Image

ദുബായില്‍ സ്‌പോണ്‍സറുമായി തര്‍ക്കമുള്ളവര്‍ക്ക്‌ താല്‍ക്കാലിക വീസ

Published on 08 September, 2011
ദുബായില്‍ സ്‌പോണ്‍സറുമായി തര്‍ക്കമുള്ളവര്‍ക്ക്‌ താല്‍ക്കാലിക വീസ
ദുബായ്‌: സ്‌പോണ്‍സറുമായി തൊഴില്‍ തര്‍ക്കമുള്ള തൊഴിലാളികള്‍ക്കു തൊഴില്‍ മന്ത്രാലയം താല്‍ക്കാലിക വീസ നല്‍കും. കോടതിയുടെ അന്തിമ വിധി വരുന്നതുവരെ രാജ്യത്തു തങ്ങാനും ജോലി ചെയ്യാനും സാധിക്കുന്നതാണ്‌ ആറുമാസത്തെ കാലാവധിയുള്ള താല്‍ക്കാലിക വീസ. പഴയ സ്‌പോണ്‍സറുടെ അനുമതിയില്ലാതെയാണു തൊഴിലാളികള്‍ക്കു മന്ത്രാലയം താല്‍ക്കാലിക വീസ നല്‍കുന്നത്‌.

കോടതിയുടെ പരിഗണനയില്‍ കേസുള്ള ഒരു ഡോക്‌ടര്‍ക്കു മൂന്നാംതവണയും മന്ത്രാലയം താല്‍ക്കാലിക വീസ നല്‍കി. പ്രാഥമിക കോടതി വിധിയില്‍ ഡോക്‌ടര്‍ക്ക്‌ അനുകൂലമായ വിധിയുണ്ടായിരുന്നു. വീസ അപേക്ഷയോടൊപ്പം വിധിപ്പകര്‍പ്പുകൂടി സമര്‍പിച്ചാണു വീസ നേടിയത്‌. 500 ദിര്‍ഹമാണു താല്‍ക്കാലിക വീസയ്‌ക്കു മന്ത്രാലയത്തില്‍ അടയ്‌ക്കേണ്ടത്‌.

തൊഴിലുടമയുമായി തൊഴില്‍ തര്‍ക്കമുണ്ടാകുന്ന സാഹചര്യത്തില്‍ മന്ത്രാലയം ഇടപെട്ടു പരിഹരിക്കും. മന്ത്രാലയ മധ്യസ്‌ഥതയില്‍ പരിഹരിക്കാത്ത കേസുകളാണു കോടതിയിലേക്കു നീക്കുന്നത്‌. രണ്ടു മാസത്തിലധികം വേതനം ലഭിക്കാത്ത തൊഴിലാളികള്‍ക്കും തസ്‌തിക നോക്കാതെയും നിലവിലുള്ള സ്‌പോണ്‍സറുടെ അനുമതിക്കു കാത്തുനില്‍ക്കാതെയും മന്ത്രാലയം താല്‍ക്കാലിക വീസ നല്‍കും. വീസയും ലേബര്‍ കാര്‍ഡും കാലാവധിയുള്ളതായിരിക്കണം എന്നതാണു താല്‍ക്കാലിക വീസ ലഭിക്കാനുള്ള പ്രധാന വ്യവസ്‌ഥ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക