Image

ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളി

ജോസ്‌ കുമ്പിളുവേലില്‍ Published on 09 January, 2013
ഹൃദയാഘാതം ഒഴിവാക്കാന്‍ തക്കാളി
ലണ്‌ടന്‍: തക്കാളി ഉള്‍പ്പെട്ട ഗുളിക ദിവസേന കഴിച്ചാല്‍ ഹൃദയാഘാതമുണ്‌ടാകാനുള്ള സാധ്യത ഗണ്യമായി കുറയ്‌ക്കാമെന്നു കണ്‌ടെത്തല്‍. പ്രധാന രക്ത ധമനിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും രക്ത ചംക്രമണം വര്‍ധിപ്പിക്കാനും തക്കാളിക്കുള്ള ശേഷിയാണ്‌ ഗുളികയില്‍ ഉപയോഗപ്പെടുത്തുന്നത്‌.

ആറ്ററോനോണ്‍ എന്നാണ്‌ മരുന്നിനു പേര്‌. തക്കാളിയുടെ തൊലിയില്‍നിന്നു വേര്‍തിരിച്ചെടുത്ത രാസവസ്‌തുവാണ്‌ ഇതിലെ പ്രധാന ഘടകം. രക്തധമനികള്‍ ശുചിയാക്കി വയ്‌ക്കാന്‍ ഇതിനു ശേഷിയുണ്‌ടെന്നു ഗവേഷകര്‍ അവകാശപ്പെടുന്നു.

രക്തക്കുഴലുകളുടെ പ്രവര്‍ത്തനക്ഷമതയും രക്തത്തിന്റെ ഒഴുക്കും വര്‍ധിപ്പിക്കാന്‍ ഇതിനുള്ള ശേഷിയും സംശയാതീതമായി തെളിയിച്ചിട്ടുണ്‌ട്‌. തക്കാളി ധാരാളമായി ഉള്‍പ്പെടുന്ന മെഡിറ്ററേനിയന്‍ ഡയറ്റ്‌ ഹൃദയത്തിന്റെ ആരോഗ്യത്തിന്‌ വളരെ ഗുണകരമാകുന്നത്‌ എങ്ങനെയാണെന്നും ഇതില്‍നിന്നു വ്യക്തമാകുന്നു.

പുതിയതായി വികസിപ്പിച്ചെടുത്ത ഗുളിക ലോകത്താകമാനം മില്യന്‍കണക്കിനു ഹൃദ്‌രോഗികളുടെ ആയുസ്‌ നീട്ടിയെടുക്കാന്‍ ഉപകരിക്കുമെന്നാണ്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌. രക്തക്കുഴലുകളിലെ കൊഴുപ്പ്‌ നീക്കം ചെയ്യാന്‍ തക്കാളിക്കു പ്രത്യേക കഴിവാണുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക