Image

അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം സെപ്‌റ്റംബര്‍ 15 മുതല്‍ 25 വരെ ഫ്രാങ്ക്‌ഫര്‍ട്ടില്‍

ജോര്‍ജ്‌ ജോണ്‍ Published on 03 September, 2011
അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം സെപ്‌റ്റംബര്‍ 15 മുതല്‍ 25 വരെ ഫ്രാങ്ക്‌ഫര്‍ട്ടില്‍
ഫ്രാങ്ക്‌ഫര്‍ട്ട്‌: ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ (ഐഎഎ) പ്രദര്‍ശനം ഫ്രാങ്ക്‌ഫര്‍ട്ടില്‍ സെപ്‌റ്റംബര്‍ 15 മുതല്‍ 25 വരെ നടക്കും. സെപ്‌റ്റംബര്‍ 15 ന്‌ രാവിലെ പത്തിന്‌ ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ ഈ പ്രദര്‍ശനം ഫ്രാങ്ക്‌ഫര്‍ട്ട്‌ അന്തരാഷ്‌ട്ര മെസെ ഹാളില്‍ ഉദ്‌ഘാടനം ചെയ്യും. അറുപത്തി നാലാമത്‌ ഐഎഎയില്‍ 32 രാജ്യങ്ങളില്‍ നിന്നുമായി 1007 പ്രദര്‍ശകര്‍ ഈ വര്‍ഷം പങ്കെടുക്കുന്നു. 2,35,000 ചതുരശ്ര അടി സ്ഥലത്ത്‌ വിവിധ പ്രദര്‍ശന ഹാളുകളിലായിട്ടാണ്‌ പ്രദര്‍ശനം നടക്കുന്നത്‌. ഈ വര്‍ഷത്തെ പ്രദര്‍ശന വിസ്‌താരം കഴിഞ്ഞ വര്‍ഷത്തെ 1,9,5000 ചതുരശ്ര അടി സ്ഥലത്തെ മറി കടക്കുന്നു. ഈ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാനായി 92 രാജ്യങ്ങളില്‍ നിന്നും 15000 മാധ്യമ പ്രവര്‍ത്തകരാണ്‌ ഫ്രാങ്ക്‌ഫര്‍ട്ടില്‍ എത്തുന്നത്‌.

സെപ്‌റ്റംബര്‍ 15 -16 തീയതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും, ഈ മേഖലയിലെ വിദഗ്‌ധര്‍ക്കും മാത്രമായിരിക്കും പ്രവേശനം. സെപ്‌റ്റംബര്‍ 17 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ രാവിലെ ഒമ്പത്‌ മുതല്‍ വൈകുന്നേരം ഏഴു വരെ പ്രദര്‍ശനം കാണാവുന്നതാണ്‌. ഏതാണ്‌ട്‌ ഒമ്പത്‌ ലക്ഷ ആളുകള്‍ ഈ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം കാണാന്‍ എത്തുമെന്ന്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌ അന്തരാഷ്‌ട്ര മെസെ വിലയിരുത്തുന്നു. ഈ വര്‍ഷം 89 ലോക പ്രിമിയറുകള്‍ അവതരിപ്പിക്കുന്നതില്‍ 42 എണ്ണം പുതിയ മോഡല്‍ കാറുകളാണ്‌. ഈ കാറുകളില്‍ ഔഡി, ബി.എം. ഡബ്ല്യൂ., മെഴ്‌സീഡസ്‌ ബെന്‍സ്‌, ഫോര്‍ഡ്‌, പോര്‍ഷെ എന്നീ കമ്പനികള്‍ പുതിയ മോഡലുകളുമായി ഐ.എ.എ. യുടെ മുമ്പന്തിയില്‍ ഉണ്‌ട്‌. ടാറ്റാ നാനോ ഈ വര്‍ഷത്തെ പ്രദര്‍ശനത്തില്‍ ആളുകളുടെ പ്രത്യേകം ശ്രദ്ധ ആകര്‍ഷിക്കും. കുടാതെ ഇന്ത്യയില്‍ നിന്നും കാറുകളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍, ടയര്‍, സീറ്റ്‌ കവറുകള്‍ എന്നിവ ഉണ്‌ടാക്കുന്ന പത്ത്‌ പ്രദര്‍ശകര്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഇതിനകം രജിസ്‌റ്റര്‍ ചെയ്‌തു. ഇന്ത്യന്‍ പ്രദര്‍ശകരുടെ സ്‌റ്റാളുകള്‍ ഹാള്‍ 04 സി/കെ മേഖലയിലാണ്‌.
അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം സെപ്‌റ്റംബര്‍ 15 മുതല്‍ 25 വരെ ഫ്രാങ്ക്‌ഫര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക