Image

ഏകാന്തതയുടെ ലോകം(കഥ) - പത്മ

പത്മ Published on 14 January, 2013
ഏകാന്തതയുടെ ലോകം(കഥ) - പത്മ
ആകാശത്തു നക്ഷത്രങ്ങള്‍ മിന്നിതുടങ്ങി പക്ഷേ ഇരുട്ട് ഒരിക്കലും അവളെ പേടിപെടുത്തിയില്ല. കാരണം അവള്‍ എന്നും ഒറ്റയ്ക്കായിരുന്നു. റോഷിണിക്കു ഭയം കൈയെത്താദൂരത്തായിരുന്നു. അമ്മയുടെ തണലില്‍ മാത്രം വളര്‍ന്ന അവള്‍ക്കു കല്‍ക്കട്ടാ നഗരത്തോടു പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തെങ്കിലും, ഇന്ന് അവള്‍ ആ നഗരത്തിന്റെ വേഗതയോടൊത്തു നടക്കാന്‍ തുടങ്ങിയിരിക്കുന്നു. ഡിഗ്രി വരെ ഡല്‍ഹിയില്‍ പഠിച്ച അവള്‍ ജോലി കിട്ടിയാണ് കല്‍ക്കട്ടയില്‍ വന്നത്.

ജോലികഴിഞ്ഞു വീട്ടില്‍ എത്തുമ്പോഴേക്കും നേരം ഇരുട്ടിതുടങ്ങും. എന്നാലും പിന്നീട് വന്ന് ഭക്ഷണം പാകം ചെയ്തു, ചൂടാറും മുമ്പേ അതു കഴിച്ചും കിഴക്കും ഇതായിരുന്നു അവളുടെ ലോകം. അങ്ങനെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി. അവള്‍ വന്നിട്ട് 2 വര്‍ഷം കഴിഞ്ഞു. പക്ഷേ ഏകാന്തമായ ജീവിതത്തിനു ഒരു മാറ്റവും വന്നില്ല. അമ്മയ്ക്കും വയ്യാതെ ആയിതുടങ്ങിയതുകൊണ്ട് അമ്മയെക്കൂടി ഇവിടേയ്ക്ക് കൊണ്ടുവരാന്‍ അവര്‍ ആഗ്രഹിച്ചു. പക്ഷേ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞുകൂടിയ ഡല്‍ഹി പട്ടണം ഉപേക്ഷിക്കാന്‍ അമ്മയ്ക്കാവില്ല എന്നു അ
റിയാവുന്നതുകൊണ്ടു അവള്‍ അധികം നിര്‍ബന്ധിക്കാറില്ല. അവിടെ അമ്മയോടൊപ്പം അകന്ന ബന്ധത്തിലുളള ഒരു സ്ത്രീ ഉണ്ടെന്നു ഉള്ളതാണു അവളുടെ ആകെ ആശ്വാസം.
…..

മഴക്കാറു കൊണ്ടു ആകാശം മൂടിയ ഒരു രാത്രി ഇടക്ക് ഇടക്ക് മിന്നലിന്റെ വെളിച്ചം അവളുടെ കണ്ണുകളിലേക്ക് തുളച്ചു കയറുന്നു. മഴ ശക്തമായി പെയ്തു തുടങ്ങി ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ആരോ മുട്ടുന്നു എന്ന് അവള്‍ക്കു തോന്നി ഈ സമയത്ത് ആര്? എന്ന ഭാവത്തോടെ അവള്‍ വാതില്‍ തുറന്നു. 50-55 വയസ്സ് തോന്നിക്കുന്ന ഒരു മദ്ധ്യവയസ്‌കനെ അവള്‍ തന്റെ മുന്നില്‍ കണ്ടു. അടിമുടി നനഞ്ഞു വന്ന അയാള്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ക്ഷീണിച്ചു അവശനായി നിന്ന അയാളോടു അവള്‍ താഴ്‌ന് സ്വരത്തില്‍ ചോദിച്ചും “ആരാ ? എന്തുവേണം? കഷ്ടിച്ചു കേള്‍ക്കാവുന്ന സ്വരത്തില്‍ അയാള്‍ പറഞ്ഞു തുടങ്ങി- ഞാന്‍ ഇവിടെ ഈ നഗരത്തില്‍ പുതിയതാ- എന്റെ ഒരു സുഹൃത്തിനെ തേടി എത്തിയതായിരുന്നു. ഇടക്കുവെച്ചു അയാളുടെ മേല്‍വിലാസം നഷ്ടമായി. അല്‍പ്പം വെള്ളം കുടിക്കാന്‍ അയാളുടെ വാക്കുകള്‍ ഇടറുന്നത് കണ്ട് അവള്‍ പറഞ്ഞു. വരൂ, കയറി ഇരിക്കൂ, വെള്ളവുമായി തിരികെ എത്തിയപ്പോഴും അയാള്‍ അവിടെത്തന്നെ നില്‍ക്കുന്നതുകണ്ടു അവള്‍ വീണ്ടും അകത്തേക്കു വിളിച്ചു. ഒറ്റവായില്‍ വെള്ളം കുടിച്ചു തീര്‍ത്ത അയാളെ നോക്കി അവള്‍ ചോദിച്ചു “ഇനി എങ്ങനെ കണ്ടെത്തും സുഹൃത്തിനെ..?”
-അറിയില്ല! തിരിച്ചു പോകണം, നാളെ തന്നെ. വിശപ്പിന്റെ പരവേശം ആ കണ്ണുകളിലൂടെ മനസ്സിലാക്കിയ അവള്‍ അദ്ദേഹത്തിനെ ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചു. ആദ്യം വേണ്ടാ എന്നു പറഞ്ഞെങ്കിലും പിന്നീട് നിറഞ്ഞ മനസ്സോടെ അയാള്‍ അതു കഴിച്ചു. അപ്പോള്‍ ഒരു തേജസ് അവള്‍ അയാളില്‍ കണ്ടു. ഇറങ്ങുന്നു എന്നു പറഞ്ഞു പോകാനിറങ്ങിയ ആ മനുഷ്യനെ നോക്കി റോഷിണി പറഞ്ഞു. “ഒറ്റയ്ക്കു വഴിയും അറിയാതെ ഈ രാത്രി എവിടെയ്ക്കു പോകുന്നു. ഇന്നു ഇവിടെ കിടന്നോളൂ!” ഈ നഗരം അല്‍പ്പം കുഴപ്പം പിടിച്ചതാണു പ്രത്യേകിച്ച് അങ്ങ് ഒറ്റയ്ക്കു…!
-”
അതു സാരമില്ല… ഞാന്‍ എന്നും ഒറ്റയ്ക്കായിരുന്നു പിന്നെയാണോ ഈ പ്രായത്തില്‍ കുട്ടി.”
പക്ഷേ അവളുടെ നിര്‍ബന്ധത്തിനു വഴങ്ങി അയാള്‍ ആ രാത്രി അവിടെ കഴിച്ചുകൂട്ടി. അടുത്ത രാവ് ആയി. ഗൂര്യന്റെ രശ്മികള്‍ കണ്ണിലേക്ക് വീണപ്പോള്‍ അവള്‍ ചാടിയെണീറ്റു. അപ്പോഴാണു റോഷിണി കഴിഞ്ഞ രാത്രി തന്റെ വീട്ടില്‍ അഭയം തേടിവന്ന അയാളെക്കുറിച്ച് ഓര്‍ത്തത് പെട്ടന്നവള്‍ അടുത്ത മുറിയില്‍ എത്തി. അവളുടെ ശ്രദ്ധ അപ്പോള്‍ ഒരു കടലാസു തുണ്ടിലേക്ക് തിരിഞ്ഞു. അതില്‍ അയാളുടെ വാക്കുകള്‍ അവള്‍ കണ്ടു. അവള്‍ അതു വായിച്ചുതുടങ്ങി. “ഞാന്‍ പോകുന്നു ഈ രാത്രി ഇവിടെ കഴിയാനും ഒരു നേരത്തെ ആഹാരം തന്നു വിശപ്പ് ശമിപ്പിക്കാനും കാണിച്ച സ്‌നേഹത്തിനു ഒരു പാടു നന്ദി.
നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ടു….ആരിസ് മുഹമ്മദ്”

ആ അപരിചിതന്റെ പേരു മനസ്സിലായെങ്കിലും മറ്റൊന്നും ചോദിക്കാന്‍ പറ്റിയില്ലല്ലോ എന്നു ഓര്‍ത്തപ്പോളും, അയാളുടെ വാക്കുകള്‍ കണ്ടപ്പോളും അവള്‍ക്ക് ഉള്ളില്‍ എവിടെയോ ഒരുവേദന അനുഭവപ്പെട്ടു. പക്ഷേ വീണ്ടും എന്നത്തേയും പോലെ അന്നും അവള്‍ കഴിഞ്ഞ രാത്രിയിലെ ഓര്‍മ്മകളെ ഉള്ളില്‍ ഊട്ടിക്കൊണ്ടു ഓഫീസിലേക്ക് യാത്രയായി.

ഇന്ന് അവള്‍ കല്‍ക്കട്ടായില്‍ വന്നിട്ട് രണ്ടു വര്‍ഷവും അഞ്ച് മാസവും കടന്നുപോയിരിക്കുന്നു. പതിവുപോലെ ഓഫീസ് തിരക്കിലായിരിക്കുമ്പോള്‍ അവള്‍ക്ക് അമ്മയ്ക്ക് സുഖമില്ല എന്ന വാര്‍ത്തയുമായി ഒരു കോള്‍ വന്നു. അന്നുതന്നെ ലീവ് ശരിയാക്കി. അവള്‍ അടുത്ത ദിവസം രാവിലെ ഡല്‍ഹിയില്‍ എത്തി. എന്നാല്‍ അവിടെ അവളെ കാത്തിരുന്നത് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയി അമ്മയുടെ ചിതയായിരുന്നു. അമ്മയുടെ വേര്‍പാടിനേക്കാളും അവളെ വിഷമിപ്പിച്ചതും അതുതന്നെയായിരുന്നു. ഒരു ദിവസം നേരത്തെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു അവള്‍ ആശിച്ചുപോയി.

അമ്മയില്ല എന്ന, അല്ല തനിക്ക് ഇനി ആരുമില്ല എന്ന സത്യത്തെ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോളെല്ലാം പതിന്‍ മടങ്ങു ശക്തിയോടെ ആ സത്യം അവളെ വേദനിപ്പിച്ചുകൊണ്ടേയിരുന്നു. ആ വേദനയുടെ തീക്ഷതയാകാം അമ്മയുടെ വേര്‍പാടിന്റെ നൊമ്പരം തളര്‍ത്തിയ അവളിലേക്ക് അമ്മയോളം ശക്തിയുള്ള താന്‍ എവിടെയോ മനപൂര്‍വ്വമോ അല്ലാതെയോ മറന്നുപോയ അല്ലെങ്കില്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ആ ചോദ്യം അവളുടെ മനസ്സില്‍ തട്ടിയത്- “അച്ഛന്‍”
അമ്മ പറയാന്‍ ആഗ്രഹിക്കാത്ത ഒന്നാണു അതു എന്നു മനസ്സിലാക്കിയ അവള്‍ ഒരിക്കലും അത് അറിയാനും ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍ അത് ആര്? എന്ന് അറിയാന്‍ അവളുടെ മനസ്സ് അവളോടു ആവശ്യപ്പെട്ടു തുടങ്ങി. പക്ഷേ എങ്ങനെ എന്ന ചോദ്യം മാത്രം ബാക്കി…

ഓര്‍മ്മവെച്ച കാലം മുതല്‍ ബന്ധുക്കളായിട്ടു അവള്‍ കണ്ടത് അമ്മയുടെ ഒരു അകന്ന ബന്ധുവായ ഒരു സ്ത്രീയെ മാത്രമാണ്. അമ്മയെ ഇത്രയും കാലം നോക്കിയ ആ സ്ത്രീയോടു അവള്‍ ഈ ചോദ്യം ചോദിച്ചുവെങ്കിലും അതിനു വ്യക്തമായ ഒരു ഉത്തരം കിട്ടിയില്ല. അമ്മ മരിച്ചിട്ട് ഒരു മാസമായി. ഇനി തിരിച്ചുപോകാം എന്നു തീരുമാനമെടുത്തു റോഷിണി ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളുമായി കല്‍ക്കട്ടിയിലേക്കു മടങ്ങി. ഡല്‍ഹിയിലെ വീടു പറ്റിയാല്‍ വിറ്റേക്കാന്‍ ഒരു ഏജന്റിനെ ഏര്‍പ്പെടുത്തിയിട്ടാണഅ അവള്‍ വന്നത്.

കല്‍കട്ടയില്‍ എത്തി കുറച്ചു ദിവസത്തിനകം വീടു വിറ്റുവെന്നും പണം അവളുടെ അക്കൗഡില്‍ ഇട്ടുവെന്നും വീട്ടുസാധനങ്ങള്‍ അവളുടെ അടുത്തേക്ക് കയറ്റി വിട്ടുവെന്നും അയാള്‍ അവളെ വിളിച്ചു പറഞ്ഞു.
അമ്മയുടെ വസ്ത്രങ്ങളും അമ്മ ഉപയോഗിച്ച സാധനങ്ങളും കണ്ട് അമ്മയുടെ വേദനപ്പെടുത്തുന്ന ഓര്‍മ്മകള്‍ അവളിലേക്ക് കടന്നുവന്നു. പുസ്തകങ്ങളെ ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു റോഷ്ണിയുടെ അമ്മ ശ്രീദേവി, മകള്‍ക്കു റോഷിണിയെന്ന പേരു ഇടാന്‍ കാരണം താന്‍ ഏറെ ഇഷ്ടപ്പെട്ട “റോഷ്ണി” എന്ന കവിത വായിച്ചതിനുശേഷമാണ് എന്ന് ഒരിക്കല്‍ അവളോടു പറഞ്ഞിട്ടുള്ളതായി അവള്‍ ഓര്‍ത്തു. ചിതല്‍ അരിച്ചു തുടങ്ങിയ ആ പുസ്തകത്തിന്റെ മുന്നില്‍, ചുവന്ന അക്ഷരങ്ങളില്‍ ഇങ്ങനെ എഴുതിയിരുന്നു “റോഷിണി”. അതെ അമ്മയ്ക്കും ഇഷ്ടപ്പെട്ട റോഷ്ണിയെന്ന കവിത ആദ്യ താളു മറിച്ചുനോക്കിയ അവള്‍ കണ്ടു.

എന്റെ പ്രിയപ്പെട്ട ശ്രീക്ക്,
അമ്മയ്ക്കു ആരോ സമ്മാനിച്ചതാണു ആ പുസ്തകം എന്നു അവര്‍ക്കു മനസ്സിലായി. കവിത വായിക്കുന്നതിനുമുമ്പ് അവള്‍ ആ പുസ്തകം വെറുതെ ഒന്നു മറിച്ചുനോക്കി.
മറിഞ്ഞുപോയ ഏതോ താളുകളില്‍ ഒരു വെള്ള കടലാസ് അവളുടെ ശ്രദ്ധയില്‍പ്പെട്ടു.
അതു എടുത്ത് അവള്‍ വായിച്ചു തുടങ്ങി.

പ്രിയപ്പെട്ട ശ്രീദേവിക്ക്…
നൊമ്പരപ്പെടുത്തുന്ന വേദനയായിരുന്നു എനിക്ക് എന്നും നീ. നിന്റെ ഇഷ്ടം കാണാന്‍ കഴിയാത്ത ഒരു വ്യക്തിയാണു ഞാന്‍ എന്നു നീ കരുതി കാണും അതല്ലേ, രണ്ടുവര്‍ഷങ്ങള്‍ക്കു മുമ്പു ജീവനു തുല്യം സ്‌നേഹിച്ച നിന്നെ വേണ്ടാന്നുവെച്ചു ഞാന്‍ വീട്ടുകാര്‍ ഉറപ്പിച്ച ആയിഷയെ നിക്കാഹ് കഴിച്ചത്.. അല്ലേ…പെട്ടെന്നുവരാം എന്നുപറഞ്ഞുപോയ നിന്റെ കാതുകളിലേക്ക് ഞാന്‍ മറ്റൊരാളെ വിവാഹം കഴിച്ചുവെന്ന വാര്‍ത്താ ഒരുപാടു വേദനിപ്പിച്ചുകാണും. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതു നന്നായി എന്നു തോന്നുന്നു മതതീവ്രവാദത്തിന്റെ വിത്തുകള്‍ തേടി അവിടെ വന്നപ്പോള്‍ എപ്പളോ അറിയാതെ തോന്നിയ ആ ഇഷ്ടത്തിന്റെ പേരില്‍ ഹോമിക്കേണ്ടതല്ല നിന്റെ ജീവിതം. എന്റെ ഭാര്യയായി എന്ന തെറ്റുമാത്രമേ ആയിഷാ ചെയ്തിട്ടുള്ളൂ. ആ തെറ്റു ഒന്നുകൊണ്ടു മാത്രമാണ് അവളെ അവര്‍ വെട്ടി നുറുക്കിയപ്പോളും ഞാന്‍ എവിടെയാണെന്നു അവള്‍ പറയാതിരുന്നത്. ആരുടെയോ പ്രാര്‍ത്ഥനകൊണ്ടുമാത്രമാണു അവര്‍ ഞങ്ങളുടെ മകളെ വെറുതെ വിട്ടത്. ഇനി ഒരു പക്ഷേ എന്നെ തേടി എത്തുന്ന അവര്‍ ആ കാരുണ്യം കാട്ടിയെന്നു വരില്ല. എന്റെ മകളായി പിറന്നുയെന്ന ഒറ്റക്കാര്യം കൊണ്ട് വിടരുന്നതിനുമുമ്പ് തന്നെ പൊലിഞ്ഞു പോകേണ്ട ഒന്നല്ല അവളുടെ ജീവന്‍. അതുകൊണ്ടുതന്നെ എന്റെ പൊന്നുമകള്‍ അദീനയെ ഞാന്‍ നിനക്കു തരുന്നു. അവളെ നീ നിന്റെ മാത്രം മകളായി വളര്‍ത്തണം. നിനക്കു തരാന്‍ പറ്റാതെ പോയ സ്‌നേഹത്തിനു പകരമായി ഞാന്‍ എന്റെ ജീവനെ തന്നെ നല്‍കുന്നു.
എന്ന് സ്വന്തം
ആരിസ് മുഹമ്മദ്.
“ആരിസ് മുഹമ്മദ്”, ഓര്‍മ്മകളില്‍ എവിടേയോ കേട്ട ആ പേരു അവള്‍ 6-7 മാസങ്ങള്‍ക്കു മുമ്പ് കോരിച്ചൊരിയുന്ന മഴയുള്ള ഒരു രാത്രിയില്‍ തന്റെ വീട്ടില്‍ അഭയം തേടി വന്ന ആ മദ്ധ്യ വയസ്‌കനെ അവള്‍ ഓര്‍ത്തു. പിറ്റേന്നു പകല്‍ കണ്ട ആ കടലാസു തുണ്ടിലും അവള്‍ കണ്ടത് ആ പേരു തന്നെ, അതെ അക്ഷരങ്ങള്‍. അവള്‍ മനസ്സില്‍ ചോദിച്ച ചോദ്യത്തിന്റെ ഉത്തരമായിരുന്നു അന്നും ഒന്നും പറയാതെ പോയ അദ്ദേഹത്തിന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ അവള്‍ക്കു തോന്നിയ ആ വേദന എന്ന് അവള്‍ തിരിച്ചറിഞ്ഞു. എന്നു മാത്രമല്ല, റോഷിണിയെന്ന താന്‍ ശ്രീദേവിയുടെ വളര്‍ത്തുമകളാണെന്നും ആരിസിന്റെയും ആയിഷയുടെയും മകളായ അദീനയാണെന്നു എന്ന സത്യം ഉള്‍ക്കൊള്ളാന്‍ അവള്‍ക്കു കഴിഞ്ഞില്ല. എന്നാലും കണ്ടുമറന്ന അച്ഛന്റെ മുഖം തേടി അവള്‍ അന്നുമുതല്‍ യാത്രയായി. ഈ നഗരത്തില്‍ എവിടെയെങ്കിലും അദ്ദേഹത്തെ കണ്ടെത്താമെന്നു വിശ്വസിച്ചുകൊണ്ടു അവള്‍ തിരച്ചില്‍ തുടങ്ങഇ. തിരക്കേറിയ റോഡുകളിലും, ആരാധനാലയങ്ങളിലും, എന്തിനു അനാഥമന്ദിരങ്ങളില്‍ പോലും ആ മുഖം അവള്‍ അന്വേഷിച്ചു. പക്ഷേ ഫലമുണ്ടായില്ല. അവസാനം തന്നെകൊണ്ടു മാത്രം അച്ഛനെ കണ്ടെത്താന്‍ ആകില്ല എന്നു മനസ്സിലാക്കി അവള്‍ പോലീസിന്റെ സഹായവും തേടി. ദിവസങ്ങള്‍ അങ്ങനെ കടന്നുപോയി….

വീണ്ടും ഒരു വൈകുന്നേരം അവളെ തേടി ആ വാര്‍ത്ത വന്നു. അടുത്തുള്ള ഒരു ലോഡ്ജില്‍ ഒരു മദ്ധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആ റൂമില്‍ നിന്നും ഒരു തുണ്ടു കടലാസ് പോലീസുകാര്‍ അവള്‍ക്കു കൈമാറി.

കറുത്ത മഷികൊണ്ടു അതില്‍ എഴുതി അക്ഷരങ്ങള്‍ അവള്‍ കൂട്ടി വായിച്ചു തുടങ്ങി.

-“ബാധ്യതകള്‍ ഒന്നുമില്ലാത്ത ഈ ജിവിതത്തില്‍ നിന്നു ഞാന്‍ യാത്രയാകുന്നു”-
… എന്ന് ആരിസ് മുഹമ്മദ്…

അവളുടെ മിഴികളില്‍ നിന്നും ഉതിര്‍ന്നു കണ്ണുനീര്‍ വീണു ആ പേര് മാഞ്ഞുതുടങ്ങിയിരുന്നു അപ്പോഴേക്കും.
പുറത്തെ നിലാവ് നോക്കി നിന്ന അവളുടെ മനസ്സില്‍ ഒരു ചോദ്യം മാത്രം ബാക്കിയായി.- പണ്ടു എങ്ങോ ഉപേക്ഷിച്ച മകളെ തേടിയാണോ ആ രാത്രി വന്നു കയറിയത് അതോ വഴിതെറ്റി വന്ന ഒരു യാത്രക്കാരന്‍ മാത്രമായിരുന്നോ…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക