Image

വിശ്വരൂപത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ തടഞ്ഞു

Published on 23 January, 2013
വിശ്വരൂപത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ തടഞ്ഞു
ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ റിലീസിംഗ് തമിഴ്‌നാട്ടില്‍ തടഞ്ഞു. അടുത്ത 15 ദിവസത്തേയ്ക്കു ചിത്രം റിലീസ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ചിത്രം 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്താനിരിക്കെയാണ് നടപടി. 

മതമൈത്രിയെ ബാധിക്കുന്ന വിശ്വരൂപം പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു. തമിഴ്‌നാട് മുസ്‌ലീം മുന്നേറ്റ കഴകം പ്രസിഡന്റ് എം.എച്ച് ജവഹറുളളയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തിയത്. റിലീസിന് മുന്‍പ് ചിത്രം മുസ്‌ലീം സംഘടനകള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് ഇവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കമല്‍ഹാസന്‍ പ്രത്യേകം പ്രദര്‍ശനം നടത്തി. ഇതിന് ശേഷമാണ് സംഘടനകള്‍ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്. 

ഇതേ ആവശ്യം ഉന്നയിച്ച് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കമല്‍ഹാസന്റെ ആള്‍വാര്‍പേട്ടിലെ ഓഫീസിനു മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഒടുവില്‍ ക്രമസമാധാനം തകരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ സൗദി അറേബ്യയിലും ചിത്രത്തിനു നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക