Image

പുനര്‍ജന്മം (മീനു എലിസബത്ത്‌)

Published on 31 January, 2013
പുനര്‍ജന്മം (മീനു എലിസബത്ത്‌)
ഒസ്‌ടിന്‍, ടെക്‌സാസ്‌ 1986, ഓഗസ്റ്റ്‌ 12. അന്ന്‌ മൈക്കിള്‍ മോര്‍ട്ടന്റെ പിറന്നാള്‍ ആയിരുന്നു. 32-ാം പിറന്നാള്‍. അന്നും പതിവുപോലെ മൈക്കിള്‍ ജോലിക്ക്‌ പോയിരുന്നു. സുന്ദരിയായ തന്റെ ഭാര്യ ക്രിസ്റ്റീനയോടും, മൂന്നു വയസുകാരന്‍ എറിക്കിനോടുമോപ്പം സന്ധ്യയ്‌ക്ക്‌ ബര്‍ത്ത്‌ഡേ ആഘോഷിക്കുവാന്‍ വീടിനടുത്തുള്ള റെസ്റ്റോറന്റില്‍ പോയി ഡിന്നര്‍ കഴിക്കുകയും ആഹ്ലാദത്തോടെ മടങ്ങുകയും ചെയ്‌തു.

ടിവിയില്‍ അവര്‍ക്കിഷ്‌ടപ്പെട്ട ഷോയും കണ്ട്‌ അധികം താമസിയാതെ ഉറങ്ങാന്‍ പോയി.
മൈക്കിളിനു അതിരാവിലെ എഴുന്നേല്‌ക്കണം. എങ്കിലെ 5.30 നു ജോലിയില്‍ എത്താന്‍ കഴിയു.

അന്ന്‌്‌ രാവിലെ ജോലിക്ക്‌ പോകുമ്പോള്‍ മൈക്കിള്‍ ക്രിസ്റ്റീനക്കൊരു ഒരു ചെറിയ കുറിപ്പ്‌ എഴുതി അവള്‍ കാണാന്‍ പാകത്തില്‍ ബത്‌റൂമിലെ കണ്ണാടിയില്‍ ഒട്ടിച്ചുവെച്ചു. ഒരു ചെറിയ സൗന്ദര്യ പിണക്കം. ആരോഗ്യവാനും ചെറുപ്പക്കാരനുമായ തനിക്കു വേണ്ടി തലേന്ന്‌ രാത്രിയില്‍ ക്രിസ്റ്റീന കിടക്ക പങ്കു വെയ്‌ക്കാഞ്ഞതിന്റെ പരിഭവം ആയിരുന്നു ആ പിണക്കകുറിപ്പില്‍. പക്ഷെ, അതിന്റെ അവസാനം. `ഐ ലവ്‌ യു ക്രിസ്റ്റീന എന്ന്‌' സ്‌നേഹപൂര്‍വം എഴുതാന്‍ മൈക്കിള്‍ മറന്നിരുന്നില്ല.

ടെക്‌സാസിന്റെ തലസ്ഥാനമായ ഒസ്‌ടിനിലെ വില്യംസന്‍കൗണ്ടിയിലാണ്‌ അന്നവര്‍ താമസിച്ചിരുന്നത്‌. വെള്ളക്കാര്‍ മാത്രം താമസിക്കുന്ന വളരെ സുരക്ഷിതമായ ആയ ഒരു സബ്‌ഡിവിഷന്‍. കുറ്റകൃത്യങ്ങള്‍ തീരെ കേട്ട്‌കേള്‍വിയില്ലാത്ത സ്ഥലം.

മൈക്കിള്‍ അന്ന്‌ നോര്‍ത്ത്‌ ഒസ്‌ടിനിലെ സേഫ്‌ വേ എന്നു പേരുള്ള ഒരു ചെയിന്‍ ഗ്രോസറിക്കടയുടെ മാനേജര്‍ ആണ്‌. പതിവ്‌ പോലെ അഞ്ചരയ്‌ക്ക്‌ തന്നെ കടയില്‍ വന്നു. കൂടെ ജോലി ചെയ്യുന്നവര്‍ക്കൊപ്പം തിരക്കിട്ട്‌ ഓരോ പണികളില്‍ ഏര്‍പ്പെട്ടു. ചിലരോടൊക്കെ തമാശകളും കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞു. ആ പകലിന്റെ മുക്കാല്‍ സമയവും കടയിലേക്കുള്ള പുതിയ ഒരു ഉത്‌പന്നത്തിന്റെ പ്രമോഷനു വേണ്ടിയുള്ള ഒരു വലിയ ഡിസ്‌പ്ലേ ഉണ്ടാക്കുന്നതിനു വേണ്ടിയാണ്‌ അയാള്‍ ചിലവഴിച്ചത്‌.

അതിനു തന്നെ സഹായിച്ച മാറിയോ ഗാര്‍സിയയും തന്നെ പോലെ തന്നെ സ്‌കുബ ഡൈവിങ്ങിനു താല്‌പ്പര്യമുള്ള ആളാണെന്ന്‌ അറിഞ്ഞ്‌ സന്തോഷിച്ച മൈക്കിള്‍ അയാളുമായി വാരാന്ത്യത്തില്‍ സ്‌കുബ ഡൈവിങ്ങിനു പോകാന്‍ തീരുമാനം എടുക്കുകയും ചെയ്‌തു.

ഷിഫ്‌റ്റ്‌ കഴിഞ്ഞു രണ്ടരയോടെ ജോലിയില്‍ നിന്നിറങ്ങിയ മൈക്കിള്‍, അടുത്തുള്ള മാളില്‍ കയറി സ്‌കുബ ഡൈവിംഗിനുള്ള പ്രത്യേക വാച്ച്‌ നന്നാക്കാന്‍ കൊടുത്തു. മൈക്കിളിന്റെ ഇഷ്‌ടവിനോദം ആയിരുന്നു സ്‌കുബ ഡൈവിംഗ്‌.

ഏകദേശം നാല്‌ മണിയോടെ അയാള്‍ മകന്‍ എറിക്കിന്റെ ഡേ കെയറില്‍ ചെന്നപ്പോള്‍ അന്നത്തെ ദിവസം ക്രിസ്റ്റീന മകനെ ആക്കാന്‍ വരുകയോ വിളിക്കുകയോ ചെയ്‌തില്ല എന്നറിഞ്ഞു. അതയാളെ അക്ഷരാര്‍ഥത്തില്‍ അത്ഭുതപ്പെടുത്തി. അന്ന്‌്‌ സെല്‍ഫോണ്‍ അത്ര പ്രചാരത്തിലില്ലെന്നു ഓര്‍ക്കണേ.

ഡേ കെയറുകാരുടെ ഫോണില്‍ നിന്നും വീട്ടിലേക്കു വിളിക്കുമ്പോള്‍ അപ്രതീക്ഷിതമായി ഒരു പുരുഷ ശബ്‌ദം! അത്‌ വില്യംസ്‌ കൗണ്ടി പോലിസ്‌ ഓഫിസര്‍ ഷെരിഫു ജിം ബൊവ്‌ട്ട്വെല്‍ ആയിരുന്നു. തന്റെ വീട്ടില്‍ എന്താണ്‌ പോലിസ്‌ ചെയ്യുന്നത്‌ എന്ന്‌്‌ ഞെട്ടലോടെ ചോദിച്ച മൈക്കിളിനോട്‌ കൂടുതലൊന്നും വിവരിക്കാതെ, വേഗം വീട്ടിലേക്കു വരാനും, സംസാരിക്കുവാനുണ്ടെന്നും പറഞ്ഞു പോലിസുകാരന്‍ ഫോണ്‍ വെച്ചു.

പത്തു മിനിട്ടിനകം വീട്ടിലെത്തിയ മൈക്കിളിനെ കാത്തിരുന്നത്‌, അതിക്രൂരമായി ഇടിച്ചും ചതച്ചും കൊവ്വപ്പെട്ട തന്റെ ഭാര്യയുടെ രക്തത്തില്‍ കുളിച്ചു ചേതനയറ്റു കിടക്കുന്ന ശവശരീരവും വീട്‌ നിറയെ പോലിസുകാരും ആയിരുന്നു. എല്ലായിടവും മഞ്ഞ ക്രൈം സീല്‍ ടൈപ്പുകള്‍ വലിച്ചു കെട്ടിയിരിക്കുന്നു.

അവരുടെ കിടപ്പ്‌മുറിയിലേക്ക്‌ പോകുവാന്‍ പോലും അവര്‍ മൈക്കിളിനെ അനുവദിച്ചില്ല. അയാള്‍ക്ക്‌ എന്ത്‌ ചെയ്യണം എന്നറിയില്ലായിരുന്നു. സുബോധം നഷ്‌ട്‌പ്പെട്ട രീതിയിലായിരുന്നു പിന്നിട്‌ അയാളുടെ പെരുമാറ്റം. പരസ്‌പരബന്ധം ഇല്ലാതെ ഓരോന്ന്‌ പറഞ്ഞതും, കൂടുതല്‍ വികാര വിക്ഷോഭങ്ങള്‍ നടത്താതെ അലറിക്കരഞ്ഞതും, എല്ലാം പോലിസുകാര്‍ക്ക്‌ മൈക്കിളില്‍ അപ്പോഴേ സംശയം ഉണ്ടാക്കി. പക്ഷെ തന്റെ ഉള്ളില്‍ എല്ലാ വികാരവും മരിച്ച അവസ്ഥയിലായിരുന്നു എന്ന്‌്‌ പിന്നിട്‌ അയാള്‍ വേദനയോടെ വെളിപ്പെടുത്തി.

പോലിസുകാര്‍ അയാളെ അടുക്കളയിലെ മേശക്കരികില്‍ ഇരുത്തി വളരെ നേരം ചോദ്യം ചെയ്‌തു. തന്റെ വീട്‌ മുഴുവന്‌ തിരയാനും പരിശോധിക്കാനുമുള്ള അനുവാദം കൊടുക്കുന്ന കടലാസുകളില്‍ അയാള്‍ ഒപ്പിട്ടു. ഡി.എന്‍.എ പരിശോധനക്ക്‌ വേണ്ടി, തന്റെ ഉമിനീരും , ചോരത്തുള്ളികളും, തലമുടിയും എടുക്കാന്‍ മടി കൂടാതെ സമ്മതിച്ചു.

പോലിസുകാര്‍ തങ്ങളുടെ കുറിപ്പുകളില്‍ ഇപ്രകാരം എഴുതിച്ചേര്‍ത്തു. `കൊല്ലപ്പെട്ട സ്‌ത്രീയുടെ ഭര്‍ത്താവ്‌ യാതൊരു വികാര വിക്ഷോഭങ്ങളും കാണിക്കാതെ, തങ്ങളോട്‌ എല്ലാറ്റിനും സഹകരിച്ചു. പക്ഷെ പിന്നിട്‌ അതെല്ലാം തര്‍ജ്ജമ ചെയ്യപ്പെട്ടതു മൈക്കിളിനെ കുടുക്കുന്ന കെണിയായിട്ടായിരുന്നു.

ഷെരിഫ്‌ ബൗട്ടന്റെ കണ്ണില്‍ മൈക്കിള്‍ അപ്പോള്‍ തന്നെ പ്രധാന പ്രതിയായി മാറിയിരുന്നു. മൈക്കിളിനെ അവര്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലിസ്‌ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. അയാള്‍ ഭാര്യയ്‌ക്ക്‌ എഴുതിയ കുറിപ്പിലായിരുന്നു അവരുടെ നോട്ടം. തിരിച്ചും മറിച്ചും അതെക്കുറിച്ച്‌ അയാളോട്‌ അവര്‍ ചോദിച്ചു. സെക്‌സിനു സമ്മതിക്കാത്തത്തിന്റെ ദേഷ്യത്തില്‍ അല്ലെ നിങ്ങള്‍ ഭാര്യയെ കൊന്നത്‌ എന്നുവരെ പറഞ്ഞ്‌ അവര്‍ അയാളെ അവര്‍ കുറ്റക്കാരനാക്കാന്‍ ശ്രമിച്ചു.

തെളിവുകള്‍ എല്ലാം മൈക്കിളിന്‌ എതിരായിരുന്നു. അവരുടെ കിടപ്പറയിലെ ഷീറ്റില്‍ നിന്നും കണ്ടെത്തിയ ബീജത്തിന്റെ പാടുകള്‍ മൈക്കിളിന്റേതാണെന്നു ഡി എന്‍ എ പരിശോധനയില്‍ തെളിഞ്ഞത്‌ വലിയ ഒരു തെളിവായി അവര്‍ വളച്ചൊടിച്ചു. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത ഭാര്യയെ, വീടിനു വെളിയില്‍ സൂക്ഷിച്ചിരുന്ന വിറകുകഷണങ്ങള്‍ കൊണ്ട്‌ തലക്കടിച്ചു കൊന്നു എന്ന്‌ അവര്‍ മുദ്ര കുത്തി. (എന്തൊരു വിചിത്രമായാണ്‌ ഈ കേസ്‌ വളച്ചൊടിക്കപ്പെട്ടത്‌ എന്ന്‌ നോക്കുക )

പക്ഷെ, തന്റെ മൂന്നു വയസുകാരന്‍ മകന്‍ എറിക്കിന്റെ മൊഴി ആരും കാര്യമായെടുത്തില്ല, ഒരു "bad guv' വന്നു അമ്മയോട്‌ വഴക്കുണ്ടാക്കിയെന്നും, അമ്മയുടെ തലയ്‌ക്കു അടിച്ചുവെന്നും അത്‌ തന്റെ അഛന്‍ മൈക്കിള്‍ അല്ലായിരുന്നു എന്നും എറിക്ക്‌ പറഞ്ഞതായി ക്രിസ്റ്റീനയുടെ അമ്മ പോലിസുകാരോട്‌ പറഞ്ഞത്‌ രേഖപ്പെടുത്തിയെങ്കിലും കോടതിയില്‍ അതൊന്നും തെളിവുകളായി സ്വീകരിക്കപ്പെട്ടില്ല.

മൈക്കിളിന്റെ വീടിന്റെ പുറകു വശത്ത്‌ നിന്നും കിട്ടിയ ചോര പുരണ്ട ഒരു ഒരു തൂവാല കണ്ടെടുത്തെങ്കിലും അത്‌ ഡി.എന്‍.എ പരിശോധനക്ക്‌ വിധേയമാക്കിയില്ല.

സാഹചര്യത്തെളിവുകളുടെ മാത്രം വെളിച്ചത്തില്‍ ഓസിട്‌നിന്‍ നീതിന്യായക്കോടതി മൈക്കിള്‍ മോര്‍ട്ടനെ ജീവപര്യന്തം ശിക്ഷയ്‌ക്ക്‌ വിധിച്ചു.

തന്റെ നിരപരാധിത്വം തെളിയിക്കുവാന്‍ മൈക്കിളിനോ അദ്ദേഹത്തിന്റെ വക്കീലിനോ കഴിഞ്ഞില്ല.താന്‍ നിരപരാധിയാണെന്ന സത്യം നിലനില്‌ക്കെ തകര്‍ന്ന ഹൃദയത്തോടെ മൈക്കിള്‍ ജയിലിലേക്ക്‌ പോയി. തന്റെ മനക്കരുത്ത്‌ ചോര്‍ന്നു പോകാതെ കഴിയുമ്പോഴും മൈക്കിള്‍ തന്റെ ആശ കൈ വിട്ടില്ല. മകന്റെ മുന്‍പില്‍ നിരപരധിത്വം താന്‍ തെളിയിക്കുക തന്നെ ചെയ്യും എന്ന്‌ തന്നോട്‌ തന്നെ അയാള്‍ പ്രതിജ്ഞ എടുത്തു.

മൂന്നു വയസുള്ള കുഞ്ഞിനെ കാണാന്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം അയാള്‍ക്കവസരമുണ്ടായിരുന്നു. അവന്റെ വരവ്‌ നോക്കി അയാള്‍ ഓരോ ആറ്‌ മാസങ്ങള്‍ തള്ളി നീക്കി. ഇതിനിടെ, താന്‍ നിരപരാധി ആണെന്നു കാണിച്ചു എല്ലാ നീതി ന്യായകോടതിക്കും നിരന്തരമായി കത്തുകള്‍ അയച്ചു. നിയമ പുസ്‌തകങ്ങള്‍ വായിച്ചു പഠിച്ചു.

മകന്‌ പതിമൂന്നു വയസായപ്പോള്‍, അവന്‍ അയാള്‍ക്കെഴുതി, `എനിക്ക്‌ ഇനി ഡാഡിയെ കാണാന്‍ വരാന്‍ കഴിയില്ല. എനിക്ക്‌ നിങ്ങളെ കാണുവാന്‍ തല്‌പര്യവുമില്ല എന്ന്‌്‌...

ജയില്‍ ശിക്ഷ ലഭിച്ചതിലും, ലോകം മുഴുവന്‍ തന്നെ കൊലപാതകി എന്നു്‌ വിളിച്ചതിലും എല്ലാം ഭീകരമായിരുന്നു മകന്റെ കത്തിലൂടെയുള്ള തീരുമാനമെന്ന്‌ മൈക്കിള്‍ പറയുന്നു. അത്ര നാള്‍ പിടിച്ചു നിന്ന അയാളെ അത്‌ വല്ലാതെ തളര്‍ത്തി.

മകന്‌ പതിനെട്ടു വയസായപ്പോള്‍, മകനെ അവന്റെ അമ്മ, ക്രിസ്റ്റീന്റെ സഹോദരിയും ഭര്‍ത്താവും ദത്തെടുത്തു. പക്ഷെ മകന്‍ തന്റെ അഛന്റെ പേര്‌ മാറ്റി വളര്‍ത്തഛന്റെ പേര്‌ സീകരിച്ചത്‌ അയാളെ വീണ്ടും തകര്‍ത്തു കളഞ്ഞു. പക്ഷെ, അപ്പോഴെല്ലാം മനസു മടുക്കാതെ അയാള്‍ അമേരിക്കയിലെ പല വക്കിലന്മാര്‍ക്കും ജഡ്‌ജിമാര്‍ക്കും നിരന്തരം കത്തുകള്‍ എഴുതുന്നത്‌ നിര്‍ത്തിയിരുന്നില്ല.

കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വക്കീലന്മാരുടെ ഒരു കൂട്ടമായ ഇന്നസിന്റ്‌റ്‌ പ്രോജെക്‌ടുകള്‍ 2005-ല്‍ മൈക്കിളിന്റെ കേസ്‌ ഏറ്റെടുത്തു. ഡി എന്‍.എ ടെസ്റ്റിലൂടെ അനേകായിരങ്ങളെ നിരപരാധിത്വം തെളിയിച്ചു, ജയില്‍ മോചിതരാക്കുന്ന നിസ്വാര്‍ഥരായ ഈ വക്കിലന്മാര്‍ മൈക്കിളിനു വേണ്ടി ആറ്‌ വര്‍ഷത്തോളം കിണഞ്ഞു പരിശ്രമിച്ചു. മൈക്കിളിന്റെ ഡി എന്‍ എ യുടെയും കേസിന്റെയും തെളിവുകള്‍ വിട്ടു കൊടുക്കുവാന്‍ ടെക്‌സാസ്‌ കോടതി അപ്പോള്‍ തയാറായിരുന്നില്ല.

അവസാനം അത്‌ സംഭവിക്കുക തന്നെ ചെയ്‌തു.

മൈക്കിളിന്റെ വീടിന്റെ പിന്നാമ്പുറത്തു നിന്നും കിട്ടിയ ചോര പുരണ്ട തൂവാല അന്നുവരെ പരിശോധിച്ചിരുന്നില്ല ഇന്നസന്റ്‌റ്‌ പ്രോജെക്‌ടിലെ വക്കീലന്‍മാര്‍ ആ തൂവല ഡി എന്‍ എ പരിശോധനക്ക്‌ വിധേയമാക്കുകയും അതില്‍ ക്രിസ്റ്റീനയുടെയും മറ്റൊരു പുരുഷന്റെയും ഡി എന്‍ എ ഉള്ളതായി കണ്ടു പിടിക്കുകയും ചെയ്‌തു.

പക്ഷെ, ആ പുരുഷന്‍ തീര്‍ച്ചയായും മൈക്കിള്‍ ആയിരുന്നില്ല. കുപ്രസിദ്ധ കൊലപാതകിയും പല മോഷണക്കേസുകളിലും ബലാത്സംഗക്കേസുകളിലും പ്രതിയും അപ്പോള്‍ ജയില്‍വാസം അനുഭവിച്ചു വരികയും ചെയ്‌തു പോന്ന മാര്‍ക്ക്‌ അലന്‍ നോര്‍വുട്ട്‌ എന്ന ഒരു അന്‍പത്തിഏഴുകാരന്‍ ആയിരുന്നു അത്‌.

മൈക്കിളിന്റെ അന്നത്തെ അയല്‍ക്കാരിയായ സ്‌ത്രീ, അന്നേ ദിവസം മൈക്കിള്‍ അല്ലാത്ത ഒരാള്‍ ഒരു പിക്ക്‌ അപ്പ്‌ ട്രാക്ക്‌ അവരുടെ വീടിന്റെ പുറകു വശത്ത്‌ പാര്‍ക്ക്‌ ചെയ്‌തു കിടക്കുന്നതും, പിന്നിട്‌ അയാള്‍ വീടിനു പുറകിലുള്ള ഒരു കാട്ടിലേക്ക്‌ കയറി പോകുന്നതും എല്ലാം പോലിസിനു മൊഴി കൊടുത്തിരുന്നതാണ്‌. കൂടാതെ തന്റെ അമ്മയെ ഉപദ്രവിച്ചത്‌ ഡാഡി അല്ല, മറ്റാരോ ആണെന്ന്‌, അന്ന്‌ മൂന്നു വയസുള്ള മൈക്കിളിന്റെ മകന്റെ മൊഴിയും ആരും ശ്രദ്ധിച്ചിരുന്നില്ല. അതെല്ലാം പുതിയ വക്കീലന്മാര്‍ തെളിവുകളായി നിരത്തി.

അങ്ങനെ നീണ്ട ഇരുപത്തിയഞ്ചോളം വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കോടതി മൈക്കിള്‍ മോര്‍ട്ടനെ സ്വതന്ത്രനാക്കി. തന്റെ ജയില്‍ ജീവിതത്തിലെ നരക യാതനകളെക്കുറിച്ചു മൈക്കിള്‍ കണ്ണുനീരോടെ ഓര്‍ക്കുന്നു.

പക്ഷെ, ജീവിക്കാനുള്ള ആശയും ശുഭാപ്‌തി വിശ്വാസവും, തന്റെ വൃദ്ധമാതാപിതാക്കളുടെ നിരന്തരമായ പ്രാര്‍ഥനയും, കണ്ണുനീരും, കൂടെ ഒരിക്കല്‍ കളഞ്ഞു പോയ ദൈവ വിശ്വാസം തന്നെ തിരികെ കൊണ്ടു വന്നതും എല്ലാമാണ്‌ തന്റെ ഈ പുനര്‍ജ്ജന്മത്തിനു കാരണം എന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹത്തിന്‌ അമേരിക്കന്‍ ഗവണ്‍മെന്റ്‌ രണ്ടു കോടി ഡോളറാണ്‌ നഷ്‌ടപരിഹാരമായി കൊടുത്തത്‌.

പക്ഷെ, ഇതൊന്നും തന്നെ തന്റെ നഷ്‌ട്‌പ്പെട്ട ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കുപകരം വെയ്‌ക്കാനാവില്ല എന്ന്‌്‌ അദ്ദേഹത്തിനറിയാം. താന്‍ കേള്‍ക്കാതെ പോയ തന്റെ മകന്റെ കൊഞ്ചലും കളികളും, കാണാതെ പോയ അവന്റെ ബാല്യവും കൗമാരവും ഹൈസ്‌കൂള്‍ ഗ്രാജുവേഷനും, എല്ലാം ആര്‍ക്ക്‌ പകരം വെയ്‌ക്കാന്‍ ആവും. മകന്റെ മുന്‍പില്‍ തന്റെ നിരപരാധിത്വം തെളിയിച്ചതാണ്‌ മൈക്കിളിനു ഏറ്റവും കൂടുതല്‍ സന്തോഷം നല്‌കുന്ന കാര്യം.

മകന്‍ ഒരിടയ്‌ക്ക്‌ തന്നെ കാണേണ്ട എന്നു പറഞ്ഞതും, പേര്‌ മാറ്റിയതും എല്ലാം അവന്റെ കൗമാരത്തിന്റെ തിളപ്പിലെ ചെയ്‌തികളായി മൈക്കിള്‍ മറന്നു കഴിഞ്ഞു. മുപ്പത്തി മൂന്നാം വയസില്‍ ജയിലില്‍ പോയ മൈക്കിള്‍ ഇന്ന്‌ ഒരു മൂന്നു വയസുകാരി സുന്ദരിക്കുട്ടിയുടെ വല്യഛനാണ്‌. അമ്മായിയഛനാണ്‌ .പതിന്നാലു വര്‍ഷമായി മുടങ്ങിക്കിടന്ന അഛനുമായുള്ള ബന്ധം, ദൃഢപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ ഇന്ന്‌ മൈക്കിളിന്റെ മകനും.

അതെ, ഒരു നിമിഷം മതി നമ്മളുടെ എല്ലാം ജീവിതം മാറി മറിയാന്‍. ചിലപ്പോള്‍ ഒരു കാരണവും കൂടാതെ ചിലതെല്ലാം ചിലര്‍ക്ക്‌ സംഭവിക്കും, പ്രത്യേകിച്ചും ഒരു തെറ്റും ചെയ്യാത്തവര്‍ നരകയാതനയിലൂടെ കടന്നു പോകും.

ബൈബിളിലെ ഈയ്യോബിന്റെ ചരിത്രം നമ്മെ അത്‌ പഠിപ്പിക്കുന്നു. പക്ഷെ പ്രതിസന്ധികളില്‍ തളരാതെ പിടിച്ചു നില്‌ക്കാന്‍ കഴിഞ്ഞാല്‍ നാം രക്ഷപെടും. ഒരു പക്ഷെ എല്ലാറ്റിനും നമുക്ക്‌ ഉത്തരങ്ങള്‍ ഉണ്ടായിക്കൊള്ളണം എന്നില്ല, എങ്കിലും ശുഭാപ്‌തി വിശ്വാസം കൈ വിടാതെ, നിരാശരാകാതെ, മുന്നോട്ടു പോകാന്‍ ഈ പാവം ടെക്‌സാസുകാരന്റെ ജീവിത കഥ കൂടി നമുക്ക്‌ മുന്നിലുണ്ടാവട്ടെ.
പുനര്‍ജന്മം (മീനു എലിസബത്ത്‌)പുനര്‍ജന്മം (മീനു എലിസബത്ത്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക