Image

ഫോമാ കേരളാ കണ്‍വെന്‍ഷന്‌ ഉജ്വല രജിസ്‌ട്രേഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 19 December, 2012
ഫോമാ കേരളാ കണ്‍വെന്‍ഷന്‌ ഉജ്വല രജിസ്‌ട്രേഷന്‍
ന്യൂയോര്‍ക്ക്‌: ഫോമയുടെ ആഭിമുഖ്യത്തില്‍ ജനുവരി പത്തിന്‌ കൊച്ചിയില്‍ നടക്കുന്ന കേരളാ കണ്‍വെന്‍ഷന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നതായി രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അറിയിച്ചു. മുന്നൂറില്‍പ്പരം ആളുകള്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്‌തിട്ടുള്ള കണ്‍വെന്‍ഷന്റെ ഉജ്വല വിജയത്തിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. നിരവധിയാളുകള്‍ ദിനംപ്രതി രജിസ്റ്റര്‍ ചെയ്യുന്ന കേരളാ കണ്‍വെന്‍ഷന്‌ വേദിയാകുന്നത്‌ അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ നഗരമധ്യത്തിലുള്ള കടവന്തറയിലെ ഡ്രീം ഫൈവ്‌ സ്റ്റാര്‍ ഹോട്ടലാണ്‌. വിവിധ തുറകളില്‍പ്പെട്ട പ്രഗത്ഭര്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബിസിനസ്‌ ഉച്ചകോടി, ബ്രിഡ്‌ജിംഗ്‌ ഓഫ്‌ ദി മൈന്‍ഡ്‌സ്‌ സമ്മേളനം, സാഹിത്യ-മാധ്യമ സംഗമം, ചാരിറ്റി പ്രവര്‍ത്തനോദ്‌ഘാടനം, ബിസിനസ്‌-ചലച്ചിത്ര അവാര്‍ഡ്‌ ദാനം തുടങ്ങി ഒട്ടനവധി പുതുമ നിറഞ്ഞ പരിപാടികളാണ്‌ കേരളാ കണ്‍വെന്‍ഷനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്‌. ഫോമാ മുന്‍ പ്രസിഡന്റ്‌ ജോണ്‍ ടൈറ്റസ്‌ കേരളാ കണ്‍വെന്‍ഷന്‍ 2012-ന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നു. മുന്‍ പ്രസിഡന്റുമാരായ ശശിധരന്‍ നായരും, ബേബി ഊരാളിലും കോ-ചെയര്‍മാന്‍മാരായും പ്രവര്‍ത്തിക്കുന്നു.

ഫോമയുടെ പുതിയ ഭാരവാഹികളായി കാര്‍ണിവല്‍ ഗ്ലോറി കണ്‍വന്‍ഷനില്‍ വെച്ച്‌ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, ട്രഷറര്‍ വര്‍ഗീസ്‌ ഫിലിപ്പ്‌ എന്നിവര്‍ കേരളാ കണ്‍വെന്‍ഷന്‍ അവിസ്‌മരണീയമാക്കുവാന്‍ കഠിനപ്രയത്‌നം ചെയ്യുന്നു. ഒത്തൊരുമയോടെയും ചിട്ടയോടുമുള്ള പ്രവര്‍ത്തനം കണ്‍വെന്‍ഷന്‍ വേറിട്ട അനുഭവമാകുമെന്ന്‌ ഉറപ്പുള്ളതായി രജിസ്‌ട്രേഷന്‍ ചെയര്‍കൂടിയായ വൈസ്‌ പ്രസിഡന്റ്‌ ക്യാപ്‌റ്റന്‍ രാജു ഫിലിപ്പ്‌ അഭിപ്രായപ്പെട്ടു. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ താത്‌പര്യമുള്ളവര്‍ എത്രയും പെട്ടെന്ന്‌ രജിസ്റ്റര്‍ ചെയ്‌ത്‌ സീറ്റുകള്‍ ഉറപ്പാക്കണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കൊച്ചി ലേ മെറീഡിയനില്‍ വെച്ച്‌ നടക്കുന്ന പ്രവാസി ഭാരതീയ ദിവസിന്‌ (പിബിഎ) ഫോമയെ പ്രതിനിധീകരിച്ച്‌ അമ്പതില്‍പ്പരം പേര്‍ പങ്കെടുക്കും.
ഫോമാ കേരളാ കണ്‍വെന്‍ഷന്‌ ഉജ്വല രജിസ്‌ട്രേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക