Image

തിരുക്കുറല്‍ -വീണ്‍വാക്കും പൊങ്ങച്ചവും-ഡോ.എന്‍.പി.ഷീല

ഡോ.എന്‍.പി.ഷീല Published on 16 January, 2013
തിരുക്കുറല്‍ -വീണ്‍വാക്കും പൊങ്ങച്ചവും-ഡോ.എന്‍.പി.ഷീല
'സ്‌പെസ്മിന്‍ ' എന്ന വിശേഷണം നല്‍കാവുന്ന ചില ജനുസുകളെ നാടായ നാടു മുഴുവന്‍ കാണാം. കുരള പറയുകയാണ് പ്രധാന ഹോബി. നട്ടാല്‍ കുരുക്കുന്ന നുണപറഞ്ഞ് ആളുകളെ പറ്റിച്ച് പരാന്തജീവികളായി സസുഖം വാഴുക. കാലുമേലനങ്ങാതെ സുഭിക്ഷമായി ജീവിക്കാനും ഈ പഠിച്ച കള്ളന്മാര്‍ക്ക് സാധിക്കും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇത്തരം കള്ളന്മാരെ കാണാം. ചിലര്‍ ഉന്നതപദവിയിലുള്ളവരുമായി ചങ്ങാത്തമുണ്ടെന്ന് തട്ടിവിടും. എന്നൊടൊപ്പം പഠിച്ചിരുന്ന ഒരാള്‍ ജവഹര്‍ലാല്‍ വരെ അവളുടെ ബന്ധുവാണെന്ന് അവകാശപ്പെടും. ഇനിയും ചിലര്‍ വല്യപ്പനു കുടുമയും പൂണൂലുമുണ്ടായിരുന്നു. ബ്രാഹ്മണര്‍ ക്രിസ്തുമതം സ്വീകരിച്ചപ്പോള്‍ ഇവ മുറിച്ചു മാറ്റിയതാണെന്ന് മേനി പറയും. അന്വേഷണ കുതുകികള്‍ ചിലര്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഗവേഷണം നടത്തുമ്പോഴാണ് വല്ല തട്ടാനുമായിരുന്നു ടിയാന്‍ എന്ന വാസ്തവം അറിയുന്നത്. വൈദികരും കന്യാസ്ത്രീകളുമുള്ള കുടുംബമെന്നതും മുന്‍ കാലത്ത് ഒരു ബഹുമാനമായിരുന്നു. അതുപോലെ പ്രശസ്തരായ സാഹിത്യകാരന്മാര്‍, രാഷ്ട്രീയക്കാര്‍, ജഡ്ജിമാരൊക്കെ തങ്ങളുടെ അതിഥികളായി എത്തിയിട്ടുണ്ടെന്ന് പറയുമ്പോഴും അഭിമാനപുളകിതരാകുന്നവര്‍ ഏറെ.
ഇനി ചിലര്‍ക്ക് മന്ത്രി തലത്തിലും ഉന്നത ഉദ്യോഗസ്ഥരോടും പിടിപാടും ബന്ധങ്ങളും ഉണ്ടെന്നാവും തട്ടിമൂളിക്കുന്നത്.

ഉദാഹരണത്തിന് വഴിയില്‍ വെച്ചെങ്ങാനും ഇങ്ങനെ ഒരു മഹാന്‍ നമുക്ക് അഭിമുഖമായി വരികയും കുശലം ചോദിക്കുന്ന കൂട്ടത്തില്‍ 'എങ്ങോട്ടാ' എന്ന ചോദ്യത്തിനു പറമ്പു കിളക്കാന്‍ വന്നയാളിന്റെ നോട്ടപ്പിശകുകൊണ്ട് പൈപ്പുപൊട്ടി; പ്ലംബറെ അന്വേഷിക്കാന്‍ ഇറങ്ങിയതാ എന്നു നാം മറുപടി പറഞ്ഞാല്‍ ഉടന്‍ ചവരും- ഇങ്ങനെയൊരു സ്വാന്തന വചസ്- എന്തിനാ ഈ പൊരിവെയിത്ത് നടന്ന് കഷ്ടപ്പെടുന്നത്, ഞാന്‍ ജലസേചന മന്ത്രിയെ വിവരം ധരിപ്പിക്കാം, അദ്ദേഹം നേരിട്ട് പ്രശ്‌നം പരിഹരിക്കും. പിന്നെ സര്‍ക്കാര്‍ കാര്യം മുറപോലെ പോയാല്‍ അടുത്തകാലത്തൊന്നു വെള്ളം കിട്ടാന്‍ പോകുന്നില്ല. സാരമില്ല നമുക്ക് ഉടനെ പരിഹരിക്കാമെന്നേ. അച്ഛന്റെ ഷഷ്ഠിപൂര്‍ത്തിയെപ്പറ്റി എങ്ങാന്‍ സംസാരിച്ചാല്‍ - സാംസ്‌കാരിക മന്ത്രിയെ വിളിച്ച് ഉത്ഘാടനം ചെയ്യിച്ച് ചടങ്ങു ഗംഭീരമാക്കാം എന്നായിരിക്കും പറയുക. ഇപ്രകാരം സകല കാര്യങ്ങളും ഈ വിദ്വാന്‍ ഉറപ്പു നല്‍കുമെങ്കിലും അതു കുറുപ്പിന്റെ ഉറപ്പുപോലിരിക്കും ഈ കക്ഷിയെ പിന്നീട് കുറച്ചു നാളത്തേയ്ക്ക് മഷിയിട്ടു നോക്കിയാലും ഒട്ടും കാണുകയുമില്ല.

നമ്മളോ ഈ 'ദീനദയാലു' നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ വഴിക്കണ്ണുമായി കാത്തിരിക്കും. ഫലം പൂജ്യം. അമളി വേറെയും കണ്ടുമുട്ടിയപ്പോള്‍ ഈ വേന്ദ്രനെക്കുറിച്ച് തോന്നിയ മതിപ്പു വിപരീതമാകുകയും, പിന്നെ ആയുസ്സിലൊരിക്കലും, നമ്മുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ ഇവര്‍ക്കു കഴിയുകയുമില്ല. ഒരു പടികൂടി കടന്ന് വെറിപ്പിനു പാത്രമാകുകയും ചെയ്യും. കിണറ്റില്‍ മുങ്ങിയാല്‍ കടലില്‍ പൊങ്ങുന്ന വര്‍ഗ്ഗം.


വിടുവായനെ എല്ലാവരും എതിര്‍ക്കുമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതേയുള്ളൂ. വാക്കുകളില്‍ പൊരുത്തക്കേടു കണ്ടാല്‍ കേള്‍വിക്കാര്‍ക്ക് അവനിലുള്ള വിശ്വാസം അതോടെ തീരും. ഏഷണിക്കാരനെന്നും നുണയനെന്നും പേരു സ്ഥിരപ്പെടുകയും ചെയ്യും. വല്ല സുഹൃദ്ബന്ധവും ഉണ്ടായിരുന്നെങ്കില്‍ അതും അസ്തമിക്കും. 'വാക്കില്‍ പിഴയ്ക്കുന്നതിനേക്കാള്‍ ഭേദം അടിതെറ്റി വീഴുകയാണെന്ന്"- അഭിജ്ഞമതം.

'ആനകൊടുത്താലും ആശകൊടുക്കരുതെന്നാ' പണ്ടുള്ളവര്‍ പറയാറുള്ളത്. അവര്‍ അത്രമേല്‍ സത്യസന്ധരായിരുന്നു. പാലിക്കാന്‍ പറ്റുന്നതേ അവര്‍ പറയുമായിരുന്നുള്ളൂ. അഭിമാനത്തോടെ 'തന്തയ്ക്ക് പിറന്നവന്‍ ' എന്ന് വാക്ക് സ്ഥിരതയുള്ളവരെ വിശേഷിപ്പിക്കുമായിരുന്നു. പണത്തേയും പ്രതാപത്തേയും കാള്‍ വാക്കായിരുന്നു അവരുടെദൈവം. രേഖകളേക്കാള്‍ പറയുന്ന വാക്കിനെ ഈശ്വര തുല്യം കരുതിയിരുന്നു. അവര്‍ക്ക് പറയത്തക്ക പഠിപ്പും പത്രാസും ഇല്ലായിരുന്നു. ഉള്ളവരും ഇല്ലാത്തവരും അധ്വാനികള്‍ ! ഇന്നോ? പണം തന്നെ ദൈവം. പണത്തിനു ദുര്‍ദേവത എന്നൊരു അപരനാമവുമുണ്ട്. നാണം വിറ്റും പണമുണ്ടാക്കിയാല്‍ ഉണ്ടാകുന്ന നാണക്കേട് ആപണം തീര്‌രത്തുകൊള്ളുമെന്ന വിചാരം. പത്രപംക്തികളില്‍ പ്രതിദിനം നാം എതെല്ലാം തരത്തിലുള്ള തട്ടിപ്പു വീരന്മാരെ കാണുന്നു. അതിനതിന് നാടു നാടല്ലാതാകുന്നു; മനുഷ്യന്‍ മനുഷ്യനല്ലാതെയും. ഈ പോക്കിന് സമൂഹം എന്നൊന്നില്ലാതായി നെറികെട്ട ഒരു ആള്‍കൂട്ടമായി പരസ്പരം കടിച്ചു കീറുന്ന ഹിംസ്രജന്തുക്കളായി മനുഷ്യക്കോലങ്ങള്‍ മാത്രമായി ലോകം മാറുന്ന കാഴ്ച ഒന്നു സങ്കല്‍പിച്ചു നോക്കൂ. അതു വരാതിരിക്കാന്‍ നാവുകൊണ്ട് തെറ്റുചെയ്യാതിരിക്കാന്‍, വാക്കുകള്‍ അളന്നു തൂക്കി ഉപയോഗിക്കാന്‍ പഠിക്കുക. അതിനായി ഗുരുക്കന്മാരുടെ ഉപദേശം കൈക്കൊള്‍ക.

തിരുക്കുറല്‍ -വീണ്‍വാക്കും പൊങ്ങച്ചവും-ഡോ.എന്‍.പി.ഷീല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക