Image

എന്റെ പ്രിയപ്പെട്ട സന്ധ്യ (അനില്‍ പെണ്ണുക്കര)

Published on 26 December, 2012
എന്റെ പ്രിയപ്പെട്ട സന്ധ്യ (അനില്‍ പെണ്ണുക്കര)
`തൊഴുതു മടങ്ങും സന്ധ്യയുമേതോ വീഥിയില്‍ മറയുന്നു.'

ഈ സന്ധ്യ ഓര്‍മ്മയ്‌ക്കായി ബാക്കിവെച്ചത്‌ എന്ത്‌?.... ചന്ദനമോ.... ഇത്തിരി കുങ്കുമമോ? അന്തിയുടെ വീര്യമാവാഹിച്ചെരിയുന്ന മണ്‍ചെരാതോ? ഒരു നഷ്ടപ്പെടലിന്റെ നൊമ്പരമൂറുന്ന ബിംബം!

സന്ധ്യ.....!

മനുഷ്യമനസ്സിനെ എന്നും മോഹിപ്പിക്കുകയും ആനന്ദിപ്പിക്കുകയും ചെയ്യുന്ന സൗന്ദര്യം. പകലും രാത്രിയും കൈകോര്‍ക്കുന്ന ഉജ്ജ്വലമുഹൂര്‍ത്തം. പുളകമുണര്‍ത്തുന്ന ഒരനുഭവം! ത്രിസ്സന്ധ്യകളാണ്‌ ഒരു അഹസ്സിന്‌. തേന്‍ നിറച്ച്‌ പൂക്കളില്‍ പരാഗം വിതറി സര്‍ഗ്ഗമുണര്‍ത്തുന്ന ഉഷസന്ധ്യ.... പുഴുവിനെ പൂമ്പാറ്റയായി ഉണര്‍ത്തുന്ന പുലര്‍കാലസന്ധ്യ...

ഊര്‍ജ്ജം ചൊരിഞ്ഞ്‌ ഈ പ്രപഞ്ചചേതനയെ പ്രവര്‍ത്തനോന്മുഖമാക്കുന്ന മദ്ധ്യാഹ്നം...

ഭൂമിയെ വിറയാര്‍ന്ന കരത്താല്‍ തൊട്ടുതലോടുന്ന നിയതചരമയാനനായ അഹസ്‌ക്കരന്റെ വിടമൊഴിതുളുമ്പുന്ന സായംസന്ധ്യ.... പ്രാര്‍ത്ഥനാഭരിതമാണ്‌ സന്ധ്യാഹൃദയം. നിലവിളക്കും മെഴുതിരിയും എരിയുന്ന അഴകുള്ള സന്ധ്യ.... കുന്തിരിക്കത്തിന്റെയും ചന്ദനത്തിരിയുടെയും ഗന്ധം... തുളസിക്കതിരും നന്ദിയാര്‍വട്ടവും നിറുകയില്‍ അണിയുന്ന തീര്‍ത്ഥത്തിന്റെ കുളിര്‌... കര്‍പ്പൂരനാളത്തിന്റെ ഭംഗി....!

കാല്‌പനികതയുടെ ലോകത്തേക്കു പറക്കുകയാണ്‌ മനസ്സ്‌! കൊച്ചു പാവാടത്തുമ്പില്‍ കൈവിരല്‍ചുറ്റി നില്‍ക്കുന്ന നാണത്തിന്റേയും കൌമാരത്തിന്റേയും ചന്തം! കുപ്പിവളയുടേയും പാദസരത്തിന്റെയയും വാചാലത! പതിനേഴിന്റെ അനവാച്യമായ ലാവണ്യവും പുളകവും മൌനവും....

തുളസിത്തറക്കുമുന്നില്‍ കൈത്തിരിയേന്തി നിളപോലെയുള്ള മുടിയഴകുമായി നില്‍ക്കുന്ന ഗൃഹലക്ഷ്‌മി! നക്ഷത്രങ്ങളുടെ ശോഭ ആര്‍ജ്ജിച്ച കണ്ണുകള്‍... നനവുള്ള അധരഭംഗി....

മാറോടു ചേര്‍ത്ത്‌ നിറുകയില്‍ മുത്തി വാത്സല്യം ചൊരിയുന്ന അമ്മയുടെ സാമീപ്യം. ജപമാലയെണ്ണുന്ന മുത്തശ്ശിയുടെ സ്‌നേഹമസൃണമായ വിളി.... കുറ്റപ്പെടുത്തല്‍... മനസ്സ്‌ ദൈവത്തില്‍ അര്‍പ്പിക്കാനും വഴിയരുളി കാത്തുകൊള്ളാന്‍ പ്രാര്‍ത്ഥിക്കാനും ഉപദേശം.... മൂവന്തിക്കു മുറ്റത്തുവിരിഞ്ഞ ഒരു പൂവിന്റെ പുഞ്ചിരിപോലെ ആദ്യാനുരാഗത്തിന്റെ ഊഷ്‌മളത....

പോക്കുവെയിലിനെ പൊന്നാക്കുന്ന മായാജാലം... സ്വപ്‌നങ്ങളുടെ സ്വര്‍ഗ്ഗലോകം തീര്‍ക്കുന്ന അന്തിമേഘങ്ങള്‍! അവയ്‌ക്കിടയിലെ നീലാകാശ തടാകങ്ങള്‍! മേഘകൊടുമുടിയിലെ മിന്നുന്ന താരങ്ങള്‍!

ആല്‍മരക്കൊമ്പത്തു ചിരിക്കുന്ന കുസൃതിക്ക്‌ പ്രണയസാമ്രാജ്യത്തിന്റെ സ്വേച്ഛാധികാരിക്ക്‌ ഇതാണ്‌ നിറം....

ഹൃദയത്തില്‍ ഒരു കടമ്പിന്റേയും ഓടക്കുഴലിന്റേയും മണവും ഈണവും. ശ്യാമരാവിന്റെ ഹൃദയത്തില്‍ അലിയുന്ന സന്ധ്യ. പിന്നൊരുഷസ്സായി കിഴക്കുണരുന്നു...

നീലാകാശത്തിനു കിനാവിന്റെ വര്‍ണ്ണമാണ്‌... ആ നീലിമ സ്വയം ആത്മാവില്‍ പകര്‍ത്തിയ നീലക്കടലുകള്‍! അവയില്‍ സായൂജ്യത്തിന്റേയും സാഫല്യത്തിന്റേയും നിറമെഴുതുന്ന സായംകാലം....

കൌമാരസ്വപ്‌നങ്ങള്‍ക്കു മൂവന്തിയുടെ പൊന്‍പ്രഭയുണ്ട്‌... പകലൊടുക്കമാണ്‌ സായാഹ്നം. ഒരു തിരിച്ചറിവിന്റെ മുഖമുണ്ടിതിന്‌...

പരാധീനതയോലുന്ന സന്ധ്യ. കത്തിയൊടുങ്ങുന്നത്‌ പകലിന്റെ തീവ്രതയും കരുത്തും ചരിത്രമാവുന്നു. പ്രസരിപ്പിന്റെ ചെമപ്പുകള്‍ മായുന്നു. ഇനി ശ്യാമവര്‍ണ്ണം.... ഈ ഇരുളിനു വെളുപ്പിനോടും നരയോടുമാണ്‌ താല്‌പര്യം. ഉള്ളത്തിലുള്ളത്‌ ഒരു കനല്‍ക്കൂന.... വായിക്കാനുള്ളത്‌ ലാഭനഷ്ടങ്ങളുടെ ബാക്കിപത്രം... ചെമ്പരത്തിപ്പൂവിന്റെ ചുണ്ടിലെ സിന്ദൂരം... ഗന്ധരാജന്റെ ഗന്ധം.

ഞാന്‍ നടന്നു ശീലിച്ച നാട്ടുവഴിയുടെ മണം.... ചുണ്ടിലൂറുന്ന ഇളനീരിന്റെ മധുരം. ചെമ്മാനം പൂത്തപോലെ.... ചെന്തെങ്ങു കുലച്ചപോലെ ഒരു സന്ധ്യ. കസവുനൂലു തുന്നിയ ഒരു ഓണക്കോടിയുടെ... ഒരു തെങ്ങിന്‍ പൂങ്കുലയുടെ മുറ്റത്തു വിരിയുന്ന പൂക്കളത്തിന്റെ അഴകുള്ള സന്ധ്യ...

ചന്ദ്രികാലോലമായ ഒരു സായന്തനം. നലമുള്ള ഒരോര്‍മ്മ... പാടലാംബരയായ സന്ധ്യാദേവി... ബ്രഹ്മാവിന്റെ വികാരത്തില്‍നിന്നാണ്‌ സന്ധ്യാദേവി പിറന്നതത്രെ! മേധാതിഥിയുടെ യാഗാഗ്‌നിയില്‍ വെന്ത സന്ധ്യയെ വിഷ്‌ണുവിന്റെ നിര്‍ദ്ദേശപ്രകാരം അഗ്‌നിദേവന്‍ സൂര്യമണ്ഡലത്തില്‍ എത്തിച്ചു. സൂര്യന്‍ ആ ശരീരം രണ്ടായി ഭാഗിച്ച്‌ രഥത്തില്‍ വെച്ചു. ശരീരത്തിന്റെ മുകള്‍ഭാഗം അഹോരാത്രങ്ങളുടെ ഇടക്കു ഉഷസ്സന്ധ്യയായി. താഴെ ഭാഗം സായംകാലവും

ഗോപുരങ്ങളുടെയും കോണ്‍ക്രീറ്റ്‌ എടുപ്പുകളുടെയും ഇടയില്‍ കുടുങ്ങി ആകാശം നഷ്ടപ്പെട്ടവര്‍... നടന്ന വഴികള്‍ മറന്നവര്‍! ഞാനാകാന്‍ കൊതിച്ചത്‌... എനിക്കു കൈമോശം വന്നത്‌..... നിറമുള്ള ഓര്‍മ്മകള്‍... പ്രതീക്ഷകള്‍... കാഴ്‌ചകള്‍... മനസ്സില്‍ ആരോ എഴുതിത്തന്ന പ്രണയവര്‍ണ്ണം... ആരാണീ സന്ധ്യ...!

പക്ഷേ...

കാര്‍മേഘങ്ങള്‍ ഈ സന്ധ്യാംബരം മൂടുന്നു... കാറ്റിളക്കങ്ങള്‍ ഈ മണ്‍ചെരാതുകളെ അണച്ചു കളയുന്നു. നമുക്കിതിനെ ഈ കൈമറ കൊണ്ടു കാക്കാം. പീലി വിടര്‍ത്തിയാടുന്ന ഈ സന്ധ്യാമയൂരത്തെ മറക്കാതിരിക്കാം...... ഉപാസിക്കാം... ഈ അഴകിനെ ഒരു കൈതപ്പൂപോലെ നിറുകയിലും ഉള്ളത്തിലും എടുത്തുവെക്കാം.
എന്റെ പ്രിയപ്പെട്ട സന്ധ്യ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക