Image

വിചാരവേദിയില്‍ കവിതാ സമാഹാരങ്ങളെകുറിച്ചു പഠനവും ചര്‍ച്ചയും

വാസുദേവ്‌ പുളിക്കല്‍ Published on 18 January, 2013
വിചാരവേദിയില്‍ കവിതാ സമാഹാരങ്ങളെകുറിച്ചു പഠനവും ചര്‍ച്ചയും
വിചാരവേദിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 13-ന്‌ കെ.സി.എ.എന്‍.ഏ. (ബ്രാഡോക്ക്‌ അവന്യു, ന്യുയോര്‍ക്ക്‌) യില്‍ ചേര്‍ന്ന സാഹിത്യ സദസ്സില്‍ ഡോ. ജോയ്‌ റ്റി. കുഞ്ഞാപ്പു D. Sc., Ph. D. യുടെ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ എന്ന മലയള കവിതാസമാഹാരവും A sojourner's Rapsodies In Alphabetical Order (ഒരു പ്രവാസിയുടെ വര്‍ണ്ണശബളവും ആഡംബരപൂര്‍ണ്ണവുമായ കാവ്യം അക്ഷരമാലാ ക്രമത്തില്‍) എന്ന ഇംഗ്ലീഷ്‌ കവിതാസമാഹാരവും പഠനത്തിനും ചര്‍ച്ചയ്‌ക്കും വിധേയമാക്കി. പുസ്‌തകം വായിച്ച്‌ മാറ്റിവച്ചെങ്കിലും ആ പുസ്‌തകത്തില്‍ എന്തോ അടങ്ങിയിരുപ്പുണ്ടല്ലൊ എന്ന്‌ മനസ്സ്‌ മന്ത്രിച്ചു കൊണ്ടിരുന്നു, അതുകൊണ്ട്‌ പുസ്‌തകം വീണ്ടും വായിക്കുകയും അതിന്റെ മൂല്യം കണ്ടെത്തുകയും ചെയ്‌തു എന്ന്‌ ജോസഫ്‌ മുണ്ടശ്ശേരി നാലപ്പാട്ടു നാരായണമേനോന്റെ കണ്ണുനീര്‍ത്തുള്ളികളെ പറ്റി പറഞ്ഞതുപോലുള്ള ഒരഭിപ്രായവും അനുഭവവും ഡോ. ജോയ്‌ കുഞ്ഞാപ്പുവിന്റെ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ എന്ന മലയള കവിതാസമാഹാരം വായിക്കുന്നവര്‍ക്ക്‌ അവര്‍ ജിജ്‌ഞാസുക്കളും കാവ്യാസ്വദനത്തില്‍ നല്ല താല്‍പര്യമുള്ളവരുമാണെങ്കില്‍ ഉണ്ടാകാവുന്നതാണ്‌.

ഡോ. കുഞ്ഞാപ്പുവിന്റെ എല്ലാ കവിതകളും എല്ലാവര്‍ക്കും വായിച്ച്‌ രസിക്കാനൊ ആസ്വദിക്കാനൊ ഉള്ളതല്ല. വേറിട്ടു നില്‍ക്കുന്ന ഒരു പ്രത്യേക അവതരണരീതിയും സാമാന്യം കാഠിന്യ മുള്ള പദപ്രയോഗവും തെല്ല്‌ സങ്കീര്‍ണ്ണതയുമുള്ളതുമൂലം ചിന്താശീലവും സാമാന്യം ഭാഷാസ്വാധീനവും വിശകലനശേഷിയുമുള്ളവര്‍ക്ക്‌ വായിച്ചു രസിക്കാനുള്ളതാണ്‌ ഈ കവിതകള്‍. ഭൂപാളവും ഹംസധ്വനിയും മോഹനവും പ്രഹ്ലാദന്റെ പരിപാലകനും പരാമര്‍ശിക്കപ്പെടുമ്പോള്‍ കവിയുടെ വിചാരധരയുമായി ഇണങ്ങിച്ചേരാന്‍ വായനക്കാര്‍ക്ക്‌ ശുദ്ധസംഗീതത്തിലും പുരാണങ്ങളിലുമുള്ള പരിജ്‌ഞാനം അനിവാര്യമാണെന്നു മാത്രമല്ല കുറച്ചു ഭാവനയും വേണ്ടിവരും. വളരെ ശ്രദ്ധിച്ചു വായിച്ചാല്‍ ആ കാവ്യഭാഷയും പുത്തന്‍ ആവിഷ്‌കരണ രീതിയും വരികളില്‍ തിരുകി വച്ചിട്ടുള്ള തത്ത്വവും ദര്‍ശനമൂല്യവും ആശയഗരിമയും മനസ്സിലാക്കി കവിത ആസ്വദിക്കാന്‍ സാധിക്കും. ദാര്‍ശനികതയുടേയും `അമേയാനുപമമന്ത്രധ്വനിയുടേയും പരിമിതിയുള്ളവര്‍ക്കും' ആസ്വദിക്കാനും രസിക്കാനും പാകത്തിന്‌ കാല്‍പനിക സ്വപ്‌നങ്ങളൂടേയും നര്‍മ്മത്തിന്റേയും സുന്ദരമായ കവിതകളും സമാഹാരത്തിലുണ്ട്‌.

ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴല്‍ എന്ന കവിത വായിച്ചു കൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌. ജയന്‍ കെ. സി. യുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി സാംസി കൊടുമണ്‍ സ്വാഗതപ്രസംഗം ചെയ്‌തു. ഡോ. ജോയ്‌ കുഞ്ഞാപ്പുവിന്റെ കവിതകള്‍ക്ക്‌ അര്‍ത്ഥവ്യപ്‌തിയും വായനക്കാരുടെ ചിന്തയെ തട്ടിയുണര്‍ത്താനുള്ള ശക്‌തി യുമുണ്ടെന്നും എന്‍പതുകളില്‍ എഴുതിയ കവിതകളെ അപേക്ഷിക്ല്‌ മറ്റു കവിതകള്‍ക്ക്‌ ഭാവുകത്വത്തിന്റെ പരിമിതിയുള്ളതായി തോന്നിയെന്നും സാംസി കൊടുമണ്‍ പറഞ്ഞു. പല തരത്തിലാണ്‌ പലരും കവിതയെ കാണുന്നതെന്നും അതിനോട്‌ ബന്ധപ്പെട്ടാണ്‌ ഏതു കലയായാലും അത്‌ നിലനില്‍ക്കുന്നതെന്ന്‌ പറഞ്ഞുകൊണ്ട്‌ അദ്ധ്യക്ഷപ്രസംഗം ആരംഭിച്ച ജയന്‍ കെ. സി. ഡോ. ജോയ്‌ റ്റി. കുഞ്ഞാപ്പുവിന്റെ ക്രിയേറ്റിവ്‌ വ്യക്‌തിത്വത്തിന്റെ മഹിമ കണ്ടെത്തി. പരമാണുവിന്റെ പോലും നിറപ്പകര്‍ച്ചകളെ കാണുന്ന കവിയാണ്‌ ഡോ. കുഞ്ഞാപ്പു എന്നും ചക്രവാളത്തില്‍ കുങ്കുമം കാണുന്നു എന്നു പറയുന്നതുപോലെ വര്‍ണ്ണഭേദം പരമാണുവില്‍ കണ്ട്‌ കവിത രചിക്കുന്ന, രസതന്ത്രങ്ങളില്‍ കവിത കാണ്ടെത്തുന്ന മനസ്സിനെയാണ്‌ നാം നമിക്കേണ്ടതെന്നും ജയന്‍ കെ. സി. പറഞ്ഞു. ഡോ. നന്ദകുമാര്‍ ചാണയില്‍ അക്ഷരത്താഴിന്റെ നഷ്‌ടപ്പെട്ട ചാവികള്‍ എന്ന മലയള കവിതാസമാഹാരത്തെ കുറിച്ച്‌ പ്രബന്ധം അവതരിപ്പിച്ചു. അക്ഷരത്താഴ്‌ കള്ളത്താക്കോലിട്ട്‌ തുറക്കാന്‍ ശ്രമിച്ചു എന്ന വ്യംഗ്യത്തോടെയാണ്‌ പ്രബന്ധം ആരംഭിച്ചത്‌. ഈണവും താളവും ലയിച്ചു ചേര്‍ന്നിട്ടുള്ളതും മതേതരത്വവും ഭാഷാസ്‌നേഹവും തുളുമ്പി നില്‍ക്കുന്നതുമായ വൈവിധ്യമാര്‍ന്ന കവിതകളാണ്‌ ഈ സമാഹാരത്തിലുള്ളതെന്ന്‌ ഡോ. നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.

കവിതകളുടെ ആഴത്തിലേക്കിറങ്ങി അവയെ വിശകലനം ചെയ്‌തുകൊണ്ട്‌ അവതരിപ്പിച്ച പ്രബന്ധം കള്ളത്താക്കോലു കൊണ്ടാണെങ്കിലും ഡോ. നന്ദകുമാര്‍ സമര്‍ത്ഥമായി പൂട്ടു തുറന്നു എന്ന്‌ തെളിയിച്ചു. ഡോ. ജോയ്‌ കുഞ്ഞാപ്പുവിന്റെ പാണ്ഡിത്വത്തിന്റെ ബഹുമാന സൂചകമായി ഡോ. നന്ദകുമാര്‍ അദ്ദേഹത്തിന്‌ Acrostic(മുദ്രാലങ്കാരം) സമ്മാനിച്ചു. ഓരോ കവിതയിലും കൈകാര്യം ചെയ്‌തിരിക്കുന്ന വിഷയങ്ങളുടെ ആഴത്തിലേക്ക്‌ ഇറങ്ങിച്ചൈല്ലാന്‍ കവിക്ക്‌ സാധിച്ചിട്ടുണ്ടെന്നും ഖരപദങ്ങള്‍ തിങ്ങി നില്‍ക്കുന്ന കവിതകള്‍ വായനക്കാരുടെ മനസ്സില്‍ തങ്ങി നില്‍ക്കാനുള്ള സാധ്യത കുറവാണെന്നും മനോഹര്‍ തോമസ്‌ അഭിപ്രായപ്പെട്ടു.

ഒരു ശാസ്ര്‌തജ്‌ഞന്റെ മനസ്സിലെ തെളിനീരുകളായി വന്നിട്ടുള്ള ഈ കവിതകള്‍ ആസ്വാദ്യകരമാണെന്ന്‌ എല്‍സി യോഹന്നാന്‍ ശങ്കരത്തിലും വല ആഴത്തിലേക്കു വീശിയാള്‍ നല്ല മത്സ്യം കിട്ടും, ഒന്നു കൂടി ആഴത്തിലേക്ക്‌ വീശിയാല്‍ മുത്തു കിട്ടുമെന്ന ബൈബിള്‍ വാക്യമുദ്ധരിച്ചുകൊണ്ട്‌, ഡോ. കുഞ്ഞാപ്പുവിന്റെ കവിതളുടെ ഉപരിതലത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ ഒന്നുമില്ല എന്നു തോന്നിയാലും കവിതകളൂടെ ആഴത്തിലേക്കിറങ്ങി ചെന്നാല്‍ അവയുടെ ഗുണമേന്മ നുകരാന്‍ സാധിക്കുമെന്ന്‌ ബഹുമാനപ്പെട്ട ഫാദര്‍ യോഹന്നാന്‍ ശങ്കരത്തിലും അഭിപ്രായപ്പെട്ടു.

ഡോ. കുഞ്ഞാപ്പുവിന്റെ കവിതകളില്‍ കാവ്യമേന്മയുടെ പത്മരാഗം തന്നെ പതിപ്പിച്ചിട്ടുണ്ട്‌ എന്ന്‌ ധ്വനിപ്പിക്കുന്നതായിരുന്നു ഫാദര്‍ ശങ്കരത്തിലിന്റെ സംഭാഷണം. അത്‌ കണ്ടെത്തണമെന്നു മാത്രം.

റ്റീന തേര്‍മഠം ഇംക്ലിഷ്‌ സമാഹാരത്തിലെ Simplicity എന്ന കവിത ചൊല്ലിക്കൊണ്ടാണ്‌ ഇംഗ്ലിഷ്‌ കവിതാസമാഹാരത്തിന്റെ ചര്‍ച്ച ആരഭിച്ചത്‌.

ഒരു ഇംഗ്ലീഷ്‌ കവിതാസമാഹാരം പഠനത്തിനും ചര്‍ച്ചയ്‌ക്കും വിധേയമാക്കുന്നതാണ്‌ ഈ സാഹിത്യചര്‍ച്ചയുടെ പ്രത്യേകതയെന്നും ഇവിടത്തെ സാഹിത്യസംഘടനകളില്‍ ഇംഗ്ലീഷ്‌ കവിതകള്‍ വായിച്ചി ട്ടുള്ള ഒറ്റപ്പെട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഒരു അമേരിക്കന്‍ മലയാളി കവിയുടെ ഇംഗ്ലീഷ്‌ കവിതാസമാ ഹാരം സമഗ്രമായ പഠനത്തിനും ചര്‍ച്ചയ്‌ക്കും വിധേയമാക്കുന്നത്‌ അമേരിക്കന്‍ മലയാള സാഹിത്യചരിത്രത്തില്‍ ആദ്യമായി വിചാരവേദിയിലാണ്‌ എന്നാണ്‌ താന്‍ വിശ്വസിക്കുന്നതെന്ന്‌ വാസുദേവ്‌ പുളിക്കല്‍ പറഞ്ഞു കൊണ്ട്‌ സുധീര്‍ പണിക്കവീട്ടില്‍ ഡോ. ജോയ്‌ കുഞ്ഞാപ്പുവിന്റെ ഇംഗ്ലീഷ്‌ കവിതാസമാഹാരത്തെ കുറിച്ച്‌ ഒരു പ്രവാസി
യുടെ പ്രയാണ വീഥിയിലെ ഹര്‍ഷോന്മാദ ഗീതങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ എന്ന ശീര്‍ഷകത്തില്‍ തയ്യാറാക്കിയ പ്രൗഢമായ പ്രബന്ധം വായിച്ചു.

കവി ഒരു ശാസ്ര്‌തജ്‌ഞനാണെന്നും തന്മുലം അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഒരു വസ്‌തു അല്ലെങ്കില്‍ ഒരു വികാരം ബന്ധപ്പെട്ടു കിടക്കുന്നത്‌ ശാസ്ര്‌തത്തിന്റെ വൈവിദ്ധ്യമാര്‍ന്ന കണ്ടെത്തെലുകളാണെന്നും ചരിത്രത്തിലെ, പുരാണങ്ങളിലെ, സമൂഹത്തിലെ സംഭവങ്ങള്‍ക്കെല്ലാം ശാസ്ര്‌തത്തിന്റെ പരിവേഷം കലര്‍ത്താമെന്നും ഡോ. കുഞ്ഞാപ്പു കണ്ടെത്തി കവിതയില്‍ വിജയകരമായി സന്നിവേശിപ്പിച്ചിരിക്കുന്നു എന്ന്‌ സുധീര്‍ പണിക്കവീട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ജീവിത വ്യാപാരങ്ങളിലെ രാസപ്രക്രിയകള്‍ക്ക്‌ ശാസ്ര്‌തത്തിന്റെ നിറവും നാമവും നല്‍കി സര്‍ഗ്ഗ ഭാവനകള്‍ക്ക്‌ പ്രത്യേക മാനം നല്‍കുകയാണ്‌ ഡോ. കുഞ്ഞാപ്പു. ഭാവനയെ ശുഷ്‌ക്കിപ്പിക്കാതെ, വായനക്കാരനു രസം പകര്‍ന്ന്‌ കൊണ്ട്‌ വാസ്‌തവത്തില്‍ കവി ശാസ്ര്‌തജ്‌ഞനായോ, ശാസ്ര്‌തജ്‌ഞന്‍ കവിയായോ എന്നു നമ്മള്‍ ശങ്കിക്കുന്നത്‌ കവിതയുടെ സങ്കേതത്തില്‍ കാണുന്ന വൈദഗ്‌ദ്ധ്യം കൊണ്ടാണെന്ന്‌ സ്‌ഥാപിക്കാന്‍ സുധീര്‍ പണിക്കവീട്ടിലിന്‌ സാധിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്‌ കവിതയുടെ ആഴത്തിലേക്കിറങ്ങിച്ചെന്ന്‌ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങള്‍ കണ്ടെത്താനുള്ള സൂക്ഷ്‌മദൃഷ്‌ടി ഉള്ളതുകൊണ്ടും കവിയുടെ വിചാര വികാരങ്ങളുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിയുന്നതുകൊണ്ടുമാണത്‌.

ഇംഗ്ലീഷ്‌ സമാഹാരത്തെ കുറിച്ച്‌ ഡോ. നന്ദകുമാര്‍ ഒരു ലഘു ലേഖനം വായിക്കുകയുണ്ടായി. ആദ്യവായനയില്‍ ഒന്നും മനസ്സിലാക്കാന്‍സാധിച്ചില്ലെങ്കിലും വീണ്ടും വായിച്ചപ്പോള്‍ ഒരു ശാസ്‌തജ്‌ഞന്റെ ഒരു ചിന്തകന്റെ ബുദ്ധി വൈഭവത്തില്‍ നിന്നും ഭാവനയില്‍ നിന്നും വിരിഞ്ഞു വന്ന കവിതകളിലെ കാവ്യഭംഗിയും സോക്രട്ടീസ്സിനെ അനുസ്‌മരിപ്പിക്കുന്ന ചിന്തയുടെ ഔന്ന്യത്യവും കവിതയില്‍ സ്‌ഫുരിക്കുന്നത്‌ താട്ടറിയാന്‍ സാധിച്ചുവെന്ന്‌ യോഗ എന്ന ആശയത്തെ പ്രായോഗികമാക്കി അവതരിപ്പിക്കുന്ന ഗുരു കൂവള്ളുര്‍ അഭിപ്രായപ്പെട്ടു. ഡോ. ജോയ്‌ കുഞ്ഞാപ്പുവിന്റെ ഭാഷയോടുള്ള താല്‍പര്യത്തേയും സാഹിത്യത്തോടുള്ള അഭിരുചിയേയും അഭിനന്ദിച്ചുകൊണ്ട്‌ രാജു തോമസ്‌ സമാഹാരത്തിലെ Doodling എന്ന കവിത ചൊല്ലി അര്‍ത്ഥം പറഞ്ഞത്‌ രസകരമായിരുന്നു.

വളരെയധികം സമയം ചിലവഴിച്ച്‌ പ്രബന്ധം തയ്യാറാക്കിയ ഡോ. നന്ദകുമാറിനും സുധീര്‍ പണിക്കവീട്ടിലിനും അഭിപ്രായങ്ങള്‍ പറഞ്ഞവര്‍ക്കും ഡോ. ജോയ്‌ കുഞ്ഞാപ്പു തന്റെ മറുപടി പ്രസംഗത്തില്‍ നന്ദി രേഖപ്പെടുത്തി. താന്‍ ഉദ്ദേശിക്കാത്തത്‌ പലതും സുധീര്‍ പണിക്കവീട്ടില്‍ കണ്ടെത്തിയിട്ടുണ്ടെന്നും തന്റെ കാല്‍പനിക നേത്രങ്ങള്‍ കൊണ്ട്‌ നോക്കുമ്പോള്‍ ആരും കാണാത്തത്‌ സുധീര്‍ പണിക്കവീട്ടില്‍ കാണുന്നത്‌ അദ്ദേഹത്തിന്റെ പാശ്‌ത്തലത്തെ സൂചിപ്പിക്കുന്നു എന്നും ഡോ. കുഞ്ഞാപ്പു പറഞ്ഞു. ശ്രോതാക്കളുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറഞ്ഞതോടെപ്പം പല കവിതകളും രചിക്കാനുണ്ടായ സാഹചര്യവും ഡോ. ജോയ്‌ കുഞ്ഞാപ്പു വെളിപ്പെടുത്തി. സൃഷ്‌ടി കര്‍മ്മമാണെന്നും അത്‌ ഏകാന്തതയിലാണ്‌ നടക്കുന്നതെന്നും ഡോ. ജോയ്‌ കുഞ്ഞാപ്പു പറഞ്ഞു. വിചാരവേദിയോടുള്ള നന്ദിയും രേഖപ്പെടുത്തി.
വിചാരവേദിയില്‍ കവിതാ സമാഹാരങ്ങളെകുറിച്ചു പഠനവും ചര്‍ച്ചയുംവിചാരവേദിയില്‍ കവിതാ സമാഹാരങ്ങളെകുറിച്ചു പഠനവും ചര്‍ച്ചയുംവിചാരവേദിയില്‍ കവിതാ സമാഹാരങ്ങളെകുറിച്ചു പഠനവും ചര്‍ച്ചയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക