Image

തിളങ്ങാതെപോയ നായികമാര്‍

Published on 15 January, 2013
തിളങ്ങാതെപോയ നായികമാര്‍
മലയാള സിനിമയില്‍ നായികമാര്‍ എത്തുന്നത്‌ ഏതെങ്കിലുമൊക്കെ ഇമേജിന്റെ ബലത്തിലാണ്‌. സൗന്ദര്യമോ, പ്രശസ്‌തിയോ അല്ല അഭിനയമെന്ന്‌ പലപ്പോഴും നമ്മുടെ ചലച്ചിത്ര ലോകം മറന്നു പോകുന്നു. ഏറെ കൊട്ടിഘോഷിച്ച്‌ എത്തുന്ന ചില നായികമാര്‍ ഒറ്റ സിനിമ കൊണ്ടു തന്നെ അരങ്ങു വിടേണ്ടി വരുന്നത്‌ ഇതുകൊണ്ടാണ്‌. അഭിനയം എന്നത്‌ ഒരു സര്‍ഗ പ്രവര്‍ത്തിയായി കാണാതെ ഗ്ലാമറിന്റെയും, പബ്ലിസിറ്റിയുടെയും സൗന്ദര്യത്തിന്റെയും പിന്‍ബലത്തില്‍ സിനിമാതാരമാകാന്‍ ഇറങ്ങിത്തിരിച്ചവര്‍ പരാജയം നേരിട്ട്‌ വെള്ളിത്തിരയില്‍ നിന്നും മടങ്ങുമെന്ന്‌ ഉറപ്പാണ്‌. സമീപകാലത്ത്‌ എത്തിയതുപോലെ മറഞ്ഞു പോയ നായികമാര്‍ ഓര്‍മ്മിപ്പിക്കുന്നത്‌ ഇതു തന്നെയാണ്‌.

രഞ്‌ജിനി ഹരിദാസ്‌

ചാനലിലെയും സ്റ്റേജിലെയും കുട്ടിക്കളിയല്ല സിനിമയെന്ന്‌ രഞ്‌ജിനിക്ക്‌ ഇപ്പോള്‍ മനസിലായി കാണും. കാരണം രഞ്‌ജിനിയുടെ ആദ്യത്തെ സിനിമ എന്‍ട്രി തീയേറ്ററുകളില്‍ ക്ലീനായി പരാജയപ്പെട്ടു. എ.സി.പി ശ്രേയ എന്ന പോലീസ്‌ കഥാപാത്രത്തെയാണ്‌ ചിത്രത്തില്‍ രഞ്‌ജിനി ഹരിദാസ്‌ അഭിനയിച്ചത്‌. പോലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പില്‍ അഭിനയിക്കാന്‍ രഞ്‌ജിനി ഇനിയും ഒരുപാട്‌ റിയാലിറ്റി ഷോകള്‍ നടത്തേണ്ടി വരും.

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരക എന്ന നിലയിലാണ്‌ രഞ്‌ജിനി ഹരിദാസ്‌ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയത്‌. പിന്നീട്‌ നിരവധി സ്റ്റേജ്‌ ഷോകളില്‍ അവതാരകയായി എത്തി ഏറെ ശ്രദ്ധേയയായിരുന്നു രഞ്‌ജിനി. മറഡോണ കേരളത്തിലെത്തിയപ്പോള്‍ മറഡോക്കൊപ്പം സ്റ്റേജില്‍ നൃത്തച്ചുവടുകള്‍ വെച്ച്‌ രാജ്യമെങ്ങും രഞ്‌ജിനി ഒരു തരംഗമായിരുന്നു. പക്ഷെ ഈ പബ്ലിസിറ്റികളൊന്നും രഞ്‌ജിനിയുടെ ആദ്യത്തെ സിനിമയെ രക്ഷിക്കാനായില്ല. 2000 മിസ്‌ കേരള വിജയിയായിരുന്നു രഞ്‌ജിനി ഹരിദാസ്‌ എന്നും ഓര്‍മ്മിക്കണം.

എന്‍ട്രി എന്ന സിനിമയില്‍ പോലീസ്‌ ഓഫീസറായി ദുര്‍ബലമായ പ്രകടനമാണ്‌ രഞ്‌ജിനി കാഴ്‌ചവെച്ചത്‌. സ്റ്റാര്‍ സിംഗര്‍ ഉപേക്ഷിച്ചതിനു ശേഷം തുടര്‍ച്ചയായി സിനിമകളില്‍ അഭിനയിക്കുമെന്നാണ്‌ രഞ്‌ജിനി ആദ്യം പറഞ്ഞിരുന്നത്‌. രാജേഷ്‌ അമനകര സംവിധാനം ചെയ്‌ത എന്‍ട്രയില്‍ പോലീസ്‌ ഓഫീസറായി എത്തുമ്പോള്‍ വേറിട്ട വേഷം എന്നായിരുന്നു രഞ്‌ജിനിയുടെ അവകാശവാദം. പതിവ്‌ നായികാ വേഷങ്ങളില്‍ താത്‌പര്യമില്ല, ഞാനെന്തുമ്പോള്‍ എന്തെങ്കിലും സ്‌പെഷലായിരിക്കേണ്ടേ എന്നായിരുന്നു ചിത്രത്തെക്കുറിച്ച്‌ രഞ്‌ജിനിയുടെ കമന്റ്‌. പക്ഷെ അത്‌ വെറുംവാക്കായി മാറിപ്പോയി എന്നതാണ്‌ രഞ്‌ജിനിക്ക്‌ നേരിട്ട തിരിച്ചടി. സ്റ്റേജ്‌ ഷോയിലെ വാചക കസര്‍ത്തല്ല സിനിമ അഭിനയം എന്ന്‌ ആദ്യ സിനിമ കൊണ്ടു തന്നെ രഞ്‌ജിനി തിരിച്ചറിഞ്ഞു കാണണം.

എന്‍ട്രിയില്‍ ബാബുരാജിനൊപ്പമായിരുന്നു രഞ്‌ജിനിയുടെ അരങ്ങേറ്റം. ദുര്‍ബലമായ അഭിനയ പ്രകടനമായിരുന്നു ചിത്രത്തില്‍ രഞ്‌ജിനിയുടേത്‌. തീയേറ്ററില്‍ രഞ്‌ജിനിയെ കൂവി തോല്‍പ്പിക്കാന്‍ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന പ്രത്യേക ഉല്‍സാഹം മോശം പ്രകടനം കൂടിയായപ്പോള്‍ ഒന്നൂകൂടി വര്‍ദ്ധിച്ചു. ഇതോടെ രണ്ടാം ദിനം ചിത്രം തീയേറ്ററില്‍ നിന്നും പുറത്തായി. അങ്ങനെ കൊട്ടിഘോഷിച്ചെത്തിയ രഞ്‌ജിനി ഹരിദാസിന്റെ സിനിമാ പ്രവേശനം വെള്ളത്തില്‍ വരച്ച വരയായി മാറി. ഇപ്പോള്‍ ഒരു പ്രമുഖ റിയാലിറ്റി ഷോയുടെ ജഡ്‌ജാണ്‌ രഞ്‌ജിനി ഹരിദാസ്‌. വീണ്ടും ഒരു സിനിമക്കായി രഞ്‌ജിനി ശ്രമിക്കുമോ?. എന്തായാലും കാത്തിരുന്ന്‌ കാണാം.

പാര്‍വ്വതി ഓമനക്കുട്ടന്‍

സൗന്ദര്യമാണ്‌ അഭിനേതാവിന്റെ പ്രധാന കരുത്തെങ്കില്‍ പാര്‍വ്വതി ഓമനക്കുട്ടന്‍ സൗത്ത്‌ ഇന്ത്യയിലെ മുന്‍നിര നായികയായി മാറേണ്ടിയിരുന്നു. കാരണം 2008ലെ മിസ്‌ ഇന്ത്യയും മിസ്‌ വേള്‍ഡ്‌ റണ്ണര്‍അപുമായിരുന്നു പാര്‍വ്വതി ഓമനക്കുട്ടന്‍. സൗന്ദര്യ മത്സര വിജയിയായി മാറിയത്‌ മുതല്‍ ഈ മലയാളി പെണ്‍കുട്ടിയെ സിനിമയിലെത്തിക്കാന്‍ സംവിധായകര്‍ ആഗ്രഹിച്ചു തുടങ്ങിയതാണ്‌. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമുള്ള ഓഫറുകള്‍ നിരസിച്ച്‌ പാര്‍വ്വതി ഓമനക്കുട്ടന്‍ ആദ്യം തന്നെ ബോളിവുഡിനെ തിരഞ്ഞെടുത്തു. യുണൈറ്റഡ്‌ സിക്‌സ്‌ എന്ന ഹിന്ദി ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ചു. 2011ന്റെ തുടക്കത്തില്‍ പാര്‍വ്വതിയുടെ യൂണൈറ്റഡ്‌ സിക്‌സ്‌ ബോക്‌സ്‌ ഓഫീസിലെത്തി. ചിത്രം തീര്‍ത്തും പരാജയപ്പെട്ടു. ഒരാഴ്‌ചപോലും തീയേറ്ററുകളില്‍ തികയ്‌ക്കാന്‍ യൂണൈറ്റഡ്‌ സിക്‌സിനായില്ല. ബോളിവുഡില്‍ നിന്നും നിരവധി ഓഫറുകള്‍ ആദ്യമെത്തിയിരുന്ന പാര്‍വ്വതിക്ക്‌ ആദ്യ ചിത്രത്തിലെ അഭിനയം കണ്ടതോടെ ഹിന്ദിയില്‍ ഒരു രക്ഷയുമില്ലാതെയായി. നിര്‍മ്മാണ കമ്പിനികള്‍ പാര്‍വ്വതിയുമായിട്ടുള്ള കരാറില്‍ നിന്നും പിന്മാറുകയും ചെയ്‌തു. ഇതോടെ ഫിലിം കരിയര്‍ തകര്‍ന്നു പോയ അവസ്ഥയിലായി പാര്‍വ്വതി.

പിന്നീട്‌ നീണ്ട ഇടവേളക്കു ശേഷമാണ്‌ പാര്‍വ്വതിക്ക്‌ ഒരു സിനിമ ലഭിക്കുന്നത്‌. തമിഴിലെ സൂപ്പര്‍താരം അജിത്തിന്റെ നായികയായി ബില്ല 2 എന്ന ചിത്രം. അതോടെ പാര്‍വ്വതി ഓമനക്കൂട്ടന്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞു. ഇനി സൗത്ത്‌ ഇന്ത്യയിലാണ്‌ താന്‍ അഭിനയിക്കാന്‍ പോകുന്നതെന്ന്‌ പാര്‍വ്വതി ഉറപ്പിച്ചു പറയുകയും ചെയ്‌തു. പക്ഷെ സിനിമ പുറത്തു വന്നപ്പോള്‍ പാര്‍വ്വതിയുടേത്‌ വെറും ആറു സീനുകള്‍ മാത്രം. ചിത്രം മൊത്തം തീയറ്ററില്‍ തകര്‍ന്നു പോകുകയും ചെയ്‌തു. ആറു സീനുകളില്‍ എത്തിയ പാര്‍വ്വതിയുടെ പ്രകടനം ശരാശരിക്കും താഴെ മാത്രം. അതോടെ കോളിവുഡ്‌ സിനിമയിലും പാര്‍വ്വതിക്ക്‌ നെഗറ്റീവ്‌ മാര്‍ക്ക്‌ പതിഞ്ഞു.

ലോകസുന്ദരി മത്സരത്തില്‍ രണ്ടാംസ്ഥാനം നേടിയ ഒരാള്‍ ഒരിക്കലും എത്താന്‍ സാധ്യതയില്ലാത്ത ഒരു നാലാംകിട മലയാളം സിനിമയിലേക്ക്‌ അഭിനയിക്കാന്‍ കരാര്‍ ചെയ്‌തിരിക്കുകയാണ്‌ ഇപ്പോള്‍ പാര്‍വ്വതി ഓമനക്കുട്ടന്‍. എല്ലാവര്‍ഷവും തട്ടിക്കൂട്ടിയെത്തുന്ന നിര്‍ഗുണ ചിത്രത്തില്‍ ഒതുങ്ങാന്‍ പോകുന്ന സിനിമയില്‍ അഭിനയിക്കുന്നത്‌ കൊണ്ട്‌ എന്താണ്‌ പാര്‍വ്വതി ഓമനക്കുട്ടന്‌ നേട്ടം എന്ന്‌ ചോദിച്ചാല്‍ ഉത്തരമൊന്നുമില്ല. അതുകൊണ്ടു തന്നെയാവണം മാധ്യമങ്ങളില്‍ നിന്നും ഇപ്പോള്‍ വിട്ടു നില്‍ക്കുകയാണ്‌ പാര്‍വ്വതി.

അര്‍ച്ചനാ കവി

എം.ടിയുടെ തിരക്കഥയില്‍ ആദ്യ സിനിമ. അതിന്റെ സംവിധാനം ലാല്‍ ജോസ്‌. സിനിമയില്‍ ലഭിക്കുന്നത്‌ കേന്ദ്രകഥാപാത്രവും. ഒരു നായികയ്‌ക്ക്‌ ഇതില്‍ കൂടുതലായി എന്താണ്‌ വേണ്ടത്‌. എന്നിട്ടും മലയാള സിനിമയില്‍ തിളങ്ങാനായില്ല അര്‍ച്ചനാ കവിക്ക്‌. എന്നാല്‍ ഒരു മോശം അഭിനേത്രിയുമല്ല അര്‍ച്ചനാ കവി. പക്ഷെ ഇപ്പോള്‍ റിയാലിറ്റി ഷോ അവതാരകയായി മാറേണ്ടി വന്ന അര്‍ച്ചനാ കവിയുടെ കരിയര്‍ സിനിമയില്‍ നിന്നും ഏറെ മാറി നില്‍ക്കുകയാണ്‌. നല്ല കഥാപാത്രങ്ങള്‍ ലഭിക്കാതിരുന്നതും ലഭിച്ച കഥാപാത്രങ്ങള്‍ മനസിലാക്കി അവതരിപ്പിക്കാന്‍ കഴിയാതിരുന്നതുമാണ്‌ അര്‍ച്ചനാ കവിക്ക്‌ തിരിച്ചടിയായത്‌. 2009ലാണ്‌ അര്‍ച്ചനാ കവിയുടെ നീലത്താമര എത്തുന്നത്‌. ചിത്രത്തില്‍ അര്‍ച്ചന ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തു. തുടര്‍ന്ന്‌ മമ്മീ ആന്‍ഡ്‌ മീ എന്ന ചിത്രം. അതില്‍ ശരാശരി മാത്രമായിരുന്നു അര്‍ച്ചന. തുടര്‍ന്ന്‌ ബെസ്റ്റ്‌ ഓഫ്‌ ലക്ക്‌ എന്ന പരാജയ ചിത്രം. ഇതിനു ശേഷം അര്‍ച്ചനാ കവി നായികയായ ഒരു സിനിമയും രണ്ടു വര്‍ഷത്തിനിടയില്‍ തീയേറ്ററില്‍ വന്നിട്ടില്ല. ഇപ്പോള്‍ ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ അവതാരകയാണ്‌ അര്‍ച്ചനാ കവി. എങ്കിലും മികച്ച വേഷങ്ങള്‍ ഈ അഭിനേത്രിക്ക്‌ ലഭിക്കട്ടെയെന്ന്‌ ആശംസിക്കാം.

മുമ്പ്‌ ശോഭനയും, രേവതിയും, നദിയാ മൊയ്‌തുവും, പാര്‍വ്വതിയും, ഉര്‍വശിയുമൊക്കെ സമ്പന്നമാക്കിയ മലയാള സിനിമയാണ്‌ ഇന്ന്‌ രഞ്‌ജനി ഹരിദാസിലെത്തി നില്‍ക്കുന്നത്‌. നല്ല പ്രതിഭകളെ അഭിനേത്രികളായി കണ്ടെത്തേണ്ടത്‌ സംവിധായകരുടെ ഉത്തരവാദിത്വമാണ്‌. അങ്ങനെയുള്ളപ്പോഴും അവര്‍ക്ക്‌ നല്ല കഥാപാത്രങ്ങള്‍ നല്‍കേണ്ടത്‌ തിരക്കഥാകൃത്തുക്കളുടെ ഉത്തരവാദിത്വമാണ്‌. എങ്കില്‍ മാത്രമേ നല്ല സിനിമകളും നല്ല സ്‌ത്രീകഥാപാത്രങ്ങളും മലയാളത്തിന്‌ ലഭിക്കു.
തിളങ്ങാതെപോയ നായികമാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക