Image

തുറന്ന കത്ത്‌: എം.റ്റി. ആന്റണി

Published on 25 May, 2011
തുറന്ന കത്ത്‌: എം.റ്റി. ആന്റണി

അമേരിക്കയിലെ മലയാളികളുടെ കേന്ദ്ര സംഘടനകളായ ഫൊക്കാന, ഫോമാ, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ തുടങ്ങിയ (വേറെയും സംഘടനകള്‍ ഉണ്ടാകാം) മഹാ സംഘടനകളുടെ മഹാന്മാരായ നേതാക്കള്‍ക്ക്‌ അവരുടെ ആത്മാര്‍ത്ഥമായ അടിയന്തിര ശ്രദ്ധയ്‌ക്കുവേണ്ടിയാണ്‌ ഈ തുറന്ന കത്ത്‌.

ഈ കത്ത്‌ വളരെ ആത്മാര്‍ത്ഥതയോടുകൂടി, പരമാവധി ഉത്തരവാദിത്വത്തോടുകൂടി, തികഞ്ഞ ഭാഷാസ്‌നേഹത്തോടുകൂടി, തീഷ്‌ണമായ സാമൂഹ്യബോധത്തോടുകൂടി എഴുതുന്ന ഒരു രേഖയാണ്‌. 1957 മുതല്‍ അമേരിക്കയില്‍ ജീവിച്ചിട്ടുള്ള, യാതൊരു നിക്ഷിപ്‌ത താത്‌പര്യങ്ങളുമില്ലാത്ത ഒരിന്ത്യാക്കാരനാണ്‌, മലയാളിയാണ്‌.

ഞാനിയ്യിടെ ജനനി മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ `സംഘടനകളുടെ അതിപ്രസരം മലയാളികളെ വിഘടിപ്പിച്ച്‌ ദുര്‍ബ്ബലരാക്കുന്നു' എന്ന തലക്കെട്ടില്‍, അമേരിക്കന്‍ മലയാളികളെല്ലാം വായിക്കേണ്ടതായ ഒരു മുഖപ്രസംഗം കാണാനിടവന്നു.

നമ്മുടെ കേന്ദ്രസംഘടനകളുടെ നേതാക്കന്മാര്‍ പ്രത്യേകിച്ചും ശ്രദ്ധിച്ച്‌ വായിക്കേണ്ട ഒരമൂല്യ രേഖയാണ്‌ മേല്‍ സൂചിപ്പിച്ച മുഖപ്രസംഗം. അമേരിക്കന്‍ മലയാളികള്‍ക്ക്‌, പ്രത്യേകിച്ചും സംഘടനാകാര്യങ്ങളില്‍ താത്‌പര്യം കാണിച്ചിട്ടുള്ള മലയാളികള്‍ക്ക്‌ സുപരിചിതനായ ശ്രീ ജെ. മാത്യൂസ്‌ (ജനനി പത്രാധിപരാണ്‌ ഈ മുഖപ്രസംഗം എഴുതിയിട്ടുള്ളത്‌) പല പല കാരണങ്ങളാല്‍ ഈ വിഷയത്തെക്കുറിച്ച്‌ പ്രതിപാദിക്കാന്‍ ശ്രീ മാത്യൂസിന്റെ അവകാശമോ ആധികാരിത്വമോ വേറെ ആര്‍ക്കുമില്ല.

ശ്രീ മാത്യൂസ്‌ ചോദിക്കുന്നു: അമേരിക്കയിലെ മലയാളികള്‍ക്ക്‌ എത്ര സംഘടനകളുണ്ട്‌? അതിന്‌ ഏറ്റവും ലളിതമായ ഉത്തരം- `കാക്കത്തൊള്ളായിരം'. ആ കാക്കത്തൊള്ളായിരം സംഘടനകളുടെ നേതൃത്വം അവകാശപ്പെടുന്ന മൂന്നു കേന്ദ്ര സംഘടനകള്‍ ഉണ്ട്‌. ആ സംഘടനകളുടെ നേതാക്കന്മാരായി വേഷംകെട്ടി ഊരുചുറ്റുന്ന കുറെ പുംഗവന്മാരുണ്ട്‌. ആ ബഹുമാനപ്പെട്ട നേതാക്കന്മാരെ അഭിസംബോധന ചെയ്‌തുകൊണ്ടാണ്‌ എന്റെ തുറന്ന കത്ത്‌.

കാക്കത്തൊള്ളായിരം സംഘടനകള്‍, കൊക്കത്തൊള്ളായിരം പ്രസിദ്ധീകരണങ്ങള്‍, ചുരുക്കത്തില്‍ അമേരിക്കയിലെ മലയാളികള്‍ അതിപ്രസരത്തിന്റെ ലോകത്തിലാണ്‌ ജീവിക്കുന്നത്‌. എത്രനാള്‍ ഈ ആത്മഹത്യാപരമായ അതിപ്രസരം തുടരും? ഇപ്പോള്‍ ചെറിയൊരു പുതിയ പുലിവാല്‌! നമുക്ക്‌ എത്ര വെബ്‌സൈറ്റുകള്‍, ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ട്‌. ആര്‍ക്കെങ്കിലും അറിയാമോ? ജനനി പത്രാധിപരുടെ ഭാഷ കടംഎടുക്കട്ടെ. `കാക്കത്തൊള്ളായിരം'.

ഗ്രോയിംഗ്‌ പെയ്‌ന്‍സ്‌ എന്നൊരു പ്രയോഗമുണ്ട്‌. ഈ നിരര്‍ത്ഥകമായ, ബാലിശമായ, അതിപ്രസരം മലയാളി സമൂഹത്തിന്റെ ഗ്രോയിംഗ്‌ പെയ്‌ന്‍ ആണെന്ന്‌ ഞാന്‍ വിശ്വസിക്കുന്നു.

അഞ്ചുലക്ഷം മലയാളികള്‍ ഉണ്ടത്രേ അമേരിക്കയില്‍. അതില്‍ പി.എച്ച്‌.ഡി ബിരുദമില്ലാത്തവര്‍ ഡോക്‌ടര്‍മാര്‍ അല്ലാത്തവര്‍, കംപ്യൂട്ടറീസ്‌ അല്ലാത്തവര്‍ ആരുമില്ല. അപ്പോള്‍ മലയാളികളുടെ ഇടയില്‍ ദാരിദ്ര്യരേഖയുടെ താഴെയുള്ളവര്‍ ആരുമില്ല. നിഷേധിക്കാനാവാത്ത പരമസത്യം. എന്നിട്ട്‌ ഇത്രയും സമ്പദ്‌സമൃദ്ധിയുള്ള ഒരു സമൂഹം ഇത്രയും അതിപ്രസരം കാണിക്കണമോ? ഇങ്ങിനെ ലക്ഷ്യബോധമില്ലാതെ പെരുമാറണമോ?

ഇനി കേന്ദ്ര സംഘടനകളുടെ പുരാണം പറയാം. എന്താണ്‌ കാരണം എന്നെനിക്ക്‌ മനസ്സിലാകുന്നില്ല. ഈ കേന്ദ്രസംഘടനകളുടെ (അമേരിക്കന്‍ മലയാളികളുടെ ക്ഷേമം പരിരക്ഷിക്കാന്‍ ബാദ്ധ്യതയുള്ള) നേതാക്കന്മാര്‍ മിക്ക സമയവും അമേരിക്കയ്‌ക്ക്‌ പുറത്ത്‌ സ്ഥിരം സവാരിയാണ്‌. പറഞ്ഞാല്‍ വിശ്വസിക്കില്ല, അവര്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും നേതാക്കന്മാരുമായി ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്‌. കുഞ്ഞാലിക്കുട്ടി തുടങ്ങി ഉമ്മന്‍ചാണ്ടി വരെ, വയലാര്‍ രവി തുടങ്ങി മുരളി വരെ, എ.കെ. ആന്റണി തുടങ്ങി രമേശ്‌ ചെന്നിത്തല വരെ എല്ലാ നേതാക്കന്മാരുമായി ഈ അമേരിക്കന്‍ നേതാക്കള്‍ ഉന്നതതല ചര്‍ച്ചകള്‍ നടത്തുകയാണ്‌. എന്നിട്ട്‌, അമേരിക്കയിലേക്ക്‌ തിരിച്ചുവന്ന്‌ അവര്‍ ഒരു ഇടയലേഖനം പ്രസിദ്ധീകരിക്കും. അവരുടെ വീരപരാക്രമങ്ങളെക്കുറിച്ച്‌.

ഞാന്‍ മറക്കുന്നതിനുമുമ്പ്‌ ഒരു കാര്യം പറയട്ടെ. ഒരിക്കല്‍, എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ഫൊക്കാനയുടെ വന്‍തോക്കുകള്‍ ഡല്‍ഹിയിലോ മറ്റോ (ടിബറ്റിലാകാന്‍ വഴിയില്ല)പോയി ദലൈലാമയുമായി ഉന്നതതല ചര്‍ച്ച നടത്തി. ദയവായി എന്നെ വിശ്വസിക്കുക. ഞാന്‍ ഈ നേതാക്കള്‍ ദലൈലാമയുടെ അനുഗ്രഹാശ്ശിസുകള്‍ വാങ്ങുന്നതിന്റെ കളര്‍ ചിത്രങ്ങള്‍ ഒന്നും രണ്ടുമല്ല, പലതും കണ്ടതാണ്‌.

കരുണാകരന്റെ മുരളിയെ കാണുന്നത്‌, ഒരുപക്ഷെ അല്‍പം ബുദ്ധിമുട്ടിയാല്‍ അല്‍പം മനസ്സിലാക്കാം. പക്ഷെ, ഞാന്‍ ദേവീകൃപയ്‌ക്കുവേണ്ടി യാചിക്കാം, അമേരിക്കയിലെ മലയാളി സംഘടനകളുടെ നേതാക്കള്‍ ദലൈലാമയുമായി കൂടിക്കാഴ്‌ച നടത്തുന്നതിന്റെ പൊരുള്‍ സര്‍വ്വശക്താ കരുണാകരാ, എനിക്ക്‌ മനസ്സിലാകുന്നില്ല.

ഈ നേതാക്കന്മാര്‍ ആരുടെ പണം ചെലവാക്കിയാണ്‌ ഈ തീര്‍ത്ഥയാത്രയൊക്കെ നടത്തുന്നത്‌? സംഘടനയുടെ പണമാണോ? അതോ സ്വന്തം പോക്കറ്റില്‍ നിന്നും എടുത്ത പണമാണോ? പണത്തിന്റെ കാര്യം പറയുമ്പോള്‍ ഒരുകാര്യം പ്രത്യേകം പ്രതിപാദിക്കാനുണ്ട്‌. എന്റെ കേട്ടറിവ്‌ ശരിയാണെങ്കില്‍ നമ്മുടെ നേതാക്കന്മാരില്‍ പണത്തിന്റെ ക്ഷാമമില്ലാത്തതിന്റെ കാരണം, വിശ്വസിക്കാന്‍ വിഷമം കണ്ടേക്കാം, പക്ഷെ യാഥാര്‍ത്ഥ്യം തുറന്നു പറയാതിരിക്കാന്‍ പറ്റില്ല. ഈ പല നേതാക്കന്മാരുടെ വീട്ടിലും ഒരു ഷിഫ്‌റ്റും, ചിലപ്പോള്‍ രണ്ട്‌ ഷിഫ്‌റ്റും ജോലി ചെയ്യുന്ന കറവപ്പശുക്കളുണ്ട്‌ എന്നതാണ്‌. ജനസേവനം ചെയ്‌ത്‌ പ്രശസ്‌തി സമ്പാദിക്കാത്ത ഭര്‍ത്താവിനുവേണ്ടി എന്തു ത്യാഗവും ചെയ്യാന്‍ മലയാളി ഭാര്യമാര്‍ തയാറാണ്‌.

ഈ നേതാക്കന്മാരോട്‌ ഒരുകാര്യം തുറന്നുപറയാന്‍, ശക്തമായ ഭാഷയില്‍ പറയാന്‍ എനിക്കാഗ്രഹമുണ്ട്‌. നിങ്ങള്‍ അമേരിക്കന്‍ മലയാളികളുടെ ഭാഗ്യ വിഭാഗ്യങ്ങള്‍ ആസൂത്രണം ചെയ്യാനും അതിന്‌ പറ്റിയ പദ്ധതികള്‍ നടപ്പിലാക്കാനും ബാധ്യതയുള്ളവരാണ്‌. നിങ്ങളുടെ കര്‍മ്മഭൂമി അമേരിക്കയാണ്‌. തിരുവനന്തപുരത്തും ഡല്‍ഹിയിലും ചെന്ന്‌ നേതാക്കന്മാരെ കണ്ട്‌ അവരുടെ സത്‌കാരം സ്വീകരിച്ചതുകൊണ്ട്‌ ദയവായി പറയൂ, അമേരിക്കന്‍ മലയാളിക്ക്‌ എന്തുപകാരം?

നിങ്ങള്‍ സത്യസന്ധമായ ഒരു ആത്മ പരിശോധനയ്‌ക്ക്‌ തയാറുണ്ടോ?

കഴിഞ്ഞ കുറെ കൊല്ലങ്ങളായി നേതൃത്വത്തിനുവേണ്ടി തമ്മില്‍ത്തല്ല്‌ നടത്തുകയല്ലാതെ, അമേരിക്കയിലെ മലയാളികള്‍ക്ക്‌ വേണ്ടി നിങ്ങള്‍ എന്തു ചെയ്‌തു? കൊല്ലത്തില്‍ ഒരിക്കല്‍ അല്ലെങ്കില്‍ രണ്ട്‌ കൊല്ലത്തിലൊരിക്കല്‍ വാര്‍ഷികം അഥവാ കുംഭമേള നടത്തി കുറെ നേതാക്കളെ ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത്‌ അവരുടെ പ്രസംഗ മത്സരം നടത്തി അങ്ങനെ പോകുന്നു നേട്ടങ്ങളുടെ പട്ടിക.

ആത്മാര്‍ത്ഥമായി ചോദിക്കട്ടെ, വളര്‍ച്ചയെത്തിയ ഏതെങ്കിലും ബൗദ്ധിക നിലവാരമുള്ള ഒരു സമൂഹത്തിന്‌ അഭിമാനിക്കാവുന്ന നേട്ടങ്ങളാണോ ഇതൊക്കെ?

ദയവായി, എന്നെ വിശ്വസിക്കുക. നിങ്ങളെ നിന്ദിക്കാനോ, പരിഹസിക്കാനോ അല്ല ഇതൊക്കെ എഴുതുന്നത്‌. മേല്‍പ്പറഞ്ഞ മൂന്നു സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട്‌ വായിക്കുമ്പോള്‍ ഒരുകാര്യം വളരെ വ്യക്തമാണ്‌. നിങ്ങള്‍ വളരെ ആശയക്കുഴപ്പത്തിലാണ്‌. നിങ്ങള്‍ക്ക്‌ വ്യക്തമായ ലക്ഷ്യബോധമില്ല. നിങ്ങളുടെ ഒട്ടുമിക്ക പ്രവര്‍ത്തനങ്ങളും വെറും ഉപരിതല സ്‌പര്‍ശിയാണ്‌. ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കട്ടെ, നിങ്ങളുടെ കര്‍മ്മഭൂമി അമേരിക്കയാണ്‌.

ഇവിടെ മുതിര്‍ന്ന തലമുറയിലെ പല നേതാക്കന്മാരുണ്ട്‌. ഡോ. എം.വി. പിള്ളയെപ്പോലെ. അവരെ സംഘടിപ്പിച്ച്‌ ഒരു കമ്മിറ്റിയുണ്ടാക്കി, കേന്ദ്ര സംഘടന അമേരിക്കന്‍ മലയാളിക്ക്‌ എന്തുചെയ്യണം എന്ന വിഷയത്തെക്കുറിച്ച്‌ ഒരു റിപ്പോര്‍ട്ട്‌ സമ്പാദിക്കണം. അത്‌ നല്ല ഒരു ആരംഭമാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക