമെന്ന്‌ ഷുവര്‍ ഗ്യാരന്റിയുള്ള സൂപ്പര്‍താരം.

എന്നാല്‍ ഇന്ന്‌ മമ്മൂട്ടി എന്ന നടന്റെയും താരത്തിന്റെയും കരിയര്‍ എവിടെയാണ്‌ നില്‍ക്കുന്നത്‌. തുടര്‍ച്ചയായി 11 ചിത്രങ്ങള്‍ പരാജയപ്പെട്ട്‌ നഷ്‌ടങ്ങളുടെ നടുവില്‍ നില്‍ക്കുകയാണ്‌ മമ്മൂട്ടി ഇന്ന്‌. ഒരു രാജാവിന്‌ പ്രജകള്‍ നഷ്‌ടപ്പെടുന്നത്‌ പോലെ ഫെയ്‌സ്‌ ടു ഫെയ്‌സ്‌ എന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രം കാണാന്‍ പ്രഖ്യാപിത മമ്മൂട്ടി ഫാന്‍സുകാര്‍ പോലും കാര്യമായി തീയേറ്ററിലേക്ക്‌ എത്താത്ത അവസ്ഥ. റിലീസിംഗ്‌ ദിവസത്തില്‍ ശുഷ്‌കമായ പ്രേക്ഷകരെ കണ്ട്‌ തീയേറ്ററുകാര്‍ പോലും മമ്മൂട്ടിയുടെ കരിയറിനെ നോക്കി അന്തം വിടുന്നു.

സമീപകാലത്ത്‌ മമ്മൂട്ടിക്ക്‌ സംഭവിക്കുന്നതെന്താണ്‌. ഒറ്റ സിനിമ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത ഒരു സാഹചര്യത്തിലേക്ക്‌ മമ്മൂട്ടി ചെന്നെത്തിയിരിക്കുന്നു. തുടര്‍ച്ചയായ പരാജയങ്ങളെന്നത്‌ തികച്ചും വസ്‌തുതയാണ്‌. ഈ പരാജയ ചിത്രങ്ങളില്‍ ഒന്നു പോലും ക്വാളിറ്റിയുള്ള സിനിമകളായിരുന്നില്ല. എല്ലാം ഒന്നിനൊന്ന്‌ തട്ടിക്കൂട്ട്‌ സിനിമകള്‍. ഇവിടെയാണ്‌ തിരഞ്ഞെടുക്കുന്ന സിനിമകളില്‍ ജാഗ്രത പുലര്‍ത്താതെ പോകുമ്പോള്‍ ഒരു സൂപ്പര്‍താരം പോലും തുടര്‍ച്ചയായി പരാജയപ്പെടുന്നതിന്‌ പ്രേക്ഷകര്‍ സാക്ഷികളാകുന്നത്‌.

ഇത്‌ മമ്മൂട്ടിയുടെ മാത്രം അവസ്ഥയല്ല. മറിച്ച്‌ മോഹന്‍ലാലിനും സമാനമായ അവസ്ഥകള്‍ തന്നെയാണ്‌ നേരിടേണ്ടി വന്നിട്ടുള്ളത്‌. തുടര്‍ച്ചയായ ആവര്‍ത്തനങ്ങള്‍ കാരണം സുരേഷ്‌ ഗോപിക്ക്‌ സിനിമയില്‍ നിന്ന്‌ തന്നെ വിട്ടു നില്‍ക്കേണ്ടി വന്നിട്ടുണ്ട്‌. എന്നാല്‍ ഇടക്കെപ്പോഴോ ബ്ലസിയുടെ പ്രണയം പോലെയുള്ള ചിത്രങ്ങള്‍ ലാലിന്റെ രക്ഷക്കെത്തുന്നുണ്ട്‌. അല്ലെങ്കില്‍ മമ്മൂട്ടിയുടേതില്‍ നിന്നും അല്‌പം പോലും വ്യത്യസ്‌തമാകുന്നില്ല ലാലിന്റെ കാര്യവും. എന്നാല്‍ 2009 - 2010 കാലത്ത്‌ തുടര്‍ച്ചയായി വിജയ സിനിമകള്‍ ലഭിച്ചിരുന്ന മമ്മൂട്ടിക്ക്‌ ഇപ്പോള്‍ എന്താണ്‌ സംഭവിച്ചിരിക്കുന്നത്‌ എന്ന്‌ ചലച്ചിത്ര ലോകം പരിശോധിക്കേണ്ടതു തന്നെയുണ്ട്‌. അതിന്‌ തമിഴ്‌ - തെലുങ്ക്‌ - കന്നഡ തുടങ്ങിയ പക്കാ കൊമേഴ്‌സ്യല്‍ സിനിമ സംസ്‌കാരത്തില്‍ നിന്നും മാറി നിന്ന മലയാള സിനിമ എപ്പോഴാണ്‌ ക്ലീന്‍ കൊമേഴ്‌സ്യലിസത്തിലേക്ക്‌ മാത്രമായി അടുക്കാന്‍ തുടങ്ങിയത്‌ എന്ന്‌ മനസിലാക്കേണ്ടതുണ്ട്‌.

കഥയും കാമ്പുമുള്ള സിനിമകളിലൂടെയാണ്‌ എന്നും മലയാള സിനിമ പേരെടുത്തിട്ടുള്ളത്‌. മമ്മൂട്ടിയും മോഹന്‍ലാലും ശ്രദ്ധേയരായതും അങ്ങനെ തന്നെ. പക്ഷെ തൊണ്ണുറുകളുടെ പകുതിക്ക്‌ ശേഷം മലയാളത്തില്‍ ചാനല്‍ സംസ്‌കാരം പടര്‍ന്നു പിടിച്ചപ്പോള്‍ തീയേറ്ററിനു വെളിയില്‍ സിനിമക്ക്‌ ഒരു വിപണി ലഭിക്കുകയായിരുന്നു, എവിടെത്തെയും പോലെ മലയാള സിനിമയിലും. ചാനല്‍ റൈറ്റ്‌ എന്ന ഈ വരുമാന മാര്‍ഗം തൊണ്ണുറുകളുടെ അവസാനം പിന്നിട്ട്‌ രണ്ടായിരത്തിന്റെ തുടക്കത്തിലെത്തിയപ്പോള്‍ വലിയൊരു വരുമാന മാര്‍ഗമായി മാറി. ഇപ്പോള്‍ രണ്ടു കോടി മുതല്‍ മൂന്നു കോടി വരെ ഒരു സൂപ്പര്‍താര സിനിമക്ക്‌ ചാനല്‍ റൈറ്റ്‌ ലഭിക്കും, കൃത്യമായി വില പേശാന്‍ അറിയുന്ന ഇടനിലക്കാരുണ്ടെങ്കില്‍.

ചാനല്‍ റൈറ്റ്‌ എന്ന പുത്തന്‍ വരുമാനമാര്‍ഗമാണ്‌ മലയാള സിനിമയില്‍ സംവിധായകനും തിരക്കഥാകൃത്തിനും മുകളിലേക്ക്‌ താരത്തെ വളര്‍ത്തിയത്‌. ഫാന്‍സ്‌കാരുടെ പാലഭിഷേകവും ജയ്‌ വിളികളും ലഭിക്കുന്ന രാജപദവിയിലേക്ക്‌ താരം വളര്‍ന്നു. അതില്‍ പ്രമുഖരായി മമ്മൂട്ടിയും മോഹന്‍ലാലും മാറി.

ഒരു സിനിമ എങ്ങനെ ഇറക്കിയാലും സാറ്റ്‌ലൈറ്റ്‌ റൈറ്റ്‌ വഴി കുറച്ചു കാശുതിരിച്ചു പിടിക്കാം എന്ന മിഥ്യാധാരണ താരങ്ങളെ ചുറ്റിപ്പറ്റി നില്‍ക്കുന്ന ഉപഗ്രഹങ്ങള്‍ക്കുണ്ടായതോടെ വെറും സൂപ്പര്‍താര ചിത്രങ്ങളുടെ പിറവി മലയാളത്തില്‍ തുടങ്ങുകയായിരുന്നു. പിന്നെയത്‌ മോശം ചിത്രങ്ങളുടെ കാലമായി മാറി. ഈ കുത്തൊഴുക്കില്‍ ഇടക്കാലത്ത്‌ പല തവണ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിടേണ്ടി വന്നു. പക്ഷെ വീഴ്‌ചയില്‍ നിന്നും പാഠം പഠിക്കാനോ ക്രിയാത്മകമായി ചിന്തിക്കാനു കഴിയുന്ന ഒരു അവസ്ഥയില്‍ നിന്നും ഈ രണ്ടു താരങ്ങളും ഏറെ അകന്നു പോയിരുന്നു എന്ന്‌ മനസിലാക്കണം.

മമ്മൂട്ടിയും മോഹന്‍ലാലും ഒരു നടന്‍ എന്ന അവസ്ഥ വിട്ട്‌ വെറുമൊരു ബിസ്‌നസ്സ്‌ ഉത്‌പന്നമായി മാറുന്നു എന്നതാണ്‌ ഇവിടെ ശ്രദ്ധിക്കേണ്ടത്‌. പക്ഷെ വാണിജ്യലക്ഷ്യത്തിലേക്ക്‌ പൊയ്‌പ്പോയ ഈ സൂപ്പര്‍താരങ്ങള്‍ക്ക്‌ ഇന്ന്‌ പലപ്പോഴും സര്‍ഗ്ഗാത്മതയുടെ വഴി തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ല എന്നതാണ്‌ തുടര്‍ച്ചയായ പരാജയങ്ങള്‍ സൂചിപ്പിക്കുന്നത്‌. ഇടക്ക്‌ വീണു കിട്ടുന്ന രഞ്‌ജിത്ത്‌, അല്ലെങ്കില്‍ ബ്ലസി, ചിത്രങ്ങള്‍ മാറ്റിവെച്ചാല്‍ മോഹന്‍ലാലിനും, മമ്മൂട്ടിക്കും അവകാശപ്പെടാനായി എന്താണ്‌ ഇന്ന്‌ സിനിമയില്‍ സംഭവിക്കുന്നത്‌. ബിസ്‌നസ്സില്‍ നിക്ഷേപിക്കപ്പെടുന്ന ഒരു പ്രോപ്പര്‍ട്ടി മാത്രമായി ഇവര്‍ മാറ്റപ്പെടുന്നു.

കഴിഞ്ഞ 11 മമ്മൂട്ടി ചിത്രങ്ങളിലും നിക്ഷേപിക്കപ്പെട്ടത്‌ രണ്ടേ രണ്ടു കാര്യങ്ങളാണ്‌. ഒന്ന്‌ നിര്‍മ്മാണത്തിന്‌ ആവിശ്യമായ പണം. മറ്റൊരു മമ്മൂട്ടി എന്ന സൂപ്പര്‍താരത്തിന്റെ വിവിധ ഇമേജുകള്‍ അഥവാ സ്റ്റാര്‍ഡം. അല്ലാതെ മികച്ച കഥ, തിരക്കഥ, സംവിധാനം സംഗീതം തുടങ്ങി ക്രീയേറ്റീവ്‌ മേഖലകളില്‍ മികവുറ്റ നിക്ഷേപങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ മമ്മൂട്ടി ചിത്രങ്ങളും ഉണ്ടായിട്ടേയില്ല. പക്ഷെ പ്രേക്ഷകന്‌ വെറും `മമ്മൂട്ടി കൂത്തുകള്‍' എത്ര കാലം കണ്ടിരിക്കാന്‍ കഴിയും. `കഥയില്ലാത്ത ആട്ടങ്ങള്‍' എത്ര തവണ സഹിക്കും. അവന്‍ സിനിമ തിരസ്‌കരിക്കുമെന്ന്‌ തുടര്‍ച്ചയായി പരാജയങ്ങള്‍ ലഭിച്ചപ്പോഴും മമ്മൂട്ടിയോ, മമ്മൂട്ടിയുടെ സംഘങ്ങളോ മനസിലാക്കാന്‍ ശ്രമിച്ചതേയില്ല.

തിരഞ്ഞെടുപ്പുകളാണ്‌ ഇവിടെ മമ്മൂട്ടിയെ വഴിതെറ്റിക്കുന്ന ഒരു ഘടകം. വാണിജ്യ ചേരുവകള്‍ മാത്രം ഇട്ടിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്ക്‌ മമ്മൂട്ടിക്ക്‌ പോകേണ്ടി വരുന്നു. അതിന്റെ കാരണം മമ്മൂട്ടിയെന്ന നടനെ സംവിധായകര്‍ മാത്രമല്ല മമ്മൂട്ടി എന്ന താരം പോലും ഉള്‍ക്കൊള്ളുന്നില്ല എന്നത്‌ തന്നെയാണ്‌. സ്ഥിരമായി ചില സംവിധായകര്‍ പറയുന്ന കാര്യമുണ്ട്‌. മമ്മൂട്ടി സുന്ദരനാണത്രേ. അങ്ങനെ മമ്മൂട്ടിയുടെ സൗന്ദര്യകാഴ്‌ചകള്‍ മാത്രമുള്ള സിനിമകള്‍ സൃഷ്‌ടിക്കപ്പെടുന്നു. ആ സിനിമകളൊക്കെയും പരാജയപ്പെടുന്നു. നടന്റെ സൗന്ദര്യം നോക്കിയല്ലാതതെ മലയാളി സിനിമ ആസ്വദിച്ചിരുന്ന ഒരു കാലത്തെ സിനിമകളിലൂടെയാണ്‌ മമ്മൂട്ടിയെന്ന താരം സൃഷ്‌ടിക്കപ്പെട്ടത്‌ എന്ന്‌ തിരിച്ചറിയാതെ പോകുന്നിടത്താണ്‌ ഇത്തരം വികല സൃഷ്‌ടികളുണ്ടാകുന്നത്‌.

അതിനു വേണ്ടി സമീപകാല മമ്മൂട്ടി ചിത്രങ്ങളെ ഒന്ന്‌ പരിശോധിക്കാം. 2005ന്‌ മുമ്പ്‌ വിജയ സിനിമകളുടെ ഫോര്‍മുല ആവര്‍ത്തനങ്ങള്‍ മമ്മൂട്ടിയെ പരാജയത്തിന്റെ പടുകുഴിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 2005ല്‍ മമ്മൂട്ടിക്ക്‌ രാജമാണിക്യം എന്ന ചിത്രം ലഭിച്ചു. മമ്മൂട്ടി ഹ്യൂമര്‍ ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്‌. ആദ്യമായി മലയാള സിനിമയിലെത്തിയ തിരുവന്തപുരം ഭാഷ പ്രയോഗം (പിന്നീട്‌ ഈ ഭാഷാ പ്രയോഗം ഉപയോഗിച്ച്‌ ഉപയോഗിച്ച്‌ വള്‍ഗറാകുകയും ചെയ്‌തു) മറ്റൊരു ഹൈലൈറ്റ്‌. എല്ലാം ചേര്‍ന്ന്‌ ചിത്രത്തെ മെഗാഹിറ്റാക്കി. പക്ഷെ രാജമാണിക്യത്തിന്റെ ഹാംങ്‌ ഓവറില്‍ നിന്നും ഇതുവരെയും മമ്മൂട്ടി പുറത്തു കടന്നിട്ടുമില്ല.

ഇതിനു ശേഷം മായാവി, തൊമ്മനും മക്കളും തുടങ്ങിയ ഹിറ്റുകള്‍ ഇടക്കിടക്ക്‌ മമ്മൂട്ടിക്ക്‌ ലഭിച്ചു. ഈ ഹിറ്റുകളുടെ ആവര്‍ത്തനങ്ങള്‍ക്ക്‌ ശ്രമിച്ചപ്പോഴൊക്കെ ചട്ടമ്പിനാട്‌, ഭാര്‍ഗവ ചരിത്രം മുന്നാഖണ്‌ഡം, പോത്തന്‍ വാവ, മായാബസാര്‍, ലവ്‌ ഇന്‍ സിങ്കപ്പോര്‍ തുടങ്ങിയ ഗംഭീര പരാജയങ്ങളുമുണ്ടായി. എന്നാല്‍ 2009ല്‍ എംടി ഹരിഹരന്‍ ചിത്രമായ പഴശ്ശിരാജ, 2010ല്‍ രഞ്‌ജിത്ത്‌ ചിത്രമായ പ്രാഞ്ചിയേട്ടന്‍ എന്നീ സിനിമകള്‍ മമ്മൂട്ടിക്ക്‌ വിജയം സമ്മാനിച്ചു. ഇതിനിടയില്‍ വന്ന പ്രമാണി, ദ്രോണ, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളൊക്കെ തികഞ്ഞ പരാജയങ്ങളുമായിരുന്നു. എന്നാല്‍ ഇടക്ക്‌ ഒരു വിജയം ലഭിച്ചാല്‍ നാലു പരാജയങ്ങള്‍ മറച്ചുവെക്കപ്പെടും എന്ന `സൂപ്പര്‍താര പൊളിറ്റിക്‌സ്‌' ഫലവത്തായി മലയാള സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.

2010 അവസാനം വന്ന ബെസ്റ്റ്‌ ആക്‌ടറായിരുന്നു മമ്മൂട്ടിയുടെ ഇതുവരെ റിലീസ്‌ ചെയ്‌തവയില്‍ അവസാന വിജയ ചിത്രം. 2011ലും 2012ലും ഒരു വിജയ ചിത്രം പോലും മമ്മൂട്ടിക്ക്‌ ലഭിച്ചില്ല. ഈ രണ്ടു വര്‍ഷം റിലീസ്‌ ചെയ്‌തത്‌ പതിനൊന്ന്‌ മമ്മൂട്ടി ചിത്രങ്ങളും. ഈ പരാജയങ്ങള്‍ക്ക്‌ പിന്നിലെ പ്രധാന കാരണങ്ങള്‍ മമ്മൂട്ടിയുടെ സുന്ദരന്‍ ഇമേജിനുള്ള ശ്രമങ്ങളും കോമഡിക്കായുള്ള കാട്ടിക്കൂട്ടലുകളും ബിസ്‌നസ്സ്‌ ലക്ഷ്യം മാത്രം കണ്ടുകൊണ്ടുള്ള തിരക്കഥാചേരുവകളുമായിരുന്നു.

2011ന്‌ ആദ്യമെത്തിയ ആഗസ്‌റ്റ്‌ 11 ദുര്‍ബലമായ ഒരു കുറ്റാന്വേഷണ കഥയായി പരാജയപ്പെട്ടു. ഷാജി കൈലാസിന്റെ ദയനീയമായ മറ്റൊരു പരാജയം കൂടിയായിരുന്നു ഇത്‌. തുടര്‍ന്നു വന്ന ഡബിള്‍സും മമ്മൂട്ടിയുടെ സുന്ദരന്‍ സ്റ്റീരിയോ ടൈപ്പിനെ നിലനിര്‍ത്താന്‍ കൂളിംഗ്‌ ഗ്ലാസ്‌ ഫിറ്റ്‌ ചെയ്‌തുകൊണ്ടുള്ള സിനിമയായിരുന്നു. കഥാ ദാരിദ്രം ഈ ചിത്രത്തെ വമ്പന്‍ പരാജയമാക്കി. തുടര്‍ന്നെത്തിയ ദി ട്രെയിന്‍ എന്ന ചിത്രം വാലും തലയുമില്ലാത്ത ഒരു സിനിമയായി മാറി. ജയരാജായിരുന്നു സംവിധായകന്‍. ബോംബെ മാര്‍ച്ച്‌ പന്ത്രണ്ട്‌ എന്ന ബാബു ജനാര്‍ദ്ദനന്റെ സംവിധാന സംരംഭത്തിനും പരാജയമായിരുന്നു വിധി.

തുടര്‍ച്ചയായി പരാജയങ്ങള്‍ വന്നപ്പോഴുള്ള വിജയ ലക്ഷ്യത്തിന്‌ വേണ്ടിയാണ്‌ മമ്മൂട്ടി വെനീസിലെ വ്യാപാരി എന്ന ചിത്രത്തിന്‌ വേണ്ടി ശ്രമിച്ചത്‌. തന്റെ തന്നെ ഹിറ്റ്‌ മേക്കറായി ഷാഫിയെ കൂട്ടുപിടിച്ച്‌ വെനീസിലെ വ്യാപാരി വെറുമൊരു ഫാന്‍സി ഡ്രസ്‌ കോമഡി പോലെയായി. തിരക്കഥയില്‍ സെന്‍സ്‌ പ്രയോഗിക്കാന്‍ മമ്മൂട്ടിക്ക്‌ വീഴ്‌ച പറ്റുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ സിനിമ.

അടുത്തത്‌ മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ്‌ കിംങിന്റെ സൃഷ്‌ടാക്കളായ രഞ്‌ജി പണിക്കരുടെയും ഷാജി കൈലാസിന്റെയും ഊഴമായിരുന്നു. തേവള്ളിപ്പറമ്പില്‍ ജോസഫ്‌ അലക്‌സെന്ന ചൂടന്‍ കഥാപാത്രം തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കുമെന്ന്‌ പ്രതീക്ഷിച്ചെങ്കിലും നനഞ്ഞ പടക്കമായി മാറി. കഥയില്ലായ്‌മ മാത്രമായിരുന്നു പരാജയത്തിന്‌ കാരണം. സംഭാഷണം കേള്‍ക്കാന്‍ ആളുകള്‍ തീയേറ്ററിലെത്തില്ലെന്ന്‌ പഞ്ച്‌ ഡയലോഗുകളുടെ തമ്പുരാനായ രഞ്‌ജി പണിക്കര്‍ക്ക്‌ ബോധ്യം വന്ന സിനിമകൂടിയാണിത്‌.

എന്നാല്‍ പിന്നെ കോമഡിയുടെ രാജാവായ സംവിധായകന്‍ ലാല്‍ രക്ഷിക്കുമെന്നായിരുന്നു മമ്മൂട്ടിയുടെ അടുത്ത പ്രതീക്ഷ. മമ്മൂട്ടിയും സംവിധായകന്‍ ലാലും നായകന്‍മാരായി വേഷമിട്ട കോബ്ര പ്രേക്ഷകരെ പരമാവധി വെറുപ്പിക്കുന്നതിലാണ്‌ വിജയിച്ചത്‌. ലാലിന്റെ പതിവ്‌ സ്റ്റേജ്‌ ഷോ കോമഡികള്‍ സിനിമയില്‍ ഏശുന്ന കാലം കഴിഞ്ഞെന്ന്‌ മനസിലാക്കാന്‍ മമ്മൂട്ടിക്കും കഴിഞ്ഞില്ല.

പിന്നീടെത്തിയ താപ്പാന മമ്മൂട്ടിയില്‍ നിന്നും ആരും പ്രതീക്ഷിച്ചിരുന്നതുമല്ല. ഒരു കാലത്ത്‌ ജനങ്ങളെയും ചലച്ചിത്ര ലോകത്തെ തന്നെയും വിസ്‌മയിപ്പിച്ച അസാധാരണായ വേഷങ്ങള്‍ ചെയ്‌ത മമ്മൂട്ടി എന്ന നടന്‍ ഇന്ന്‌ വെറും താപ്പാനയായി സൂരാജ്‌ വെഞ്ഞാറമൂടിനേക്കാള്‍ തരം താഴുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. ഒരു വിജയത്തിന്‌ വേണ്ടിയുള്ള അവസാന ശ്രമം എന്ന നിലയില്‍ ചാര്‍മിയെ പോലെയുള്ള ഇരുപത്തിമൂന്നു കാരിക്കൊപ്പം അറുപത്‌ പിന്നിട്ട മമ്മൂട്ടി തുള്ളിക്കളിക്കുന്നത്‌ പ്രേക്ഷകര്‍ എങ്ങനെ കണ്ടിരിക്കുമെന്ന്‌ പോലും മമ്മൂട്ടി ആലോചിച്ചില്ല.

പിന്നീടെത്തിയ ജവാന്‍ ഓഫ്‌ വെള്ളിമല എന്ന ചിത്രം നിര്‍മ്മിച്ചത്‌ മമ്മൂട്ടി തന്നെയായിരുന്നു. മമ്മൂട്ടിയുടെ ആദ്യ നിര്‍മ്മാണ സംരംഭം. മറ്റു നിര്‍മ്മാതാക്കള്‍ക്ക്‌ തുടര്‍ച്ചയായി കിട്ടിക്കൊണ്ടിരുന്ന തിരിച്ചടി ഈ സിനിമയിലൂടെ മമ്മൂട്ടിക്കും കിട്ടിയെന്നത്‌ ചരിത്രത്തിന്റെ കളിയായിരിക്കും. മമ്മൂട്ടി തന്നെ നിര്‍മ്മിച്ച്‌ നായകനായ ജവാന്‍ ഓഫ്‌ വെള്ളിമല 2012ലെ ഏറ്റവും വലിയ പരാജയമായി. ഇപ്പോഴിതാ ഫെയ്‌സ്‌ ടു ഫെയ്‌സ്‌ എന്ന വാലും തലയുമില്ലാത്ത സിനിമയെന്ന്‌ പോലും പറയാന്‍ കഴിയാത്ത ഒരു പീസ്‌ കൂടി തീയേറ്ററില്‍ മമ്മൂട്ടിയുടെ പേര്‌ മോശമാക്കിക്കൊണ്ട്‌ നിലംപൊത്തിയിരിക്കുന്നു.

പരാജയങ്ങള്‍ ഇങ്ങനെ എത്രകണ്ട്‌ ജനം സഹിക്കുമെന്നതിന്റെ ഉദാഹരണമാണ്‌ റിലീസ്‌ ദിവസം ഫെയ്‌സ്‌ ടു ഫെയ്‌സിനെത്തിയ ശുഷ്‌കമായ ജനക്കൂട്ടം. സിനിമയില്‍ ഒന്നുമില്ലെന്ന്‌ മനസിലാക്കിയതോടെ രണ്ടാം ദിവസം മുതല്‍ ഫെയ്‌സ്‌ ടു ഫെയ്‌സിന്‌ ആരുമില്ലെന്ന സ്ഥിതി.

യഥാര്‍ഥത്തില്‍ മമ്മൂട്ടിയുടെ ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ മമ്മൂട്ടി തന്നെയാണെന്ന്‌ തോന്നിപ്പോകും മമ്മൂട്ടി ചിത്രങ്ങള്‍ കണുമ്പോള്‍. ഒരു കാലത്ത്‌ താന്‍ തന്നെ ചെയ്‌ത സിനിമകളുടെ തനി ആവര്‍ത്തനങ്ങള്‍ തന്നെ രൂപത്തിലും തമാശകളിലും അഭിരമിച്ച്‌ വീണ്ടും വീണ്ടും ചെയ്‌തുകൂട്ടുന്ന ഒരു നടന്‍ വേറെയില്ല എന്നു തന്നെ പറയേണ്ടി വരും. രാജമാണിക്യത്തിന്റെയും മായാവിയുടെയും കോമഡി ട്രാക്കില്‍ നിന്ന്‌ മമ്മൂട്ടിക്ക്‌ ഇതുവരെ രക്ഷപെടാനേ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം നിസാരമായ ബിസ്‌നസ്സ്‌ താത്‌പര്യങ്ങള്‍ മാത്രം സിനിമയിലേക്ക്‌ വരുമ്പോള്‍, ചാനല്‍ റൈറ്റ്‌ മാത്രം ലക്ഷ്യം വെച്ച്‌ സിനിമകള്‍ നിര്‍മ്മിക്കപ്പെടുമ്പോള്‍ തീയേറ്റര്‍ എന്ന സിനിമയുടെ യഥാര്‍ഥ ലോകത്ത്‌ മമ്മൂട്ടി എന്ന നടനും സൂപ്പര്‍താരവും തുടര്‍ച്ചയായി പരാജയപ്പെടുക തന്നെയാണ്‌. മമ്മൂട്ടിയെവെച്ച്‌ സിനിമ ചെയ്യുന്നവര്‍ ഇത്‌ മനസിലാക്കിയില്ലെങ്കിലും മമ്മൂട്ടിയെങ്കിലും ഈ സത്യം തിരിച്ചറിയേണ്ടിയിരിക്കുന്നു. കാരണം ഒരു മാറ്റത്തിന്റെ പാതയിലേക്ക്‌ മമ്മൂട്ടിയും മോഹന്‍ലാലും ആത്മാര്‍ഥമായി ശ്രമിച്ചാല്‍ മലയാള സിനിമയില്‍ മികച്ച കാഴ്‌ചകള്‍ തന്നെയാണ്‌ പ്രതീക്ഷിക്കാനുള്ളത്‌.
തുടര്‍ച്ചയായി പരാജയപ്പെടുന്ന മമ്മൂട്ടി; അഥവാ മമ്മൂട്ടി കൂത്തുകള്‍ എത്ര കാലം?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക