Image

വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്

എ.സി.ജോര്‍ജ് Published on 04 January, 2013
വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്
2012ന്റെ അവസാനദിവസങ്ങളില്‍ 2012 ലെ സുപ്രധാന സംഭവ വികാസങ്ങളെ ഒന്നു വിലയിരുത്തുമ്പോള്‍ പ്രത്യേകമായി മലയാളയെ സംബന്ധിച്ച് എന്തൊക്കെ പരിമിതികളും പരിഭവങ്ങളും പരാതികളുമുണ്ടെങ്കിലും തിരുവനന്തപുരത്തുവച്ച് ഒക്‌ടോബര്‍ 30മുതല്‍ നവംബര്‍ 1 വരെ നടത്തിയ വിശ്വമലയാള മഹോല്‍സവം സ്മരിക്കപ്പെടേണ്ട ഒരു നാഴികകല്ലാണ്. 35 വര്‍ഷങ്ങള്‍ക്കുമുമ്പ് 1977ല്‍ തിരുവനന്തപുരത്തുവച്ച് തന്നെ ആദ്യലോകമലയാള സമ്മേനത്തിനുശേഷം ഇപ്രാവശ്യം വിശ്വമലയാള മഹോല്‍സവം എന്നപേരില്‍ രണ്ടാമത്തെ ഒരു ലോകമാന മലയാളസമ്മേളനമാണിതെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 1976 ല്‍ സി. അച്ചുതമേനോന്‍ കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഒരു ലോകമലയാള സമ്മേളനം എന്ന ആശയത്തിന് വിത്തുപാകിയത്. എന്നാല്‍ 1977ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അതുപ്രാവര്‍ത്തികമായത്. 1977 നവംബര്‍ മാസത്തില്‍ കൈരളി നഗര്‍ എന്ന് പേരിട്ട തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലായിരുന്നു ആദ്യലോകമലയാള സമ്മേളനം.

1956 നവംബര്‍ 1ന് ആണല്ലോ കേരളപിറവി. മലയാളത്തിന് 56 അക്ഷരങ്ങളാണുള്ളത്. 1956 നവംബറിലെ കേരളപിറവിക്കുശേഷം കേരളത്തിന്- മലയാളത്തിന് 56 അക്ഷരങ്ങള്‍ ഉള്ളപോലെ 56 വര്‍ഷം പൂര്‍ത്തിയാക്കിത് 2012 നവംബറിലാണ്. അതിനാല്‍ 2012 നവംബറില്‍ തന്നെ ഒരു വിശ്വമലയാള മഹോല്‍സവം നടത്താന്‍ കേരള സാഹിത്യ അക്കാഡമിയും കേരളാ ഗവണ്‍മെന്റും സംയുക്തമായി തീരുമാനിച്ചു.

അമേരിക്കയില്‍ നിന്ന് വിശ്വമലയാള മഹോല്‍സവത്തില്‍ മൂന്നുദിവസം മുഴുവനായി പങ്കെടുത്ത ഒരു പ്രവാസി മലയാള ഭാഷാപ്രേമീ എന്ന നിലയില്‍ ഈ മലയാള മഹോല്‍സവത്തെ സ്വതന്ത്രമായി വിലയിരുത്തുകയും സമ്മേളനങ്ങളിലൂടെ ഒരു വിഹഗവീക്ഷണം നടത്തുകയുമാണ് ഈ ലേഖകന്‍. ആദ്യം കണ്ടതും കേട്ടതുമായ പരാതികളും വീഴ്ചകളും പരിഭവങ്ങളും നിര്‍ത്താം.

വിശ്വമലയാള മഹോല്‍സവത്തിലേക്ക് മരിച്ചവരെ ക്ഷണിച്ച് ക്ഷണിച്ചവരെ മാറ്റി, ചിലരെ അപമാനിച്ച്, ചിത്രവധം നടത്തി, 2കോടി ചെലവിട്ട ഉത്സവം വിവാദങ്ങള്‍ക്കും ഭാഷക്കും സാഹിത്യത്തിനും സംസ്ഥാനത്തിനും സാഹിത്യഅക്കാഡമിക്കും നാണക്കേടുണ്ടാക്കി. സംഘാടകസമിതി രൂപവല്‍ക്കരണം മുതല്‍ ആരംഭിച്ച തെറ്റുകളും വിവാദങ്ങളും അവസാനം വരെ തുടര്‍ന്നു. വിശ്വമലയാള മഹോല്‍സവത്തിനു പകരം വെറും തിരുവനന്തപുരം നഗരത്തിലെ ഒരു പ്രാദേശിക ഉല്‍സവമായി മാറി- വിവിധ വേദികളിലെ ഓഡിറ്റോറിയങ്ങള്‍ വളരെ ശുഷ്‌ക്കം. മൂന്നു ദിവസവും ആള്‍ത്തിരക്കും തള്ളിക്കയറ്റവും ഊട്ടുപുരയില്‍ മാത്രം. ഒരു നേരം 1500പേര്‍ക്ക് 3 ദിവസവും ഭക്ഷണം നല്‍കി. സമ്മേളനസ്ഥലങ്ങളോടടുത്തുള്ള ഗവണ്‍മെന്റ് ജോലിക്കാരും നഗരത്തിലെ തൊഴിലാളികളും വെറും ഭക്ഷണം കഴിയ്ക്കാനായി മാത്രം അവിടെയെത്തി. ഓരോ ശാപ്പാടിനുശേഷവും ഒരു സെമിനാറിലും സംബന്ധിയ്ക്കാതെ അവര്‍ സ്ഥലം വിട്ടു. അതുകൊണ്ട് ഭാഷയ്ക്ക് എന്തു ഗുണം? എന്തു നേട്ടം?

കേരള സാഹിത്യ അക്കാഡമി തയ്യാറാക്കിയ പദ്ധതിപ്രകാരമണ് സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് രണ്ടുകോടി തുകയും അനുവദിച്ചു. അക്കാഡമി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റി പ്രാരംഭപ്രവര്‍ത്തനങ്ങളും തുടങ്ങി. ഇതിനിടയില്‍ പെട്ടെന്ന് ഒരു സൂപ്പര്‍ സംഘാടക സമിതി രാഷ്ട്രീയ ഭരണാധികാരികളുടെ നേതൃത്വത്തില്‍ നിലവില്‍ വന്നു. അതോടെ ആദ്യത്തെ കമ്മറ്റിയിലെ പലരും പുറത്തായി. കമ്മറ്റിയില്‍ രാഷ്ട്രീയ അതിപ്രസരമായി. കേരളത്തിലെ പ്രതിപക്ഷം പൂര്‍ണ്ണമായി വിട്ടുനില്‍ക്കുകയും, നിസഹകരണം പ്രകടിപ്പിക്കുകയുംചെയ്തു. ഭരണകക്ഷിയിലെ തന്നെ പ്രബലവിഭാഗങ്ങള്‍ മാത്രം പരിപാടിക്കു പിന്‍തുണ നല്‍കി. രാഷ്ട്രീയക്കാര്‍ക്ക് മേല്‍കോയ്മയുള്ള പുതിയ സംഘാടകസമിതി തുടക്കം മുതല്‍ വിവരക്കേടും പിടിപ്പുംകേടും പ്രകടമാക്കി. നോവലിസ്റ്റ് സി.പി.രാമന്‍പിള്ളയ്ക്കു പകരം സെക്രട്ടറിയേറ്റിനു മുന്നില്‍ നോബല്‍ ജേതാവായ സര്‍ സി.പി. രാമന്റെ പ്രതിമ സ്ഥാപിച്ചത് വിവാദമായപ്പോള്‍ മാറ്റി, പുതിയ പ്രതിമ സ്ഥാപിച്ചു. എന്നാല്‍ പുതിയ പ്രതിമയില്‍ രേഖപ്പെടുത്തിയ ജീവചരിത്രകുറിപ്പുകളും മലയാളത്തെനാണം കെടുത്തുന്ന ഭാഷാപ്രയോഗങ്ങളാല്‍ വികലമായി. വാര്‍ത്താ പത്രികയില്‍ കന്നട എഴുത്തുകാരന്‍ സിദ്ധലിംഗഷെട്ടിയുടെ പേരിനൊപ്പം ചേര്‍ത്തത് ബംഗാളി നോവലിസ്റ്റ് സുനില്‍ ഗംഗാപാധ്യയുടെ ചിത്രം. ദലിത് ജീവിത സെമിനാറിലെ മുഖ്യപ്രഭാഷകനായി ചേര്‍ത്തിരിക്കുന്നത് 5മാസം മുമ്പ് കാലയവനികയില്‍ മറഞ്ഞയാളെ. എല്ലാ വേദികളിലും രാഷ്ട്രീയ തള്ളികയറ്റം. നിരവധി പ്രമുഖ എഴുത്തുകാരും ധീക്ഷണാശാലികളും തഴയപ്പെട്ടു.

മണിക്കൂറുകളോളം അതിഥികളെ കാത്തിരുപ്പ്. ചില വേദികളില്‍ അതിഥികള്‍ പ്രേഷകര്‍ക്കായി കാത്തിരിക്കുന്നു. പ്രേക്ഷകരില്ലാതെ നിരാശരായ പ്രഭാഷകര്‍, ഒഴിഞ്ഞ കസേരകള്‍, പല പരിപാടികളും മുന്നറിയിപ്പില്ലാതെ മാറ്റി. ചിലതു ക്യാന്‍സല്‍ ചെയ്തു. ഇങ്ങനെ പല വീഴ്കകള്‍. ഈ ലേഖകന്റെ അമേരിക്കയിലെ 38 വര്‍ഷത്തെ പ്രവാസജീവിതത്തിനിടയില്‍ പല ചെറുതും വലുതുമായ സംഘടനകളിലെ പരിപാടികളില്‍ സംബന്ധിച്ചിട്ടുണ്ട്. ഇത്തരമൊക്കെ ചില സംഭവങ്ങള്‍ക്ക് ദൃക്ഷ്‌സാക്ഷിയായിരുന്നിട്ടുണ്ട്. നമ്മള്‍ മലയാളികള്‍ എവിടെ ആയാലും ഇത്തരം സംഘടനാ വീഴ്ചകള്‍ക്ക് ഇരകളൊ, കാരണഭൂതരോ ആയിട്ടുണ്ട്. ഫൊക്കാനാ-ഫോമാ-വേള്‍ഡ്മലയാളി മറ്റ് സാമൂഹ്യ-സാംസ്‌കാരിക മതപര മഹാസമ്മേളനങ്ങളും, മഹാകണ്‍വന്‍ഷനുകളിലും സംഭവിച്ചുകൊണ്ടിരിക്കുന്ന സംഘടനാവീഴ്ചകള്‍ കണ്ടും കേട്ടും അനുഭവിച്ചും മനം മടുത്തിട്ടുണ്ടാകണം. സംഘാടകര്‍ എത്ര വിജയം കൊട്ടിഘോഷിച്ചാലും, അതു സത്യമല്ലാ അതില്‍ പരാജയങ്ങളാണ് മുഴച്ചു നില്‍ക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയം. എത്രയെത്ര അതിഥികള്‍-സിനിമാകാര്‍, ഗവര്‍ണ്ണര്‍മാര്‍, സാഹിത്യനായകന്മാര്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും എത്തുമെത്തുന്നവര്‍ കൂലി എഴുത്തുകാര്‍ വഴി തട്ടിമൂളിക്കുന്നത്. എന്നിട്ട് എത്തുന്ന പ്രതിഭാശാലികള്‍ വെറും രണ്ടോ മൂന്നോ ഏഴാംകൂലികള്‍ മാത്രം. പരിപാടികളോ അടിപൊളിയാണെന്നും പറഞ്ഞ് വെറും തറ തല്ലിപൊളി പരിപാടികള്‍ മാത്രം. അതിനാല്‍ തിരുവനന്തപുരത്തെ വിശ്വമലയാള മഹോല്‍സവത്തിലെ പരിഭവങ്ങള്‍ക്കും പരാതികള്‍ക്കും നമ്മള്‍ പ്രവാസി അമേരിക്കന്‍ മലയാളികള്‍ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. നമ്മള്‍ക്കിവിടെ ഒരു പരിപാടി-കണ്‍വന്‍ഷന്‍ നന്നാക്കാന്‍ ശ്രമിക്കുന്നതുപോലെ വേണമെങ്കില്‍ പോരായ്മകളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് വരും പരിപാടികള്‍ കുറ്റമറ്റതാക്കാന്‍ ശ്രമിക്കാവുന്നതാണ്.
(തുടരും..)
വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്വിശ്വമലയാളമഹോല്‍സവം-ഒരു വിഹഗവീക്ഷണം: എ.സി.ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക